പരസ്‌പരം അറിയലും ഉള്‍ക്കൊള്ളലും അംഗീകരിക്കലുമാണ് ദാമ്പത്യത്തെ ഊഷ്‌മളമാക്കുന്നത്.
രണ്ടു മനസ്സുകള്‍ ഒന്നായിത്തീരുന്നതങ്ങനെയാണ്.
പരസ്‌പരം അറിയാനും ഉള്‍ക്കൊള്ളാനും അംഗീകരിക്കാനും മറക്കുമ്പോഴാണ് പൊട്ടലും ചീറ്റലുമുണ്ടാവുന്നത്.
ശാരീരിക വികാരങ്ങള്‍ക്കൊപ്പം മാനസിക വികാരവിചാരങ്ങളും കൈമാറ്റം ചെയ്യപ്പെടുമ്പോഴാണ് സ്‌നേഹം ഉരുകിയൊലിക്കുന്നത്.
എന്നാല്‍ തിരക്കുപിടിച്ച വര്‍ത്തമാന സമൂഹത്തില്‍ ഒന്നിച്ചിരിക്കാനും ഒന്നായിത്തീരാനുമുള്ള അവസരങ്ങളും സാഹചര്യങ്ങളും ഇല്ലാതായിക്കെണ്ടിരിക്കുന്നു. അതുകൊണ്ടു തന്നെ ദാമ്പത്യ- കുടുംബ ബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുകയും വിവാഹമോചനങ്ങള്‍ വാര്‍ത്തയല്ലാതായിത്തീരുകയും ചെയ്യുന്നു.
ഒന്നു മനസ്സു തുറന്നു സംസാരിച്ചാല്‍ തീരാവുന്ന പ്രശ്‌നങ്ങളാണ് പലപ്പോഴും വിവാഹമോചനം വരെ എത്തുന്നത്.
എന്നെ മനസ്സിലാക്കുന്നില്ല, എന്നു തന്നെയാണ് എല്ലാവരുടെയും പരാതി.
ഇണയുടെ കുറ്റങ്ങളും കുറവുകളും എണ്ണിയെണ്ണിപ്പറയാന്‍ ഒറ്റശ്വാസം മതി.
എന്നാല്‍ യഥാര്‍ഥ പ്രശ്‌നം എന്തെന്ന് തിരിച്ചറിയാനോ തന്റെ ഭാഗത്തുള്ള ശരി തെറ്റുകള്‍ വിലയിരുത്താനോ പലരും ശ്രമിക്കാറില്ല.
ആരും വിട്ടുവീഴ്‌ചക്ക് തയ്യാറല്ല.
അങ്ങനെയങ്ങ് തോറ്റു കൊടുത്താലോ എന്നാണ് ന്യായം.
ഭര്‍ത്താവിനോട് ചോദിച്ചാല്‍ ഭാര്യയാണ് കുറ്റക്കാരി.
ഭാര്യയോട് ചോദിച്ചാലോ, നേരെ തിരിച്ചും.
രണ്ടുപേരെയും ഒന്നിച്ചിരുത്തി സംസാരിച്ചാലോ, ചില തെറ്റിദ്ധാരണകള്‍...
ഇണയുടെ കുറ്റങ്ങളും കുറവുകളും കണ്ടെത്താനല്ല, നന്‍മകളും ഗുണങ്ങളും കണ്ടെടുക്കാനാവണം നാം ശ്രമിക്കേണ്ടത്.
അവളിലെ/ അവനിലെ ഒരു നന്മ നാം കണ്ടെത്തുമ്പോള്‍ അവള്‍/ അവന്‍ നമ്മിലെ നൂറ് നന്‍മകള്‍ കണ്ടെടുക്കും.
അവളിലെ അവനിലെ ഒരു തിന്‍മയാണ് നാം കണ്ടെത്തുന്നതെങ്കില്‍ അവള്‍ അവന്‍ നമ്മിലെ നൂറ് തിന്‍മകള്‍ കണ്ടെത്താനാവും ശ്രമിക്കുക.
അതുകൊണ്ട് നന്മകള്‍ കണ്ടെടുക്കുന്നതിലാവട്ടെ നമ്മുടെ മല്‍സരം.
