ആഗോളചക്രവർത്തി മീൻപിടുത്തക്കാരനായ കഥ
ഭൂലോകം മുഴുവൻ അടക്കിവാണിരുന്ന സുലൈമാൻ നബി(അ)ന് അല്ലാഹു ﷻ സർവ്വവിധ ഐശ്വര്യങ്ങളും നൽകി അനുഗ്രഹിച്ചിരുന്നു.
ജിന്നുകളും പിശാചുക്കളും പക്ഷിമൃഗാദികളുമെല്ലാം അദ്ദേഹത്തിന്റെ ആജ്ഞയ്ക്ക് വിധേയരായിരുന്നു...
നബിയുടെ രാജധാനി സ്വർണ്ണമയമായിരുന്നു. അദ്ദേഹത്തിന്റെ സിംഹാസനം മരതകം, ഗോമേദകം, വൈഡൂര്യം, മാണിക്യം, ആനക്കൊമ്പ്, സ്വർണം മുതലായവകൊണ്ടു നിർമ്മിച്ച അതിവിശിഷ്ടമായ ഒന്നായിരുന്നു.
ഭൂലോകം മുഴുവൻ നബിക്കധീനമായതടക്കമുള്ള സർവ്വസൗഭാഗ്യങ്ങളും കൈവന്നത് അദ്ദേഹത്തിന് അല്ലാഹുﷻവിൽ നിന്നു ലഭിച്ച ഒരു അത്ഭുതമോതിരം മൂലമായിരുന്നു. ആ മോതിരം അദ്ദേഹം എല്ലായ്‌പോഴും കൈവിരലിൽ അണിഞ്ഞിരുന്നു...
അതിന്മേൽ 'ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദുറസൂലുല്ലാഹ്' എന്ന പരിശുദ്ധമായ വാചകം അറബിയിൽ ആലേഖനം ചെയ്തിരുന്നു.
മലമൂത്രവിസർജ്ജന വേളയിൽ ആ മോതിരം അദ്ദേഹം ഊരിവെക്കുക പതിവായിരുന്നു.
അങ്ങനെ ഒരുനാൾ നബി, മലമൂത്ര വിസർജ്ജനത്തിനു പോകുമ്പോൾ മോതിരം തന്റെ പ്രിയപുത്രിയായ അമീനയെ ഏല്പിച്ചു.
ഈ സന്ദർഭത്തിൽ, തക്കം പാർത്തിരിക്കുകയായിരുന്ന ഒരു കരിംഭൂതം സുലൈമാൻ നബി(അ)ന്റെ വേഷത്തിൽ അമീനയെ സമീപിച്ച് മോതിരം ആവശ്യപ്പെട്ടു...
ഭൂതത്തെ പിതാവെന്നു തെറ്റിദ്ധരിച്ച നിഷ്കളങ്കയായ ആ പെൺകുട്ടി സംശയമൊന്നും കൂടാതെ മോതിരം ഭൂതത്തിനുകൊടുത്തു.
ഭൂതം മോതിരം തന്റെ കൈവിരലിൽ ധരിച്ചു. മോതിരത്തിന്റെ പ്രഭാവത്താൽ സുലൈമാൻ നബി(അ)ന് അടിമപ്പെട്ടിരുന്ന എല്ലാ സൃഷ്ടിജാലങ്ങളും കരിംഭൂതത്തിന്റെ അധീനത്തിലായി...
താമസിച്ചില്ല, അവൻ നബിയുടെ സിംഹാസനത്തിൽ ആസനസ്ഥനായി ഭരണം തുടങ്ങി. കാഴ്ചയിലും ഭാവത്തിലും സുലൈമാൻ നബിയുമായി അവന് യാതൊരു വ്യത്യാസവും ഉണ്ടായിരുന്നില്ല. അതിനാൽ നബിയുടെ പരിവാരങ്ങളും കിങ്കരൻമാരുമെല്ലാം ഭൂതത്തെ അക്ഷരംപ്രതി അനുസരിച്ചു...
