ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

അയ്യൂബ് നബി (അ) ചരിത്രം


അയ്യൂബ് നബി (അ) ചരിത്രം



˙·٠•●♥ അയ്യൂബ് നബി (അ) ചരിത്രം : മുഖവുര  ♥●•٠

സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...

 ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...

 അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം. നാം പരീക്ഷ എഴുതുന്നത് വിജയിക്കാനാണ്. നാം പരീക്ഷിക്കപ്പെടുന്നതും തഥൈവ...

 ക്ഷമ അതിമഹത്തായ സ്വഭാവഗുണം. ക്ഷമയാണ് മനുഷ്യന്റെ മഹത്വം. അല്ലാഹുﷻ ക്ഷമാ ശീലരോടൊപ്പമാകുന്നു. ക്ഷമയുടെ പര്യായമായിത്തീർന്ന അയ്യൂബ് നബി (അ). ആ ജീവിതത്തിലെ കഠിന പരീക്ഷണങ്ങളുടെ ചരിത്രം. റഹ്മത്ത് (റ) എന്ന ജീവിത പങ്കാളി. എക്കാലത്തേയും സ്ത്രീകളുടെ മാതൃകാ വനിത... 

 അയ്യൂബ് നബി (അ) ഭാര്യ റഹ്മത്ത് (റ) ആ ദമ്പതികളുടെ ചരിത്രം കാലത്തെ കിടിലംകൊള്ളിച്ചു. ദമ്പതികൾ ക്ഷമയുടെ പര്യായമായി മാറി. ക്ഷമയില്ലാത്തവരുടെ ലോകത്താണ് നാം ജീവിക്കുന്നത്... 

 സഹനം - ത്യാഗം - പശ്ചാത്താപം - വിട്ടുവീഴ്ച ഈ വാക്കുകളുടെ പെരുളറിയാത്ത യൗവ്വനം. പ്രതിഷേധം - പ്രതികാരം -ക്ഷോഭം - ഇവയൊക്കെയാണ് അവർക്കിഷ്ടപ്പെട്ട പദങ്ങൾ. ഇന്ന് ജീവിതം ഒരു തിളച്ചുമറിയൽ മാത്രമായിട്ടുണ്ട്...

 ടി.വിയിലും സിനിമയിലുമെല്ലാം യൗവ്വനം തുള്ളിച്ചാടുന്നു. പാട്ടും കൂത്തും പരാക്രമങ്ങളും... ആ യൗവ്വനത്തോട് നമുക്ക് കഥ പറയാം. അയ്യൂബ് നബി (അ)ന്റെയും. റഹ്മത്ത് (റ) യുടെയും കഥ. അവരുടെ ചരിത്രം നമുക്ക് വായിച്ച് പഠിക്കാം... അതിനുള്ള ശ്രമം നാഥൻ വിജയിപ്പിച്ചു തരട്ടെ...



˙·٠•●♥ മൂസ്വ് എന്ന ചെറുപ്പക്കാരൻ  ♥●•٠

ക്ഷമ... 

 മഹത്തായ സ്വഭാവ ഗുണമാണത്. അത് നേടിയവർ ഭാഗ്യവാന്മാർ. അല്ലാഹുﷻ ക്ഷമാശീലരോടൊപ്പമാകുന്നു. എല്ലാവരും ഉരുവിടുന്ന മഹത്തായ വചനം. ക്ഷമയുടെ മഹത്വം പറയാൻ ആർക്കും ആവേശം കാണും. സ്വന്തം ജീവിതത്തിൽ അത് നിലനിർത്താൻ പലർക്കുമാവില്ല. ക്ഷമ കൈമോശം വരാൻ ഏറെ സമയം വേണ്ട...

 ലോകപ്രസിദ്ധമായ ഒരു ഉപമയുണ്ട്. അയ്യൂബ് നബി (അ) മിന്റെ ക്ഷമ പോലെ  

നന്നായി ക്ഷമിക്കുന്നവരെപ്പറ്റി പറയുന്ന ഉപമയാണത്. അയ്യൂബ് നബി (അ) മിന്റെ ക്ഷമ പോലെ എന്ന് കേൾക്കുമ്പോൾ ആരും ഒരു നിമിഷം ചിന്താധീനനായി നിന്നുപോവും. ക്ഷമയുടെ പര്യായമാണ് അയ്യൂബ് നബി (അ). പ്രവാചകന്മാർ ക്ഷമാശീലരാണ്. അത്ഭുതകരമായ ക്ഷമയുടെ ഉടമകളാണവർ. അവർക്കിടയിൽ ക്ഷമാശീലം കൊണ്ട് വെട്ടിത്തിളങ്ങി നിൽക്കുകയാണ് അയ്യൂബ് നബി (അ)...

 ആധുനിക കാലം. അസ്വസ്ഥകളുടെ കാലം. മൂക്കത്ത് രോഷം തങ്ങിനിൽക്കുന്ന മനുഷ്യരുടെ കാലം. ഹിതകരമല്ലാത്തത് കേട്ടാൽ ഉടനെ ക്ഷോഭിക്കുന്ന മനുഷ്യരുടെ ലോകം. ആ ലോകത്ത് ജീവിക്കുന്നവർ അയ്യൂബ് നബി (അ)ന്റെ ജീവിതത്തെക്കുറിച്ചറിയണം. ആ ക്ഷമാശീലത്തെക്കുറിച്ച് നന്നായി മനസ്സിലാക്കണം...

 പരീക്ഷണങ്ങൾ നിറഞ്ഞ ജീവിതം. അനുഗ്രഹങ്ങൾ നിറഞ്ഞ കാലഘട്ടം. ദുരിതങ്ങൾ നിറഞ്ഞ രണ്ടാം ഘട്ടം. അനുഗ്രഹങ്ങളുടെ മടങ്ങിവരവ്. പതറാത്ത പാദങ്ങളിൽ ഊന്നിനിന്ന് എല്ലാ ഘട്ടങ്ങളെയും എതിരേറ്റു. വിജയശ്രീലാളിതനായി. അതാണ് അയ്യൂബ് (അ)ന്റെ ചരിത്രം. ആ ചരിത്രം കേട്ടാൽ വിസ്മയംകൊണ്ട് വാ തുറന്നിരുന്നു പോവും. വിസ്മയഭരിതമായ ആ ചരിത്രം പറഞ്ഞു തുടങ്ങാം നമുക്ക്...

 ഐശ്വര്യം നിറഞ്ഞ ഒരു ഗ്രാമത്തിലേക്ക് നമുക്ക് കടന്നുചെല്ലാം. ഊസ് എന്ന മനോഹര ഗ്രാമം. വിശാലമായ ഗോതമ്പു വയലുകൾ. വിവിധതരം പഴങ്ങൾ നിറഞ്ഞ തോട്ടങ്ങൾ. മലഞ്ചരിവുകൾ നിറയെ നാൽക്കാലികൾ. നല്ല ആരോഗ്യമുള്ള മനുഷ്യർ. ജോലി ചെയ്യാൻ ധാരാളം അടിമകൾ. ആണുങ്ങളും പെണ്ണുങ്ങളും കുട്ടികളും... 

 മനുഷ്യരും മൃഗങ്ങളും പക്ഷികളും അതിരാവിലെ ഉണരും. പ്രഭാതത്തിലെ തണുപ്പ് നീങ്ങുംമുമ്പെ ആടുകളെ കറന്നെടുക്കും. പരിശുദ്ധമായ പാൽ. അതാണ് പ്രഭാതത്തിലെ മുഖ്യ ആഹാരം. പോഷകങ്ങൾ നിറഞ്ഞ പാൽ ഏവർക്കും ഇഷ്ടമാണ്. ആടിനെ എവിടെ വെച്ചും കറക്കാം. എപ്പോൾ വേണമെങ്കിലും കറക്കാം. കുടിക്കാം. വിശപ്പ് തീരും. ദാഹവും തീരും. യാത്ര പോവുമ്പോൾ ആടുകളെ കൂടെ കൊണ്ടുപോവുന്നത് ഈ വിധത്തിൽ പാൽ കറന്ന് കുടിക്കാനാണ്. എന്തൊരു സൗകര്യം...

 തടിച്ചു കൊഴുത്ത പശുക്കൾ ധാരാളം. കാണാനെന്തൊരു ചന്തം. ധാരാളം പാൽ തരും. വലിയ പാത്രങ്ങളിൽ  പാൽ കറന്നെടുക്കും. പാലിൽ നിന്ന് മോരും, വെണ്ണയും, നെയ്യും ഉൽപാദിപ്പിക്കും. ആഹാരത്തോടൊപ്പം കഴിക്കും... 

 പ്രതാപത്തിന്റെ വിളംബരം പോലെ ഒട്ടകക്കൂട്ടങ്ങൾ. ഒട്ടകക്കൂട്ടം വിലമതിക്കാനാവാത്ത സമ്പത്താണ്. മരുക്കപ്പൽ മരുഭൂമിയിൽ യാത്ര ചെയ്യാൻ ഒട്ടകം വേണം. ചരക്കുകൾ കയറ്റിക്കൊണ്ട് പോവാനും ഒട്ടകം വേണം. ചരക്കു കയറ്റാനും യാത്ര ചെയ്യാനും കഴുതകളെയും ഉപയോഗിക്കും. ധാരാളം കഴുതകൾ വരിയായി നടന്നു പോവുന്നത് കാണാം. മനോഹരമായ കുതിരകൾ. വേഗത കൂടിയ യാത്രകൾക്ക് കുതിരകൾ തന്നെ വേണം...  

 വിശാലമായ കൃഷിപ്പാടങ്ങൾ. അവിടെ ജോലി ചെയ്യുന്ന നിരവധി തൊഴിലാളികൾ. എല്ലാം സാധാരണ കാഴ്ചകൾ. ഗ്രാമത്തിലെ പൗരപ്രമുഖന്റെ വീട്ടിലേക്കു നമുക്കു കടന്നുചെല്ലാം. പൗരപ്രമുഖന്റെ പേര് റഅ് വീൽ. റഅവീലിന്റെ പിതാവ് ഈസ്വ്. ആരാണ് ഈസ്വ് എന്നറിയാമൊ? ഇസ്ഹാഖ് നബി(അ)ന്റെ പുത്രൻ... 

 നമുക്ക് പൗരപ്രമുഖൻ റഅ് വീലിന്റെ വീട്ടിലെ വിശേഷങ്ങൾ നോക്കാം. വീട്ടുകാരെല്ലാം ദീനി ചിട്ടയുള്ളവരാണ്. എല്ലാവരും ഇബ്രാഹിം (അ)പഠിപ്പിച്ച കാര്യങ്ങൾ പാലിച്ചു കൊണ്ട് ജീവിക്കുന്നു.  റഅ് വീലിന്റെ മകനാണ് മൂസ്വ്...

 മൂസ്വ് സുമുഖനായ ചെറുപ്പക്കാരനാണ്.  നല്ല ആരോഗ്യവാൻ. ഉത്തമ സ്വഭാവ ഗുണങ്ങളുമുണ്ട്. ഗോത്രക്കാരുടെ സ്നേഹ ഭജനം. ഇസ്ഹാഖ് (അ)ന്റെ സന്താന പരമ്പരയിൽ പിറന്ന മൂസ്വിന്റെ ബുദ്ധിശക്തിയും പ്രശംസനീയം തന്നെ...

 ലൂത്വ് നബി(അ) ന്റെ മകൾ വിവാഹപ്രായമായി നിൽക്കുകയാണ്. സുന്ദരി. ആരോഗ്യവതി. ബുദ്ധിമതി. സൽഗുണ സമ്പന്ന. പ്രവാചക പുത്രിയെ കുടുംബക്കാർക്കെല്ലാം ഏറെ ഇഷ്ടമാണ്. മൂസ്വ് എന്ന ചെറുപ്പക്കാരൻ പ്രവാചക പുത്രിയെ വിവാഹം ചെയ്തു കൊള്ളട്ടെ! കുടുംബത്തിലെ കാരണവന്മാർ അഭിപ്രായപ്പെട്ടു. ഇരു കുടുംബങ്ങൾക്കും സന്തോഷം. ആലോചനകൾ പുരോഗമിച്ചു. വിവാഹമുറപ്പിച്ചു. തിയ്യതി നിശ്ചയിച്ചു... 

 വേണ്ടപ്പെട്ടവരെയൊക്കെ വിവിഹത്തിന് ക്ഷണിച്ചു. വലിയ പന്തൽ കെട്ടി. വിഭവങ്ങൾ പാകപ്പെടുത്തി. അതിഥികൾ ധാരാളമെത്തി. കേമമായിത്തന്നെ സദ്യ നൽകി. വിവാഹച്ചടങ്ങുകൾ നടത്തി. പ്രവാചക പുത്രി മുസ്വിന്റെ ജീവിത പങ്കാളിയായി. സന്തോഷകരമായ ദാമ്പത്യ ജീവിതം. ഭർത്താവിന്റെ വലിയ വീട്. അവിടെ എന്തെല്ലാം സൗകര്യങ്ങൾ. എത്രയോ പരിചാരികമാർ. തന്റെ ചെറിയ ആവശ്യങ്ങൾ പോലും നിർവഹിച്ചു തരാൻ പരിചാരികമാരുണ്ട്...

 മൂസ്വ് അധ്വാനശീലനാണ്. മികച്ച കർഷകനാണ്. കർഷക വൃത്തിയുടെ എല്ലാ വശങ്ങളെക്കുറിച്ചും നന്നായറിയാം. എല്ലാവരെയും സനേഹിക്കാനും, നിയന്ത്രിക്കാനും കഴിവുള്ള ചെറുപ്പക്കാരൻ. വിശാല മനസ്കൻ. പ്രവാചക പുത്രിക്ക് സംതൃപ്ത ദാമ്പത്യ ജീവിതം... 



˙·٠•●♥ ചിന്താശീലനായ കുട്ടി (1)  ♥●•٠

മൂസ്വ് തിരക്കുപിടിച്ച ജീവിതം നയിക്കുന്ന ചെറുപ്പക്കാരനാണ്. ധാരാളം യാത്രകൾ നടത്തും. മനസ്സിലെപ്പോഴും ഭാര്യയുടെ മുഖം. നിഷ്കളങ്ക വദനം. ലൂത്വ് നബി (അ)ന്റെ മകളാണ്. അന്ത്യനാൾ വരെ ഓർമിക്കപ്പെടുന്ന പേരാണത്. സ്വജനങ്ങളിൽ നിന്ന് നേരിടേണ്ടിവന്ന ദ്രോഹങ്ങൾക്ക് കണക്കില്ല...


 സ്വവർഗഭോഗികളുടെ ജനത. പുരുഷൻ പുരുഷനോടൊപ്പം ജീവിക്കുക. രമിക്കുക. മുമ്പെങ്ങും കേട്ടുകേൾവിയില്ലാത്ത ദുഷിച്ച സമ്പ്രദായം. നീചമായ തൊഴിൽ. എത്രയോ തവണ നബി അവർക്ക് താക്കീത് നൽകി. ജനം ചെവിക്കൊണ്ടില്ല... 


 നിങ്ങൾ ഈ നീചകൃത്യം നിർത്തണം. അല്ലെങ്കിൽ അല്ലാഹുﷻവിന്റെ കോപം നിങ്ങളിലുണ്ടാവും. നിങ്ങൾ വേദനാജനകമായ ശിക്ഷ അനുഭവിക്കേണ്ടിവരും. അല്ലാഹുﷻവിന്റെ ശിക്ഷ തടുക്കാൻ നിങ്ങൾക്കാവില്ല. ലൂത്വ് നബി (അ) താക്കീത് നൽകി...


 ജനങ്ങൾ അത് പരിഹസിച്ചു തള്ളി. വരട്ടെ നിന്റെ അല്ലാഹുﷻവിന്റെ ശിക്ഷ. ഞങ്ങളിൽ ഇറങ്ങട്ടെ. ഞങ്ങൾ അതൊന്നു കാണട്ടെ. അതായിരുന്നു അവരുടെ പ്രതികരണം. പിന്നെയും പിന്നെയും താക്കീത് നൽകിക്കൊണ്ടിരുന്നു. ഒന്നും ഫലിച്ചില്ല. ഒടുവിൽ മലക്കുകളെത്തി. ശിക്ഷയുടെ മുന്നറിയിപ്പുമായി... 


 മലക്കുകൾ സുന്ദര യുവാക്കളായിട്ടാണ് വന്നത്. സ്വവർഗ ഭോഗികൾ വിവരമറിഞ്ഞു. നബിയുടെ ഭാര്യ തന്നെയാണ് വിവരം നൽകിയത്. അവൾ ദുർമാർഗികളുടെ കൂടെയായിരുന്നു. ആളുകൾ കൂട്ടത്തോടെ ഓടിയെത്തി. അവർക്ക് കോമളന്മാരായ ചെറുപ്പക്കാരെ വേണം. അവരെ ഇങ്ങോട്ടിറക്കിവിടൂ. അഹങ്കാരികൾ ശബ്ദമുയർത്തി. പ്രവാചകൻ വല്ലാതെ വിഷമിച്ചുപോയി... 


 "ഇവർ എന്റെ അഥിതികളാണ്. ഇവരെ ഉപദ്രവിക്കരുത്. എന്നെ മാനക്കേടാക്കരുത്."  


അപ്പോൾ അതിഥികൾ ഇങ്ങനെ പറഞ്ഞു:  "ഞങ്ങൾ മലക്കുകളാണ്. അവർക്ക് ഞങ്ങളെ ഒന്നും ചെയ്യാനാവില്ല. ഞങ്ങൾ ശിക്ഷയുമായി വന്നവരാണ്. ഈ രാത്രിയിൽ തന്നെ താങ്കൾ കുടുംബത്തോടൊപ്പം നാട് വിട്ടുകൊള്ളണം. പ്രഭാതത്തിനു മുമ്പെ നാടിന്റെ അതിർത്തി കടന്നു കൊള്ളണം. തിരിഞ്ഞു നോക്കാതെ സഞ്ചരിക്കണം. ഈ ജനത നശിപ്പിക്കപ്പെടും. താങ്കളുടെ ഭാര്യയും അതിൽ പെട്ടുപോകും. പ്രഭാതമാവാൻ ഇനി ഏറെ നേരമില്ല. ഉടനെ പുറപ്പെട്ടുകൊള്ളുക!" 


 ലൂത്വ് (അ)രാത്രിയിൽ പുറപ്പെട്ടു. കൂടെപ്പോവാൻ പുത്രിമാർ മാത്രം. പ്രവാചകനും പുത്രിമാരും വേഗത്തിൽ സഞ്ചരിച്ചു. നാടിന്റെ അതിർത്തിയും കടന്നു മുമ്പോട്ട് പോയി. അഹങ്കാരികളുടെ നാട് കീഴ്മേൽ മറിക്കപ്പെട്ടു. ഐശ്വര്യം നിറഞ്ഞ പട്ടണം ചാവുകടലായി മാറി...


 ചാവുകടൽ...

എക്കാലത്തെയും സ്വവർഗ ഭോഭികൾക്കുള്ള മുന്നറിയിപ്പാണിത്. ആ സംഭവങ്ങൾ മറക്കാനാവില്ല. പ്രവാചക പുത്രിയുടെ മനസ്സിൽ ആ ഓർമകളുണ്ട്. സർവശക്തനായ അല്ലാഹുﷻ. അല്ലാഹുﷻവിന്റെ പ്രവാചകനാണ് അവരുടെ പിതാവ്.  എപ്പോഴും മനസ്സിൽ ആ ഓർമയുണ്ട്... 


 സാധാരണ സ്ത്രീകളെപ്പോലെയല്ല പ്രവാചക പുത്രി. സത്യസന്ധയാവണം. സൽഗുണ സമ്പന്നയാവണം. ത്യാഗത്തിന്റെയും ക്ഷമയുടെയും പര്യായമാവണം. ചുറ്റും നിൽക്കുന്നവർക്ക് പ്രകാശമാവണം. വെടിപ്പും വൃത്തിയും സത്യവിശ്വാസത്തിന്റെ ഭാഗമാണ്. വീടും പരിസരവും ശുചിയായി സൂക്ഷിച്ചു. എല്ലാവരോടും നന്നായി പെരുമാറി. വേലക്കാർക്കും അടിമകൾക്കും വല്ലാത്ത സന്തോഷം... 


 പ്രവാചക പുത്രിയുടെ സംസാരത്തിന് വല്ലാത്ത ആകർഷണം.  ഭർത്താവിന് തന്റെ ജീവി പങ്കാളിയിൽ പൂർണ സംതൃപ്തിയാണ്. എല്ലാ സ്ത്രീകളെയും പോലെ പ്രവാചക പുത്രിയും ഉമ്മയാവാൻ കൊതിച്ചു.  സ്വാലിഹായ സന്താനങ്ങളെ നൽകാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. 



˙·٠•●♥  ചിന്താശീലനായ കുട്ടി (2)♥●•٠

എല്ലാ സ്ത്രീകളെയും പോലെ പ്രവാചക പുത്രിയും ഉമ്മയാവാൻ കൊതിച്ചു.  സ്വാലിഹായ സന്താനങ്ങളെ നൽകാൻ വേണ്ടി അല്ലാഹുﷻവിനോട് പ്രാർത്ഥിച്ചു. ഒരു പ്രവാചകനെ ഗർഭം ധരിച്ച ചരിത്രമാണ് ഇനി പറയാനുള്ളത്... 


 അനുഭൂതികളുടെ നാളുകളായിരുന്നു അത്. അല്ലാഹുﷻവിന്റെ പ്രത്യേക അനുഗ്രഹങ്ങൾ തന്നിൽ വർഷിക്കുന്നതായി ഗർഭിണിക്ക് തോന്നി. ഭർത്താവിന് മനം നിറയെ സന്തോഷം. ആ വലിയ കുടുംബത്തിൽ എല്ലാവർക്കും ആഹ്ലാദം തന്നെ. എല്ലായിടത്തും നവോന്മേഷം കളിയാടി...


 മാസങ്ങൾ കടന്നു പോയി. പ്രസവം അടുത്തെത്തി. പ്രാർത്ഥനാ നിർഭരമായ നാളുകൾ. ഒടുവിൽ ആ സന്തോഷവാർത്ത പുറത്തേക്കൊഴുകിയെത്തി. പ്രസവം നടന്നു. ആൺകുഞ്ഞ്. എല്ലാ മുഖങ്ങളും തെളിഞ്ഞു. എല്ലാ കണ്ണുകളും തിളങ്ങി. നവജാത ശിശുവിനെ ഒരു നോക്കു കാണാൻ തിടുക്കമായി...


 പൊന്നോമന കുഞ്ഞ്. അതിനെ താലോലിക്കാൻ എത്രയെത്രകുലീന വനിതകൾ. കുഞ്ഞിന്റെ പേരെന്താണ്?അതറിയാൻ എല്ലാവർക്കും തിടുക്കമായി. പേര് വിളിക്കപ്പെട്ടു. അയ്യൂബ് ആളുകളുടെ ചുണ്ടുകളിൽ ആ പേര് തത്തിക്കളിച്ചു ... അയ്യൂബ്... അയ്യൂബ്...


 ഈ കുഞ്ഞാണ് പിൽക്കാലത്ത് പ്രസിദ്ധനായ പ്രവാചകനായിത്തീർന്നത്. സയ്യിദുനാ അയ്യൂബ് (അ). ചില ചരിത്രകാരന്മാർ അയ്യൂബ് നബി (അ)ന്റെ പിതൃപരമ്പര രേഖപ്പെടുത്തിയത് ഇങ്ങനെയാകുന്നു. അയ്യൂബ് (അ) -മൂസ്വ് റഹ്വീൽ -അൽഐസ്വ് -ഇസ്ഹാഖ് നബി (അ)...


 പ്രസിദ്ധനായ ഇബ്നു ഇസ്ഹാഖിന്റെ രേഖയനുസരിച്ച് പിതൃപരമ്പര ഇങ്ങനെയാകുന്നു :  അയ്യൂബ് (അ)-മൂസ്വ് -റാസഹ്-അൽഐസ്വ് -ഇസ്ഹാഖ് (അ)  


 അയ്യൂബ് (അ)ന്റെ ഉമ്മ ലൂത്വ് (അ)ന്റെ പുത്രിയായിരുന്നുവെന്ന് ഇബ്നു അസാക്കിറിന്റെ പ്രസിദ്ധമായ റിപ്പോർട്ടിൽ കാണാം. ഇബ്രാഹിം (അ)ന്റെ പുത്രനാണ് ഇസ്ഹാഖ് (അ). ആ പരമ്പരയിലാണ് അയ്യൂബ് (അ) പിറന്നത്...  


 വിശുദ്ധ ഖുർആനിൽ ഇങ്ങനെ കാണാം: "ദാവൂദ്, സുലൈമാൻ, അയ്യൂബ്, യൂസുഫ്, മൂസാ, ഹാറൂൻ ഇവരെല്ലാം ഇബ്രാഹിമിന്റെ സന്താന പരമ്പരയിൽ പെട്ടവരാകുന്നു." 


 ഊർജ്ജ്വസ്വലനും ചിന്താശീലനുമായ കുട്ടിയായിരുന്നു അയ്യൂബ്. തന്റെ ചുറ്റും കാണുന്ന എല്ലാ വസ്തുക്കളെക്കുറിച്ചും കുട്ടി ചിന്തിച്ചു..