നല്ല ഭര്‍ത്താവ്, നല്ല ഭാര്യ
വൈവാഹിക ജീവിതം മാധുര്യമുള്ളതാവുന്നത് ദമ്പതികള്‍ പരസ്‌പരം മനസ്സിലാക്കുന്നതിലൂടെയാണ്.
ഉപാദികളില്ലാതെ സ്‌നേഹിക്കാനാവുമ്പോഴാണ്.
പ്രവാചകനും(സ) ഖദീജ(റ)യും തമ്മിലുള്ള ബന്ധം ഊഷ്‌മളമായിത്തീരുന്നത് പരസ്‌പരമുള്ള ആ മനസ്സിലാക്കലിലൂടെയാണ്. പ്രവാചകന്(സ) ഖദീജ(റ) തണലും സാന്ത്വനവുമായിത്തീരുന്നത് പ്രവാചകനി(സ)ലെ നന്മകള്‍ ഖദീജ(റ) തിരിച്ചറിയുന്നതിലൂടെയാണ്.
പ്രവാചകനി(സ)ലെ നന്മ തിരിച്ചറിയുമ്പോഴാണല്ലോ അദ്ദേഹത്തെ ജീവിതത്തില്‍ കൂടെക്കൂട്ടാന്‍ ഖദീജ(റ) കൊതിച്ചുപോയത്.
ഹിറാ ഗുഹയില്‍ നിന്നും പനിക്കുന്ന ഹൃദയവും ചുട്ടുപൊള്ളുന്ന ശരീരവുമായി തിരിച്ചെത്തിയ പ്രിയതമന് സ്വാന്തനത്തിന്റെ കുളിരായിമാറിയ പ്രിയതമയുടെ ചിത്രം ചരിത്രത്തിലെ മധുരമുള്ള ഒരധ്യായമാണ്.
അവിടെ പ്രവാചകന്റെ നന്മകള്‍ എടുത്തുപറഞ്ഞാണ് ഖദീജ(റ), അദ്ദേഹത്തെ ആശ്വസിപ്പിക്കുന്നത്.
അവിടെയാണ് നന്മകള്‍ കണ്ടെടുക്കുന്നതിലൂടെ സ്‌്‌നേഹമഴ ചെയ്യുന്ന ദാമ്പത്യത്തിന്റെ കുളിര് നമുക്ക് അനുഭവിക്കാനാവുന്നത്.
യുവതിയും സുന്ദരിയും കന്യകയുമായിരുന്ന ആയിശ(റ)യോടൊപ്പം കഴിയുമ്പോഴും നാല്‍പതുകഴിഞ്ഞ, വിധവയും അമ്മയുമായിരുന്ന ഖദീജ(റ) പ്രവാചകന്റെ മനസ്സില്‍ തണുത്ത കുളിരായി ബാക്കിയുണ്ടായിരുന്നുവെങ്കില്‍, ഖദീജ(റ)യിലെ നന്മകളെ കണ്ടെടുക്കാന്‍ പ്രവാചകന് (സ) കഴിഞ്ഞതിലൂടെയാണത്...
നാടും വീടും ഉപരോധിച്ചപ്പോള്‍ കൂടെയുണ്ടായിരുന്ന കൂട്ടുകാരിയാണ് ഖദീജ(റ).
പട്ടിണിയുടെ നാളുകളില്‍ പച്ചിലകള്‍ തിന്ന് പരിഭവമില്ലാതെ പുഞ്ചിരിയായ പ്രിയതമ.
ദുരിതങ്ങളുടെയും പ്രതിസന്ധികളുടെയും നാളുകളില്‍ പതറാത്ത ആശ്വാസത്തിന്റെ സാന്നിധ്യം...
ഒരു നല്ല ഭാര്യ എങ്ങനെ ആയിരിക്കണമെന്നതിന് ഖദീജ(റ)യെക്കാള്‍ നല്ലൊരു മാതൃക വേറെയില്ല, ഒരു നല്ല ഭര്‍ത്താവ് എങ്ങനെ ആയിരിക്കണമെന്നതിന് പ്രവാചകനെ(സ)ക്കാളും ഉത്തമമായൊരു മാതൃകയും.