മലമൂത്ര വിസർജ്ജനത്തിനു ശേഷം തിരിച്ചുവന്ന നബി, പുത്രിയോട് മോതിരം ആവശ്യപ്പെട്ടു. വിസ്മയഭരിതയായ മകൾ ചോദിച്ചു: “പ്രിയ പിതാവേ, അങ്ങ് കുറച്ചുമുമ്പ് എന്റെ കൈയിൽനിന്ന് മോതിരം തിരിച്ചുവാങ്ങിയത് ഓർക്കുന്നില്ലേ? എന്തുകൊണ്ടാണ് രണ്ടാം തവണയും അങ്ങ് അതാവശ്യപ്പെടുന്നത്..?”
എന്തോ ചതി എവിടെയോ പറ്റിയിട്ടുണ്ടെന്ന് ബുദ്ധിമാനായ സുലൈമാൻ നബി(അ)ന് മനസ്സിലായി. സമയം കളയാതെ അദ്ദേഹം സിംഹാസനത്തിന് അടുത്തേക്കു ചെന്നു നോക്കി...
അദ്ദേഹത്തിന് തന്റെ സ്വന്തം കണ്ണുകളെ വിശ്വസിക്കാൻ കഴിഞ്ഞില്ല..!!
സിംഹാസനത്തിൽ ഒരു പിശാചാണ് ഉപവിഷ്ടനായിരിക്കുന്നത്. അവനാണ് തന്റെ അത്ഭുത മോതിരം തട്ടിയെടുത്തിരിക്കുന്നത്..!!
അല്ലാഹു ﷻ തന്നെ ഒരു അഗ്നിപരീക്ഷണത്തിന് വിധേയനാക്കിയിരിക്കയാണെന്ന് ജ്ഞാനിയായ അദ്ദേഹം മനസിലാക്കി. അദ്ദേഹത്തിന്റെ ഹൃദയം പുകഞ്ഞു. ഒരു മഹാസാമ്രാജ്യമാണ് തനിക്ക് നഷ്ടപ്പെട്ടിരിക്കുന്നത്...
അദ്ദേഹം പതറാതെ മനസ്സാന്നിധ്യം വീണ്ടെടുത്ത് രണ്ടാം തവണയും മകളെ സമീപിച്ചുകൊണ്ടു പറഞ്ഞു:
“മോളേ, നീ മോതിരം തിരിച്ചുകൊടുത്തത് നിന്റെ പിതാവിനല്ല, ഒരു കരിംഭൂതത്തിനാണ്. അവൻ എന്റെ വേഷം പൂണ്ട് നിന്നെ കബളിപ്പിച്ചതാണ്. മോതിരത്തിന്റെ പ്രഭാവത്താൽ സിംഹാസനത്തിലിരുന്ന് ഇപ്പോൾ ഭരണം നടത്തുന്നത് ആ പിശാചാണ്. ഞാനാണ് നിന്റെ പിതാവ് സുലൈമാൻ നബി..."
“ഞാൻ എന്റെ പ്രിയപ്പെട്ട പിതാവിനു തന്നെയാണ് മോതിരം കൊടുത്തത്. സിംഹാസനത്തിൽ ഇപ്പോൾ ഇരിക്കുന്നതും അദ്ദേഹം തന്നെ. എനിക്ക് അബദ്ധം പിണഞ്ഞിട്ടില്ല. നിങ്ങളാണ് കരിംഭൂതം" മകൾ മറുപടി പറഞ്ഞു...
ഇതുകേട്ടു ഞെട്ടിത്തരിച്ചുപോയ സുലൈമാൻ നബി(അ)ന് പിന്നെ അവിടെ നിൽക്കാൻ തോന്നിയില്ല. അദ്ദേഹം സ്ഥലം വിട്ടു...
ഇതെല്ലാം സംഭവിച്ചിരിക്കുന്നത് അല്ലാഹുﷻവിന്റെ ഹിതത്തിനനുസരിച്ചാണെന്ന് കരുതി നബി സമാധാനിച്ചു...