 മുകളിൽ നീലാകാശം. അതിശയകരമായ സൃഷ്ടിപ്പ് തന്നെ. കിഴക്കൻ മലകൾക്കപ്പുറത്ത് നിന്നും പ്രഭാത സൂര്യൻ ഉയർന്നു വരുന്നു. സൂര്യരശ്മികളേൽക്കുമ്പോഴാണ് രാത്രിയുടെ തണുപ്പു നീങ്ങുന്നത്... 


 പ്രഭാതത്തിൽ സൂര്യന്റെ നിറം ചുവപ്പ്. രശ്മികൾക്ക് ചൂട് തീരെ കുറവ്. സൂര്യൻ ഉയർന്നുയർന്നു വരുന്നു. വെളുപ്പ് നിറമായി മാറുന്നു. ചൂട് വല്ലാതെ കൂടിവരുന്നു. പിന്നെപ്പിന്നെ സൂര്യനെ നോക്കാൻ തന്നെ കഴിയില്ല. വെയിലത്തിറങ്ങിയാൽ വിയർത്തൊലിക്കും... 


 സായാഹ്നം സന്തോഷകരമായ അനുഭവമാണ്. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്കിറങ്ങിച്ചെല്ലും. ചൂട് കുറഞ്ഞു വരും. നിറം ചുവപ്പായി മാറും. പടിഞ്ഞാറൻ ചക്രവാളമാകെ ചെമന്നു തുടിക്കും. മെല്ലെ മെല്ലെ സൂര്യൻ മാഞ്ഞുപോകും. നേർത്ത ഇരുൾ വീഴുന്നു. പടിഞ്ഞാറൻ ചക്രവാളത്തിൽ കുറെ നേരംകൂടി പ്രകാശം തങ്ങിനിൽക്കുന്നു.  ആ പ്രകാശം മായുന്നതോടെ ഇരുട്ടിന്റെ ആധിപത്യമായി. ഇത് വല്ലാത്തൊരു പ്രതിഭാസം തന്നെ. ഇതിന്നു പിന്നിൽ പ്രവർത്തിക്കുന്ന ശക്തി ഏത്..? 


 എല്ലാ രാത്രിയും ഒരു പോലെയല്ല. ചില രാത്രികളിൽ കനത്തു കെട്ടിയ ഇരുട്ടാണ്. കണ്ണിൽ കുത്തിയാൽ കാണാത്ത ഇരുട്ട്. ആകാശം നിറയെ കാർമേഘങ്ങൾ. ഒരു  നക്ഷത്രത്തെപ്പോലും കാണാൻ കഴിയില്ല.  ചില രാത്രികളിൽ ആകാശം കാണേണ്ട കാഴ്ച തന്നെയാണ്. എണ്ണിയാലൊടുങ്ങാത്ത നക്ഷത്രങ്ങൾ. വെട്ടിത്തിളങ്ങുന്ന താരഗണങ്ങൾ. എന്തൊരു ഭംഗിയാണതിന്. ഇവയെല്ലാം പടച്ചതാര് ? ഇവയെ നിയന്ത്രിക്കുന്നതാര്..? 


 പൂനിലാവൊഴുകുന്ന രാവുകൾ. പാലൊളിച്ചന്ദ്രിക മാസത്തിന്റെ തുടക്കത്തിൽ വര പോലെ കാണുന്ന അമ്പിളിക്കല. പിന്നെയത് വളരുന്നു പതിനാലാം രാവിൽ പൂർണ ചന്ദ്രൻ. പിന്നെ വലുപ്പം കുറഞ്ഞു വരും. നേർത്ത അമ്പിളിക്കലയായി മാറുന്നു. എന്തൊരത്ഭുതം. കുട്ടിയുടെ ചിന്തകൾ ചോദ്യങ്ങളായി ഒഴുകി വന്നു... 


 ഉമ്മ പ്രവാചക പുത്രിയാണ്. പണ്ഡിത വനിത. മോന്റെ ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകാൻ മാതാപിതാക്കളുണ്ട്. ബന്ധുക്കൾ പലരുമുണ്ട്. അവരുടെ സംസാരം കുട്ടിയെ കൂടുതൽ ചിന്തിക്കാൻ പ്രേരിപ്പിച്ചു.  ഏകനായ അല്ലാഹുﷻ. അവൻ തന്നെ സൃഷ്ടാവും സംരക്ഷകനും. സർവലോക സംരക്ഷകൻ. റബ്ബുൽ ആലമീൻ. അല്ലാഹുﷻ ആകാശം സൃഷ്ടിച്ചു. അല്ലാഹുﷻ ഭൂമി സൃഷ്ടിച്ചു. സകല ചരാചരങ്ങളെയും സൃഷ്ടിച്ചു. അല്ലാഹുﷻവിന്റെ സൃഷ്ടിവൈഭവം അപാരം തന്നെ...


 തനിക്കു ചുറ്റും കാണുന്ന മൃഗങ്ങൾ അവയുടെ ശരീര പ്രകൃതി. ആഹാരക്രമം. അവയെക്കൊണ്ട് മനുഷ്യന് ലഭിക്കുന്ന പ്രയോജനങ്ങൾ. എല്ലാം കുട്ടിയെ ചിന്തിപ്പിച്ചു. വിശാലമായ മരുഭൂമി. അതിലൂടെ നടന്നു പോവുന്ന ഒട്ടകക്കൂട്ടങ്ങൾ. മരുക്കപ്പലുകൾ. ഒട്ടകങ്ങൾ ആരെയാണ് വിസ്മയം കൊള്ളിക്കാത്തത്. ഓരോ കാഴ്ചയും അല്ലാഹുﷻവിനെ ഓർമപ്പെടുത്തുന്നു.



˙·٠•●♥  അതിശയകരമായ ഔദാര്യം (1)♥●•٠

നാട്ടിന്റെ അഭിമാനമായ ചെറുപ്പക്കാരൻ, സ്നേഹ സമ്പന്നൻ, പരോപകാര തൽപരൻ, ഉദാരമതി. ചെറുപ്പക്കാരനെ എങ്ങനെ വിശേഷിപ്പിക്കണം..? നാട്ടുകാർക്കതറിയില്ല...


 ആകർഷരകമായ സംസാരം. നല്ല വാചാലത. എത്ര കേട്ടാലും മതിവരില്ല.  

പാവപ്പെട്ടവർ വരും സങ്കടം പറയും. താൽപര്യത്തോടെ കേട്ടിരിക്കും. നല്ല സഹായം നൽകും. ദുഃഖത്തിന്റെ ഭാണ്ഡവുമായി വന്നവർ ആശ്വാസത്തോടെ മടങ്ങിപ്പോവും...


 കൊടുക്കുംതോറും കൂടിക്കൂടിവരികയാണ് സമ്പത്ത്. പിന്നെ കൊടുക്കാനെന്തിന് മടിക്കുന്നു..? ഒരു മടിയുമില്ല. കൈ നിറയെ കൊടുക്കും. ചോദിച്ചുവരുന്ന ഒരാളെയും സന്തോഷിപ്പിക്കാതെ വിടില്ല...


 ആടിനെ വേണ്ടവർക്ക് ആടിനെ നൽകും. പശുവിനെ വേണ്ടവർക്ക് പശുവിനെ കിട്ടും. കഴുതയെ വേണോ..? ചോദിച്ചാൽ മതി. കിട്ടും. ഒട്ടകത്തെയും ചോദിക്കാം. കിട്ടും ഉറപ്പാണ്. പലർക്കും വേണ്ടത് ധാന്യമാണ്. രാവിലെയും വൈകുന്നേരവുമൊക്കെ ധാരളമാളുകൾ വരും. വന്നവർ വിശപ്പിന്റെ കഥകൾ പറയും...


 ചെറുപ്പക്കാരന്റെ മനസ്സിലിയും. കൊണ്ടുവന്ന പാത്രങ്ങളും സഞ്ചികളും നിറയെ ധാന്യം കൊടുക്കും. വന്നവർ അമ്പരന്നുപോവും. ചാക്ക് നിറയെ ധാന്യം. ചുമന്നുകൊണ്ട് പോവാൻ പ്രയാസം. ഇങ്ങനെയുണ്ടോ ഒരു ഔദാര്യശീലം...


 അയ്യൂബ് എന്ന ചെറുപ്പക്കാരന്റെ അവസ്ഥയാണിത്. നാട്ടിലാകെ പാട്ടാണിത്. അയൽനാടുകളിലും അയ്യൂബ് ഔദാര്യം കൊണ്ട് പ്രസിദ്ധനായി. ഉമ്മമാർ കുട്ടികൾക്ക് അയ്യൂബിന്റെ കഥ പറഞ്ഞു കൊടുക്കും. പൊന്നുമക്കളേ അയ്യൂബിന് എത്ര ആടുകളുണ്ടെന്നറിയാമോ..? ഏഴായിരം  


 കുട്ടികൾ വാ പൊളിച്ചിരുന്നുപോവും. ഏഴായിരം ആടുകളോ..? അതിനെ മേയ്ക്കാൻ എത്ര ഇടയന്മാർ വേണം.  ഇടയന്മാരുടെ എണ്ണം നൂറ് കണക്കിന് വരും. നാട്ടിന്റെ പല ഭാഗങ്ങളിലായിട്ടാണ് ആട്ടിൻകൂട്ടങ്ങളെ വളർത്തുന്നത്. നൂറ് കണക്കിന് കുഞ്ഞുങ്ങളാണ് ഓരോ ദിവസവും പ്രസവിക്കപ്പെടുന്നത്...


 എത്ര പാത്രം പാലാണ് കറന്നെടുക്കുന്നത്. എന്നാലും കുഞ്ഞുങ്ങൾക്കു കുടിക്കാൻ വേണ്ടത്ര ബാക്കി കാണും. ഓരോ ദിവസവും എത്രയോ ആടുകളെ അറുത്ത് ആഹാരമാക്കുന്നുണ്ട്. ആടുകളെ കണക്കില്ലാതെ ദാനം ചെയ്യുന്നുമുണ്ട്. ആടുകളുടെ വിശേഷം തന്നെ ഒരുപാട് പറയാനുണ്ട്...


 ഒട്ടകങ്ങൾ എത്രയുണ്ടെന്നറിയുമോ..? മുവ്വായിരം ... കേൾക്കുന്നവർ  അതിശയംകൊണ്ട് മൂക്കത്ത് വിരൽ വെച്ചു പോവും. നൂറുകണക്കായ ജോലിക്കാരാണ് ഒട്ടകങ്ങളെ സംരക്ഷിക്കുന്നത്. പല പ്രായത്തിലുള്ള ഒട്ടകങ്ങൾ. കണേണ്ട കാഴ്ച തന്നെയാണത്. വീട്ടിൽ ഇടക്കിടെ ഒട്ടകത്തിന്റെ മാംസം പാകം ചെയ്യും. ഒട്ടകപ്പാൽ എല്ലാ ദിവസവുമുണ്ടാവും... 


 കാളകളും പശുക്കളും എണ്ണം ആയിരം. ചുമടെടുക്കാൻ കഴുതകൾ. കഴുതകളുടെ വലിയ കൂട്ടങ്ങൾ. കൃഷിയിടങ്ങൾ വളരെ വിശാലമാണ്. അളന്ന് തിട്ടപ്പെടുത്തിയിട്ടൊന്നുമില്ല. കൃഷിയുമായി ബന്ധപ്പെട്ട ജോലിക്കാർ നിരവധിയാണ്. അയ്യൂബിന്റെ സാമ്രാജ്യം... 


 അയ്യൂബ് നിറ യൗവ്വനത്തിലാണ്. ഇനിയൊരു വിവാഹം കഴിക്കണം. കുലീനകുടുംബത്തിൽ നിന്ന്. നബികുടുംബമാണ് ഏറ്റവും ശ്രേഷ്ഠം. തന്റെ ഭാര്യ നബികുടുംബത്തിലെ അംഗമായിരിക്കണം. അതാണ് ചേർച്ച. അങ്ങനെ ഒരാളെ കിട്ടണം...



˙·٠•●♥  അതിശയകരമായ ഔദാര്യം (2)♥●•٠

അയ്യൂബ് നിറ യൗവ്വനത്തിലാണ്. ഇനിയൊരു വിവാഹം കഴിക്കണം. കുലീനകുടുംബത്തിൽ നിന്ന്. നബികുടുംബമാണ് ഏറ്റവും ശ്രേഷ്ഠം. തന്റെ ഭാര്യ നബികുടുംബത്തിലെ അംഗമായിരിക്കണം. അതാണ് ചേർച്ച. അങ്ങനെ ഒരാളെ കിട്ടണം...


 യൂസുഫ് (അ) മിസ്വിറിലെ രോമാഞ്ചമായിരുന്നു. യൂസുഫ് (അ)ന്റെ പുത്രനാണ് അഫ്റാഈം. അഫ്റാഈമിന്റെ ഓമന പുത്രിയാണ് റഹ്മത്ത്. അയ്യൂബിന് പറ്റിയ ഇണയാണ് റഹ്മത്ത്. അക്കാര്യത്തിൽ കുടുംബാംഗങ്ങൾ യോജിച്ചു. ഇനിയെന്തിന് വൈകണം? രണ്ട് കുടുബത്തിന്റെയും നായകന്മാർ ഒന്നിച്ചിരുന്നു ചർച്ച ചെയ്തു. വിവാഹം ഉറപ്പിച്ചു. തുടർന്നു തിയ്യതിയും നിശ്ചയിച്ചു... 


 വിശാലമായ കുടുംബത്തിൽ ആഹ്ലാദം അലയടിച്ചു. വേണ്ടപ്പെട്ടവരെയെല്ലാം ക്ഷണിച്ചു. വിവാഹം കേമമായി നടന്നു. അയ്യൂബിന്റെ ജീവിതത്തിലേക്ക് റഹ്മത്ത് കടന്നു വന്നു. മാതൃകാ ദാമ്പത്യ ജീവിതം.  അതാണ് ലോകം അവരിൽ കണ്ടത്. ആ ദാമ്പത്യ ജീവിതത്തിന്റെ ഓർമകൾ കാലം കരുതലോടെ കാത്തുസൂക്ഷിച്ചു... 


 അയ്യൂബ് (അ)ന്റെ ഭാര്യയെക്കുറിച്ചു രണ്ട് അഭിപ്രായങ്ങൾ കാണുന്നുണ്ട്. യൂസുഫ്  (അ)ന്റെ മകൻ അഫ്റാഈമിന്റെ മകൾ റഹ്മത്ത് എന്നാണ് ഒരഭിപ്രായം. യൂസുഫ്  (അ)മറ്റൊരു മകനാണ് മൻശ. മൻശഇന്റെ മകളാണ് ലയാ. അയ്യൂബ്(അ) വിവാഹം ചെയ്തത് ലയാ എന്ന പെൺകുട്ടിയാണെന്നാണ് മറ്റൊരഭിപ്രായം...  


 അയ്യൂബ് (അ) വിവാഹം ചെയ്തത് യൂസുഫ്  (അ)ന്റെ പൗത്രിയെയാണെന്ന കാര്യത്തിൽ യോജിപ്പുണ്ട്.  

യൂസുഫ് (അ) ഉന്നത പദവിയിലായിരുന്നു. അയ്യൂബ് (അ)ആകട്ടെ മഹാധനികനും. യൂസുഫ് (അ)ന്റെ കർമരംഗം ഈജിപ്ത് ആയിരുന്നു. അയ്യൂബ് (അ)ജനിച്ചു വളർന്നതും കർമരംഗമായിരുന്നതും റൂം ആയിരുന്നു...


അയ്യൂബ് (അ) റൂമുകാരനായിരുന്നുവെന്ന് ഇബ്നു ഇസ്ഹാഖ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു പ്രവാചകൻ രംഗത്ത് വരികയാണ്. ഏകനായ അല്ലാഹുﷻവിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ അയ്യൂബ് നിയോഗിക്കപ്പെട്ടു...


 സയ്യിദുനാ അയ്യൂബ് (അ)ജനങ്ങളോട് സംസാരിക്കാൻ തുടങ്ങി. ബഹുദൈവാരാധന പാടില്ല. അല്ലാഹുﷻ ഏകനാകുന്നു. അവനെ മാത്രം വണങ്ങുക. ആരാധനകൾ അവന് മാത്രം. താൻ അല്ലാഹുﷻവിന്റെ ദൂതനാകുന്നു. താൻ പറയുന്നത് നിങ്ങൾ വിശ്വസിക്കുക. ഉൾക്കൊള്ളുക...  


 അയ്യൂബ് (അ)അതുവരെ പറഞ്ഞതെല്ലാം ജനങ്ങൾ വിശ്വസിച്ചിട്ടുണ്ട്.  

ഇത് വിശ്വസിക്കാൻ പ്രയാസം.  ഏറ്റവുമടുത്ത കൂട്ടുകാർ പോലും സംശയാലുക്കളായി. ബന്ധുക്കൾക്കും സംശയം. അയ്യൂബ് (അ)ന് ധാരാളം ബന്ധുക്കളുണ്ട്. ബന്ധു ബലം കൊണ്ട് ശക്തനാണ്... 


 തൗഹീദ് ഏകദൈവ വിശ്വാസം. അയ്യൂബ് അല്ലാഹുﷻവിനാൽ നിയോഗിക്കപ്പെട്ട നബിയാണെന്ന വിശ്വാസം.  അതുൾക്കൊള്ളാനാവുന്നില്ല.

ഓരോ ദിവസവും ആ വീട്ടിൽ വരുന്ന വിരുന്നുകാർക്കുണ്ടാവില്ല ഒരു കണക്കും.  എത്രയാ വെച്ചു വിളമ്പുന്നത്... 


 വരുന്നവരോടൊക്കെ തൗഹീദിനെക്കുറിച്ചു സംസാരിച്ചു. തന്നെ അല്ലാഹുﷻ നബിയായി നിയോഗിച്ചിരിക്കുന്നു എന്ന സത്യം തുറന്നു പറഞ്ഞു...


 വരുന്നവർക്കെല്ലാം വിഭവങ്ങളാണ് വേണ്ടത്. അത് ആവശ്യം പോലെ കൊടുക്കുന്നുമുണ്ട്. വിശ്വാസം കൈക്കൊണ്ടവർ വളരെ ചുരുക്കം...  


 ഐശ്വര്യം ഒരു പരീക്ഷണമാണ്. അല്ലാഹുﷻ നൽകിയവയിൽ നിന്ന് ചെലവഴിക്കുക. അത് അല്ലാഹുﷻവിന്റെ കൽപനയാണ്. അയ്യൂബ് (അ) ആ കൽപന പാലിച്ചു. ആവശ്യക്കാർക്കെല്ലാം കൊടുത്തു. വേണ്ടുവോളം. ചോദിച്ചുവരുന്ന ആർക്കും നിരാശനായി മടങ്ങേണ്ടിവന്നില്ല. എല്ലാവരും സന്തോഷത്തോടെ മടങ്ങിപ്പോയി...


 ഇവിടെ ഒരു കാര്യം ഉറപ്പിച്ചു പറയാം, അയ്യൂബ് (അ) പരീക്ഷണത്തിൽ വിജയിച്ചു. ഐശ്വര്യം കൊണ്ടുള്ള പരീക്ഷണത്തിൽ വിജയിച്ചു. ഇനി മറ്റൊരു വിധത്തിൽ പരീക്ഷണം വരികയാണ്. കഠിനമായ പരീക്ഷണം. കേട്ടാൽ നടുങ്ങിപ്പോവുന്ന പരീക്ഷണം...



˙·٠•●♥ ഒട്ടകങ്ങളുടെ നാശം (1)  ♥●•٠

അയ്യൂബ് (അ) ന്റെ ജീവിതം ഓരോ നിമിഷവും ഭക്തിനിർഭരമായിരുന്നു. അല്ലാഹുﷻവിന്റെ സ്മരണയിൽ ഓരോ നിമിഷവും കടന്നു പോവുന്നു. ഓരോ ശ്വാസത്തിലും അല്ലാഹുﷻവിനെ വാഴ്ത്തുന്നു. കഠിനാദ്ധ്വാനം ചെയ്യുമ്പോഴും മനസ്സ് അല്ലാഹുﷻവിനെ വാഴ്ത്തിക്കൊണ്ടിരിക്കും...


 ആരാധനകൾക്കു പ്രത്യേക സമയമുണ്ട്. നിസ്കാര വേളകൾ ആളുകൾക്കറിയാം. ഉപദേശം നൽകുന്ന സമയം വേറെ. സൽക്കാരം, സംഭാഷണം, ദാനം, ഉറക്കം എല്ലാറ്റിനും നിർണയിക്കപ്പെട്ട സമയം. ഓരോ കാര്യത്തിലും ചിട്ടയുണ്ട്. പ്രത്യേക സമയങ്ങളുണ്ട്. അതനുസരിച്ചു കാര്യങ്ങൾ നടക്കുന്നു... 


 റഹ്മത്ത് പ്രിയപ്പെട്ട ഭാര്യ. തന്റെ ഏഴ് പുത്രന്മാരെ പ്രസവിച്ചു. മൂന്നു പുത്രിമാരെയും. യോഗ്യരായ പുത്രന്മാർ. ബുദ്ധിയും ആരോഗ്യവും അവരെ അനുഗ്രഹിച്ചിരിക്കുന്നു.  പുത്രിമാർ സുന്ദരികളും ബുദ്ധിമതികളുമാണ്. വീട്ടിന്റെ പ്രകാശമാണ് മക്കൾ. അവരുടെ ചിരിയും കളിയും വർത്തമാനങ്ങളും മാതാപിതാക്കളെ ആനന്ദം കൊള്ളിച്ചു... 


 മക്കൾ അല്ലാഹുﷻവിന്റെ അനുഗ്രഹമാണ്. അവനുദ്ദേശിക്കുമ്പോൾ നൽകും. അവനുദ്ദേശിക്കുമ്പോൾ തിരിച്ചെടുക്കും. നൽകപ്പെടുമ്പോൾ അമിതമായ ആഹ്ലാദം വേണ്ട. തിരിച്ചെടുക്കുമ്പോൾ അമിത ദുഃഖവും വേണ്ട. മക്കളുടെ കാര്യത്തിൽ അയ്യൂബ് (അ)ന്റെ കാഴ്ചപ്പാട് അതായിരുന്നു. റഹ്മത്ത് അത് മനസ്സിലാക്കിയിട്ടുണ്ട്. അതേ നിലക്ക് നീങ്ങുകയും ചെയ്യുന്നു...


 മനസ്സ്നിറയെ വാത്സല്യമാണ്. സ്നേഹം മറച്ചുവെക്കാനാവില്ല. എല്ലാവർക്കും മക്കളെ ലഭിക്കില്ല. ചിലർക്കു ലഭിക്കും. അല്ലാഹുﷻ ഉദ്ദേശിക്കുമ്പോൾ മാത്രം. ചിലർക്ക് ആൺമക്കൾ മാത്രം ചിലർക്ക് പെൺമക്കൾ മാത്രം. വേറെ ചിലർക്ക് പുത്രന്മാരും പുത്രിമാരും കാണും... 


 മക്കളെല്ലാം ഉത്തമ സ്വഭാവ ഗുണങ്ങളുള്ളവരായിത്തീർന്നാൽ കുടുംബത്തിൽ സന്തോഷം കതിർകത്തും.  അയ്യൂബ്-റഹ്മത്ത് ദമ്പതികളുടെ കുടുംബ ജീവിതം ഈ വിധത്തിലുള്ളതാണ്. സന്തോഷം നിറഞ്ഞ രാപ്പകലുകൾ. ഒരു റിപ്പോർട്ടനുസരിച്ച് ഈ ദമ്പതികൾക്ക് പതിമൂന്നു മക്കളുണ്ടായിരുന്നു...


 ശപിക്കപ്പെട്ട ഇബ്ലീസ്. ഇബ്ലീസിന്റെ പേര് കേട്ടാൽ ശാപവചനം ഉരുവിടണം. 

"ലഹ്നത്തുല്ലാഹി അലൈഹി" 

അല്ലാഹുﷻവിന്റെ ശാപം അവന്റെ മേൽ ഉണ്ടാവട്ടെ. ഇബ്ലീസിന്റെ വഴി ശപിക്കപ്പെട്ടതാണ്. അവനെ പിന്തുടർന്നാൽ മനുഷ്യൻ നശിച്ചതു തന്നെ. ഇബ്ലീസ് മനുഷ്യനെ വഴിതെറ്റിക്കും. അക്കാര്യം അയ്യൂബ് (അ)ന് നന്നായറിയാം...


 നബിയെ വീഴ്ത്താൻ ഇബ്ലീസ് സകല തന്ത്രങ്ങളും പ്രയോഗിച്ചു. ഒന്നിലും വിജയിച്ചില്ല. അല്ലാഹുﷻവിനെ കുറിച്ചുള്ള സ്മരണയിൽ നിന്ന് ഒരു നിമിഷ നേരത്തേക്കെങ്കിലും നബിയുടെ മനസ്സ് തെറ്റിക്കാൻ ഇബ്ലീസിന് കഴിഞ്ഞില്ല. ഇബ്ലീസിന് വാശിയായി. മനസ്സൊന്ന് ചാഞ്ചലപ്പെട്ടു കിട്ടണം. അതിനെന്താ വഴി..? 


