മൂസാ നബി(അ)ന്റെ കാലത്ത് നടന്ന ഒരു കഥയാണിത്. ഇസ്രായീല്യർ ഈജിപ്തിൽ നിന്നു പാലായനം ചെയ്ത് 'സീനാ' യിൽ താമസമാക്കിയ അവസരം. അക്കാലത്ത് ഇസ്രായീൽ ഗോത്രത്തിലെ ഏറ്റവും വലിയ സമ്പന്നനായ ഏലിയാഈൽ വധിക്കപ്പെട്ടു. കൊലയാളി ആരാണെന്ന് ആർക്കും മനസിലായില്ല. ഒരു തെളിവും ലഭിച്ചതുമില്ല. കൊലപാതകത്തിന്റെ നിഗൂഢസ്വഭാവം കുഴപ്പത്തിന് ഇടയാക്കി. അങ്ങനെ കൊല്ലപ്പെട്ട ആളുടെ കുടുംബക്കാർ തർക്കം കൂടി. വഴക്കും വക്കാണവും പൊട്ടിപ്പുറപ്പെട്ടു.
പ്രശ്നപരിഹാരത്തിനായി ജനം അല്ലാഹുﷻവിന്റെ പ്രവാചകനായ മൂസ്സാനബി(അ)നെ സമീപിച്ചു. അവർ നബിയോട് അപേക്ഷിച്ചതനുസരിച്ച് അദ്ദേഹം അല്ലാഹുﷻവോട് പ്രാർത്ഥിച്ചു. വൈകാതെ ദിവ്യോദ്ബോധനം ലഭിച്ച നബി, ഘാതകനെ കണ്ടുപിടിക്കാനുള്ള മാർഗമവലംബിച്ചുകൊണ്ട് തന്റെ ജനതയോടു പറഞ്ഞു:
“നിങ്ങൾ ഒരു പശുവിനെ കശാപ്പുചെയ്യണമെന്ന് അല്ലാഹു ﷻ ആജ്ഞാപിക്കുന്നു.”
പക്ഷേ മൂസ്സ നബി(അ)ന്റെ ജനത കുരുട്ടു വാദം നടത്തുകയാണ് ചെയ്തത്. അദ്ദേഹം തങ്ങളെ കളിയാക്കുകയാണെന്ന് അവർ ആരോപിച്ചു. പശുവിനെ അറുത്തതുകൊണ്ട് ഘാതകനെ അറിയാൻ കഴിയുമോ? ഇതായിരുന്നു അവരുടെ യുക്തിവാദം.
“അല്ലാഹുﷻവിന്റെ കല്പന നാം അക്ഷരംപ്രതി സ്വീകരിക്കണം.
അതു നമ്മുടെ കടമയാണ്. അതിൽ യുക്തിക്കു സ്ഥാനമില്ല. അല്ലാഹുﷻവാണ് ഏറ്റവും വലിയ യുക്തിജ്ഞൻ." നബി പറഞ്ഞു.
“ഞങ്ങൾ അനുസരിക്കുന്നു. പക്ഷേ ഏതു നിറമുള്ള പശുവിനെയാണ് അറുക്കേണ്ടത്?''
“മഞ്ഞ നിറത്തിലുള്ള പശുവിനെയാണ് അറുക്കേണ്ടത്. നിങ്ങൾ മുമ്പു പൂജിച്ചിരുന്ന മായാമൃഗത്തിന്റെ നിറമുള്ളത്. ”
“നിന്റെ നാഥനോടു ചോദിക്കുക. ഏതു പ്രായത്തിലുള്ള പശുവാണ് അതെന്ന് അവൻ ഞങ്ങൾക്കു വിവരിച്ചുതരട്ടെ.”
മൂസ്സ നബി (അ) തന്റെ ജനതയുടെയും പ്രപഞ്ചങ്ങളുടെയും തന്റെയും നാഥനോട് ഒരിക്കൽകൂടി അന്വേഷിച്ചശേഷം അവരോടു പറഞ്ഞു: “കന്യകയോ മുതുക്കിയോ അല്ലാത്ത, രണ്ടിനും മധ്യേയുള്ള പശു.”
പക്ഷേ ഇസായീല്യരുടെ സംശയം തീർന്നില്ല. അവർ തർക്കവുമായി പ്രശ്നം നീട്ടിക്കൊണ്ടുപോകാനാണ് ആഗ്രഹിച്ചതെന്നു തോന്നുന്നു.
അവർ വീണ്ടും ചോദിച്ചു: “ആ പശുവിനെക്കുറിച്ച് ഞങ്ങൾ വീണ്ടും ആശയക്കുഴപ്പത്തിലായിരിക്കുന്നു. അതിന്റെ വിശേഷണങ്ങൾ ഒന്നുകൂടി വ്യക്തമാക്കിപ്പറയൂ."