ചക്രവർത്തി പദവി നഷ്ടപ്പെട്ടതിൽ അദ്ദേഹം ദുഃഖിച്ചില്ല. അല്ലാഹുﷻവിനോടുള്ള അദ്ദേഹത്തിന്റെ പ്രാർത്ഥന ഇപ്രകാരമായിരുന്നു:
“കരുണാസാഗരനായ അല്ലാഹുവേ, നിന്റെ ഇഷ്ടമാണ് ഈ ദാസന്റെയും ഇഷ്ടം. നിന്റെ പരീക്ഷണങ്ങളിൽ പതറാതെ, ആപത്ഘട്ടങ്ങളെ ക്ഷമയോടെ അതിജീവിക്കാനുള്ള കരുത്ത് എനിക്ക് നീ പ്രദാനം ചെയ്യണമേ..."
ഉപജീവനത്തിനുള്ള മാർഗം അദ്ദേഹം സ്വയം കണ്ടെത്തി...
സമുദ്രതീരത്തുപോയി അദ്ദേഹം മത്സ്യം പിടിച്ചു ജീവിച്ചു. ആഗോളചക്രവർത്തിയായിരുന്നപ്പോഴും അദ്ദേഹം വളരെ ലളിതമായ ജീവിതമായിരുന്നു നയിച്ചിരുന്നത്. തന്റെ പ്രിയപ്പെട്ട പ്രജകൾ ശുദ്ധമായ ഗോതമ്പുറൊട്ടി ആഹരിച്ചിരുന്നപ്പോൾ, അതിന്റെ ഉമികൊണ്ടുണ്ടാക്കിയ പലഹാരം മാത്രമാണ് അദ്ദേഹം ഭക്ഷിച്ചിരുന്നത്. കഷ്ടിച്ച് നഗ്നത മറയ്ക്കത്തക്ക ലളിതമായ വസ്ത്രധാരണ രീതിയായിരുന്നു നബിയുടേത്. കൈത്തൊഴിൽ ചെയ്തു കിട്ടിയിരുന്ന പൈസ കൊണ്ടാണ് അദ്ദേഹം ആഹാരം കഴിച്ചിരുന്നത്. പൊതുഖജനാവിൽ നിന്ന് ഒരു ചില്ലിക്കാശുപോലും അദ്ദേഹം ശമ്പളമായി പറ്റിയിരുന്നില്ല. ഇപ്രകാരമുള്ള ഒരു ജീവിതം നയിച്ചിരുന്ന സുലൈമാൻനബി(അ)ന് മീൻപിടിച്ചു ജീവിക്കുക വിഷമകരമായിരുന്നില്ല. അല്ലാഹുﷻവിന്റെ ഹിതം നിറവേറ്റാൻ തന്നെ അദ്ദേഹം ദൃഢനിശ്ചയം ചെയ്തു...
സുലൈമാൻ നബി(അ)ന്റെ രൂപസാദൃശ്യമുള്ള ഒരാൾ മത്സ്യം പിടിക്കുന്നതും വിറ്റു നടക്കുന്നതും ജനങ്ങൾ കൗതുകത്തോടെ വീക്ഷിച്ചു...
ജനം അദ്ദേഹത്തിനു ചുറ്റും കൂടി പലതും ചോദിച്ചെങ്കിലും ആരോടും ഒരക്ഷരം അതിനെപ്പറ്റി അദ്ദേഹം ഉരിയാടിയില്ല. അല്ലാഹുﷻവിനെ ആരാധിച്ചുകൊണ്ട് ദിവസങ്ങൾ തള്ളിനീക്കി...