വളരെ തിരക്കുപിടിച്ച ജീവിതത്തിലും ഭാര്യമാരുടെ വികാരവിചാരങ്ങള്‍ക്ക് ആവശ്യമായ പരിഗണന പ്രവാചകന്‍ നല്‍കിയിരുന്നു.
സംസാരിച്ചിരിക്കാന്‍ സമയം കണ്ടെത്തുകയും അവരുടെ ഇഷ്ടാനിഷ്ടങ്ങളെ മാനിക്കുകയും ചെയ്‌തിരുന്നു പ്രവാചകന്‍.
ഒരു ഭാര്യയും പ്രവാചകനി(സ)ല്‍ ഒരു കുറ്റവും കണ്ടെത്തിയില്ല.
പ്രവാചകന്‍(സ) തിരിച്ചും, ഭാര്യമാരുടെ നന്മകള്‍ കണ്ടെടുക്കാനായിരുന്നു പ്രവാചകന്‍(സ) ശ്രമിച്ചത്.
സൈനബി(റ)ന്റെ വീട്ടില്‍ നിന്നും കൊണ്ടുവന്ന പലഹാരപ്പാത്രം സ്‌ത്രീസഹജമായ വികാരവിക്ഷോഭത്താല്‍ തട്ടിക്കളഞ്ഞ ആയിശ(റ)യോട് പ്രവാചകന്‍(സ) ഇടപെട്ടതെങ്ങനെന്ന് നമുക്കറിയാം.
ആയിശ(റ)യുടെ അപ്പോഴത്തെ വികാരം കൃത്യമായി തിരിച്ചറിയാന്‍ പ്രവാചകന്(സ) കഴിഞ്ഞതു കൊണ്ടാണ് വളരെ സൗമ്യമായ സമീപനത്തിലൂടെ ആയിശ(റ)യെ തിരുത്താന്‍ പ്രവാചകന്(സ) കഴിയുന്നത്.
വിട്ടുവീഴ്‌ചയും സ്‌നേഹംപുരട്ടിയ സംസാരവും പെരുമാറ്റവുമാണ് വൈവാഹിക ജീവിതത്തിന്റെ ജീവനെന്ന് പ്രവാചകന്‍ നമ്മെ പഠിപ്പിക്കുന്നത് അങ്ങനെയാണ്.
ഇസ്‌ലാമിക ചരിത്രത്തില്‍ ഉദാഹരണങ്ങള്‍ക്ക് പഞ്ഞമില്ല.
പക്ഷേ, ഈ ഉദാഹരണങ്ങളും ചരിത്ര നിമിഷങ്ങളും നമ്മില്‍ എന്ത് ചലനമാണുണ്ടാക്കുക.
ഒരു പരാതി
എപ്പോഴും പരാതികളും പരിഭവങ്ങളും പറയുന്ന തന്റെ ഭാര്യയെക്കുറിച്ച് ഖലീഫയോട് പരാതിപ്പെടാനാണ് അയാള്‍ പുറപ്പെട്ടിട്ടുള്ളത്. ഖലീഫാ ഉമറി(റ)ന്റെ വീട്ടുപടിക്കലെത്തിയപ്പോള്‍ അകത്ത് നിന്നും ചില സംസാരങ്ങള്‍ കേള്‍ക്കുന്നു.
ഖലീഫയുടെ ഭാര്യ ഖലീഫയേട് പരിഭവിക്കുകയാണ്.
ഖലീഫ എല്ലാം കേട്ടുകൊണ്ടിരിക്കുന്നു. മറുത്തൊന്നും പറയുന്നുമില്ല.
അയാള്‍ തിരിച്ചു നടക്കാനൊരുങ്ങുമ്പോള്‍ ഖലീഫ പുറത്തേക്കിറങ്ങി വരുന്നു.
എന്തേ വന്നത്..
ഒന്നും പറയാതെ തിരിച്ചു പോകുന്നതെന്തയ്?
ഖലീഫ അയാളോട് ചോദിച്ചു.
അയാള്‍ വന്ന കാര്യം പറഞ്ഞു.
ഒന്നും പറയാതെ തിരിച്ചു നടക്കാനുണ്ടായ കാരണവും.