ഉദാരനും സഹനശീലനുമായ മൂസ്സ നബി (അ) അല്ലാഹുﷻവിനോട് വീണ്ടും ചോദിച്ചശേഷം അവരോടു പറഞ്ഞു: “കൃഷിക്ക് ജലസേചനം ചെയ്തും നിലമുഴുതും ക്ഷീണിച്ചിട്ടില്ലാത്ത, കളങ്കങ്ങളൊന്നുമില്ലാത്ത ഒരു പശുവാണ് അതെന്ന് അല്ലാഹു ﷻ പറയുന്നു.”
മേൽപറഞ്ഞ ഗുണവിശേഷങ്ങളുള്ള പശുവിനെ അന്വേഷിച്ച് ഇസായീല്യർ നാടുമുഴുവൻ അലഞ്ഞുനടന്നു. ഫലം നിരാശയായിരുന്നു. നിറവും പ്രായവും ലക്ഷണവുമെല്ലാം ഒത്തുകിട്ടിയാൽ അതിന് എന്തെങ്കിലുമൊരു കളങ്കമുണ്ടായിരിക്കും.
തങ്ങൾ പരാജയപ്പെട്ടതായി ഇസായീല്യർക്ക് ബോധ്യമായി.
ഇതിൽ അല്ലാഹുﷻ എന്തോ ഗൂഢ തത്ത്വം ഒളിപ്പിച്ചു വെച്ചതായി
അവർക്കു തോന്നി. നിസഹായരായ അവർ വീണ്ടും മൂസ്സാനബി(അ)നെ
സമീപിച്ച് സങ്കടം ബോധിപ്പിച്ചു. നബി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. ഉദ്ബോധനപ്രകാരം അവർക്ക് പരിഹാരമാർഗം നിർദ്ദേശിച്ചു.
മേൽപറഞ്ഞ ലക്ഷണങ്ങളടങ്ങിയ ലോകത്തിലെ ഏക പശുവിനെക്കുറിച്ച് നബി അവരെ അറിയിച്ചു. വലിയൊരു വില കൊടുത്താണ് ഇസ്രായീല്യർ ആ പശുവിനെ വാങ്ങിച്ചത്. ഇനി ഈ പശുവിനെക്കൊണ്ട് എന്താണ് ചെയ്യേണ്ടതെന്ന് അവർ നബിയോടു ചോദിച്ചു.
“പശുവിനെ ബലിയർപ്പിക്കുക. അതിന്റെ ഒരംശംകൊണ്ട് കൊല്ലപ്പെട്ട വ്യക്തിയുടെ മൃതദേഹത്തിൽ അടിക്കുക.” നബി പറഞ്ഞു.
ഇസായീല്യർ പിന്നീട് കൂടുതൽ ചോദ്യങ്ങൾ ചോദിക്കാൻ മുതിർന്നില്ല. ആദ്യാനുഭവത്തിൽനിന്നുതന്നെ അവർ വലിയൊരു പാഠം പഠിച്ചിരുന്നു. തങ്ങൾ ഇതുവരെ പ്രവാചകനെ കളിയാക്കുകയും ധിക്കരിക്കുകയും ചെയ്യുകയായിരുന്നെന്ന് അവർക്ക് ബോധ്യമായി.
വൈകാതെ അവർ പശുവിനെ ബലിയർപ്പിച്ചു. അതിന്റെ ഒരു അവയവം കൊണ്ട് വധിക്കപ്പെട്ടയാളുടെ ജഡത്തിന്മേൽ അടിച്ചു. ഉടനെ ശവം പുനർജനിച്ചു! ശവം എഴുന്നേറ്റ് നബിയെ അഭിവാദ്യം ചെയ്തു. തന്നെ കൊലചെയ്ത ആളിന്റെ പേര് ജഡം പരസ്യമായി പ്രഖ്യാപിച്ചു.
വിസ്മയഭരിതരായ ഇസ്രായീല്യർ സന്തോഷത്തോടെ അല്ലാഹുﷻവിന് സാഷ്ടാംഗ പ്രണാമം ചെയ്തു. മേലിൽ അല്ലാഹുﷻവിന്റെ ആജ്ഞയ്ക്കെതിരെ കുരുട്ടുവാദവും യുക്തിവാദവും കൊണ്ടുവരില്ലെന്ന് അവർ പ്രതിജ്ഞചെയ്തു.
ഗുണപാഠം :
സത്യത്തെ കുരുട്ടുവാദവും യുക്തിയുംകൊണ്ട് നേരിടുന്ന ചിലരുണ്ട്. സത്യം നേരിൽ കണ്ടാലേ അവർ വിശ്വസിക്കൂ. അത്തരക്കാർക്കുള്ള ഒരു താക്കീതാണ് ഈ കഥയുടെ ഗുണപാഠം.
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍.
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