 ഇബ്ലീസും മക്കളും ഒരു ദിവസം ഒരുമിച്ചുകൂടി. എന്നിട്ടവർ ഗൗരവമായ ചർച്ച തുടങ്ങി. അയ്യൂബ് നബിയുടെ മനസ്സ് ചലിപ്പിക്കണം ഒന്നു ബേജാറാക്കണം അതിനെന്താ വഴി..? 


 മിടുക്കന്മാരായ ചില ശൈത്വാന്മാർ ഇബ്ലീസിനോട് ചോദിച്ചു. "ആദമിനെ സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച ആളല്ലേ നിങ്ങൾ? അയ്യൂബിനെ അങ്കലാപ്പിലാക്കാൻ നിങ്ങൾക്കെന്താ ഇത്ര പ്രയാസം? ആദമിന്റെ ഭാര്യയെ നിങ്ങൾ വശീകരിച്ചു. വിശ്വസിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിപ്പിച്ചു. അവർ സ്വർഗ്ഗത്തിൽ നിന്ന് പുറത്തായി. ഇവിടെയും ആ തന്ത്രം പ്രയോഗിച്ചുകൂടേ..?"



˙·٠•●♥ ഒട്ടകങ്ങളുടെ നാശം (2)  ♥●•٠

ഇബ്ലീസും മക്കളും ഒരു ദിവസം ഒരുമിച്ചുകൂടി. എന്നിട്ടവർ ഗൗരവമായ ചർച്ച തുടങ്ങി. "അയ്യൂബ് നബിയുടെ മനസ്സ് ചലിപ്പിക്കണം. ഒന്നു ബേജാറാക്കണം. അതിനെന്താ വഴി..?"


 മിടുക്കന്മാരായ ചില ശൈത്വാന്മാർ ഇബ്ലീസിനോട് ചോദിച്ചു: 

"ആദമിനെ സ്വർഗത്തിൽ നിന്ന് പുറത്തു ചാടിച്ച ആളല്ലേ നിങ്ങൾ? അയ്യൂബിനെ അങ്കലാപ്പിലാക്കാൻ നിങ്ങൾക്കെന്താ ഇത്ര പ്രയാസം? ആദമിന്റെ ഭാര്യയെ നിങ്ങൾ വശീകരിച്ചു. വിശ്വസിപ്പിച്ചു. വിലക്കപ്പെട്ട കനി ഭക്ഷിപ്പിച്ചു. അവർ സ്വർഗത്തിൽ നിന്ന് പുറത്തായി. ഇവിടെയും ആ തന്ത്രം പ്രയോഗിച്ചുകൂടേ..?


ഇബ്ലീസ് നിരാശയോടെ മറുപടി പറഞ്ഞു: "എന്റെ മക്കളേ അയ്യൂബിന്റെ ഭാര്യ റഹ്മത്ത് ആരാണെന്നാ നിങ്ങളുടെ വിചാരം? യൂസുഫ് നബി (അ)ന്റെ മകന്റെ മകളാണ്. റഹ്മത്തിന്റെ സിരകളിൽ ഓടുന്നത് പ്രവാചക രക്തമാണ്. അവർ വഞ്ചനയിൽ വീഴില്ല. ആദമിനെക്കുറിച്ചും ഹവ്വായെക്കുറിച്ചും അവർ നന്നായി പഠിച്ചിട്ടുണ്ട്... 


 "അയ്യൂബിന്റെ ഏറ്റവും വിലപ്പെട്ട സമ്പത്ത് എന്താണ്?"  


"ഒട്ടകങ്ങൾ. മുവ്വായിരം ഒട്ടകങ്ങൾ" 


"മുവ്വായിരം ഒട്ടകങ്ങൾ നശിച്ചുപോയി എന്ന് കേട്ടാൽ അയ്യൂബ് ഞെട്ടില്ലേ?മനസ്സ് പതറില്ലേ?

മുവ്വായിരം ഒട്ടകങ്ങൾ കൈവിട്ടുപോയി എന്ന് കേട്ടാൽ ഏത് മനുഷ്യനും പതറിപ്പോകും ദുഃഖിക്കും അയ്യൂബ് നിമിഷ നേരത്തേക്ക് പതറിയാൽ നാം വിജയിക്കും."  ആ പരിപാടി അംഗീകരിക്കപ്പെട്ടു. ഇനി അത് നടപ്പിൽ വരാൻ പോവുകയാണ്. 


 പരിസര നാടുകളിൽ കൊള്ളക്കാരും അക്രമികളുമുണ്ട്. അവരെ ഇബ്ലീസ് പ്രോത്സാഹിപ്പിച്ചു. പല കൊള്ളസംഘങ്ങൾ വന്നു. ഒട്ടകങ്ങളെ കട്ടുകൊണ്ടുപോയി. ബാക്കിയുള്ള ഒട്ടകങ്ങളെയും അവയുടെ സംരക്ഷകരായ സേവകന്മാരെയും കൊന്നുകളഞ്ഞു. വല്ലാത്തൊരു ഭീകര കാഴ്ച തന്നെ. വലിയ ഒട്ടകങ്ങൾ ചത്തു വീണു കിടക്കുന്നു. കൂടെ നൂറുകണക്കിൽ പരിചാരകരും...


 ഒരു ഒട്ടകത്തെ മാറ്റിനിർത്തിയിരുന്നു. ഇബ്ലീസ് ഒരു പരിചാരകന്റെ വേഷത്തിൽ ആ ഒട്ടകപ്പുറത്ത് കയറി. നബിയുടെ വീട്ടിലേക്ക് സഞ്ചരിച്ചു.  നിസ്കാര സമയമാണത്. നബി നിസ്കാരത്തിൽ പ്രവേശിച്ചു. അപ്പോൾ ഒട്ടകപ്പുറത്ത് ഒരാൾ കരഞ്ഞ് വിളിച്ചു കൊണ്ട് വരുന്നു. ആളുകൾ അത് കേൾക്കുന്നു. കാണുന്നു. അമ്പരക്കുന്നു...


 "കേട്ടില്ലേ? വിവരമറിഞ്ഞില്ലേ? അയ്യൂബിന്റെ ഒരുപാട് ഒട്ടകങ്ങളെ കൊള്ളക്കാർ പിടിച്ചു കൊണ്ടുപോയി. ബാക്കിയുള്ളതിനെയെല്ലാം കൊന്നുകളഞ്ഞു. ഒട്ടകങ്ങളുടെ പരിചാരകന്മാരെ മുഴുവൻ കൊന്നുകളഞ്ഞു.  ഇതെങ്ങനെ സഹിക്കും"

ഒട്ടകപ്പുറത്തിരിക്കുന്ന ആൾ ഉറക്കെ വിളിച്ചു പറഞ്ഞു കരയുന്നു...


 കേട്ടവരൊക്കൊ ഞെട്ടിപ്പോയി. അമ്പരന്ന് നിൽക്കുകയാണ്.


"ഞാൻ വിവരം പറയാൻ ധൃതി പിടിച്ചു വരികയാണ് എവിടെ അയ്യൂബ്?" ഒട്ടകക്കാരൻ ബദ്ധപ്പാടോടെ ചോദിക്കുന്നു...


 "നിസ്കാരത്തിലാണ്..."


നിസ്കാരം വേഗം നിർത്തിവരാൻ പറയൂ... ഞാനൊന്ന് സംസാരിക്കട്ടെ..!


"നിസ്കാരത്തിന് അതിന്റേതായ സമയമുണ്ട്. അത് കഴിഞ്ഞേ വരൂ..." ചിലർ പറഞ്ഞു. 


"ഇതങ്ങനെ കാത്തുനിൽക്കാൻ പറ്റുന്ന കാര്യമല്ല. മുവ്വായിരം ഒട്ടകങ്ങളാണ് നഷ്ടപ്പെട്ടത്. പെട്ടെന്ന് എന്തെങ്കിലും ആലോചിച്ചു തീരുമാനമെടുക്കണം. നിസ്കാരം വേഗത്തിൽ തീരില്ലേ?" ഒട്ടകക്കാരൻ ധൃതി കൂട്ടി. അയാൾ പറയുന്നതാണ് ശരിയെന്ന് പലർക്കും തോന്നി...


 "ഇതെന്തൊരു നിസ്കാരം?"

ആളുകൾ അക്ഷമയോടെ ചോദിക്കാൻ തുടങ്ങി. സമയമായപ്പോൾ നിസ്കാരം അവസാനിച്ചു. ഒട്ടകക്കാരൻ വെപ്രാളത്തോടെ കാര്യങ്ങൾ അവതരിപ്പിച്ചു. ആൾക്കൂട്ടം അക്ഷമയോടെ കേട്ടുനിൽക്കുന്നു...


 "ഏതോ നാട്ടിൽ നിന്ന് ആക്രമികൾ വന്നു ഒരുപാട് ഒട്ടകങ്ങളെ പിടിച്ചു കൊണ്ടുപോയി. ബാക്കിയുള്ള ഒട്ടകങ്ങളെയും കൊന്നുകളഞ്ഞു. പരിചാരകന്മാരെയും കൊന്നു. ഞാൻ ഒരു വിധത്തിൽ രക്ഷപ്പെട്ട് വരികയാണ്."


 എല്ലാവരും നബിയുടെ മുഖത്തേക്ക് നോക്കുന്നു. അവിടെ ഭാവമാറ്റങ്ങൾ കാണാനില്ല. ശാന്തമായ മുഖം. ശാന്ത സ്വരത്തിൽ ഇങ്ങനെ പറഞ്ഞു: 


"ഒട്ടകങ്ങളെ തന്നവൻ അല്ലാഹുﷻവാണ്. അവയെ തിരിച്ചെടുത്തതും അവൻ തന്നെ. ഒട്ടകങ്ങളെ നൽകുകയും എന്നിട്ട് തിരിച്ചെടുക്കുകയും ചെയ്ത അല്ലാഹുﷻവിനാണ് സകല സ്തുതിയും."  


 ഒട്ടകപ്പരിചാരകനായി വന്ന ഇബ്ലീസിന്റെ മുഖം നിരാശകൊണ്ട് നിറഞ്ഞു. എന്തൊരു പ്രതീക്ഷയായിരുന്നു. എല്ലാം തകർന്നു പോയി. ഒരു നിമിഷ നേരത്തെ വെപ്രാളം പോലും ഉണ്ടാക്കാൻ തന്നെക്കൊണ്ടായില്ല. അയ്യൂബ് ചില്ലറക്കാരനൊന്നുമല്ല. 


"പോ ... ശൈത്വാനേ...."  

നബി അവനെ ആട്ടിപ്പുറത്താക്കി...


 ബന്ധുക്കളും നാട്ടുകാരും അത്ഭുതത്തോടെ നബിയെ നോക്കി. ഇതെന്ത് പറ്റിപ്പോയി? മുവ്വായിരം ഒട്ടകങ്ങളല്ലേ നഷ്ടപ്പെട്ടത് എന്നിട്ടിവന് ഒരു ദുഃഖവുമില്ല. ഏത് മനുഷ്യനും നടുങ്ങിപ്പോവുന്ന സംഭവമാണിത്. കേട്ടവർക്കെല്ലാം ദുഃഖമുണ്ട്. ഉടമസ്ഥന് മാത്രം ഭാവമാറ്റമില്ല ഇതെന്ത് കഥ..? 


 അയ്യൂബ് നബി (അ)ൽ വിശ്വസിച്ചവർ പോലും ഇപ്പോൾ അങ്ങനെയാണ് ചിന്തിക്കുന്നത്...


 ഇബ്ലീസ് ദുഃഖിതനും നിരാശനുമായി നാണംകെട്ട് മടങ്ങിപ്പോയി...




˙·٠•●♥  ഒട്ടകങ്ങളുടെ നാശം (3)♥●•٠

ബന്ധുക്കളും നാട്ടുകാരും അത്ഭുതത്തോടെ നബിയെ നോക്കി. ഇതെന്ത് പറ്റിപ്പോയി? മുവ്വായിരം ഒട്ടകങ്ങളല്ലേ നഷ്ടപ്പെട്ടത് എന്നിട്ടിവന് ഒരു ദുഃഖവുമില്ല. ഏത് മനുഷ്യനും നടുങ്ങിപ്പോവുന്ന സംഭവമാണിത്. കേട്ടവർക്കെല്ലാം ദുഃഖമുണ്ട്. ഉടമസ്ഥന് മാത്രം ഭാവമാറ്റമില്ല ഇതെന്ത് കഥ..? 


 അയ്യൂബ് നബി (അ)ൽ വിശ്വസിച്ചവർ പോലും ഇപ്പോൾ അങ്ങനെയാണ് ചിന്തിക്കുന്നത്. ഇബ്ലീസ് ദുഃഖിതനും നിരാശനുമായി നാണംകെട്ട് മടങ്ങിപ്പോയി. മാനക്കേടായി മടങ്ങിച്ചെന്നപ്പോൾ ശൈത്വാൻ കുട്ടികൾ കളിയാക്കി. ഒന്നുകൂടി ശ്രമിച്ചുനോക്കാൻ പ്രേരിപ്പിച്ചു. ഇബ്ലീസ് തോറ്റു പിൻമാറില്ല. പല തന്ത്രങ്ങളും പരീക്ഷിച്ചു നോക്കും...


 ഒട്ടകങ്ങൾ പോയപ്പോൾ നബി പതറിയില്ല. കൃഷി നശിച്ചാലോ? പതറിപ്പോകും. കാരണം, കൃഷിയില്ലെങ്കിൽ ധാന്യമില്ല. ധാന്യമില്ലെങ്കിൽ ആഹാരവുമില്ല. ആഹാരമില്ലെങ്കിൽ വിശക്കും. വിശന്നാൽ മനസ്സ് ഇടറും. ദൈവ സ്മരണ മനസ്സിൽ നിന്ന് മാറി നിൽക്കും. ആ വഴിക്കാവട്ടെ ഇനിയത്തെ ശ്രമം. ഇബ്ലീസിന്റെ മനസ്സിൽ ആശയങ്ങൾ വിടർന്നുവരാൻ തുടങ്ങി... 


 ആദ്യം കാലികളെ മുഴുവൻ നശിപ്പിക്കുക. അയ്യൂബിന്റെ മനസ്സിൽ മാറ്റം വരുന്നുണ്ടോ എന്ന് നോക്കാം. ഇല്ലെങ്കിൽ കൃഷി നശിപ്പിക്കാം. ക്രൂരന്മാരായ ശൈത്വാന്മാർ ഇറങ്ങി കാലികളെ നശിപ്പിക്കാൻ. ഏഴായിരം ആടുകൾ. സാധുജീവികൾ ശൈത്വാൻമാർ ഘോര ശബ്ദമുണ്ടാക്കി. ആടുകൾ പേടിച്ചു വിറച്ചു. പിന്നെ ചത്തുവീണു.  മുഴുവൻ ആടുകളും ചത്തുപോയി. ഇടയന്മാരും മരിച്ചു വീണു. കേട്ടവരെല്ലാം നടുങ്ങിപ്പോയി... 


 ആടുകൾ ചത്തു വീണുകിടക്കുന്നത് കാണാൻ നിരവധിയാളുകളെത്തി. ഇബ്ലീസ് ഇടയന്റെ വേഷത്തിൽ അവരുടെ മുമ്പിലുണ്ട്. ആരുടെയും മനസ്സിളക്കുന്ന വിധത്തിൽ അവൻ സംസാരിക്കുന്നു. എന്തൊരു വാചാലത. എല്ലാവരും ആ വാചാലതയിൽ കുടുങ്ങിക്കഴിഞ്ഞു. അവരെയെല്ലാം ഇബ്ലീസ് അയ്യൂബിന്റെ വിമർശകരാക്കി മാറ്റി...


 ഇപ്പോൾ എല്ലാവരും നബിയെ ക്രൂരമായി വിമർശിക്കുകയാണ്. ദൈവം അയ്യൂബിനോട് കോപിച്ചിരിക്കുന്നു. അതുകൊണ്ടാണ് ഇത്രയും വലിയ നാശം സംഭവിച്ചത്. അവന്റെ നിസ്കാരംകൊണ്ടെന്ത് ഫലം? അത് ദൈവം അംഗീകരിച്ചിട്ടില്ല. എന്തോ പാപം ചെയ്തിട്ടുണ്ട്. ആ പാപം കാരണമാണ് ഇതൊക്കെ സംഭവിച്ചത്... 


 ഒരു നാട് മുഴുവൻ അയ്യൂബ് നബി(അ)നെ വിമർശിക്കുന്നു. ആശ്വാസവചനങ്ങളില്ല. വിമർശനങ്ങൾ. കുറ്റപ്പെടുത്തലുകൾ. ആക്ഷേപശരങ്ങൾ അവ മാത്രം. റഹ്മത്ത് എല്ലാം കേട്ട് സഹിക്കുകയാണ്. മക്കളും കേട്ട് സഹിക്കുന്നു. ക്ഷമ അതാണവർക്ക് കരണീയം. വല്ലാത്ത ക്ഷമയാണവർ മുറുകെപ്പിടിച്ചത്...

 

 ശൈത്വാൻമാർ അറ്റ കൈ പ്രയോഗിക്കാൻ പോവുകയാണ്. കൃഷി കരിച്ചുകളയുക. ഒരു ജനതയെ പട്ടിണിയിലേക്ക് തള്ളിവിടുക. ശൈത്വാൻമാർ രംഗത്തിറങ്ങിക്കഴിഞ്ഞു. വിളഞ്ഞു നിൽക്കുന്ന ഗോതമ്പുപാടങ്ങൾക്കു തീ പിടിച്ചു. തീ കത്തിപ്പടർന്നു. ഭീകരമായ കാഴ്ച തന്നെ. കണ്ടവരെല്ലാം പേടിച്ചുപോയി..  തീ നാലു ഭാഗത്തേക്കും പടരുകയാണ്. നിയന്ത്രിക്കാൻ ഒരു വഴിയുമില്ല. എന്തൊരു ചൂട്.. സഹിക്കാനാവുന്നില്ല... 


 അനേകം ഏക്കർ സ്ഥലത്ത് പടർന്നു കിടക്കുന്ന കൃഷിയാണ്. നോക്കെത്താ ദൂരത്തോളമുള്ള പാടങ്ങൾ. നാനാഭാഗത്തേക്കും തീ പടരുന്നു. ഗോതമ്പു ചെടികളും പുല്ലും കത്തിത്തീർന്ന വയലുകളും. തീ അണഞ്ഞുതുടങ്ങി. പുതിയ പ്രദേശങ്ങളിലേക്ക് തീ പടർന്നുപിടിക്കുന്നു. ചൂടുകാറ്റടിച്ചപ്പോൾ അഗ്നിയുടെ വേഗത കൂടി. എല്ലാം കത്തിയമർന്നു ചാമ്പലായി. എത്രയോ നാളത്തെ മനുഷ്യ പ്രയത്നം ഇതാ ചാമ്പലായിക്കിടക്കുന്നു... 


 ഇബ്ലീസ് വരുന്നു ഒരു കർഷകന്റെ വേഷത്തിൽ. വന്നപ്പോൾ നബിയെ കാണാനായില്ല. കാത്തിരുന്നു. നബി നിസ്കാരത്തിലാണ്. വീട്ടിലും പരിസരത്തും ആളുകൾ തിങ്ങിനിറഞ്ഞു. നാടിനെ നടുക്കിയ നഷ്ടമാണ് സംഭവിച്ചത്. അയ്യൂബിന്റെ മനസ്സ് ഇടറില്ലേ? പതറില്ലേ? 

ഈ സന്ദർഭത്തിലും  നിസ്കാരമോ? ഇതൊന്നു നിർത്തിക്കൂടേ?  നഷ്ടങ്ങൾക്ക് കണക്കുണ്ടോ?എന്നിട്ടും ഇവനെന്താ ഒരു കുലുക്കവുമില്ലേ..? 


 ആളുകൾ മുറുമുറുപ്പു തുടങ്ങി. പ്രതിഷേധം ഉയർന്നു തുടങ്ങി. ശാപം പിടിച്ചവൻ. ഇവന്റെയൊരു ദൈവ സ്മരണ. ഇത് കപടനാണ്. വ്യാജൻ. ഈ കാണിക്കുന്നത് കപട ഭക്തിപ്രകടനമാണ്... 


 നിസ്കാരം കഴിഞ്ഞു നബി പുറത്തു വന്നു. ഇബ്ലീസ് കർഷകനായി മുമ്പിൽ നിൽക്കുന്നു. മുഖത്ത് ദയനീയ ഭാവം. ഒരു സങ്കടം പറയാനുണ്ട്. താങ്കളുടെ കൃഷിയെല്ലാം കത്തിപ്പോയി. എല്ലാം ചാമ്പലായി. ഒന്നും ബാക്കിയില്ല. ഈ ദുഃഖവാർത്ത അറിയിക്കാനാണ് ഞാൻ വന്നത്. താങ്കൾ വന്ന് അതൊന്ന് കാണണം... 


 നബി പറഞ്ഞത് ഇത്ര മാത്രം:  "കൃഷി തന്നവൻ അല്ലാഹുﷻ.  അത് തിരിച്ചെടുത്തതും അല്ലാഹുﷻ. കൃഷി തരികയും പിന്നീട് തിരിച്ചെടുക്കുകയും ചെയ്ത അല്ലാഹുﷻവിനാണ് സർവ സ്തുതിയും."


 കേട്ടുനിന്നവർക്ക് ആ വാക്കുകൾ ഉൾക്കൊള്ളാനായില്ല. അവർ പ്രതിഷേധം മുഴക്കി. പാപം ചെയ്തവനാണിവൻ. ഇത് പാപത്തിന്റെ ശിക്ഷയാണ്. ഇവന്റെ കൂടെ നിൽക്കാൻ പറ്റില്ല.  ജനങ്ങൾ ശബ്ദമുയർത്തി സംസാരിക്കുന്നു... 


 അയ്യൂബ് (അ)ഇബ്ലീസിന്റെ മുഖത്തേക്ക് നോക്കി. രൂക്ഷ


മായ നോട്ടം. എന്നിട്ട് ആട്ടിവിട്ടു...


 "പോ...ശൈത്വാനെ" 


 ഇബ്ലീസ് നിരാശനായി. ശൈത്വാന്മാരെല്ലാം നിരാശനായി. ഇങ്ങനെയുണ്ടോ ഒരാൾ? എല്ലാം നശിച്ചിട്ടും ദൈവ സ്മരണ തന്നെ. ആളുകൾ പിൻവാങ്ങി. അകന്നുനിന്ന് വിമർശിക്കുന്നു. എല്ലാം അല്ലാഹുﷻവിൽ അർപ്പിച്ചു ആ പുണ്യസ്മരണയിൽ മുഴുകിപ്പോയി അയ്യൂബ് (അ)...




˙·٠•●♥ മക്കൾ വേർപിരിയുന്നു  ♥●•٠


ഭാര്യയും മക്കളും.., അവരോടുള്ള അയ്യൂബ് (അ)ന്റെ സ്നേഹ-വാത്സല്യം ഇബ്ലീസിനും ശൈത്വാൻമാർക്കും അത് നന്നായറിയാം. മക്കളുടെ വേർപാട് അത് അയ്യൂബ് നബിയെ ദുഃഖത്തിലാഴ്ത്തും. ഇബ്ലീസിന്റെ ചിന്ത ആ വഴിക്കാണ് പോയത്. അയ്യൂബ് നബി (അ)ന്റെ വിശ്വാസ ദാർഢ്യം ലോകം കാണാൻ പോവുകയാണ്...


 തന്റെ ശരണം അല്ലാഹു ﷻ മാത്രം. ജനനവും മരണവും അവൻ നിശ്ചയിക്കുന്നു. മനുഷ്യനതിൽ പങ്കില്ല. മരണത്തിനൊരു കാരണം കാണും. അത് ജനങ്ങൾക്ക് കാണാം. അവധിയെത്തിയാൽ മരണം സംഭവിക്കും. അതാണ് സത്യവിശ്വാസിയുടെ കാഴ്ചപ്പാട്...


 പ്രിയപ്പെട്ടവർ മരിക്കും. പതറിപ്പോവരുത്. പതറാത്ത അയ്യൂബിനെ ലോകം കാണണം. ചരിത്രം അത് വിളിച്ചു പറയണം. വേദഗ്രന്ഥങ്ങൾ അയ്യൂബിനെ വാഴ്ത്തണം. ലോകാവസാനംവരെ അയ്യൂബ് വാഴ്ത്തപ്പെടണം. അതിന് സമയമായിരിക്കുന്നു. അതെ അത് സംഭവിച്ചു കഴിഞ്ഞു. ലാളിച്ചു വളർത്തിയ പുത്രൻ മരണപ്പെട്ടു...


 ബന്ധുക്കളും നാട്ടുകാരും അതീവ ദുഃഖിതരായി. മരിച്ചുപോയ മകന്റെ ഗുണങ്ങൾ വാഴ്ത്തപ്പെട്ടു. അതുകേട്ട് പലരും പൊട്ടിക്കരഞ്ഞു. ദുഃഖം അണപൊട്ടിയൊഴുകി. കണ്ണീരും നെടുവീർപ്പും മാത്രം. ഇബ്ലീസ് മനുഷ്യരൂപത്തിൽ വന്നുനിൽക്കുന്നു. ദുഃഖഭാവം. സങ്കടത്തോടെ സംസാരിക്കുന്നു. പിതാവിന്റെ മനസ്സിലേക്ക് ദുഃഖം ചാലിട്ടൊഴുകണം. അതാണ് ഇബ്ലീസിന്റെ പ്ലാൻ. അവൻ ദുഃഖ പാരവശ്യം അഭിനയിക്കുന്നു. വിറയാർന്ന സ്വരത്തിൽ സംസാരിക്കുന്നു... 