എല്ലാം കേട്ടു കഴിഞ്ഞ ശേഷം പുഞ്ചിരിയോടെ ഖലീഫ(റ) അയാളോടു പറഞ്ഞ വാക്കുകള്‍ ഓരോ ഭര്‍ത്താക്കന്‍മാരും മനസ്സില്‍ കുറിച്ചു വെക്കേണ്ടതാണ്.
"സുഹൃത്തെ, അവര്‍ നമുക്കു വേണ്ടി ഭക്ഷണമുണ്ടാക്കുന്നു. നമ്മുടെ വസ്‌ത്രങ്ങളലക്കുന്നു.
നമ്മുടെ കുട്ടികളെ പ്രസവിച്ച് മുലയൂട്ടി വളര്‍ത്തുന്നു.
നമുക്കുവേണ്ടി കഷ്ടപ്പെടുന്നു.
അവരുടെ ചില പ്രശ്‌നങ്ങളും ആവലാതികളും പരിഭവങ്ങളും പിന്നെ എന്തുകൊണ്ട് നമുക്ക് കേട്ടുകൂട.
നമ്മോടല്ലാതെ മറ്റാരോട് അവരിതെക്കെ പറയും.
നമ്മളല്ലാതെ മറ്റാരാണിത് കേള്‍ക്കാനുള്ളത്."
കൂട്ടിവായിക്കുക
സ്‌ത്രീകള്‍ നിങ്ങള്‍ക്ക് വസ്‌ത്രമാണ്.
നിങ്ങള്‍ അവര്‍ക്കും വസ്‌ത്രമാണ്.
വി.ഖു- ( അല്‍ ബഖറ 187)
ഇണകളോടിണങ്ങി ജീവിച്ച് മനശ്ശാന്തി ലഭിക്കാനായി നിങ്ങളുടെ വര്‍ഗത്തില്‍ നിന്നു തന്നെ നിങ്ങള്‍ക്കവന്‍ ഇണകളെ സൃഷ്ടിച്ചുതന്നു.
അങ്ങനെ നിങ്ങള്‍ക്കിടയില്‍ അവന്‍ പ്രേമബന്ധവും കാരുണ്യവും കരുപ്പിടിപ്പിച്ചു.
ചിന്തിക്കുന്ന സമൂഹത്തിന് അതില്‍ പല പാഠങ്ങളുമുണ്ട്.
വി.ഖു- (അര്‍റൂം 21)
സ്‌ത്രീകള്‍ക്ക് ചില ബാധ്യതകളുള്ള പോലെത്തന്നെ ന്യായമായ ചില അവകാശങ്ങളുമുണ്ട്.
വി ഖു (അല്‍ ബഖറ 228)
അവരോട് നിങ്ങള്‍ നല്ല നിലയില്‍ വര്‍ത്തിക്കുക.
അഥവാ, നിങ്ങള്‍ക്ക് അവരോട് അനിഷ്ടം തോന്നുന്നുവെങ്കില്‍, മനസ്സിലാക്കുക നിങ്ങള്‍ വെറുക്കുന്ന കാര്യത്തില്‍ അല്ലാഹു നിരവധി നന്മ നിശ്ചയിച്ചുവെച്ചിരിക്കാവുന്നതാണ്.
വി ഖു (അന്നിസാഅ് 19)
സത്യവിശ്വാസികളില്‍ വിശ്വാസപരമായി ഏറ്റവും പൂര്‍ണത വരിച്ചവന്‍ അവരില്‍ ഏറ്റവും നല്ല സ്വഭാവമുള്ളവനാണ്.
നിങ്ങളില്‍ ഏറ്റവും നല്ലവര്‍ തങ്ങളുയെ ഭാര്യമാരോട് ഏറ്റവും നന്നായി വര്‍ത്തിക്കുന്നവരാണ്.
നബി വചനം (തിര്‍മിദി)
വളഞ്ഞ വാരിയെല്ലുകൊണ്ടാണ് സ്‌ത്രീ സൃഷ്ടിക്കപ്പെട്ടത്.
ഒരേ രൂപത്തില്‍ നിനക്കത് നിവര്‍ത്താന്‍ കഴിയില്ല.