ദിവസങ്ങൾ കടന്നുപോയി. കരിംഭൂതം രാജ്യഭരണം ഉത്സാഹത്തോടുകൂടി നടത്തിക്കൊണ്ടിരുന്നു. പക്ഷേ അവന്റെ തീർപ്പുകളും വിധികളും പിഴച്ചവയും അധാർമികങ്ങളുമായിരുന്നു. ക്രമേണ നബിയുടെ ഭാര്യയ്ക്കും കൊട്ടാരത്തിലുള്ളവർക്കും പ്രജകൾക്കുമെല്ലാം അവനിൽ സംശയം ജനിക്കാൻ തുടങ്ങി. അവരെല്ലാം ആ "ഭൂതചക്രവർത്തി" യിൽനിന്ന് അകന്നുനിന്നു...
പിന്നെ അവന്റെ ചെമ്പ് പുറത്താകാൻ അധികം താമസമുണ്ടായില്ല. അവന്റെ ദുർഭരണത്തെക്കുറിച്ച് ബോധ്യമായ ജനങ്ങൾ അവനെതിരെ തിരിഞ്ഞു...
അവസാനം ഗത്യന്തരമില്ലാതെ നാല്പതാം ദിവസം ഭൂതം കടലിലേക്ക് എടുത്തുചാടി ജീവനുംകൊണ്ടു രക്ഷപ്പെട്ടു. താൻ അപഹരിച്ച മോതിരം ഭൂതം കടലിലെറിഞ്ഞു...
സംഗതിവശാൽ, അന്നു നബിക്കു കിട്ടിയ മത്സ്യം അദ്ദേഹം സ്വന്തം ആവശ്യത്തിന് മുറിച്ചു പാകംചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു. മത്സ്യത്തിന്റെ വയർഭാഗം മുറിച്ചപ്പോൾ തന്റെ അത്ഭുത മോതിരം അതാ മത്സ്യത്തിന്റെ ഉദരത്തിൽ കിടന്നു തിളങ്ങുന്നു..! ഭൂതം മോതിരം കടലിലെറിഞ്ഞപ്പോൾ ആ മത്സ്യം അതു വിഴുങ്ങിയതായിരുന്നു...
തന്റെ പരീക്ഷണഘട്ടം അവസാനിച്ചിരിക്കുന്നതായി സുലൈമാൻ നബിക്കു ബോധ്യമായി. അല്ലാഹുﷻവിനു സുജൂദ് ചെയ്ത് അദ്ദേഹം ആ മോതിരം വീണ്ടും കൈയിലണിഞ്ഞു...
അദ്ദേഹം തിരിച്ചു കൊട്ടാരത്തിൽ എത്തി തന്റെ സിംഹാസനത്തിൽ ഉപവിഷ്ടനായപ്പോൾ കാര്യങ്ങളെല്ലാം വീണ്ടും പൂർവ്വ സ്ഥിതിയിലായി...
സർവ്വ ജീവജാലങ്ങളും പഴയതുപോലെ അദ്ദേഹത്തിനു കീഴടങ്ങി. പ്രജകൾ സന്തുഷ്ടചിത്തരായി, തന്റെ വിജയം ക്ഷമമൂലം ലഭിച്ചതാണെന്നും, ക്ഷമിക്കുന്നവനെ അല്ലാഹു ﷻ അനുഗ്രഹിക്കുമെന്നും സുലൈമാൻ നബി ജനങ്ങളോടു പറഞ്ഞു...
ഗുണപാഠം
:എത്ര നല്ല മനുഷ്യരെയും, പ്രത്യേകിച്ച് ഉന്നതപദവിയിലിരിക്കുന്നവരെ, അല്ലാഹു ﷻ പലവിധ അഗ്നിപരീക്ഷണങ്ങൾക്കും വിധേയമാക്കും. അപ്പോഴെല്ലാം പതറാതെ, അല്ലാഹുﷻവിൽ അടിയുറച്ചു വിശ്വസിച്ചു കൊണ്ട്, അവയെല്ലാം ക്ഷമയോടെ നേരിടണം. അത്തരം വ്യക്തികൾക്ക് ഒടുവിൽ വിജയം സുനിശ്ചിതമാണെന്ന് ഈ കഥ നമുക്കു കാട്ടിത്തരുന്നു.
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍.
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