 അയ്യൂബ് (അ)ന്റെ പ്രതികരണം ഇങ്ങനെ: 


 "പുത്രനെ തന്നവൻ അല്ലാഹുﷻ. തിരിച്ചെടുത്തതും അല്ലാഹുﷻ. അല്ലാഹുﷻവിന്നാകുന്നു സർവ്വ സ്തുതിയും."


 ആളുകൾ അത് കേട്ട് ക്ഷോഭിച്ചു. ഇങ്ങനെയുമുണ്ടോ ഒരു പിതാവ്. എന്തൊരു ദൈവവിശ്വാസം. മകന്റെ ഖബറടക്കൽ കർമം. പിതാവ് അതിൽ പങ്കെടുക്കുന്നു. പുത്രന്റെ വിയോഗത്തിൽ ദുഖമുണ്ട്. മുഖം വാടിയിട്ടുമുണ്ട്. കണ്ണുകൾ നിറഞ്ഞൊഴുകുന്നു. മനസ്സിൽ അല്ലാഹുﷻവിന്റെ സ്മരണ മാത്രം...


 "സർവശക്തനായ റബ്ബേ... ഇത് വല്ലാത്ത പരീക്ഷണം തന്നെ. പരീക്ഷണത്തിൽ പതറിപ്പോവാതിരിക്കാൻ എന്നെ സഹായിക്കേണമേ... എന്റെ പാദങ്ങൾ ഉറപ്പിച്ചു നിർത്തേണമേ..."


 മകൻ മണ്ണിലേക്കു മടങ്ങി. ഇബ്ലീസ് നിരാശനായി. വാശി മൂത്തു. അയ്യൂബിന്റെ എല്ലാ മക്കളും നശിക്കണം. അതാണ് ഇബ്ലീസിന്റെ ആവശ്യം. മരണത്തിന്റെ കാലൊച്ച കേൾക്കുന്നു. പ്രിയപ്പെട്ട പുത്രന്മാർ... അവർ വിടപറയുകയാണ്. പ്രിയ പുത്രിമാരും വേർപിരിയുന്നു. ഓരോരുത്തരായി മരണപ്പെട്ടു. ബന്ധുക്കളും നാട്ടുകാരും ദുഃഖസാഗരത്തിൽ മുങ്ങിപ്പോവുന്നു. മഹാനായ പ്രവാചകൻ പിടിച്ചു നിൽക്കുന്നു... 


 ഖബ്റുകൾ പത്ത് നിർമ്മിക്കപ്പെട്ടു. ഓരോ മക്കൾ ഖബ്റിലേക്ക് പോയി. ഒരാൾക്കു പിറകെ മറ്റൊരാൾ. പിതാവ് ദുഃഖം കടിച്ചമർത്തി. മാതാവ് തളർന്നു. അത് ശരീരത്തിന് മാത്രം. മനസ്സിൽ ദൃഢവിശ്വാസം തന്നെ...


 ഒരു പുത്രൻ മാത്രം ബാക്കിയായി. ബിശ്ർ. ബിശ്റിനെ വിധി മാറ്റിനിർത്തി. ബിശ്റിന്റെ ഇളം മനസ്സിൽ ദുഃഖമാണ്. സഹോദരന്മാരും സഹോദരിമാരും നഷ്ടപ്പെട്ട ദുഃഖം. വല്ലാത്ത ഏകാന്തത തന്നെ. രാപ്പകലുകൾ മാറിമാറി വരുന്നു. ഇരുട്ടും വെളിച്ചവും വരുന്നു. എല്ലാം ബിശ്റ് അറിയുന്നു...


 ബന്ധുക്കൾ ബിശ്റിനോട് സംസാരിക്കുന്നു. കുട്ടിയെ ആശ്വസിപ്പിക്കുന്നു. ഈ കുട്ടി ചരിത്രത്തിൽ ദുൽകിഫ്ലി നബി (അ) എന്നറിയപ്പെടുന്നു. എങ്ങനെ ആശ്വാസം കിട്ടാൻ. അനേകം വിരുന്നുകാർ വന്നിരുന്ന വീടാണ്. ഇപ്പോൾ വിരുന്നുകാരില്ല. വലിയ പാത്രങ്ങളിൽ ഭക്ഷണം പാകം ചെയ്തിരുന്നു. ഇന്ന് പാത്രങ്ങളെല്ലാം വെറുതെ കിടക്കുന്നു. വീട്ടിൽ ധാന്യമില്ല. ഭക്ഷ്യവസ്തുക്കളില്ല. പട്ടിണി കൂട്ടിനെത്തിയിട്ടുണ്ട്. അവിടേക്ക് ആരും ആഹാരവുമായി വന്നില്ല... 


 അയ്യൂബ് (അ) വിശപ്പിന്റെ കാഠിന്യമറിഞ്ഞു. റഹ്മത്തും വിശപ്പറിഞ്ഞു. ബന്ധുക്കളെല്ലാം അകന്നുപോയി. സഹായിക്കാൻ ഒരാളുമില്ല. സാരമില്ല നന്നായി ക്ഷമിക്കുക. അയ്യൂബ് (അ)ഭാര്യയോട് പറഞ്ഞു. ക്ഷമിക്കുക. അതേ ഇനി വഴിയുള്ളൂ. റഹ്മത്ത് പല കാര്യങ്ങൾ ഓർത്തു പോയി. തന്നെ പരിചരിക്കാൻ പരസ്പരം മത്സരിക്കുന്ന പരിചാരികമാരെവിടെ? എല്ലാവരും പോയിക്കഴിഞ്ഞു. അവരെല്ലാം ജീവിതമാർഗവും തേടി പോയി. പണിയെടുക്കാൻ ഇനി താൻ മാത്രം. എന്ത് പണി? വെച്ചു വിളമ്പാൻ ഒന്നുമില്ല ഒന്നുമില്ലാത്തിടത്ത് എന്ത് പണി..? 


 വല്ലാത്ത ഏകാന്തത. അത് തന്നെ പേടിപ്പിക്കുകയാണോ?  

ഭർത്താവിനോടൊപ്പം നിൽക്കാം. എല്ലാ ഭാരങ്ങളും ഒന്നിച്ചു ചുമക്കാം. ക്ഷമിക്കാം. ക്ഷമയുടെ ജീവിക്കുന്ന പ്രതീകമായി നിലകൊള്ളാം. പരിചാരികർ താമസിക്കുന്ന വലിയ കെട്ടിടം ശൈത്വാൻമാർ മറിച്ചിട്ടു. എല്ലാവരെയും കൊന്നുകളഞ്ഞു...




˙·٠•●♥ സ്വദേശം വിട്ടു  ♥●•٠

ഒരു തരത്തിലും അയ്യൂബ് നബി (അ)നെ വഴിതെറ്റിക്കാൻ കഴിയുന്നില്ല. എല്ലാം നഷ്ടപ്പെട്ടിട്ടും നബി അല്ലാഹുﷻവിനെ ആരാധിച്ചു കഴിയുന്നു. എല്ലാം പരീക്ഷണമാണെന്ന് വിശ്വസിക്കുന്നു. ഇബ്ലീസിന്റെ വാശി മൂത്തു. നബിയുടെ ശരീരത്തെ ആക്രമിക്കാൻ തന്നെ അവർ തീരുമാനിച്ചു... 


 ഒരു ദിവസം ഇബ്ലീസ് എത്തി. വീട്ടിലെ അവസ്ഥ കണ്ടു. ആരും സേവനത്തിനില്ല. സാധനങ്ങളൊന്നുമില്ല. വല്ലാത്തൊരു നിശബ്ദത. നബി നിസ്കാരം ആരംഭിച്ചു. ഇബ്ലീസ് തക്കം പാർത്തിരുന്നു. നബി സുജൂദിൽ എത്തി. എല്ലാം അല്ലാഹുﷻവിൽ സമർപ്പിച്ച നിമിഷം... 


 നബിയെ സമീപിച്ചു. നബിയുടെ നാസികയിലൂടെ ഊതി. വിഷക്കാറ്റ് ഏറ്റതുപോലെയായി. ശരീരത്തിന്റെ നിറം മാറി. കറുപ്പ് നിറം വന്നു.  ശരീരത്തിൽ ചൊറിച്ചിൽ അനുഭവപ്പെട്ടു. എന്തൊരു ചൊറിച്ചിൽ. ചൊറിയുന്ന ഭാഗത്ത് മാന്തി. ചൊറിച്ചിലടങ്ങുന്നില്ല. ചൊറിഞ്ഞ ഭാഗം പൊട്ടി നീര് വന്നു. എന്തൊരവസ്ഥയാണിത്? അല്ലാഹു ﷻ അറിയുന്നുണ്ടല്ലോ? ഈ ശരീരത്തെ ഏത് രീതിയിലാണ് പരീക്ഷിക്കാൻ പോവുന്നത്? സഹിക്കാൻ കഴിവ് തരണേ..? 


 മേലാസകം ചൊറിച്ചിൽ. മാന്തിയേടത്തെല്ലാം തൊലി പൊട്ടി. വല്ലാത്ത നീറ്റൽ.  മുറിവുകളിൽ നീര് വന്നു. പിന്നെയത് പഴുത്തു. ശരീരം വല്ലാത്ത അവസ്ഥയിലായി. വീട്ടിൽ എന്ത് സംഭവിച്ചു എന്നറിയാൻ ചിലർക്ക് വല്ലാത്ത താൽപര്യം. ചില  കുബുദ്ധികൾ കയറിവന്നു. നബിയെ കണ്ടു. ശരീരത്തിന്റെ അവസ്ഥ കണ്ടു ഞെട്ടി... 


 അവർ പുറത്തേക്കോടി. നാട്ടുകാരോട് പറഞ്ഞതിങ്ങനെ:


 "മാരക രോഗമാണ്. ദുർഗന്ധമുണ്ട്. നാട് വിട്ട് പോയ്ക്കോട്ടെ. ഇവിടെ നിൽക്കണ്ട." 


 ചിലർ വന്നു നാട് വിടാൻ നിർദേശിച്ചു. സ്വന്തം വീട്ടിലും രക്ഷയില്ല. നാടു വിടണം ഏതെങ്കിലും വിജന സ്ഥലത്തേക്ക് പോവാം...


 അയ്യൂബ് നബിയും ഭാര്യയും വിടുവിട്ടിറങ്ങി. നബിക്ക് നടക്കാൻ തന്നെ ബുദ്ധിമുട്ട്. അകലെ ഒരു സ്ഥലത്തെത്തി. ഭാര്യ തുണി വിരിച്ചുകൊടുത്തു. ഭർത്താവ് അതിൽ ഇരുന്നു. ചുറ്റും നോക്കി വിജനമായ പ്രദേശം. മീതെ നീലാകാശം. അകലെ പറന്നുപോവുന്ന കിളികൾ. മാനത്ത് മേഞ്ഞു നടക്കുന്ന മേഘങ്ങൾ. അല്ലാഹു ﷻ സൃഷ്ടിച്ചു വെച്ച പ്രകൃതി എത്ര മനോഹരം. എന്റെ അവസ്ഥയോ..?


 അല്ലാഹുവേ നീയാണ് ഈ ശരീരം സൃഷ്ടിച്ചത്. ഒരിക്കൽ അതെത്ര മനോഹരമായിരുന്നു. ശരീരത്തിന്റെ സൗന്ദര്യം പോയി. ഭംഗി പോയി. ശക്തി പോയി. കണ്ടാൽ പേടിക്കുന്ന രൂപമായി. ഖൽബിനും നാവിനും കുഴപ്പമില്ല. ഖൽബും നാവും നിനക്കുവേണ്ടി ചലിക്കുന്നു. സദാ നിനക്ക് ദിക്റ് ചൊല്ലുന്നു... 


 ഭാര്യ ഭർത്താവിനോടിങ്ങനെ പറഞ്ഞു: "എന്റെ കൈകൾക്ക് ജോലി ചെയ്യാനുള്ള കരുത്തുണ്ട്. ഞാൻ മനുഷ്യവാസമുള്ള സ്ഥലം അന്വേഷിച്ചു പോകാം. എവിടെയെങ്കിലും ജോലി കിട്ടും. ജോലി ചെയ്താൽ കൂലി കിട്ടും. അതുകൊണ്ട് ആഹാരം വാങ്ങാം. ഞാൻ ആഹാരവുമായി വരാം. എന്നെ പോകാൻ അനുവദിച്ചാലും." 


 അനുവദിക്കാതിരിക്കാൻ പറ്റുമോ? തന്റെ പ്രിയപ്പെട്ട ഭാര്യ കൂലിപ്പണിക്ക് പോവുകയാണ്. ഓർക്കാൻ വയ്യാത്ത കാര്യം. മനമില്ലാ മനസ്സോടെ സമ്മതിച്ചു. ഭാര്യ വേദനയോടെ പോവുകയാണ്. ആ പോക്ക് നോക്കിനിന്നു. കണ്ണുകൾ നിറഞ്ഞു പോയി. വിശപ്പ് മറന്നു. ദാഹം മറന്നു. വേദനകൾ മറന്നു. മനസ്സിൽ അല്ലാഹു ﷻ മാത്രം. നാവിൽ അവനെ സ്തുതിക്കുന്ന വചനങ്ങൾ മാത്രം... 


 ശപിക്കപ്പെട്ട ഇബ്ലീസ് എല്ലാം കണ്ടറിയുന്നു. അവന് നിരാശയും വേദനയും തന്നെ.  ഇതെന്തൊരു മനുഷ്യൻ. ഇത്രയെല്ലാം നടന്നിട്ടും ഒരു കുലുക്കവുമില്ലല്ലോ? 

ഇപ്പോഴും ദൈവ സ്മരണയിൽ തന്നെ. പിശാചുക്കൾ ആശ്ചര്യഭരിതരായി. ഈ മനുഷ്യനു മുമ്പിൽ തങ്ങൾ പരാജിതരാവുകയാണ്... 


 രോഗം കൂടിക്കൂടി വരികയാണ്. വൃണങ്ങൾ വല്ലാത്ത അവസ്ഥയിലായി.  ക്ഷമ മുറുകെ പിടിച്ചു കിടന്നു. ഒരു ബദ്ധപ്പാടും കാണിച്ചില്ല. ഒരു വേദനയും വെറുതെയാവില്ല. വേദനയുടെ അളവ് അറിയുന്നവൻ അല്ലാഹു ﷻ മാത്രം. അവൻ അളന്ന് തിട്ടപ്പെടുത്തി പ്രതിഫലം നൽകും. അല്ലാഹു ﷻ ഉദ്ദേശിച്ച കാലം വരെ ഇത് അനുഭവിക്കാം. മനസ്സിൽ ദൃഢനിശ്ചയം എടുത്തു... 


 മണിക്കൂറുകൾ എത്രയോ കടന്നു പോയിരിക്കുന്നു. ആരോ വരുന്നുണ്ട്. നോക്കിയിരുന്നു. ഭാര്യ തന്നെ. കൈയിൽ പൊതിയുണ്ട്. ഭക്ഷണപ്പൊതി. "ഇതെങ്ങനെ സമ്പാദിച്ചു?" നബി ചോദിച്ചു. ആഹാരത്തിന്റെ വിവരങ്ങളറിയണം അത് ഹലാലാണോ? അല്ലേ? അതറിയണം. എന്നിട്ടേ ഒരൽപം കഴിക്കൂ...


 ഭാര്യ ത്യാഗത്തിന്റെ കഥ പറഞ്ഞു. ദീർഘ യാത്രയുടെ കഥ. ജോലി കണ്ടെത്തിയത്. കഠിനാദ്ധ്വാനം. ആഹാരം സമ്പാദിച്ചത്. കേട്ടു. സംതൃപ്തനായി. വായ തുറന്നു. ആഹാരം വെച്ചുകൊടുത്തു. ഭാര്യയുടെ മുഖം പ്രസന്നമായി.

അല്ലാഹുﷻവിനെ സ്തുതിച്ചു...



˙·٠•●♥ ഒറ്റപ്പെട്ടു (1)  ♥●•٠

വിദൂര സ്ഥലത്ത് വന്ന്  താമസം തുടങ്ങിയിട്ട് കാലം കുറെയായി. ഭാവിയെക്കുറിച്ച് രൂപമില്ല. രോഗം മാറുമെന്ന പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയിൽ രാപ്പകലുകൾ തള്ളിനീക്കുന്നു. ദിവസങ്ങൾ ആഴ്ചകളായി. ആഴ്ചകൾ മാസങ്ങളായി. രോഗം കൂടുന്നതല്ലാതെ കുറയുന്നില്ല. ഖൽബും നാക്കും രോഗം ബാധിക്കാതെ ബാക്കിയുണ്ട്. അവ അല്ലാഹുﷻവിനെ സ്തുതിക്കുന്നു.  അൽഹംദുലില്ലാഹ്  


 ഖൽബ്, നാവ്, കണ്ണുകൾ ഇവക്ക് രോഗം ബാധിച്ചില്ലെന്ന് റിപ്പോർട്ടുകളിൽ കാണുന്നു. ഭാര്യ ഏതെങ്കിലും ഭാഗത്തേക്കു യാത്ര ചെയ്യും. ഏതെങ്കിലും വീട്ടിൽ ജോലി ചെയ്യും. ആഹാരം സമ്പാദിക്കും. തളർന്ന ശരീരവുമായി തിരിച്ചു വരും. തന്റെ വരവും കാത്തിരിക്കുന്ന പ്രിയ ഭർത്താവ്. 

ആഹാരം നൽകും. അപ്പോൾ വല്ലാത്ത നിർവൃതിയാണ്...


 മാസങ്ങൾ വർഷങ്ങൾക്കു വഴിമാറുകയാണ്. ഇനിയെത്രനാൾ? ഉത്തരമില്ലാത്ത ചോദ്യം. രോഗശമനത്തിന് വേണ്ടി ഭർത്താവ് ഇതുവരെ ദുആ ചെയ്തിട്ടില്ല. മര്യാദകേടാവുമോ എന്ന് ഭയന്നിട്ടാവും. രോഗം തന്നവൻ അല്ലാഹുﷻവാണല്ലോ. തന്റെ അവസ്ഥ അവൻ കാണുന്നുണ്ടല്ലോ. പിന്നെന്ത് പറയാൻ?  അല്ലാഹുﷻവിന്റെ വിധി നടക്കട്ടെ...


 ഭാര്യ ഒരുദിവസം ധൃതിയിൽ നടന്നുവരികയാണ്. വഴിയിൽ ഒരാളെ കണ്ടു. അയാൾ തന്നെ കാത്തിരിക്കുന്നത് പോലെ തോന്നി. ഭർത്താവിന്റെ രോഗത്തിന് ഒരു ശമനവുമില്ല അല്ലേ? കഷ്ടമായിപ്പോയി. എത്ര നല്ല മനുഷ്യനായിരുന്നു. എന്തെല്ലാം സൗഭാഗ്യങ്ങളുണ്ടായിരുന്ന ആളാണ്. 

അയാൾ സഹതാപ സ്വരത്തിൽ സംസാരിക്കുന്നു...


 "നിങ്ങൾക്കെങ്ങനെ എന്റെ ഭർത്താവിനെ അറിയാം?"  

റഹ്മത്ത് മെല്ലെ ചോദിച്ചു. 


"കൊള്ളാം നല്ല ചോദ്യം. എനിക്ക് അയ്യൂബിന്റെ ചരിത്രം നന്നിയിട്ടറിയാം. വംശാവലി അറിയാം. നിങ്ങളെപ്പറ്റിയും എനിക്കറിയാം. ഭർത്താവിന് വേണ്ടി എന്ത് മാത്രം കഷ്ടപ്പെടുന്നുണ്ട്. സങ്കടകരം തന്നെ. നിങ്ങളുടെ കുടുംബചരിത്രം എനിക്ക് നന്നായറിയാം." 


 അയാൾ കഴിഞ്ഞകാല സംഭവങ്ങൾ ആകർഷകമായി വിവരിക്കാൻ തുടങ്ങി. ആ സംസാരം കേട്ട് കുറെനേരം അവിടെ നിന്നുപോയി. എനിക്ക് നേരം വൈകി ഞാൻ പോവട്ടെ റഹ്മത്ത് ധൃതികൂട്ടി. അപ്പോൾ അയാൾ പറഞ്ഞു...


"ഭർത്താവിന്റെ രോഗം മാറാൻ ഞാനൊരു വഴി പറഞ്ഞു തരാം കേട്ടോളൂ..."  


 അയാൾ ഒരാടിനെ റഹ്മത്തിന് നൽകി എന്നിട്ട് പറഞ്ഞു: "ഇതിനെ കൊണ്ടുപൊയ്ക്കൊള്ളൂ ഇതിനെ അറുക്കണം. എന്റെ പേര് ചൊല്ലി അറുക്കണം. ഇറച്ചി പാകം ചെയ്തു കഴിച്ചോളൂ രോഗം മാറും." 


 അറുക്കുമ്പോൾ പറയാൻ ഒരു പേരും പറഞ്ഞു കൊടുത്തു. റഹ്മത്ത് നടന്നു കൂടെ ആടും നടന്നു. വല്ലാത്തൊരു പ്രതീക്ഷയോടെ ഭർത്താവിന്റെ അടുത്തെത്തി ആഹാരം നൽകി...


"ഇതേതാ ആട്..?"


"ഒരാൾ തന്നതാണ്" 


"എന്തിന്?"


"നിങ്ങളുടെ രോഗം മാറാൻ"


വഴിയിൽ നടന്ന സംസാരവും സംഭവങ്ങളും ഭാര്യ വിവരിച്ചു. ഭർത്താവിന്റെ മനസ്സിൽ രോഷം വളർന്നു. ചില ചരിത്ര ഗ്രന്ഥങ്ങളിൽ ഇങ്ങനെ കാണാം. അയ്യൂബ് നബി (അ) ഭര്യയോട് കയർത്തു സംസാരിച്ചു. "നീ എന്തിനവനോട് സംസാരിച്ചു..? അവൻ തന്ന സമ്മാനമാണോ ഈ ആട്..? ഇതിനെ എന്തിന് നീ സ്വീകരിച്ചു..? അവൻ ആരാണ്..?"  


"എനിക്കറിയില്ല. സംസാരം കേട്ടപ്പോൾ നമ്മോട് സ്നേഹമുള്ള ഒരാളാണെന്ന് തോന്നിപ്പോയി."

ഭാര്യ മെല്ലെ പറഞ്ഞു.  


"എന്നാൽ കേട്ടോളൂ അവൻ ശപിക്കപ്പെട്ട ഇബ്ലീസ് ആകുന്നു. നീ എന്തിന് അവന്റെ വലയിൽ ചെന്നു ചാടി"  


 ഭാര്യ ഞെട്ടിപ്പോയി..!! അല്ലാഹുﷻവിൽ ശരണം തേടി. ശപിക്കപ്പെട്ട പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് രക്ഷിക്കേണമേ. അല്ലാഹുവേ.... എന്റെ റബ്ബേ നിന്നോട് ഞാൻ പൊറുക്കലിനെ തേടുന്നു.  ഈ സന്ദർഭത്തിൽ അയ്യൂബ് (അ) ഭാര്യയോട് കാർക്കശ്യത്തോടെ ഇങ്ങനെ പറഞ്ഞതായി ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...


"എന്റെ രോഗം ഭേദമായി, ആരോഗ്യം തിരിച്ചുകിട്ടിയാൽ ഞാൻ നിന്നെ നൂറ് അടി അടിക്കും. ഇബ്ലീസിന്റെ വാക്കുകൾ ശ്രവിച്ചതിനുള്ള ശിക്ഷ" ഈ വചനം പറഞ്ഞത് മറ്റൊരു സന്ദർഭത്തിലാണെന്നാണ് ചിലർ രേഖപ്പെടുത്തിയിരിക്കുന്നത്...


 ഭാര്യ പതിവുപോലെ ജോലിക്കു പോയി. ഇബ്ലീസ് തന്റെ ഭാര്യയെ പാട്ടിലാക്കാൻ ശ്രമിക്കുന്നുണ്ടെന്ന് നബിക്ക് മനസ്സിലായി. ഇനിയെന്തായിരിക്കും തന്ത്രം..? അയ്യൂബ് (അ) അല്ലാഹുﷻവിനോട് കാവൽ തേടി. നബിയുടെ ദുആ അല്ലാഹു ﷻ സ്വീകരിക്കും. എല്ലാം നശിച്ചു. എന്നിട്ടും ഭാര്യയുടെ സാമീപ്യം നഷ്ടമായില്ല. ഇതുതന്നെ വലിയ അനുഗ്രഹം...  


 സർവലോക രക്ഷിതാവായ അല്ലാഹുവേ! നിനക്ക് സ്തുതി. അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. നബിയുടെ ഖൽബിൽ നിന്നുള്ള ദിക്റാണിത്. അതിന്റെ മഹത്വം അറിയുന്നവൻ അല്ലാഹു ﷻ മാത്രം...