അതിനാല്‍ നീ അവളെ അനുഭവിക്കുന്നുവെങ്കില്‍ ആ വക്രതയോടെത്തന്നെ നിനക്കനുഭവിക്കാം.
മറിച്ച്, നീ നിവര്‍ത്താന്‍ ശ്രമിച്ചാല്‍ പൊട്ടിപ്പോകലായിരിക്കും, അഥവാ വിവാഹ മോചനമായിരിക്കും ഫലം.
നബി വചനം (മുസ്‌ലിം)
ഒരു സത്യവിശ്വാസിയും വിശ്വാസിനിയെ വെറുക്കരുത്.
അഥവാ അവളുടെ ഒരു സ്വഭാവം അനിഷ്ടകരമായിത്തോന്നിയാല്‍ മറ്റൊന്ന് ആനന്ദകരമായിരിക്കും.
നബി വചനം (മുസ്‌ലിം)
അറിയുക!
സ്‌ത്രീകളോട് നല്ല നിലയില്‍ പെരുമാറാനുള്ള നിര്‍ദേശം നിങ്ങള്‍ സ്വീകരിക്കുക.
അവര്‍ നിങ്ങളുടെ ആശ്രിതരാണ്.
സ്വന്തം ശരീരത്തിന്റെയും നിങ്ങളുടെ ധനത്തിന്റെയും സൂക്ഷിപ്പും ആസ്വാദനവുമല്ലാതെ മറ്റൊന്നും അവളില്‍ നിന്ന് നിങ്ങള്‍ക്ക് അവകാശപ്പെടാനാവില്ല. അഥവാ, അവര്‍ വ്യക്തമായ ദുര്‍നടപടികളില്‍ ഏര്‍പ്പെട്ടാല്‍ കിടപ്പറകളില്‍ അവരുമായി അകന്ന് നില്‍ക്കുക.
പരിക്കുണ്ടാക്കാത്തവിധം അവരെ അടിക്കുകയും ചെയ്യുക. അതോടെ അവര്‍ നിങ്ങള്‍ക്ക് വിധേയമായാല്‍ അവര്‍ക്കെതിരെ വിരോധവും എതിര്‍പ്പും തുടരാന്‍ നിങ്ങള്‍ തുനിയരുത്.
അറിയുക!
നിങ്ങള്‍ക്ക് സ്‌ത്രീകളില്‍ ചില അവകാശങ്ങളുണ്ട്.
നിങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ നിങ്ങളുടെ വിരിപ്പില്‍ ഇരുത്താതിരിക്കുക, നിങ്ങള്‍ വെറുക്കുന്നവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക.
നല്ലനിലയില്‍ അവര്‍ക്ക് ആഹാരവും വസ്‌ത്രവും നല്‍കലാണ് നിങ്ങള്‍ക്ക് അവരോടുള്ള ബാധ്യത.
നബി വചനം (തിര്‍മിദി)
നീ ആഹരിക്കുന്നുവെങ്കില്‍ അവളെയും ആഹരിപ്പിക്കുക.
നീ വസ്‌ത്രം ധരിക്കുന്നുവെങ്കില്‍ അവള്‍ക്കും വസ്‌ത്രം നല്‍കുക.
മുഖത്ത് അടിക്കാതിരിക്കുക.
പുലഭ്യം പറയാതിരിക്കുക.
വീട്ടിലൊഴികെ അവളുമായി അകന്ന് കഴിയാതിരിക്കുക.
നബി വചനം (അബൂ ദാവൂദ്)
പാലിക്കാന്‍ ഏറ്റവുമധികം കടപ്പെട്ടത് ലൈംഗിക വേഴ്‌ച അനുവദനീയമാവുന്ന കരാറാണ്.
നബി വചനം (അബൂ ദാവൂദ്)
സത്യവിശ്വാസിയായ മനുഷ്യന് അല്ലാഹുവെക്കുറിച്ച സൂക്ഷ്‌മത കഴിച്ചാല്‍ ഏറ്റവുമധികം പ്രയോജനം ലഭിക്കുക, ആജ്ഞാപിച്ചാല്‍ അനുസരിക്കുന്ന, നോക്കിയാല്‍ സന്തോഷം ജനിപ്പിക്കുന്ന, അവളുടെ കാര്യത്തില്‍ സത്യം ചെയ്‌താല്‍ പാലിക്കുന്ന, അസാന്നിധ്യത്തില്‍ സ്വന്തം ശരീരത്തിലും ഭര്‍ത്താവിന്റെ സ്വത്തിലും അയാളോട് ഗുണകാംക്ഷ പുലര്‍ത്തുന്ന സദ്‌വൃത്തയായ സഹധര്‍മിണിയില്‍ നിന്നാണ്.
നബി വചനം (ഇബ്‌നുമാജ)
മനുഷ്യന്റെ സൗഭാഗ്യം മൂന്ന് കാര്യങ്ങളിലാണ്.
നിര്‍ഭാഗ്യവും മൂന്ന് കാര്യങ്ങളില്‍ തന്നെ.
നല്ലവളായ ഭാര്യയും മെച്ചപ്പെട്ട പാര്‍പ്പിടവും കൊള്ളാവുന്ന വാഹനവും ഭാഗ്യമാണ്.
ചീത്തയായ ഭാര്യയും മോശമായ വീടും കൊള്ളാത്ത വാഹനവും നിര്‍ഭാഗ്യവും.
നബി വചനം (അഹ്‌മദ്)
നിങ്ങളുടെ ഭാര്യമാരില്‍ ഏറ്റവും നല്ലവള്‍ കൂടുതല്‍ പ്രേമവും പ്രജനന ശേഷിയുള്ളവളും കാന്തവ്രതയും മാന്യമായ കുടുംബത്തില്‍ നിന്നുള്ളവളും ഭര്‍ത്താവിനോട് വിനയം കാണിക്കുന്നവളും ഭര്‍ത്താവിന്റെ മുന്‍പില്‍ കൊഞ്ചിക്കുഴയുന്നവളും അന്യരുടെ അടുത്ത് പാതിവ്രത്യം കാത്തു സൂക്ഷിക്കുന്നവളും ഭര്‍ത്താവിന്റെ വാക്കുകള്‍ കേള്‍ക്കുന്നവളും അയാളുടെ ആജ്ഞകള്‍ അനുസരിക്കുന്നവളും രഹസ്യമായി സംഗമിക്കുമ്പോള്‍ അയാള്‍ ആഗ്രഹിക്കുന്നത് നല്‍കുന്നവളും പുരുഷന്‍മാരെപ്പോലെ നാണമില്ലായ്‌മ പ്രകടിപ്പിക്കാത്തവളുമാണ്.
നബി വചനം
ഭര്‍ത്താവിന്റെ വിരിപ്പില്‍ നിന്ന് വിട്ടുനില്‍ക്കാതിരിക്കുക.
അയാളുടെ സത്യം പാലിക്കുക.
കല്‍പനകള്‍ അനുസരിക്കുക.
അനുവാദമില്ലാതെ വീട്ടില്‍ നിന്ന് പുറത്തു പോവാതിരിക്കുക.
അയാള്‍ക്ക് അനിഷ്ടമുള്ളവരെ വീട്ടില്‍ പ്രവേശിപ്പിക്കാതിരിക്കുക.
ഇതെല്ലാമാണ് ഭാര്യക്ക് ഭര്‍ത്താവിനോടുള്ള ബാധ്യതകള്‍.
നബി വചനം (ത്വബ്‌റാനി)
ഭര്‍ത്താവിന്റെ സംതൃപ്‌തി സമ്പാദിച്ച് മരിക്കുന്ന സ്‌ത്രീ സ്വര്‍ഗാവകാശി ആയിരിക്കും.
നബി വചനം (തിര്‍മിദി)
ഇമ്മിണി ബല്ല്യ ഒന്ന്
സന്തുഷ്ടമായ വൈവാഹിക കുടുംബ ജീവിതത്തിന് വ്യക്തവും സത്യസന്ധവും പൂര്‍ണവുമായ മാര്‍ഗനിര്‍ദേശങ്ങളും വിധിവിലക്കുകളും നിര്‍ണയിച്ചു തന്നിട്ടുള്ള ഏക മതമാണ് ഇസ്‌ലാം.