˙·٠•●♥  ഒറ്റപ്പെട്ടു (2)♥●•٠

ഒരു സംഭവം ഇങ്ങനെ റിപ്പോർട്ട് ചെയ്യപ്പെട്ടു കാണുന്നു: റഹ്മത്ത് പകൽ മുഴുവൻ ജോലി ചെയ്തു ക്ഷീണിച്ചു. പതിവുപോലെ ആഹാരവുമായി മടങ്ങി. വഴിനീളെ ഭർത്താവിനെക്കുറിച്ചുള്ള ചിന്തമാത്രം. രോഗം കലശലായിട്ടുണ്ട്. എത്ര കാലമായി കഷ്ടപ്പെടുന്നു. എത്ര വേദന സഹിച്ചു  ഒരു വൈദ്യനെ കണ്ടിരുന്നെങ്കിൽ. മനസ്സ് വല്ലാതെ മോഹിച്ചുപോയി. ഈ തക്കം മുതലെടുക്കാൻ ഇബ്ലീസ് പദ്ധതിയിട്ടു...


 നല്ലൊരു മരുന്നുകച്ചവടക്കാരന്റെ വേഷത്തിൽ വന്നു. വഴിയരികിൽ നിന്നും മരുന്നുകൾ നിരത്തിവെച്ചു. എന്നിട്ട് ഉറക്കെ സംസാരം തുടങ്ങി. വരുവീൻ! കാണുവീൻ! കേൾക്കുവീൻ! ഏത് രോഗത്തിനും ചികിത്സിക്കും. നിങ്ങളുടെ രോഗം ഏതുമാവട്ടെ നമ്മെ സമീപിക്കുവീൻ. നാം ചികിത്സിച്ചു ഭേദപ്പെടുത്തും. സംശയിച്ചു നിൽക്കാതെ അടുത്തേക്കു വരുവീൻ. ആളുകൾ വാചാലതയിൽ ആകൃഷ്ടരായി അയാളുടെ ചുറ്റും കൂടി...


 പലവിധ രോഗികൾ, വേദനയുള്ളവർ, രോഗമില്ലാത്തവർ എല്ലാവരും തിങ്ങിക്കൂടി.

റഹ്മത്ത് നടന്നു വരികയാണ്. വഴിയിൽ ആൾക്കൂട്ടം. വൈദ്യന്റെ ശബ്ദം ഉയർന്നു കേൾക്കാം. വരുവീൻ രോഗം ഏതുമാകട്ടെ. എത്ര വർഷം കഴിഞ്ഞതാവട്ടെ. ചികിത്സിച്ചു ഭേദപ്പെടുത്തിത്തരാം. കൈയിൽ തരാനൊന്നുമില്ലാത്തവർക്ക് സൗജന്യമായി മരുന്നു തരാം... 


 റഹ്മത്ത് നിന്നു സംസാരം ശ്രദ്ധിച്ചു. വരൂ വരൂ സംശയിച്ചു നിൽക്കാതെ വരൂം... ഇതാ മുന്തിയതരം മരുന്നുകൾ. റഹ്മത്ത് അടുത്തേക്ക് ചെന്നു. വൈദ്യൻ രോഗവിവരങ്ങൾ ചോദിച്ചു. എല്ലാ ചോദ്യത്തിനും മറുപടി നൽകി. ഈ മരുന്ന് കൊണ്ടുപോയി കൊടുത്തോളൂ. മരുന്ന് എന്റെ വക സൗജന്യമാണ് വില തരേണ്ടതില്ല. മരുന്ന് കഴിച്ചാൽ രോഗം മാറും. രോഗം മാറിയ ശേഷം ഞാൻ തന്ന മരുന്നുകൊണ്ടാണ് രോഗം മാറിയത് എന്ന് ഭർത്താവിനോട് പറയണം... 


 റഹ്മത്ത് നടന്നു കൈയിൽ മരുന്നിന്റെ പൊതി. ഭർത്താവിന്റെ സമീപത്തെത്തി. അപ്പോൾ വന്നു ചോദ്യം. "ആ പൊതിയിലെന്താണ്..?"


"മരുന്ന്"


"മരുന്നോ ... എന്തിന്..?"


"രോഗം മാറിക്കിട്ടാൻ. ഇത് കഴിച്ചാൽ രോഗം ഭേദമാകുമെന്ന് വൈദ്യൻ പറഞ്ഞു" 


"വൈദ്യരോ? ഏത് വൈദ്യർ..?"


 പിന്നെ സംഭവങ്ങൾ വിശദമായി പറഞ്ഞുകൊടുത്തു. എല്ലാം കേട്ടപ്പോൾ നബി പറഞ്ഞു : "നീ പോയിക്കണ്ടു സംസാരിച്ചു മരുന്നു വാങ്ങി ആരിൽനിന്ന്..?ശപിക്കപ്പെട്ടവനിൽ നിന്ന്.

അത് വൈദ്യനല്ല പിശാചാണ്. ശപിക്കപ്പെട്ടവൻ. നീ എന്തിനവന്റെ അടുത്ത് പോയി? നീ അവന്റെ വലയിൽ വീണുപോവില്ലേ?

എന്റെ രോഗം മാറി ആരോഗ്യം തിരിച്ചു കിട്ടിയാൽ നിന്നെ ഞാൻ നൂറ് അടി അടിക്കും" 


ഞെട്ടിപ്പോയി..!! എന്തൊരു വചനം... 

എത്ര ഗൗരവമുള്ള വാക്കുകൾ. റഹ്മാനായ റബ്ബേ... പിശാചിന്റെ ഉപദ്രവത്തിൽ നിന്ന് എന്നെ നീ കാത്തുകൊള്ളേണമേ...

പിശാച് വിട്ടകന്ന് പോവുന്നില്ല. തങ്ങളെ വഴിപിഴപ്പിക്കാൻ സദാ നോക്കി നടക്കുകയാണ്. അല്ലാഹുവേ കാത്തുകൊള്ളേണമേ...

 

 നൂറ് അടി അടിക്കുമെന്നു പറയാൻ മറ്റൊരു കാരണമാണ് ചിലർ പറയുന്നത്. 

റഹ്മത്തിന്റെ മുടിക്ക് നല്ല അഴകാണ്. മുടി മെടഞ്ഞിട്ടാൽ നല്ല ഭംഗിയായിരിക്കും. ആ ഭംഗി ഭർത്താവ് ആസ്വദിച്ചിട്ടുണ്ട്. ആഹാരം കിട്ടാത്ത ഒരു ദിവസം മനസ്സ് നിറയെ ദുഃഖമുണ്ട്. ഇന്നെന്ത് ചെയ്യും?

ആഹാരമൊന്നുമില്ലാതെ ചെല്ലുന്നതെങ്ങനെ..? 


 വിഷമിച്ചു നിൽക്കുമ്പോൾ ഒരാൾ ചോദിച്ചു 

നിങ്ങളുടെ മുടിക്ക് എന്തൊരു ഭംഗിയാണ്. മെടഞ്ഞിട്ട മുടിയുടെ ഒരു ഭാഗം എനിക്കു തരാമോ? ഞാൻ വില തരാം. ആ വാക്കുകൾ മനസ്സിൽ തട്ടി. മുടി വിൽക്കണോ? ഭർത്താവ് വിശപ്പ് സഹിക്കണോ..?

രണ്ട് ചോദ്യങ്ങൾ. അതിന് മധ്യത്തിലാണ് റഹ്മത്ത്. എന്ത് വേണം..?  


 ഭർത്താവിന്റെ വിശപ്പ് അത് പരിഗണിക്കാം. മുടിയുടെ ഭംഗികൊണ്ടെന്ത് കാര്യം..? മുടി വിറ്റു. ആഹാരം വാങ്ങി. നടക്കുമ്പോൾ പേടി തോന്നി തന്റെ പ്രവർത്തി ഇഷ്ടപ്പെടാതെ വരുമോ..? ഭയന്നത് തന്നെ സംഭവിച്ചു. വല്ലാതെ ക്ഷോഭിച്ചു... 


"നീ എന്തിന് ചെയ്തു..? പോ.... ഇനി എന്റെ കൺമുമ്പിൽ കാണരുത് പോ... പോവാനല്ലേ പറഞ്ഞത്. എനിക്ക് ആരോഗ്യം വീണ്ടുകിട്ടിയാൽ നിന്നെ ഞാൻ നൂറ് അടി അടിക്കും." 


 ഭർത്താവിന്റെ കർശനമായ താക്കീത് വന്നു. കൺമുമ്പിൽ വന്നു പോവരുത്. അകലേക്കു മാറിനിന്നു. അടുത്ത നാളിലും ജോലിക്കു പോയി. ഇനിയെന്തിന് ജോലി? എന്തിന് കൂലി? താൻ സമ്പാദിച്ച ഭക്ഷണം ഇനി ഭർത്താവ് കഴിക്കില്ല. തന്നെ വെറുത്തുകഴിഞ്ഞു. തന്നെ കാണണമെന്നില്ല. ഒറ്റക്കായിപ്പോയില്ലേ? തനിക്കെന്തും സംഭവിച്ചു കൊള്ളട്ടെ ഭർത്താവിനൊന്നും സംഭവിക്കരുതേ... എല്ലാം കാണുന്ന റബ്ബേ കാത്തുകൊള്ളേണമേ... നീയല്ലാതെ തുണയില്ല റബ്ബേ..! 


 ഇബ്ലീസ് ഞെട്ടിപ്പോയി. ഇതെന്തൊരു രംഗം കൂട്ടിനുണ്ടായിരുന്ന ഭാര്യയെ പറഞ്ഞു വിട്ടു. കൂടെയാരുമില്ല. ഒന്നുമില്ല. 

കിടക്കാൻ ഭൂമി. മീതെ ആകാശം. ആഹാരമില്ല. വെള്ളമില്ല. ഉണ്ടെങ്കിൽ തന്നെ എടുത്തു കഴിക്കാൻ കൈകൾക്ക് കരുത്തില്ല. ഇതിനപ്പുറം ഇനിയെന്താണ് വരാനുള്ളത്? ശപിക്കപ്പെട്ട ഇബ്ലീസ് ചിന്താകുലനായി. ഞാനിതാ പരാജയപ്പെട്ടിരിക്കുന്നു. പരാജയം സമ്മതിച്ചിരിക്കുന്നു. ഞാനും എന്റെ സഹായികളും ഞങ്ങളുടെ കഴിവുകളെല്ലാം.  പ്രയോഗിച്ചു  പരാജയപ്പെട്ടു...


 ഈമാനിന്റെ ശക്തി അപാരം തന്നെ. അത് തകർക്കാനാവില്ല. പരീക്ഷണങ്ങൾ അതിന്റെ ശോഭ കൂട്ടുന്നതേയുള്ളൂ. ഇബ്ലീസിന്റെ മനസ്സിൽ പുതിയ സൂത്രങ്ങളൊന്നും തെളിയുന്നില്ല. അവനാകെ അവശനായിപ്പോയി...


 സംവത്സരങ്ങൾ നീണ്ട പരീക്ഷണങ്ങൾ. മാരകമായ രോഗം. വിജനമായ പ്രദേശത്ത് ഒറ്റപ്പെട്ട് കിടക്കുകയാണ്. പരീക്ഷണങ്ങൾ പരിപൂർണതയിലെത്തിക്കഴിഞ്ഞു. ഇനിയതിന് വിരാമം വീഴും. അതിന് സമയമായിവരികയാണ്...



˙·٠•●♥രോഗശമനം (1)  ♥●•٠


അയ്യൂബ് നബി (അ)നെ ബാധിച്ച രോഗം എത്ര കാലം നീണ്ടുനിന്നു..?


 ഒരഭിപ്രായത്തിൽ പതിമൂന്നു കൊല്ലം.

മറ്റൊരഭിപ്രായപ്രകാരം പതിനെട്ട് കൊല്ലം. കഷ്ടപ്പാടുകൾ വളരെ വർധിച്ചു. എല്ലാവരും പോയി ഭാര്യയെയും കാണാനില്ല. ഉടനെ വരും. വരാതിരിക്കില്ല. വരാതിരിക്കാൻ കഴിയില്ല. നല്ല പ്രതീക്ഷയുണ്ട്. ഇത് അൽപനേരത്തേക്കുള്ള അകൽച്ച മാത്രം...  


 ഒറ്റപ്പെട്ടുപോയ ഒരു നിമിഷത്തിൽ അയ്യൂബ് നബി (അ)ന്റെ വായിൽ നിന്ന് ഈ വാക്കുകൾ പുറത്തുവന്നു... 


إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الشَّيْطَانُ بِنُصْبٍ وَعَذَاب


"എന്റെ റബ്ബേ പിശാച് കാരണമായി അവശതയും പീഡനവും എന്നെ ബാധിച്ചിരിക്കുന്നു."  


 വായിൽ നിന്ന് വന്ന വാക്കുകൾ. അത്രമാത്രം. മനസ്സിലായോ..? 


 രോഗം സുഖപ്പെടുത്താൻ പറഞ്ഞില്ല. വേദന സഹിക്കാൻ വല്ലാതെ ബുദ്ധിമുട്ടിയപ്പോൾ അങ്ങനെ പറഞ്ഞുപോയി. സ്വാദ് സൂറത്തിൽ ഈ സംഭവം പറയുന്നുണ്ട്. അതിപ്രകാരമാകുന്നു :


"നമ്മുടെ അടിമ അയ്യൂബ് നബിയെ ഓർക്കുക. അദ്ദേഹം തന്റെ റബ്ബിനോട് പ്രാർത്ഥിച്ച സന്ദർഭം. നിശ്ചയമായും അവശതയും പീഡനവുമായി പിശാച് എന്നെ സ്പർശിച്ചിരിക്കുന്നു." തന്റെ അടിമയുടെ വായിൽ നിന്ന് വന്ന വചനങ്ങൾ. സർവശക്തനായ അല്ലാഹു ﷻ അത് പരിഗണിച്ചു. രോഗം ഭേദമാവേണ്ട സമയമായി. അത്ഭുതകരമായ രീതിയിൽ രോഗം മാറാൻ പോവുകയാണ്...


 തന്റെ മുമ്പിൽ ആരോ വന്നുനിൽക്കുന്നു. ആരാണത്..?  ആളെ മനസ്സിലായപ്പോൾ അതിശയവും ആശ്വാസവും വന്നു. മലക്കുൽ അമീൻ ജിബ്രീൽ (അ)...

ജിബ്രീൽ (അ) നിർദേശിച്ചതിങ്ങനെ :


 "അങ്ങയുടെ പാദംകൊണ്ട് നിലത്തടിക്കുക. അപ്പോൾ ശുദ്ധജലം ഉറവയായി ഒഴുകിവരും. ആ വെള്ളത്തിൽ നന്നായി കുളിക്കുക. കുടിക്കുകയും ചെയ്യുക."

ആശ്വാസത്തിന്റെ സന്ദേശം... സന്തോഷത്തിന്റെ സന്ദർഭം... 


 ഉള്ള ശക്തിയെടുത്ത് ഭൂമിയിൽ കാൽകൊണ്ട് ചവിട്ടി. അത്ഭുതം ഉറവ പൊട്ടിയൊഴുകുന്നു. തണുത്ത വെള്ളം. എന്തൊരനുഭൂതി. എന്തൊരാഗ്രഹം. എങ്ങിനെയാണിതിന് നന്ദി പറയുക. നന്ദി പറയാൻ വാക്കുകളില്ല. വാക്കുകൾ കിട്ടാതെ വിഷമിച്ചുപോയ നിമിഷങ്ങൾ...


 തന്റെ ശരീരത്തിലേക്കു നോക്കി. എന്തോ രൂപം. ഈ രൂപം മാറാൻ പോവുകയാണ്. ഈ രോഗം ശമിക്കാൻ പോവുകയാണ്. അൽഹംദുലില്ലാഹ്..☝???? സർവസ്തുതിയും അല്ലാഹുവിനാകുന്നു. വെള്ളത്തിലേക്കിറങ്ങി. വെള്ളം കോരിക്കുടിച്ചു. പറഞ്ഞറിയിക്കാനാവാത്ത ആശ്വാസം. വെള്ളത്തിൽ കുളിച്ചു... 


 ശരീരത്തിൽ വെള്ളം തട്ടിയപ്പോൾ എന്താണ് സംഭവിച്ചത്..? അത്ഭുതം. അല്ലാതെന്ത് പറയാൻ... 


 ശരീരത്തിലെ വൃണങ്ങളെല്ലാം ഒഴുകിപ്പോയി. ഒട്ടും ബാക്കിയില്ല. മറ്റൊരു തൊലി പ്രത്യക്ഷമായി. സുന്ദരമായ തൊലി. മുടി... തന്റെ പഴയ രൂപം കൈവന്നിരിക്കുന്നു.  മനസ്സിൽ മൂടിക്കെട്ടിക്കിടന്ന വികാരങ്ങളെല്ലാം ഒഴുകിപ്പോയി. മനസ്സ് തെളിഞ്ഞ ആകാശം പോലെയായി. എന്തൊരാശ്വാസം. സന്തോഷം. ഈ നിമിഷങ്ങൾക്ക് റഹ്മത്ത് സാക്ഷിയാവേണ്ടതായിരുന്നു... 


 അവരെവിടെ? വരും. ഉടനെ വരും. വരാതിരിക്കില്ല. തന്നെ ഈ വിധത്തിൽ കണ്ടാൽ തിരിച്ചറിയുമോ? ചുണ്ടിൽ നേർത്ത പുഞ്ചിരി വിടർന്നു. ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു : 


"ജിബ്രീൽ (അ) വന്നു കാൽകൊണ്ട് ഭൂമിയിൽ ചവിട്ടാൻ നിർദേശിച്ചു. ഭൂമിയിൽ ചവിട്ടി ഉടനെ ഉറവയുണ്ടായി വെള്ളം തടംകെട്ടി നിർത്തി. 

അതിൽ കുളിക്കാൻ നിർദേശിച്ചു. നന്നായി കുളിച്ചു. ശരീരത്തിന്റെ കറുപ്പുനിറം പോയി. വൃണങ്ങളും പോയി. പഴയ സൗന്ദര്യം തിരിച്ചു കിട്ടി. അല്ലെങ്കിൽ അതിനേക്കാൾ സുന്ദരനായി..."


അൽപദൂരം നടന്നു. 


അപ്പോൾ ജിബ്രീൽ (അ) ഇങ്ങനെ നിർദേശിച്ചു...


 മറ്റേ കാൽകൊണ്ട് ഭൂമിയിൽ ചവിട്ടുക. ഭൂമിയിൽ ചവിട്ടി. ഉറവയുണ്ടായി. അതിൽ നിന്ന് കുടിക്കുക. വെള്ളം കോരിക്കുടിച്ചു. അതോടെ ആന്തരികമായ പ്രയാസങ്ങളെല്ലാം നീങ്ങി. മനസ്സ് സന്തോഷമായി...


 പണ്ട് നിസ്കരിക്കുമ്പോൾ സുജൂദ് ചെയ്തു. സുജൂദിൽ ആയിരുന്നപ്പോൾ ഇബ്ലീസ് നാസികയിൽ ഊതി. അതോടെ ശരീരത്തിന് കറുപ്പ് നിറം വന്നു. അതിന്റെ വിഷം കുറച്ചൊന്നുമല്ല. എല്ലാം സഹിച്ചു. ഇപ്പോൾ അതെല്ലാം പോയി. 

കഴിഞ്ഞ കാലം ഓർമയായി. ചരിത്രമായി. 

അന്ത്യനാൾവരെ അത് ഓർമിക്കപ്പെടും...


ഖത്താദ (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം:

 അവ രണ്ട് അരുവികളായിരുന്നു. ശാമിലെ അൽ ജാബിയ്യഃ പ്രദേശത്ത് കൂടിയാണ് അവ ഒഴുകിയത്. ഒന്നിൽ നിന്ന് കുളിച്ചു. മറ്റേതിൽനിന്ന് കുടിച്ചു... 


 മുഖാത്തിൽ (റ)വിന്റെ റിപ്പോർട്ടിൽ ഇത്രകൂടിയുണ്ട്: ആദ്യത്തേതിൽ ചൂടുള്ള വെള്ളമായിരുന്നു. അതിൽ നിന്ന് കുളിച്ചു. രണ്ടാമത്തേതിൽ മാധുര്യമുള്ള തണുത്ത വെള്ളമായിരുന്നു. അതിൽ നിന്ന് കുടിച്ചു... 


അയ്യൂബ് നബി (അ)ന്റെ രോഗകാലഘട്ടത്തെപ്പറ്റി ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു. ഇബ്നു അബ്ബാസ് (റ) വിന്റെ റിപ്പോർട്ട്: അയ്യൂബ് (അ) രോഗത്തിൽ കിടന്ന കാലഘട്ടം ഏഴ് വർഷം, ഏഴ് മാസം, ഏഴ് ദിവസം, ഏഴ് മണിക്കൂർ...


 വഹബുബ്നു മുനബ്ബഹ് (റ)ന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം: അയ്യൂബ് (അ) രോഗാവസ്ഥയിൽ കിടന്നത് ഏഴ് വർഷം. യൂസുഫ് (അ)ജയിലിൽ കിടന്നതും ഏഴ് വർഷം...


 ഇബ്നു അബ്


ബാസ് (റ) മനസ്സിൽ തട്ടുന്ന വിവരങ്ങളാണ് നൽകുന്നത്...



˙·٠•●♥ രോഗശമനം (2)  ♥●•٠

അയ്യൂബ് (അ)റൂം എന്ന നാട്ടുകാരനായിരുന്നു. നല്ല സമ്പത്തുള്ള ആളായിരുന്നു. മഹാന്റെ ഔദാര്യം വളരെ പ്രസിദ്ധമായിരുന്നു. വല്ലാതെ മനസ്സലിയുന്ന പ്രകൃതിയായിരുന്നു. 


 പാവങ്ങളോട് എന്തെന്നില്ലാത്ത കരുണ കാണിച്ചു. യത്തീമുകൾ, വിധവകൾ, അഗതികൾ തുടങ്ങിയ ദുർബല വിഭാഗങ്ങളെ സംരക്ഷിച്ചു. വിരുന്നുകാരെ സൽകരിച്ചു. വഴി യാത്രക്കാരെ സഹായിച്ചു. ഇതിനെല്ലാം അവസരം നൽകിയ അല്ലാഹുﷻവിനെ സദാ വാഴ്ത്തിക്കൊണ്ടിരുന്നു. നന്ദിയുള്ള അടിമയാക്കേണമേ... എന്നായിരുന്നു പ്രാർത്ഥന... 


 വമ്പിച്ച പരീക്ഷണങ്ങൾക്ക് വിധേയനായി. സ്വന്തം നാട് വിടേണ്ടിവന്നു. നീണ്ട കാലം ഏകാന്തവാസം നടത്തി. എല്ലാ പ്രതിസന്ധി ഘട്ടത്തിലും പ്രിയ പത്നി കൂടെയുണ്ടായിരുന്നു... 


 റഹ്മത്ത് (റ)വിന്റെ മനസ്സിളകിമറിയുകയായിരുന്നു. പ്രിയ ഭർത്താവ് ഒറ്റക്കാണ്. സഹായിക്കാനാളില്ല. താൻ വിട്ടുപോന്നത് ശരിയായില്ല. തനിക്ക് അബദ്ധം പറ്റിപ്പോയി. തന്നെ ശാസിച്ചു. സ്ഥലം വിടാൻ പറഞ്ഞു. താനത് അനുസരിച്ചു... 


 മനസ്സിലെ വിഷമം കൊണ്ട് അങ്ങനെ പറഞ്ഞു പോയതല്ലേ..? അത് സഹിച്ച് അവിടെത്തന്നെ നിൽക്കേണ്ടതായിരുന്നു. നിൽക്കപ്പൊറുതിയില്ലാതായി. വേഗം മടങ്ങി പോവാം. റഹ്മത്ത് (റ) വെപ്രാളത്തോടെ വരികയാണ്. നടത്തത്തിന് വേഗത കൂടി. വെപ്രാളവും...


 എവിടെ? എവിടെ തന്റെ ഭർത്താവ്? അവശനായി കിടന്ന സ്ഥലത്തെത്തി. അവിടം ശൂന്യം. എന്ത് സംഭവിച്ചു? എങ്ങോട്ട് പോയി? എങ്ങനെ പോയി? റഹ്മത്ത് (റ) അന്വേഷിച്ചു നടക്കുകയാണ്. സുമുഖനായ  ഒരു മനുഷ്യൻ അവരെ ശ്രദ്ധിക്കുന്നു... 


 "നിങ്ങൾ ആരെയാണ് അന്വേഷിക്കുന്നത്? എന്താണിത്ര ബദ്ധപ്പാട്..?" സുമുഖൻ ചോദിച്ചു.


"ഞാനെന്റെ ഭർത്താവിനെ അന്വേഷിക്കുകയാണ്. ഇവിടെയെങ്ങും കാണാനില്ല."


"നിങ്ങളാരാണ്? ആരാണ് ഭർത്താവ്..?"  


"എന്റെ പേര് റഹ്മത്ത്. ഭർത്താവ് അയ്യൂബ്. സുഖമില്ലാതെ കിടക്കുകയായിരുന്നു. ഇപ്പോൾ വന്നു നോക്കുമ്പോൾ കാണാനില്ല." 


"അയ്യൂബിനെ കണ്ടാൽ നിങ്ങൾ തിരിച്ചറിയുമോ?"


"എന്താ സംശയം?"


"എന്നാൽ എന്റെ മുഖത്തക്ക് സൂക്ഷിച്ചു നോക്കൂ." 


 റഹ്മത്ത് (റ) ആ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി. എന്തൊരതിശയം. എന്തൊരു മാറ്റം. 

ഭർത്താവിന്റെ പഴയ രൂപം. അതിനെക്കാൾ മനോഹരമായ രൂപം. റഹ്മത്ത് (റ)യുടെ അവസ്ഥ എങ്ങനെയാണ് വിവരിക്കുക? 

എന്തെല്ലാം വികാര വിചാരങ്ങളാണ് മനസ്സിലേക്ക് പ്രവഹിച്ചിട്ടുണ്ടാവുക?

ആർക്കാണത് സങ്കൽപിക്കാനാവുക?

ഏത് തൂലികക്കാണ് വർണിക്കാനാവുക..? 


 ആ മനോഹര നയനങ്ങൾ അടഞ്ഞു. ഭക്തിപാരവശ്യത്തോടെ സർവതും അല്ലാഹുﷻവിൽ സമർപ്പിച്ച നിമിഷങ്ങൾ. 'അല്ലാഹുﷻവേ സർവ സ്തുതിയും നിനക്കാകുന്നു' അൽഹംദുലില്ലാഹി റബ്ബിൽ ആലമീൻ. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു കവിളിലൂടെ ഒഴുകി. വളരെ നാളായി കെട്ടി നിർത്തിയ ദുഃഖം കണ്ണീർത്തുള്ളികളായി കവിളുകളിലൂടെ ചാലിട്ടൊഴുകി...  


 അയ്യൂബ് (അ)ഭൂമിയിൽ ചവിട്ടുകയും ഉറവയുണ്ടാവുകയും ചെയ്ത സംഭവം എക്കാലവും അനുസ്മരിക്കപ്പെടും. കാരണം അത് വിശുദ്ധ ഖുർആൻ പ്രസ്താവിച്ച സംഭവമാണ്. ഈ വചനം കാണുക:


"അയ്യൂബ് നബിക്ക് അല്ലാഹു ﷻ നിർദേശം നൽകി, നീ നിന്റെ കാൽകൊണ്ട് കൊട്ടുക. ഇതാ തണുത്ത സ്നാന ജലവും പാനീയവും." (38:42)


 അനുഗ്രഹീതമായ സ്നാന ജലം. അതിൽ കുളിച്ചു. അതോടെ രോഗാവസ്ഥയുടെ കാലഘട്ടം അവസാനിച്ചു. രോഗലക്ഷണങ്ങളെല്ലാം മാറിപ്പോയി. ഇപ്പോൾ ആരോഗ്യവാൻ. സുമുഖൻ... 


 ഭാര്യ കൂടെത്തന്നെയുണ്ട്. ഭാര്യയുടെ കുറെ വർഷത്തെ ജീവിതം ത്യാഗപൂർണമായ കാലം. ക്ഷമയുടെയും സഹനത്തിന്റെയും കാലം. അതവസാനിച്ചിരിക്കുന്നു. എന്തൊരു ത്യാഗമാണ് സഹിച്ചത്..? 


 എല്ലാവരും അകന്നപ്പോൾ കൂടെ നിന്നു. എല്ലാം സഹിച്ചു. ഭർത്താവിന്റെ പൊരുത്തം നേടി. അവസാനംവരെ സഹിച്ചുനിന്നു. അങ്ങിനെ എക്കാലത്തെയും ഭാര്യമാർക്ക് മാതൃകയായി. വിശുദ്ധ ഖുർആനിലെ സൂറത്ത് അമ്പിയാഇലെ വചനം കാണുക:


"അയ്യൂബിനെയും ഓർക്കുക. അതായത് എനിക്ക് കഷ്ടപ്പാട് ബാധിച്ചിരിക്കുന്നു. നീ കരുണ ചെയ്യുന്നവരിൽ വെച്ച് ഏറ്റവും കരുണ ചെയ്യുന്നവനാകുന്നു. എന്ന് അദ്ദേഹം റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ച സന്ദർഭം ഓർക്കുക."  (21:83)


"അപ്പോൾ അദ്ദേഹത്തിന് നാം ഉത്തരം നൽകി. അദ്ദേഹത്തിന്റെ കഷ്ടപ്പാടുകളെല്ലാം നാം അകറ്റിക്കളഞ്ഞു. രോഗം സുഖപ്പെടുത്തി നമ്മുടെ പക്കൽ നിന്നുള്ള ഒരനുഗ്രഹവും, ആരാധന ചെയ്യുന്നവർക്ക് ഒരു സ്മരണയും ആയിക്കൊണ്ട് അദ്ദേഹത്തിന്റെ വീട്ടുകാരെയും അവരോടൊപ്പം അത്ര വേറെയും അദ്ദേഹത്തിന് നാം കൊടുക്കുകയും ചെയ്തു."  (21:84)


 പിന്നീട് ലഭിച്ച ഐശ്വര്യത്തെക്കുറിച്ചാണ് ഈ വചനം. സമ്പത്ത് തിരിച്ചു വരും. നശിച്ചു പോയ അളവിലല്ല ഇരട്ടിയായിട്ട് വരും. സന്താനങ്ങളുടെ കാര്യവും അങ്ങനെ തന്നെ. മരിച്ചുപോയ മക്കളുടെ എണ്ണത്തിന്റെ ഇരട്ടിയാണ് ഇനി ലഭിക്കാൻ പോവുന്നത്...


 ജിബ്രീൽ (അ) നബിയെ കാണാൻ വന്നത് ഒരു വെള്ളിയാഴ്ച പ്രഭാതത്തിലായിരുന്നുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്. താങ്കളുടെ രോഗം മാറും. സമ്പത്ത് തിരിച്ചു കിട്ടും. മക്കൾ ഇരട്ടിയാവും. തുടങ്ങിയ സന്തോഷവാർത്തകൾ നൽകി... 


 അയ്യൂബ് നബി (അ) കുളിച്ചു കഴിഞ്ഞപ്പോൾ മലക്കുകൾ സ്വർഗ്ഗത്തിൽ നിന്ന് വസ്ത്രങ്ങൾ കൊണ്ടു വന്നു. രണ്ടെണ്ണം. ഒരെണ്ണം ഉടുത്തു. രണ്ടാമത്തേത് പുതച്ചു.

താമസിക്കാൻ വിശേഷപ്പെട്ടൊരു വീട് ലഭിച്ചതായും പറയപ്പെട്ടിട്ടുണ്ട്...


 ഇബ്ലീസിന്റെ കാര്യമാണ് ദയനീയം. എന്തെല്ലാം ദ്രോഹങ്ങൾ ചെയ്തു. അയ്യൂബ് നബിയുടെ മനസ് വ്യതിചലിപ്പിക്കാനുള്ള എന്തെല്ലാം ശ്രമങ്ങൾ നടത്തി. ഒന്നും വിജയിച്ചില്ല. താൻ ദയനീയമായി പരാജയപ്പെട്ടിരിക്കുന്നു. അയ്യൂബ് നബിയുടെ ഈമാനിന്റെ ദാർഢ്യത്തിന് മുമ്പിൽ ഇബ്ലീസ് അമ്പേ പരാജയപ്പെട്ടു. എന്തൊരു തിളക്കമാർന്ന ഈമാൻ. 

പിശാചുക്കൾ കടുത്ത നിരാശയിലായിപ്പോയി... 


 അയ്യൂബ് നബി (അ)ന്റെ ക്ഷമ ചരിത്രത്തിന്റെ ഭാഗമായി. തലമുറകൾ അതറിയും. അവരതിൽ നിന്ന് പാഠം ഉൾക്കൊള്ളും. ക്ഷമയുടെ കാര്യത്തിൽ പിൽക്കാലക്കാർ അയ്യൂബ് നബി (അ)നെ മാതൃകയാക്കും. അവർ ക്ഷമാശീലരായി ജീവിക്കും. അവരുടെ മുമ്പിലും താൻ പരാജയപ്പെടും...


തോൽവികൾ ഇനിയും എത്രയോ തവണ ആവർത്തിക്കപ്പെടും. എന്തൊരു നിരാശാജനകമായ അവസ്ഥ...




˙·٠•●♥ ശിക്ഷ  ♥●•٠

മനസ്സിൽ സന്തോഷം നിറഞ്ഞു, സമാധാനവും... തന്റെ രോഗം സുഖപ്പെട്ടു. ആരോഗ്യവാനായിരിക്കുന്നു. പക്ഷെ, ആ ശപഥം. അതിനെക്കുറിച്ചുള്ള ചിന്ത മനസ്സിനെ വേദനിപ്പിക്കുന്നു. രോഗം മൂർഛിച്ചുനിന്ന ഒരു നിമിഷത്തിൽ വായിൽ നിന്നു വന്നു പോയ ഒരു വചനം... 


 ഞാൻ ആരോഗ്യവാനായിത്തീർന്നാൽ നിന്നെ നൂറ് അടി അടിക്കും. ഇതാണ് പറഞ്ഞുപോയ വചനം. ഭാര്യയോടാണ് പറഞ്ഞത്. ഭാര്യക്ക് ഒരബദ്ധം പറ്റിപ്പോയി. സൂത്രക്കാരനായ ഇബ്ലീസ് പറ്റിച്ച ചതി... 


 അന്ന് പറഞ്ഞുപോയ വാചകം ഇന്ന് വേദനയായി മാറിയിരിക്കുന്നു.

പ്രവാചകന്റെ വാക്കുകൾ. അതിന് മാറ്റമില്ല. പറഞ്ഞാൽ ചെയ്യണം. പ്രിയപ്പെട്ട ഭാര്യയെ നൂറ് അടി അടിക്കുക. ഓർക്കാൻ വയ്യാത്ത ശിക്ഷ. ഇത്രയും ക്രൂരമായ ശിക്ഷ വാങ്ങാൻ മാത്രമുള്ള തെറ്റൊന്നും ഭാര്യ ചെയ്തിട്ടില്ല. അതറിയാം. ഇനിയെന്ത് വഴി..? 


 ജിബ്രീൽ (അ) വന്നു. ദിവ്യസന്ദേശവുമായി. നൂറ് ചെറിയ കമ്പുകൾ എടുക്കുക. അല്ലെങ്കിൽ നൂറ് പുല്ല്. അതുകൊണ്ട് ഒറ്റ അടി അടിക്കുക. ഇതാണ് ദിവ്യസന്ദേശം. സന്തോഷമായി. സമാധാനമായി. ആ വിധത്തിൽ ശിക്ഷ നടപ്പാക്കി. ഭാര്യ-ഭർത്താക്കന്മാർ വലിയ ആശ്വാസത്തിലായി... 


 സൂറത്ത് സ്വാദിൽ ഈ സംഭവം പറയുന്നുണ്ട്. അതിങ്ങനെ : "താങ്കൾ ഒരുപിടി പുല്ല് കൈയിലെടുക്കുക. എന്നിട്ട് അതുകൊണ്ട് അടിക്കുക. ശപഥം ലംഘിക്കരുത്. അദ്ദേഹത്തെ നാം ക്ഷമാശീലനായി കണ്ടെത്തുക തന്നെ ചെയ്തു. എത്ര നല്ല അടിമ. നിശ്ചയമായും വളരെ പശ്ചാത്തപിക്കുന്ന ആളായിരുന്നു."  (38:44)


ഈ വചനം ഒന്നുകൂടി സൂക്ഷിച്ചു വായിച്ചു നോക്കൂ.... അല്ലാഹു ﷻ അയ്യൂബ് നബി (അ) നെ എത്ര നന്നായി പ്രശംസിച്ചിരിക്കുന്നു. ആശ്ചര്യം തന്നെയാണത്...


 നബിയുടെ ക്ഷമയെ വാഴ്ത്തിപ്പറയുന്നു. അദ്ദേഹത്തെ ക്ഷമാശീലനായി നാം കണ്ടെത്തുക തന്നെ ചെയ്തു. ഒരാൾ ക്ഷമാശീലനായാൽ അയാൾ വിജയിച്ചു. അയാളുടെ ക്ഷമാശീലം അല്ലാഹു ﷻ സ്വീകരിച്ചാൽ ഇവിടെ ക്ഷമ സ്വീകരിച്ചതായുള്ള പ്രഖ്യാപനം വന്നു. അയ്യൂബ് നബി (അ) എത്ര നല്ല അടിമയാണ്...


  നിഹ്മൽ അബ്ദു മഹത്തായ പ്രശംസാ വചനമാണിത്. പശ്ചാത്താപം മനുഷ്യന്റെ അനിവാര്യ ഗുണം. പശ്ചാത്തപിക്കണം എല്ലാ ദിവസവും വേണം. സത്യവിശ്വാസികൾ പാപമോചനം തേടും. അവരുടെ പ്രത്യേക ഗുണമാണത്. മഹാനായ അയ്യൂബ് (അ) പശ്ചാത്തപിക്കുന്ന ആളായിരുന്നു. ധാരാളം പശ്ചാത്തപിക്കുന്ന പ്രവാചകൻ. പശ്ചാത്താപമെന്നാൽ തൗബ... 


 അല്ലാഹു ﷻ പറയുന്നു: "അദ്ദേഹം വളരെ പശ്ചാത്തപിക്കുന്ന ആളാകുന്നു. സമുന്നതനായ പ്രവാചകൻ." ആ പ്രവാചകന്റെ മഹത്തായ ഗുണങ്ങൾ വിശുദ്ധ ഖുർആനിലൂടെ അല്ലാഹു ﷻ നമുക്ക് ബോധ്യമാക്കിത്തന്നു. ചില പ്രവാചകന്മാരുടെ പേരെടുത്ത് പറഞ്ഞു കൊണ്ട് അവർ ക്ഷമാശീലരായിരുന്നുവെന്ന് വിശുദ്ധ ഖുർആനിൽ പറഞ്ഞിട്ടുണ്ട്... 


 സൂറത്ത് അമ്പിയാഇൽ ഇസ്മാഈൽ (അ), ഇദ്രീസ് (അ), ദുൽകിഫ്ലി (അ) എന്നിവർ ക്ഷമാശീലരായിരുന്നുവെന്ന് പറയുന്നുണ്ട്. ആ വചനം ഇങ്ങനെയാകുന്നു : "ഇസ്മാഈൽ, ഇദ്രീസ്, ദുൽകിഫ്ലി എന്നിവരെയും (ഓർക്കുക) എല്ലാവരും ക്ഷമാശീലരിൽ പെട്ടവരായിരുന്നു."  (21:85)


 മൂന്നാമതായി പറഞ്ഞ ദുൽകിഫ്ലി ആരാണ്? 

അയ്യൂബ് (അ)ന്റെ പ്രിയ പുത്രൻ. 

നേരത്തെയുളള പേര് ബിശ്റ് എന്നായിരുന്നു. പിന്നീട് ലഭിച്ച പേരാണ് ദുൽകിഫ്ലി. 

പിതാവിന്റെ വഫാത്തിനു ശേഷം നബിയായി. ശാമിലാണ് താമസിച്ചിരുന്നത്. എഴുപത്തഞ്ച് കൊല്ലം ജീവിച്ചുവെന്ന് രേഖകളിൽ കാണുന്നു. 

പിതാവിനെയും പുത്രനെയും അല്ലാഹു ﷻ ക്ഷമയുടെ പേരിൽ പ്രശംസിച്ചിരിക്കുന്നു. മഹത്തായ ബഹുമതി തന്നെ...


 ഇസ്മാഈൽ (അ), ഇദ്രീസ്(അ), ദുൽകിഫ്ലി(അ) എന്നിവരെക്കുറിച്ച് അല്ലാഹു ﷻ പറഞ്ഞ മറ്റ് പ്രശംസാ വചനങ്ങളും നാം അറിഞ്ഞിരിക്കേണ്ടതാണ്. അവ കാണുക : "അവരെ നാം നമ്മുടെ കാരുണ്യത്തിൽ പ്രവേശിപ്പിച്ചു. അവരെല്ലാം സദ് വൃത്തരിൽ പെട്ടവരായിരുന്നു."  (21:86)


 അയ്യൂബ് (അ) ഭാര്യയെ ശിക്ഷിക്കാൻ തയ്യാറെടുത്തു. ഭാര്യ ശിക്ഷ ഏറ്റുവാങ്ങാനും സന്നദ്ധയായി. ജിബ്രീൽ (അ) നിർദേശിച്ചതുപോലെ ശിക്ഷ നടപ്പാക്കി. ചരിത്രം ഓർത്തുവെച്ച സംഭവം. തലമുറകൾക്കു ശിക്ഷയുടെ വാർത്ത കൈമാറിവന്നു. മനസ്സിലെ ആശങ്കകൾ അവസാനിച്ചു... 


 ഇനി പുതിയ കാലം വരികയാണ്. തിരിച്ചു വരവിന്റെ കാലം. ഐശ്വര്യത്തിന്റെ കാലം. എല്ലാ നിലയിലും ഇനി മുന്നേറ്റത്തിന്റെ കാലം. പിശാചുക്കൾ എല്ലാം അറിയുന്നു. കാണുന്നു. ഈ മുന്നേറ്റം അവരെ വല്ലാതെ ക്ഷീണിപ്പിച്ചു. എങ്കിലും പിൻമാറാൻ പോവുന്നില്ല. മനുഷ്യരെ വഴിതെറ്റിക്കാൻ സൂത്രപ്പണികളുമായി അവർ സഞ്ചാരം തുടരും...



˙·٠•●♥ അന്ത്യപ്രവാചകരുടെ സദസ്സിൽ (1) ♥●•٠

അന്ത്യപ്രവാചകനാണ് മുഹമ്മദ് മുസ്തഫ ﷺ. തൗഹീദിന്റെ സന്ദേശം പ്രചരിപ്പിക്കാൻ രംഗത്തെത്തി. ശത്രുക്കളിൽ നിന്ന് ക്രൂര മർദ്ധനങ്ങൾ ഏൽക്കേണ്ടിവന്നു. തൗഹീദിന്റെ ശത്രുക്കൾ ശക്തരായിരുന്നു. അവർ ശിർക്കിനെ സ്നേഹിച്ചു. തൗഹീദിനെ വെറുത്തു... 


 ആരാധനക്കർഹൻ അല്ലാഹു ﷻ മാത്രമാകുന്നു. മുഹമ്മദ് നബി ﷺ അല്ലാഹുﷻവിന്റെ ദൂതനാകുന്നു. ഈ വചനം ഉച്ചരിച്ചവരെ തേടിപ്പിടിച്ചു മർദ്ദിച്ചു. കഷ്ടപ്പാടുകൾ നിറഞ്ഞ കാലം. എവിടെ ആശ്വാസം? അല്ലാഹു ﷻ ആശ്വസിപ്പിച്ചു. എങ്ങനെ..?  


 പൂർവികരായ പ്രവാചകന്മാർ അനുഭവിച്ച കഷ്ടപ്പാടുകൾ വിവരിച്ചുകൊണ്ട്. ദിവ്യസന്ദേശങ്ങൾ വഴി. നബി ﷺ തങ്ങൾക്ക് വിവരം കിട്ടി. പൂർവ പ്രവാചകരുടെ മഹത്തായ ചരിത്രം.  

അങ്ങനെ ലഭിച്ചതാണ് അയ്യൂബ് നബി (അ) ന്റെ ചരിത്രം. മറ്റ് പല പ്രവാചകന്മാരെപ്പറ്റിയും വിവരം കിട്ടി...


 തൗഹീദിന്റെ ശത്രുക്കൾ പീഡിപ്പിച്ച പതിനൊന്ന് പ്രവാചകരെപ്പറ്റി ഒരൊറ്റ വചനത്തിൽ പറയുന്നുണ്ട്. സൂറത്തുന്നിസാഇലാണ് ഈ വചനമുള്ളത്. വചനത്തിന്റെ ആശയം ഇങ്ങനെ:  


 "നൂഹ് നബിക്കും അദ്ദേഹത്തിന്റെ ശേഷമുള്ള നബിമാർക്കും നാം സന്ദേശം നൽകിയതുപോലെ നിശ്ചയമായും നാം താങ്കൾക്കും സന്ദേശം നൽകിയിരിക്കുന്നു. ഇബ്രാഹിം, ഇസ്ഹാഖ്, യഹ്ഖൂബ്, അദ്ദേഹത്തിന്റെ സന്താനങ്ങൾ, ഈസാ, അയ്യൂബ്, യൂനുസ്, ഹാറൂൻ, സുലൈമാൻ എന്നീ നബിമാർക്കും നാം സന്ദേശം നൽകിയിട്ടുണ്ട്. ദാവൂദ് നബിക്ക് നാം സബൂർ നൽകുകയും ചെയ്തു" (4:163)


 ഇവിടെ എടുത്ത് പറഞ്ഞ പ്രവാചകന്മാരുടെ കൂട്ടത്തിൽ നാം അയ്യൂബ് (അ)നെയും കാണുന്നുണ്ട്.  ശത്രുക്കൾ പീഡിപ്പിച്ച പ്രവാചകന്മാർ നിരവധിയുണ്ട്. എല്ലാവരെക്കുറിച്ചും പറഞ്ഞിട്ടില്ല. പ്രവാചകന്മാരിൽ ചിലരെക്കുറിച്ചു താങ്കളോട് പറഞ്ഞു. ചിലരെക്കുറിച്ച് പറഞ്ഞില്ല.

ഇങ്ങനെയാണ് അല്ലാഹു ﷻ അറിയിച്ചത്...


 മൂസാ നബി (അ) നോട് നേരിട്ട് സംസാരിച്ച കാര്യം എടുത്തു പറയുന്നുമുണ്ട്. ഈ വചനം കാണുക : "താങ്കൾക്ക് ഇതിന് മുമ്പ്  (ഖുർആൻ മുഖേന) വിവരിച്ചുതന്ന ദൂതന്മാരെയും, താങ്കൾക്ക് വിവരിച്ചു തന്നിട്ടില്ലാത്ത ചില ദൂതന്മാരെയും (നാം അയച്ചിട്ടുണ്ട്). മൂസാ നബിയോട് അല്ലാഹുﷻ നേരിട്ട് സംസാരിച്ചിട്ടുമുണ്ട്." (4:164)   


 നബി ﷺ തങ്ങളിൽ നിന്ന് സ്വഹാബികൾ ഈ വചനം കേട്ടു. പഠിച്ചു നബിമാരുടെ ചരിത്രം പഠിച്ചു. അയ്യൂബ് നബി (അ)ന്റെ ചരിത്രം അവരെ ആശ്ചര്യഭരിതരാക്കി. ഏതെല്ലാം രീതിയിലുള്ള പരീക്ഷണങ്ങൾ.  പ്രവാചകന്മാരുടെ മൊത്തത്തിലുള്ള അവസ്ഥ മനസ്സിലാക്കാൻ സ്വഹാബികൾക്ക് കഴിഞ്ഞിട്ടുണ്ട്. എല്ലാവരും തൗഹീദ് പ്രബോധനം ചെയ്തു. ശിർക്കിന്റെ ശക്തികൾ ശക്തമായി എതിർത്തു...


 പ്രവാചകന്മാർ അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കുവാൻ ജനങ്ങളോട് പറഞ്ഞു. അല്ലാഹുﷻവിന്റെ ആജ്ഞകൾ അനുസരിച്ചാൽ വമ്പിച്ച പ്രതിഫലം ലഭിക്കുമെന്ന സന്തോഷവാർത്ത അറിയിച്ചു. അല്ലാഹുﷻവിന്റെ കൽപനകൾ അനുസരിക്കാതെ ധിക്കാരികളായി ജീവിച്ചാൽ വമ്പിച്ച ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പും നൽകി. പ്രവാചകന്മാർ സന്തോഷവാർത്ത അറിയിക്കുന്നവരായി. മുന്നറിയിപ്പുകാരുമായി...  


 പ്രവാചകന്മാർ സന്തോഷവാർത്ത നൽകി ജനങ്ങളെ സന്മാർഗത്തിലേക്കു വരാൻ പ്രേരിപ്പിച്ചു. ദുർമാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി നിരന്തരം മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. പരലോകത്ത് മനുഷ്യരെല്ലാം ഒരുമിച്ചു ചേർക്കപ്പെടും. വിചാരണ നടക്കും. മനുഷ്യർ കാര്യങ്ങൾ അവിടെവെച്ചു നിഷേധിക്കരുത്. അതിന് വേണ്ടിയാണ് ഇത്രയേറെ നബിമാരെ അയച്ചത്...



˙·٠•●♥ അന്ത്യപ്രവാചകരുടെ സദസ്സിൽ (2)  ♥●•٠

പ്രവാചകന്മാർ സന്തോഷവാർത്ത നൽകി ജനങ്ങളെ സന്മാർഗത്തിലേക്കു വരാൻ പ്രേരിപ്പിച്ചു. ദുർമാർഗത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ വേണ്ടി നിരന്തരം മുന്നറിയിപ്പുകൾ നൽകുകയും ചെയ്തു. പരലോകത്ത് മനുഷ്യരെല്ലാം ഒരുമിച്ചു ചേർക്കപ്പെടും. വിചാരണ നടക്കും. മനുഷ്യർ കാര്യങ്ങൾ അവിടെവെച്ചു നിഷേധിക്കരുത്. അതിന് വേണ്ടിയാണ് ഇത്രയേറെ നബിമാരെ അയച്ചത്... 