വെറും ഏടുകളിലൊതുങ്ങുന്ന മഹത്തായ സ്വപ്‌നങ്ങളല്ല അവ.
മാനുഷിക ജീവിതത്തില്‍ ആചരിക്കാനാവുന്ന പ്രായോഗിക കല്‍പനകള്‍.
പ്രവാചകനും അനുയായികളും പ്രായോഗിക ജീവിതത്തിലൂടെ അത് സത്യപ്പെടുത്തി.
ഇസ്ലാമിക വൈവാഹിക-കുടുംബ ജീവിതം എങ്ങനെ ആയിരിക്കണമെന്നതിന് പ്രവാചകന്റെയും അനുചരന്‍മാരുടെയും ജീവിതം പരിശോധിച്ചാല്‍ മതി.
വൈവാഹിക കുടുംബ ജീവിതത്തില്‍ പാലിക്കേണ്ട അച്ചടക്കവും പരസ്‌പരം കാത്തുസൂക്ഷിക്കേണ്ട സ്‌നേഹവും ആദരവും അംഗീകാരവും ബഹുമാനവും എത്ര ഉദാത്തമായിരിക്കണമെന്ന് ഇസ്ലാം വ്യക്തമാക്കിയിട്ടുണ്ട്.
വൈവാഹിക കുടുംബജീവിതത്തിലെ അസ്വാരസ്യമകറ്റി ശാന്തിയും സമാധാനവും കൊണ്ടുവരാന്‍ ഖുര്‍ആനും പ്രവാചനും പറഞ്ഞതിനപ്പുറം ഒന്നും മറ്റാര്‍ക്കും പറയാനില്ലെന്നതാണ് യാദാര്‍ഥ്യം.
(എന്നിട്ടും, വൈവാഹിക കുടുംബ ജീവിത പ്രശ്‌നങ്ങള്‍ മുസ്ലിം കുടുംബങ്ങളില്‍ ഏറിക്കൊണ്ടേയിരിക്കുന്നുവെന്നത് പഠനവിധേയമാക്കേണ്ട വിഷയമാണ്.
ഉള്ളുതുറന്ന് സംസാരിക്കാനും ഇഷ്ടാനിഷ്ടങ്ങള്‍ പങ്കുവെക്കാനും മോഹങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും കൈമാറാനും സമയവും സാഹചര്യവുമുണ്ടാവണം.
ഇണയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്കൊത്ത് പെരുമാറാനും അവയെ മാനിക്കാനും അഭിപ്രായങ്ങളുടെ സമന്വയത്തിലൂടെ തീരുമാനങ്ങളെടുക്കാനും വിട്ടുവീഴ്‌ചയിലൂട, പരസ്‌പര ധാരണയിലൂടെ ജീവിതം ആസ്വാദ്യമാക്കിത്തീര്‍ക്കാന്‍ നമുക്കാവട്ടെ.
കണ്ണികള്‍ അറുത്തുമാറ്റാനോ അകത്തിവിടുത്താനോ അല്ല, അടുപ്പിച്ചടുക്കാനാവട്ടെ നമ്മുടെ ശ്രമം.
മനസ്സുകള്‍ അകലുന്തോറും ബന്ധത്തിന്റെ കണ്ണികളാണകലുക.
മനസ്സുകള്‍ അടുക്കുന്തോറും ബന്ധവും ദൃഢമാവും.
അടുത്തറിയുന്തോറും ബന്ധം ഹൃദ്യവും ഊഷ്‌മളവുമായിത്തീരും.
ഒന്നും ഒന്നും ചേര്‍ന്നാല്‍ ഇമ്മിണി ബല്ല്യ ഒന്നായിത്തീരുമെന്ന ബഷീര്‍ വീക്ഷണം സത്യമായിത്തീരുന്ന ഒരവസരമാണ് ദാമ്പത്യം.
ഭര്‍ത്താവെന്ന ഒന്നും ഭാര്യയെന്ന ഒന്നും ഒന്നായി ഇമ്മിണി ബല്ല്യ ഒന്നായിത്തീരുന്ന സുന്ദരനിമിഷങ്ങളാവണം ദാമ്പത്യ ജീവിതം.