ഈ വിശുദ്ധ വചനം ശ്രദ്ധിക്കൂ... 


"(സത്യവിശ്വാസത്തിന്റെ നേട്ടങ്ങളെക്കുറിച്ച് ) സന്തോഷവാർത്ത അറിയിക്കുകയും  (സത്യനിഷേധത്തിന്റെ ദുഷ്ഫലങ്ങളെക്കുറിച്ച് ) താക്കീത് നൽകുകയും ചെയ്യന്ന ദൂതന്മാരെ (നാം അയച്ചിട്ടുണ്ട്). ദൂതന്മാരുടെ ആഗമനത്തിന് ശേഷം, അല്ലാഹുﷻവിന്റെ സന്നിധിയിൽ മനുഷ്യർ എതിർവാദം ഉന്നയിക്കാതിരിക്കാനാണങ്ങനെ ചെയ്തത്. അല്ലാഹു ﷻ എല്ലാവരെയും വിജയിപ്പിക്കുന്നവനും യുക്തിയുക്തം പ്രവർത്തിക്കുന്നവനുമാകുന്നു. (4:165)


 അയ്യൂബ് നബി (അ) തന്റെ ജനതയിലേക്ക് വരികയാണ്. തൗഹീദിലേക്ക് ജനങ്ങളെ ക്ഷണിക്കാൻ. നബി സത്യത്തിലേക്കാണ് ക്ഷണിക്കുക. ചിലർ സത്യം സ്വീകരിക്കും. മറ്റു ചിലർ സത്യം നിരാകരിക്കും. സത്യം നിഷേധിക്കുക മാത്രമല്ല അക്കൂട്ടർ മറ്റുള്ളവരെ സത്യത്തിൽ നിന്ന് തടയുകയും ചെയ്യും. അങ്ങനെ അവർ മഹാപാപികളായിത്തീരും. സന്മാർഗത്തിൽ നിന്ന് വളരെ ദൂരം അകന്നുപോവുകയും ചെയ്യും... 


 വിശുദ്ധ ഖുർആന്റെ ഈ വചനങ്ങൾ ശ്രദ്ധിക്കുക: "നിശ്ചയമായും സത്യം നിഷേധിക്കുകയും അല്ലാഹുﷻവിന്റെ വഴിയിൽനിന്ന് (തങ്ങളെത്തന്നെയും മറ്റുള്ളവരെയും) തടയുകയും ചെയ്യുന്നവർ സത്യമാർഗത്തിൽ നിന്ന് ബഹുദൂരം പിഴച്ചുപോയിരിക്കുന്നു." (4:167)  


 ഭൂമിയിൽ അക്രമം കാണിക്കുകയും സത്യ നിഷേധികളായി ജീവിക്കുകയും ചെയ്യുന്നവരുടെ അവസ്ഥയെന്താണ്? അവർ രക്ഷയുടെ മാർഗം കണ്ടെത്തുകയില്ല. അവരുടെ പാപങ്ങൾ പൊറുക്കപ്പെടുകയില്ല. അക്രമങ്ങൾക്കിടയിലൂടെ ജീവിതം ഒഴുകി പോവുന്നു. അവർ പാപമോചനം തേടുന്നില്ല. പാപപങ്കിലമായ ജീവിതം തുടരുന്നു. അവരുടെ സങ്കേതം നരകമാകുന്നു... 


 വിശുദ്ധ ഖുർആൻ പറയുന്നു: "നിശ്ചയമായും സത്യത്തെ നിഷേധിക്കുകയും അക്രമം പ്രവർത്തിക്കുകയും ചെയ്തവർക്ക് അല്ലാഹു ﷻ പൊറുത്തുകൊടുക്കുകയോ രക്ഷാ മാർഗത്തിൽ ചേർത്തിക്കൊടുക്കുകയോ ചെയ്യുന്നതല്ല." (4:168)


 അവരുടെ വഴി നരകത്തിലേക്കാണ്. അവരതിൽ ചെന്നുചേരുകതന്നെ ചെയ്യും. ധിക്കാരികളെയും അക്രമികളെയും നരകത്തിലെത്തിക്കാൻ അല്ലാഹുﷻവിന് വല്ല പ്രയാസവുമുണ്ടോ, ഒരു പ്രയാസവുമില്ല വളരെ എളുപ്പമാണത്. നിസ്സാരം... 


അല്ലാഹു ﷻ പറയുന്നു:  "എന്നാൽ അവരെ ചേർക്കുന്നത് നരകത്തിലേക്കുള്ള മാർഗത്തിലേക്കായിരിക്കും. അതിൽ അവർ ശാശ്വതമായി താമസിക്കുന്നവരാകുന്നു. അല്ലാഹുവിന്നത് എളുപ്പമുള്ള കാര്യമാകുന്നു... (4: 169)



˙·٠•●♥  അനുഗ്രഹങ്ങൾ ഇരട്ടിയായി (1)♥●•٠


നാട് വാർത്ത കേട്ടുണരുകയാണ്.  പലർക്കും വിശ്വാസം വരുന്നില്ല. കേട്ടത് ഉൾക്കൊള്ളാനാവുന്നില്ല. കേട്ടു മറന്ന കഥ. ആ കഥ വീണ്ടും കേൾക്കേണ്ടിവരുന്നു. പത്ത് പതിനഞ്ച് വയസ്സുള്ള കുട്ടികൾ മുതിർന്നവരിൽ നിന്ന് കഥ കേട്ടിട്ടുണ്ട്...


 വർഷങ്ങൾക്കു മുമ്പ് ഇന്നാട്ടിൽ ഒരു ധനികൻ താമസിച്ചിരുന്നു. അദ്ദേഹത്തിന് ഏഴായിരം ആടുകളുണ്ടായിരുന്നു. മുവ്വായിരം ഒട്ടകങ്ങളുണ്ടായിരുന്നു. ധാരാളം പശുക്കളും കാളകളും കഴുതകളും ഉണ്ടായിരുന്നു. വമ്പിച്ച കൃഷിയിടങ്ങളും തോട്ടങ്ങളുമുണ്ടായിരുന്നു. കുട്ടികൾ ആകാംഷയോടെ കഥ കേൾക്കും.  മുതിർന്നവർ കഥ തുടരും. അദ്ദേഹത്തിന്റെ പേര് അയ്യൂബ് എന്നായിരുന്നു. ഭാര്യ റഹ്മത്ത്... 


 ഒരു കാലം വന്നു. ധനികന്റെ മൃഗങ്ങൾ നശിച്ചുപോയി. കൃഷിയും നശിച്ചു. തോട്ടങ്ങൾ ഉണങ്ങി. അയാൾ ദരിദ്രനായിപ്പോയി. മക്കൾ ഓരോരുത്തരായി മരിച്ചു. മാരകമായ രോഗം ബാധിച്ചു. നാട്ടിൽ നിൽക്കാൻ പറ്റാത്ത അവസ്ഥയായി. അയാളും ഭാര്യയും നാടുവിട്ടുപോയി. അതിനു ശേഷം വർഷങ്ങളെത്രയോ കടന്നുപോയി. ഇതാണ് പുതിയ തലമുറക്ക് കിട്ടിയ വിവരം...


 പിന്നെയും കാലം നീങ്ങി. കാലം ചെന്നപ്പോൾ അവരെക്കുറിച്ചുള്ള ഓർമ്മകൾ മങ്ങിപ്പോയി.  വളരെ പെട്ടെന്നാണ് ഓർമകൾ സജീവമായത്. എല്ലാവരും ഞെട്ടലോടെ അത് കേട്ടു. അയ്യൂബും ഭാര്യയും മടങ്ങിവന്നിരിക്കുന്നു. സത്യം തന്നെയോ..? പോയി നോക്കാൻ മടി. ഐശ്വര്യ കാലത്ത് കൂടെ നിന്നു. ആപത്ത് കാലത്ത് കൈവിട്ടു.  അതാണ് പലരും ചെയ്തത്. അത്തരക്കാർ എങ്ങനെ അടുത്തു ചെല്ലും. എങ്കിലും പതുങ്ങിപ്പതുങ്ങിച്ചെന്നു. എത്തിനോക്കി... 


 അതേ അയ്യൂബ് കൂടുതൽ സുമുഖനായിരിക്കുന്നു. മുഖത്തിനെന്തൊരു ശോഭ. കണ്ണുകൾക്കെന്തൊരു തിളക്കം . പെണ്ണുങ്ങൾ വന്നു റഹ്മത്തിനെ പൊതിഞ്ഞു. "പൊന്നു റഹ്മത്തേ... കണ്ടിട്ടെത്ര കാലമായി? എന്തൊക്കെയുണ്ട് വിശേഷങ്ങൾ? എവിടെയായിരുന്നു ഇത്രയും കാലം?"


 റഹ്മത്ത് മന്ദഹസിച്ചു. ഒരു പരിഭവവും കാണിച്ചില്ല. എല്ലാവരെയും സ്വീകരിച്ചു സംസാരിച്ചു. കേട്ടവർ കേട്ടവർ വരാൻ. തുടങ്ങി എല്ലാവർക്കും സ്വാഗതം. സ്വീകരണം. സൽക്കാരം...


 അയ്യൂബ് (അ) അവരോട് സംസാരിച്ചു. "ആരാധനക്കർഹനായ ഇലാഹ് ഒരുവനാകുന്നു. സൃഷ്ടാവായ അല്ലാഹുﷻ. അവനെ മാത്രം ആരാധിക്കുക ഞാൻ അല്ലാഹുﷻവിന്റെ നബിയാകുന്നു. എനിക്ക് സംഭവിച്ചതെല്ലാം നിങ്ങൾ കണ്ടില്ലേ? നിങ്ങൾക്കതിൽ ദൃഷ്ടാന്തമുണ്ട്. അല്ലാഹുﷻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു." ആളുകൾ കൗതുകപൂർവം സംസാരം കേട്ടു.  സന്തോഷകരമായ നാളുകൾ വരവായി. പലരും സത്യവിശ്വാസികളായി... 


 പെണ്ണുങ്ങൾക്ക് സന്തോഷവാർത്ത കിട്ടി. റഹ്മത്ത് ഗർഭിണിയാണ്. പിന്നെ വിരുന്നുകാരുടെ തിരക്കായി. അയ്യൂബ് (അ) ആടുകളെ വാങ്ങി വളർത്തി. അവ പെറ്റു പെരുകാൻ തുടങ്ങി. ഒട്ടകങ്ങളെ വാങ്ങി അവയുടെ എണ്ണവും വളർന്നു. പല ഭാഗത്തു നിന്നായി ജോലിക്കാർ വന്നു ചേർന്നു. അവർ കൃഷി തുടങ്ങി. അത്ഭുതകരമായി മാറി. കൃഷി എത്ര മേനിയാണ് വിളഞ്ഞത്..? 


 വിളവെടുപ്പ് വലിയ ഉത്സവം പോലെയായിരുന്നു. നൂറുക്കണക്കിന് തൊഴിലാളികൾ പാടത്തിറങ്ങി. കൊയ്തിട്ടും കൊയ്തിട്ടും തീരുന്നില്ല. കളപ്പുരകളിൽ ധാന്യം നിറഞ്ഞു കവിഞ്ഞു. അശരണരും, രോഗികളും, വിധവകളുമെല്ലാം ഔദാര്യം തേടി വരാൻ തുടങ്ങി.  എല്ലാവർക്കും വേണ്ടുവോളം കിട്ടി. സന്തോഷമായി... 


 റഹ്മത്തിന് സുഖപ്രസവം. പെണ്ണുങ്ങൾക്കാഹ്ലാദം. കുറഞ്ഞ വർഷങ്ങൾ കൊണ്ട് വലിയ മാറ്റങ്ങളുണ്ടായി. കന്നുകാലികൾ പഴയതിന്റെ ഇരട്ടിയായി. കൃഷിയും ഇരട്ടിയായി. അനുഗ്രഹങ്ങൾക്കു മേൽ അനുഗ്രഹം... 


 ഇബ്ലീസ് തലയും താഴ്ത്തി നടക്കുകയാണ്. ശ്വൈത്വാന്മാരുടെ നിരാശ പറയാനില്ല. പുതിയ സൂത്രങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണ്. ഒന്നും രൂപപ്പെട്ടു വരുന്നില്ല. റഹ്മത്ത് പലതവണ പ്രസവിച്ചു. ഓരോ പ്രസവം കഴിയുംതോറും സൗന്ദര്യം വർധിക്കുംപോലെ തോന്നി. പെണ്ണുങ്ങൾ അങ്ങനെ പറഞ്ഞ് അഭിനന്ദിച്ചു...


 മക്കളെല്ലാം യോഗ്യന്മാരാണ്. യോഗ്യതയുള്ള പുത്രിമാരും. മക്കളും ഇരട്ടിയായി. വലിയ വീട്. വീട്ടിലെപ്പോഴും ആൾക്കൂട്ടം. വലിയ പാത്രങ്ങളിൽ ഭക്ഷണമുണ്ടാക്കണം. ഓരോ നേരവും ആഹാരം കഴിക്കാൻ ഒരു ജനക്കൂട്ടം തന്നെയുണ്ടാവും. എല്ലാ പ്രതാപവും വന്നു ചേർന്നു. പദവികൾ തേടിയെത്തി. നബി ഒരു വാക്ക് പറഞ്ഞാൽ ആരും മാനിക്കും. കാലമെത്ര മാറിപ്പോയി. അയ്യൂബ് (അ) പറയുന്നത് ജനം അപ്പടി വിശ്വസിക്കും. അനുസരിക്കും. അക്കാലം വന്നപ്പോഴും അയ്യൂബിന്റെ അവസ്ഥയെന്ത്..?



˙·٠•●♥ അനുഗ്രഹങ്ങൾ ഇരട്ടിയായി (2)  ♥●•٠

അയ്യൂബ് നബി (അ)ന്റെ മക്കളെല്ലാം യോഗ്യന്മാരാണ്. യോഗ്യതയുള്ള പുത്രിമാരും. മക്കളും ഇരട്ടിയായി. വലിയ വീട്. വീട്ടിലെപ്പോഴും ആൾക്കൂട്ടം. വലിയ പാത്രങ്ങളിൽ ഭക്ഷണമുണ്ടാക്കണം. ഓരോ നേരവും ആഹാരം കഴിക്കാൻ ഒരു ജനക്കൂട്ടം തന്നെയുണ്ടാവും. എല്ലാ പ്രതാപവും വന്നു ചേർന്നു. പദവികൾ തേടിയെത്തി...


 നബി ഒരു വാക്ക് പറഞ്ഞാൽ ആരും മാനിക്കും. കാലമെത്ര മാറിപ്പോയി. അയ്യൂബ്  (അ) പറയുന്നത് ജനം അപ്പടി വിശ്വസിക്കും. അനുസരിക്കും. അക്കാലം വന്നപ്പോഴും അയ്യൂബിന്റെ അവസ്ഥയെന്ത്? എളിമയുടെ പര്യായം തന്നെ. അച്ചടക്കമുള്ള അടിമ. അല്ലാഹുﷻവിന്റെ അനുഗ്രഹം നേടിയ അടിയൻ. എല്ലാം അയ്യൂബ് (അ) നന്നായി മനസ്സിലാക്കിയിട്ടുണ്ട്...


 ആദ്യകാലം അത് ഐശ്വര്യത്തിന്റെ പരീക്ഷണ കാലഘട്ടമായിരുന്നു. പിന്നെ ദാരിദ്ര്യത്തിന്റെയും രോഗത്തിന്റെയും ഒറ്റപ്പെടലിന്റെയും പരീക്ഷണ കാലം. അതെല്ലാം കടന്നുപോയി ഇപ്പോഴോ?

അനുഗ്രഹങ്ങൾ വാരിക്കോരിത്തരികയാണ്. ഇത് വൻ പരീക്ഷണം...


 ഇബ്നു മസ്ഊദ് (റ)വിന്റെ റിപ്പോർട്ടിൽ ഇങ്ങനെ കാണാം : "അയ്യൂബ് നബി (അ)ന്റെ എല്ലാ മക്കളും മരണപ്പെട്ടിരുന്നു. അവർ ഏഴ് പുത്രന്മാരും മൂന്നു പുത്രികളുമായിരുന്നു. അവരെയെല്ലാം മടക്കിക്കിട്ടി അത്രയെണ്ണം വേറെയും കിട്ടി. എന്നു പറഞ്ഞാൽ ഭാര്യ ഏഴ് പുത്രന്മാരെയും മൂന്നു പുത്രിമാരെയും കൂടി പ്രസവിച്ചു..."


ഇബ്നു അബ്ബാസ് (റ) വിന്റെ റിപ്പോർട്ട് ഇങ്ങനെ : "അയ്യൂബ് (അ)ന്റെ എല്ലാ മക്കളും മരണപ്പെട്ടിരുന്നു. പിന്നെ അവർക്കെല്ലാം ജീവൻ കിട്ടി. അത്രയും പേർ പ്രസവിക്കപ്പെടുകയും ചെയ്തു..."


ഒരു റിപ്പോർട്ടിൽ ഇങ്ങനെ കാണുന്നു :

 "അയ്യൂബ് (അ)ന് രണ്ട് തോട്ടങ്ങളുണ്ടായിരുന്നു. ഒന്നിൽ ഗോതമ്പും. മറ്റേതിൽ യവവും കൃഷിചെയ്തിരുന്നു. ഈ തോട്ടങ്ങൾക്കു മുകളിൽ പ്രത്യേകതരം മേഘങ്ങൾ പ്രത്യക്ഷപ്പെട്ടു. ഒരു തോട്ടത്തിൽ സ്വർണവും. മറ്റേതിൽ വെള്ളിയും വർഷിച്ചു."


മറ്റൊരു റിപ്പോർട്ടിൽ കാണുന്നതിങ്ങനെ :

 "ആകാശത്ത് ഒരു പ്രത്യേകതരം മേഘം പ്രത്യക്ഷപ്പെട്ടു. സ്വർണത്തിന്റെ വെട്ടുകിളികൾ (ജറാദ്) വർഷിക്കാൻ തുടങ്ങി. മൂന്നു പകലും മൂന്നു രാവും ഇത് തുടർന്നു..."


"ഇത് മതിയോ?" ജിബ്രീൽ (അ) ചോദിച്ചു. 


"അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ കിട്ടിയാൽ മതിയാവുമോ?" അയ്യൂബ് (അ)ന്റെ മറുപടി. 


 അല്ലാഹുﷻവിന്റെ അനുഗ്രഹങ്ങൾ ഓരോ മനുഷ്യർക്കും കിട്ടുന്നു. കിട്ടുന്നവർക്കാർക്കും മതിവരുന്നില്ല. വീണ്ടും വീണ്ടും കിട്ടണം. അത് മനുഷ്യ പ്രകൃതിയാണ്. കേൾവി എന്ന അനുഗ്രഹം, കാഴ്ച എന്ന അനുഗ്രഹം, ആഹാര-പാനീയങ്ങൾ, ഉറക്കം, വിശ്രമം, ആരോഗ്യം, സമ്പത്ത്  ഇതെല്ലാം നിലനിൽക്കാനാഗ്രഹിക്കും. ഈ അനുഗ്രഹങ്ങൾ എത്ര കിട്ടിയാലും മതിവരില്ല...  


 അയ്യൂബ് (അ)ന്റെ മറുപടി അർത്ഥഗർഭമായിരുന്നു. അന്ത്യപ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളുടെ സദസ്സിൽ അയ്യൂബ് നബി (അ)ന്റെ ചരിത്രം പലതവണ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. അന്നത്തെ ക്രൈസ്തവരും അത് ചർച്ച ചെയ്തു... 


 ബൈബിളിൽ അയ്യൂബ് (അ)ന്റെ ചരിത്രമുണ്ട്. ക്രൈസ്തവർക്കറിയാം വിശുദ്ധ പ്രവാചകൻ ദിവ്യവെളിപാടിലൂടെ അത് പറഞ്ഞപ്പോൾ ക്രൈസ്തവർക്ക് അതിശയമായി. ക്രൈസ്തവർ ഉൾപ്പെടെ മുഴുവൻ ജനങ്ങളോടും വിശുദ്ധ ഖുർആൻ ആഹ്വാനം ചെയ്യുന്നത് ഇപ്രകാരമായിരുന്നു :


 "ഓ... ജനങ്ങളേ നിശ്ചയമായും നിങ്ങളുടെ റബ്ബിൽ നിന്നുള്ള സത്യവും കൊണ്ടാണ് റസൂൽ നിങ്ങളുടെ അടുക്കൽ വന്നിരിക്കുന്നത്. അതുകൊണ്ട് റസൂലിൽ വിശ്വസിക്കുക. നിങ്ങൾക്ക് ഗുണകരമായത് പ്രവർത്തിക്കുക. നിങ്ങൾ നിഷേധിച്ചാൽ നിങ്ങൾക്കു ദോഷം. ആകാശ ഭൂമികളിലുള്ളതെല്ലാം അല്ലാഹുﷻവിന്റേതാകുന്നു. അല്ലാഹുﷻ സർവജ്ഞനും മഹാ തന്ത്രജ്ഞനുമാകുന്നു." (4:170)


 അല്ലാഹു ﷻ സർവശക്തനും മഹാ തന്ത്രജ്ഞനുമാണ്. മനുഷ്യൻ കഴിവില്ലാത്തവനും നിസ്സാരനുമാവുന്നു. മനുഷ്യരെ ഉയർത്തിക്കൊണ്ടു വരുന്നത് അല്ലാഹുﷻവിന്റെ പ്രവാചകന്മാരാകുന്നു. ചരിത്രം അത് ഓർമിപ്പിക്കുന്നു...



˙·٠•●♥ സ്വർണ്ണ മഴ (1 ) ♥●•٠

ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടിവരിക നബിമാർക്കാണ്. അത് കഴിഞ്ഞാൽ സ്വാലിഹീങ്ങൾ. നബി ﷺ പ്രസ്താവിച്ചു: "ഒരാൾ മതത്തിൽ എത്രത്തോളം ഉന്നതനാണോ അതിനനുസരിച്ചുള്ള പരീക്ഷണമുണ്ടാകും." 


 അയ്യൂബ് നബി (അ) ൽ നാല് ഗുണങ്ങൾ വർധിപ്പിക്കാൻ പരീക്ഷണങ്ങൾ കാരണമായി. ക്ഷമ, നന്മ, സ്തുതി, നന്ദി. മറ്റുള്ള സത്യവിശ്വാസികൾക്ക് ഇത് മഹത്തായ പാഠമാണ്. പരീക്ഷണങ്ങൾ കാരണം ഈ ഗുണങ്ങൾ വർധിക്കണം. ഇതിന്റെ വിപരീത ഗുണങ്ങളാവരുത്.  പല മനുഷ്യരിലും നാം കാണുന്നത്  വിപരീത ഗുണങ്ങളാണ്. വിപരീത ഗുണങ്ങളുണ്ടായാൽ പരീക്ഷണത്തിൽ പരാജയപ്പെടും. നിർഭാഗ്യവാനാകും...


 ഇസ്രാഈലി പണ്ഡിതന്മാർ അയ്യൂബ് നബി (അ) ന്റെ പരീക്ഷണങ്ങളെക്കുറിച്ച് ദീർഘമായ റിപ്പോർട്ടുകൾ നൽകിയിട്ടുണ്ട്.  പരീക്ഷണ കാലഘട്ടത്തെക്കുറിച്ച് പണ്ഡിതന്മാർ ഭിന്നാഭിപ്രായങ്ങൾ പറയപ്പെട്ടിരിക്കുന്നു...


 അനസ് (റ) പറയുന്നു : അയ്യൂബ് നബി (അ) ന്റെ പരീക്ഷണ കാലം ഏഴ് വർഷവും ചില മാസങ്ങളുമാകുന്നു. ഹമീദ് എന്ന പണ്ഡിതന്റെ റിപ്പോർട്ടിൽ പതിനെട്ട് വർഷമാണ് പരീക്ഷണ കാലം... 


 സുദിയുടെ റിപ്പോർട്ടിൽ ഇങ്ങനെയുമുണ്ട് : കഠിനമായ രോഗം കാരണം ശരീരത്തിലെ മാംസം നഷ്ടപ്പെട്ടു. രോഗം വർഷങ്ങളോളം നീണ്ടു. ഒരിക്കൽ ഭാര്യ ഇങ്ങനെ പറഞ്ഞു: "അയ്യൂബ് നബിയേ... അങ്ങ് പ്രാർത്ഥിച്ചാൽ അല്ലാഹു രോഗം മാറ്റിത്തരുമല്ലോ" 


അയ്യൂബ് നബി (അ) മറുപടി നൽകിയതിങ്ങനെ : "നല്ല ആരോഗ്യവാനായി ഞാൻ ജീവിച്ചത് എഴുപത് കൊല്ലമാണ്. എഴുപത് കൊല്ലം ഞാൻ ക്ഷമിക്കുകയും വേണ്ടേ?" ഈ മറുപടി കേട്ട് ഭാര്യ നടുങ്ങിപ്പോയി. ഭാര്യ മാത്രമല്ല കാലം പോലും നടുങ്ങിപ്പോയി... 