രണ്ടു പുഴകള്‍ കൂടിച്ചേര്‍ന്ന് ഒരു പുഴയായിത്തീരുന്ന പോലെ...
ശാന്തമായി ഒഴുകട്ടെ ആ പുഴ.
ഒടുക്കം
ഇണയുടെ ഗുണങ്ങള്‍ തിരിച്ചറിയുക.
കുറ്റങ്ങളും കുറവുകളും സ്വാഭാവികം.
നാം മനുഷ്യരാണ്.
ഇഷ്ടാനിഷ്ടങ്ങളും അഭിരുചികളും വ്യത്യസ്ഥമായ രണ്ടു വ്യക്തികളാണ് ദമ്പതികളെന്ന് മറക്കാതിരിക്കുക.
ഇണയുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളും തിരിച്ചറിഞ്ഞ് പരസ്‌പരം അംഗീകരിക്കാനും ഉള്‍ക്കൊള്ളാനും നാം തയ്യാറാവണം.
ഇണക്കവും പിണക്കവും ദാമ്പത്യത്തിന്റെ ഇഴയടുപ്പിക്കുന്ന കുളിരാക്കിത്തീര്‍ക്കാനുള്ള മിടുക്കാണ് ദമ്പതികള്‍ക്കുണ്ടാവേണ്ടത്.
ഓരോ ഇണക്കവും പിണക്കവും കൂടുതല്‍ അടുത്തറിയാനും ഹൃദയങ്ങള്‍ ചെര്‍ത്തുവെക്കാനുമുള്ള അവസരമാവണം.
കൂടുതല്‍ അടുത്തറിയാനും ഒന്നായിത്തീരാനുമുള്ള സാഹചര്യങ്ങള്‍ സൃഷ്ടിക്കപ്പെടണം.
വിട്ടുവീഴ്‌ചയോടെ പരസ്‌പര സഹകരണത്തോടെ ദാമ്പത്യം ആസ്വാദ്യമാക്കുക.
എത്ര തിരക്കുണ്ടെങ്കിലും ഒരിത്തിരി നേരം ദിവസവും ഇണയോടൊത്ത് ചിലവഴിക്കാന്‍ കണ്ടെത്തുക.
അതെ, വീട് സ്വര്‍ഗമാവട്ടെ.
ഒരു പ്രാര്‍ഥന
റഹ്‌മാന്റെ അടിയാന്‍മാരായ സഹനശീലരുടെ വിശിഷ്ടഗുണങ്ങള്‍ വിവരിക്കുന്ന ഭാഗത്ത്, അവരുടെ ഒരു പ്രാര്‍ഥനയുണ്ട്.
അതെ, ആ പ്രാര്‍ഥന ശീലമാക്കുക.
എല്ലാത്തിനുമപ്പുറം, സന്തുഷ്ടമായ ദാമ്പത്യ- കുടുംബ ജീവിതം അല്ലാഹുവിന്റെ മഹത്തായ ഒരനുഗ്രഹമാണെന്ന് മറക്കാതിരിക്കുക.
ഞങ്ങളുടെ രക്ഷിതാവേ, ഞങ്ങളുടെ ഇണകളില്‍ നിന്നും മക്കളില്‍ നിന്നും ഞങ്ങള്‍ക്കു നീ കണ്‍കുളിര്‍മ പ്രദാനം ചെയ്യേണമേ.
ഞങ്ങളെ ഭയഭക്തര്‍ക്ക് മാതൃകരാക്കുകയും ചെയ്യേണമേ
വി ഖു (അല്‍ ഫുര്‍ഖാന്‍ 74)
അവസാനമായി...
പറഞ്ഞോളൂ കേള്‍ക്കാന്‍ എനിക്ക് ഇഷ്ടമാണ്, എന്ന് പറയാന്‍ നമ്മില്‍ എത്രപേര്‍ക്കാവും.
പറയുന്നതില്‍ കൂടുതല്‍ കേള്‍ക്കാന്‍ തയ്യാറാണോ, ശാന്തിയും സമാധാനവും പെയ്‌തിറങ്ങും.
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍.
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