 കൂലിപ്പണി ചെയ്താണ് ഭാര്യ ഭർത്താവിനെ  പരിപാലിച്ചത്. പിന്നീട് ജനങ്ങൾ ഈ സ്ത്രീയെ തിരിച്ചറിഞ്ഞു. മാരക രോഗം ബാധിച്ച അയ്യൂബിന്റെ ഭാര്യയാണ് ഈ സത്രീയെന്ന് അറിഞ്ഞപ്പോൾ അവർ വീട്ടിൽ കയറ്റിയില്ല. ജോലി നിഷേധിക്കപ്പെട്ടു. പണിയും കൂലിയും ഇല്ലാതായി. രോഗം തങ്ങൾക്കും പകരുമെന്ന് അവർ ഭയന്നു. സ്ത്രീയെ ആട്ടിയകറ്റി. മുഴുപ്പട്ടിണിയായി...


 ഈ ഘട്ടത്തിലാണ് മനോഹരമായ മുടിയുടെ പകുതി വിറ്റ് ഭക്ഷണം വാങ്ങിയത്. ഭക്ഷണവുമായി വന്നപ്പോൾ അയ്യൂബ് നബി (അ) ചോദിച്ചു: "ഇന്നെവിടെനിന്നാണ് ഭക്ഷണം? ജോലി ചെയ്ത് കൂലി വാങ്ങിയതാണോ?"

മൗനം പാലിച്ചു.  ചോദ്യത്തിനൊന്നും മറുപടി പറഞ്ഞില്ല...  


 "നീ വ്യക്തമായ മറുപടി നൽകിയില്ലെങ്കിൽ ഞാൻ ഈ ആഹാരം കഴിക്കില്ല." അന്ന് പട്ടിണി കിടന്നു മുടി വിറ്റ കാര്യം പറഞ്ഞാൽ ദേഷ്യപ്പെടും. അത് ഭയന്നിട്ടാണ് മൗനം പാലിച്ചത്... 


 പിറ്റേ ദിവസം ജോലി അന്വേഷിച്ചു നടന്നു. എല്ലാവരും അകറ്റി നിർത്തി. വീട്ടിൽ കയറ്റിയില്ല. പരീക്ഷണം മൂർദ്ധന്യത്തിലെത്തി. ഇന്നലെ ഭർത്താവ് പട്ടിണിയാണ് ഇന്ന് ആഹാരമില്ലാതെ എങ്ങനെ ചെല്ലും. ആഹാരം എങ്ങനെ കിട്ടും? മുടിയുടെ ബാക്കി ഭാഗം കൂടി വിറ്റു ആഹാരം വാങ്ങി മടങ്ങിവന്നു...


 "എവിടെ നിന്നാണ് ആഹാരം? എങ്ങനെ വാങ്ങി. മറുപടി പറയണം അല്ലെങ്കിൽ ഞാനിത് കഴിക്കില്ല" 


 ഭാര്യ വല്ലാതെ ഭയന്നുപോയി. സത്യാവസ്ഥ പറഞ്ഞാൽ കോപിക്കും. അത് കാണാൻ തന്നെക്കൊണ്ടാവില്ല. സത്യാവസ്ഥ പറയാതിരുന്നാലോ? ആഹാരം കഴിക്കില്ല ഇനിയെന്ത് ചെയ്യും? ഒരു സ്ത്രീയുടെ ദുർഘട പരീക്ഷണ നിമിഷം. അവർക്ക് സംസാരിക്കാനാവുന്നില്ല. മുഖത്ത് ഒരിക്കലും കാണാത്ത ദയനീയ ഭാവം. കണ്ണുകൾ നിറഞ്ഞു...


 ഭർത്താവ് രൂക്ഷമായി നോക്കുന്നു ഭാര്യയുടെ മനസ്സെരിയുന്നു. ആ നോട്ടം സഹിക്കാനാവുന്നില്ല. ഭാര്യയുടെ കരങ്ങൾ നീണ്ടു. ശീരോവസ്ത്രത്തിലേക്ക്. ശിരസ്സിലെ തട്ടം എടുത്തു മാറ്റി. അയ്യൂബ് (അ) ഞെട്ടിപ്പോയി. എന്തൊരു ശിരസ്സാണിത്. പൂർണ്ണമായി മുണ്ഡനം ചെയ്യപ്പെട്ടിരിക്കുന്നു.  തനിക്കാഹാരം തരാൻ വേണ്ടി ഭാര്യ സഹിച്ച ത്യാഗം. ഇത് വേണ്ടായിരുന്നു.

പട്ടാണി കിടക്കാം. ഈ രീതിയിൽ മുടി നീക്കരുതായിരുന്നു. മുടിയില്ലാത്ത ശിരസ്സ്  ആ നിമിഷത്തിൽ അയ്യൂബ് നബി (അ) പറഞ്ഞു പോയി... 


 "അല്ലാഹുവേ പീഡനവും അവശതയും എന്നെ ബാധിച്ചിരിക്കുന്നു നീ കരുണ ചെയ്യുന്നവരിൽ ഏറ്റവും കൂടുതൽ കരുണ ചെയ്യുന്നവനാകുന്നു." 


إِذْ نَادَىٰ رَبَّهُ أَنِّي مَسَّنِيَ الضُّرُّ وَأَنْتَ أَرْحَمُ الرَّاحِمِينَ




˙·٠•●♥ സ്വർണ്ണ മഴ (2)  ♥●•٠


ഇബ്നു ഹാത്തിമിന്റെ റിപ്പോർട്ടിൽ ഒരു സംഭവം പറയുന്നു :

അയ്യൂബ് നബി (അ)ന് രണ്ട് സഹോദരന്മാരുണ്ടായിരുന്നു. അവർ ഇടക്കിടെ രോഗസന്ദർശനത്തിനായി വരും. ഒരിക്കൽ വന്നപ്പോൾ വൃണങ്ങളിൽ നിന്ന് വാസന അനുഭവപ്പെട്ടു. അത് കാരണം അവർ അകന്നുനിന്നു. അവർ തമ്മിലുള്ള സംഭാഷണം അയ്യൂബ് നബി (അ) കേൾക്കുന്നുണ്ട്...


 ഒരാൾ പറഞ്ഞു:  "അയ്യൂബിന്റെ എന്തെങ്കിലും നന്മയുള്ളതായി അല്ലാഹു ﷻ അറിഞ്ഞിരുന്നെങ്കിൽ ഇത്രയും മാരകമായ രോഗം നൽകുമായിരുന്നില്ല." ഇത് കേട്ടു അയ്യൂബ് നബി (അ) നടുങ്ങിപ്പോയി..!! അതുപോലൊരു നടുക്കം മറ്റൊരിക്കലും ഉണ്ടായിട്ടില്ല. രണ്ട്  സഹോദരന്മാരും കേൾക്കത്തക്കവിധം നബി പ്രാർത്ഥന നടത്തി... 


 "അല്ലാഹുവേ..! ഞാൻ രാത്രി വിശപ്പ് അനുഭവിച്ചിട്ടുണ്ട്. വിശക്കുന്നവരുടെ അവസ്ഥ അറിയാൻ വേണ്ടിയാണത്. ഇത് സത്യമാണെന്ന് നിനക്കറിയാമെങ്കിൽ നീ സാക്ഷ്യം വഹിക്കുക."

ആകാശത്ത് നിന്ന് അശരീരി കേട്ടു. സത്യമാണ്. രണ്ട് സഹോദരന്മാരും അത് കേട്ടു ഞെട്ടി..!!


 "അല്ലാഹുവേ! എനിക്ക് രണ്ട് ജോഡി വസ്ത്രമില്ല. ഒരു വസ്ത്രമേയുള്ളൂ. വസ്ത്രമില്ലാത്തവരുടെ  പ്രയാസം മനസ്സിലാക്കാനാണത്. ഇത് സത്യമാണെങ്കിൽ അല്ലാഹുവേ നീ സാക്ഷ്യം വഹിക്കുക. 

"ഇത് സത്യം"...  ആകാശത്ത് നിന്ന് ശബ്ദം കേട്ടു. രണ്ട് സഹോദരങ്ങളും അത് കേട്ടു. ഞെട്ടലോടെ മടങ്ങിപ്പോയി. അയ്യൂബ് നബി  (അ) സുജൂദിൽ വീണു. നബിയുടെ സത്യാവസ്ഥ അല്ലാഹു ﷻ വെളിപ്പെടുത്തുകയും ചെയ്തു...


 ഇബ്നു ഹാത്തിം പറയുന്നു:  

അയ്യൂബ് നബി (അ)ന് സ്വർഗത്തിൽ നിന്നുള്ള വസ്ത്രങ്ങൾ കിട്ടി. അത് ധരിച്ചു സുമുഖനായിത്തീർന്നു. ഭാര്യ വന്നു. ഭർത്താവിനെ കാണാനില്ല. വെപ്രാളമായി. ചെന്നായ പിടിച്ചു കൊണ്ടുപോയോ എന്നുവരെ ചിന്തിച്ചുപോയി. ഭയന്നു അവിടെ കണ്ട സുമുഖനോട് ചോദിച്ചു. "ഇവിടെയുണ്ടായിരുന്ന രോഗി എവിടെ?  അയ്യൂബ് നബി എവിടെ..?"  


 അദ്ദേഹം പറഞ്ഞു: "ഞാൻ തന്നെയായിരിക്കും അയ്യൂബ്." 


 ഭാര്യ ചോദിച്ചു: "എന്നെ കളിയാക്കുകയാണോ?"


 അദ്ദേഹം പറഞ്ഞു: "നാശം ഞാൻ തന്നെയാണ് അയ്യൂബ്. അല്ലാഹു ﷻ എന്റെ ശരീരം തിരിച്ചു തന്നു." 

 ഭാര്യ നോക്കി. ബോധ്യംവന്നു. സന്തോഷമായി...  


 ഇബ്നു അബ്ബാസ് (റ) പറയുന്നു:  

അല്ലാഹു ﷻ അയ്യൂബ് നബി (അ)ന് നഷ്ടപ്പെട്ട സമ്പത്തും സന്താനങ്ങളെയും തിരിച്ചു നൽകി. അത്ര വേറെയും നൽകി... 


 ഇബ്നു അബീ ഹാത്തിമിന്റെ റിപ്പോർട്ട്: നബി  ﷺ തങ്ങൾ പറഞ്ഞു: അയ്യൂബ് നബി (അ) ന്റെ രോഗം മാറിയപ്പോൾ അവിടെ സ്വർണത്തിന്റെ വെട്ടുകിളികൾ മഴയായി വർഷിച്ചു. സ്വർണ മഴ. അയ്യൂബ് (അ)അത് ശേഖരിച്ചു... 


 അല്ലാഹു ﷻ ചോദിച്ചു : "അയ്യൂബ്.., നിനക്ക് മതിയോ?"


 അയ്യൂബ് നബി (അ) മറുപടി നൽകി: "നിന്റെ റഹ്മത്ത് ലഭിച്ചാൽ ആർക്കാണ് മതിയാവുക?"


 ബന്ധുക്കളെ നൽകിയതിനെക്കുറിച്ചു വിശുദ്ധ ഖുർആനിൽ പറഞ്ഞതിങ്ങനെയാകുന്നു. "നാം അദ്ദേഹത്തിന്റെ ബന്ധുക്കളെ നൽകി. അത്ര വേറെയും നൽകി. തുടർന്നു പറഞ്ഞു: നമ്മിൽ നിന്നുള്ള കാരുണ്യമായിട്ട്." 


 ഇവിടെ റഹ്മത്ത് എന്ന പദം വന്നു. ഇതിൽ നിന്ന് ചില പണ്ഡിതന്മാർ മനസ്സിലാക്കുന്നത് അയ്യൂബ് നബി (അ)ന്റെ ഭാര്യയുടെ പേര് റഹ്മത്ത് ആണെന്നാണ്. റഹ്മത്തിന് അല്ലാഹു ﷻ യൗവ്വനം തിരിച്ചു നൽകി. അവർ ഇരുപത്താറ് പുത്രന്മാരെ പ്രസവിച്ചുവെന്ന് ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...


 ഇബ്നു ജരീറും മറ്റു ചിലരും രേഖപ്പെടുത്തി: മരണപ്പെടുമ്പോൾ അയ്യൂബ് (അ)ന് തൊണ്ണൂറ്റി മൂന്ന് വയസ്സായിരുന്നു. ഇതിനെക്കാളെറെക്കാലം അയ്യൂബ് (അ) ജീവിച്ചതായി മറ്റ് റിപ്പോർട്ടുകളിലുണ്ട്.  

രോഗ വിമുക്തനായ ശേഷം എഴുപത് വർഷക്കാലം മതപ്രബോധനം നടത്തിയതായി രേഖകളിൽ പറയുന്നുണ്ട്... 


 റൂം പ്രദേശത്താണ് മതപ്രബോധനം നടത്തിയത്. മതശാസനകൾ സ്വീകരിച്ചതോടെ ശാന്തിയും സമാധാനവും സന്തോഷവും നിറഞ്ഞ ജീവിതം നയിക്കാൻ റോം നിവാസികൾക്ക് കഴിഞ്ഞു... 





˙·٠•●♥വഫാത്ത് (1) ♥●•٠


.പരലോകത്ത്  വെച്ച് മനുഷ്യരെല്ലാം വിചാരണ ചെയ്യപ്പെടും. ധനികരെ വിചാരണ ചെയ്യപ്പെടുമ്പോൾ സുലൈമാൻ നബി (അ) ഹാജരാക്കും. ധനികർ വേണ്ടവിധത്തിൽ ധനം ചെലവഴിച്ചിരുന്നോ? ധനം കൊണ്ട് അഹങ്കാരം കാണിച്ചിരുന്നോ? എല്ലാം പരിശോധിക്കാം. ധനം എങ്ങനെ ചെലവഴിക്കണമെന്ന് സുലൈമാൻ നബി  (അ) ന്റെ നടപടികളിൽ നിന്ന് മനസ്സിലാക്കാം... 


 ഭൂമിയിൽ കഠിന പരീക്ഷണങ്ങൾക്ക് വിധേയരായവരെ ഹാജരാക്കും. വിചാരണ ചെയ്യും. അപ്പോൾ അയ്യൂബ് (അ)നെ അവിടെ ഹാജരാക്കും. ഇപ്രകാരമെല്ലാം മുജാഹിദ് (റ) ന്റെ റിപ്പോർട്ടിലുണ്ട്... 


 അയ്യൂബ് (അ)ന്റെ കാലശേഷം ദീൻ പ്രചരിപ്പിച്ച പുണ്യ പ്രവാചകൻ തന്റെ പുത്രനായ ദുൽകിഫ്ലി (അ) ആയിരുന്നു. പിതാവിന്റെ ജീവിതത്തിൽ നിന്ന് വളരെയേറെ കാര്യങ്ങൾ പഠിക്കാൻ പുത്രന് കഴിഞ്ഞിട്ടുണ്ട്. പുത്രൻ ക്ഷമാശീലനായിത്തന്നെ വളർന്നു. അല്ലാഹുﷻവിന്റെ പ്രശംസ നേടുകയും ചെയ്തു...


 ഇബ്രാഹിം (അ), ഇസ്ഹാഖ് (അ), യഹ്ഖൂബ് (അ), ഇസ്മാഈൽ (അ), അൽയസഹ് (അ) എന്നീ മഹാ പ്രവാചകന്മാരോടൊപ്പം ചേർന്ന് ദുൽകിഫ്ലി (അ)നെയും അല്ലാഹു ﷻ പ്രശംസിക്കുന്നു...


 സൂറത്ത് സ്വാദിലെ ചില വചനങ്ങൾ കാണുക : "നമ്മുടെ അടിമകളെ അതായത് കർമശക്തിയും ഉൾക്കാഴ്ചയുമുണ്ടായിരുന്ന ഇബ്രാഹിം, ഇസ്ഹാഖ്, യഹ്ഖൂബ് എന്നിവരെ ഓർക്കുക." (38:45)


 "നിശ്ചയമായും ഒരു പരിപാവന കാര്യം കൊണ്ട് അവരെ നാം പ്രത്യേകമാക്കി. അതായത് പരലോക സ്മരണ കൊണ്ട്." (38:46)


 "അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാരിൽ പെട്ടവർ തന്നെയാകുന്നു." (38:47)


 "ഇസ്മാഈൽ, അൽയസഹ്, ദുൽകിഫ്ലി എന്നിവരെയും ഓർക്കുക. അവരെല്ലാവരും തന്നെ ഉത്തമന്മാരിൽ പെട്ടവരായിരുന്നു."  (38:48)


 കാലഘട്ടത്തെ അതിശയം കൊള്ളിച്ച മഹാപ്രവാചകന്മാർ. എത്ര വലിയ അംഗീകാരമാണവർക്ക് ലഭിച്ചത്. പരലോക സ്മരണയാണവരെ നയിച്ചത്. ദുനിയാവ് പരലോകത്തിന് വേണ്ടി പകരം നൽകി. സുഖസൗകര്യങ്ങളും അലങ്കാരങ്ങളുമെല്ലാം പരലോകത്ത് മതി. ദുനിയാവിലെ സുഖങ്ങളും സൗകര്യങ്ങളും വേണ്ടെന്ന് വെച്ചു. പരിത്യാഗ ജീവിതം നയിച്ചവർ...


 യാതനകൾ, കഷ്ടപ്പാടുകൾ, പരീക്ഷണങ്ങൾ ഇവയെല്ലാം ധാരാളം സഹിച്ചു. ജനങ്ങൾക്കൊപ്പം നിന്നു. അത് കാരണം അവർ അല്ലാഹുﷻവിന്റെ പ്രത്യേകക്കാരായിത്തീർന്നു. അല്ലാഹുﷻവിന്റെ പ്രത്യേക പരിഗണന ലഭിക്കുകയെന്നത് അപൂർവ്വ പദവിയാണ്. പരലോക സ്മരണ നമ്മെയും പ്രത്യേകക്കാരാക്കിത്തീർക്കും എന്ന വസ്തുത നാം മനസ്സിലാക്കണം... 


 നമുക്ക് വേണ്ടത് പരലോക വിജയമാണ്. അവിടെ ഉന്നത സ്ഥാനം ലഭിക്കണം. അതിനുവേണ്ടി ദുനിയാവിൽ ചില ത്യാഗങ്ങളൊക്കെ സഹിക്കേണ്ടിവരും. പരീക്ഷണങ്ങൾ ക്ഷമയോടെ സഹിക്കണം. എല്ലാ സന്തോഷവും ദുനിയാവിൽ വെട്ടിപ്പിടിക്കാൻ നിന്നാൽ പരലോകം മറന്നു പോകും. അവിടെയെത്തുമ്പോഴാണ് പരാജയം എത്ര ഭീകരമാണെന്നറിയുക... 


 വിശുദ്ധ ഖുർആൻ ഈ പ്രവാചകന്മാരെ പരിചയപ്പെടുത്തിത്തന്നത് അവരെ മാതൃകയാക്കി ജീവിക്കാനാണ്. അവരെ സ്നേഹിക്കണം. ആദരിക്കണം. അവരിൽനിന്ന് ആവുന്നേടത്തോളം പാഠങ്ങൾ പഠിക്കുകയും വേണം. അവർ നമ്മുടെ അടുക്കൽ തിരഞ്ഞെടുക്കപ്പെട്ട ഉത്തമന്മാർ ആകുന്നു. എന്നാണ് അല്ലാഹു ﷻ പറയുന്നത്...


 അവർ തന്നെയാണ് ശ്രേഷ്ഠന്മാർ. ആദരണീയർ. അവരെ ആദരിച്ച വചനങ്ങൾ തന്നെ എത്ര മഹത്തരം. ഉത്തമന്മാർ എന്ന് വിശേഷിപ്പിച്ചുകൊണ്ട് പരിയപ്പെടുത്തിത്തന്നത് ആരെയൊക്കെയാണ്. ഇസ്മാഈൽ(അ), അൽയസഹ്(അ), ദുൽകിഫ്ലി(അ)...

 

 അൽയസഹ് (അ) മഹാനായ പ്രവാചകനാണ്. അദ്ദേഹത്തിന്റെ പിതാവ് ഉഖ്തുബ് ആയിരുന്നു. ഇസ്രാഈലീ സമൂഹത്തിലെ ഒരു സമുന്നത വ്യക്തിയാണദ്ദേഹം. ഇൽയാസ് നബി (അ) ന്റെ  പിൻഗാമിയായിരുന്നു അൽയസഹ് (അ). ഇൽയാസ് (അ)ന് ശേഷം അൽയസഹ് (അ) ഇസ്രാഈല്യരുടെ പ്രവാചകനായിത്തീർന്നു...


 അല്ലാഹുﷻവിന്റെ സന്ദേശങ്ങൾ നടപ്പാക്കുന്നതിൽ കഠിന ത്യാഗങ്ങൾ സഹിക്കേണ്ടിവന്ന പ്രവാചകനാണ്  ദുൽകിഫ്ലി(അ). ഉത്തമന്മാർ  (أَخْيَارِ) എന്നാണ് അല്ലാഹു ﷻ ഇവരെയെല്ലാം  വിശേഷിപ്പിച്ചത്... 


 മനുഷ്യർ ദോഷങ്ങൾ ചെയ്യരുത്. സൂക്ഷിക്കണം. ദോഷബാധയെ സൂക്ഷിക്കുന്നവർക്ക് ഇവർ മാതൃകയാണ്. ഇത്രയും പ്രവാചകന്മാരെ പരിചയപ്പെടുത്തിയ ശേഷം അല്ലാഹു ﷻ പറയുന്നത് പ്രത്യേകം ശ്രദ്ധിക്കുക...


 "ഇതൊരു പ്രസ്താവനയാണ്. നിശ്ചയമായും ദോഷബാധയെ സൂക്ഷിക്കുന്നവർക്ക് നല്ല മടക്കസ്ഥാനമുണ്ട്." (38:49)


 നല്ല മടക്കസ്ഥാനം എന്താണ്..? സ്വർഗം. ദോഷങ്ങൾ വരാതെ സൂക്ഷിച്ചു ജീവിച്ച മുത്തഖീങ്ങൾക്ക് സ്വർഗമുണ്ട്. അവർക്കുവേണ്ടി സ്വർഗവാതിലുകൾ തുറക്കപ്പെട്ടിരിക്കുന്നു. സ്ഥിരതാമസത്തിന് വേണ്ടി അതിലേക്ക് കടന്നുചെല്ലാം...


 അല്ലാഹു ﷻ സജ്ജനങ്ങളുടെ കാര്യം പറയുന്നു ഇങ്ങനെ: "അവർക്കായി വാതിലുകൾ തുറന്നുവെക്കപ്പെട്ട സ്ഥിരതാമസത്തിനുള്ള സ്വർഗങ്ങൾ ഉണ്ട്." (38:50)


 "അവരതിൽ ചില കട്ടിലുകളിൽ  ചാരിയിരിക്കുന്നവരായി സുഖമനുഭവിക്കും. അവരവിടെ ധാരാളം പഴങ്ങൾക്കും പാനീയങ്ങൾക്കും ആവശ്യപ്പെടും." (38:51)


 "അവരുടെയടുത്ത് കണ്ണുകളെ നിയന്ത്രിക്കുന്നവരും സമവയസ്കരുമായ തരുണികളുമുണ്ടായിരിക്കും." (38:52)


"വിചാരണ ദിവസത്തേക്ക് നിങ്ങളോട് വാഗ്ദാനം ചെയ്യപ്പെടുന്നതാണിതെല്ലാം." (38:53) 




˙·٠•●♥വഫാത്ത് (2) ♥●٠


അയ്യൂബ് നബി (അ) നേരിട്ട പരീക്ഷണം അതെത്രയോ കഠിനമായിരുന്നു. അതിനുള്ള പ്രതിഫലം ഈ ലോകത്തും പരലോകത്തുമുണ്ട്. അല്ലാഹു ﷻ പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട മഹാന്മാരിൽ ഉന്നത സ്ഥാനമാണ് അയ്യൂബ് നബി (അ) നുള്ളത്...


 കാലം നീങ്ങിക്കൊണ്ടിരുന്നു. പഴയ തലമുറയിൽ പെട്ടവർ മരിച്ചു തീരുകയാണ്. പുതിയ തലമുറ വന്നുകൊണ്ടിരിക്കുന്നു. പുതിയ തലമുറയെ ഇബ്ലീസ് ലക്ഷ്യമിടുകയാണ്. അവരെ വഴി പിഴപ്പിക്കാനുള്ള സൂത്രങ്ങൾ തേടുകയാണ് പിശാചുക്കൾ... 


 അയ്യൂബ് നബി (അ)ന്റെ പുത്രന്മാർ. അവരെല്ലാം ഉത്തമന്മാർ തന്നെ. അവരിൽ നിന്നെല്ലാം പരമ്പരകളുണ്ടായി. സമൂഹത്തിൽ ധാരാളം നല്ല മനുഷ്യരുണ്ടായി. ഒരു നല്ല കാലഘട്ടം വന്നു. കൃഷിഭൂമി ഐശ്വര്യപൂർണമായി. ധാരാളം വിളവുകളുണ്ടായി. ഔദാര്യം കവിഞ്ഞൊഴുകി. കാലികളെക്കൊണ്ട് മലഞ്ചരിവുകൾ നിറഞ്ഞു... 


 അയ്യൂബ് (അ)ന്റെ രോഗശമനത്തിനുശേഷമുള്ള എഴുപത് വർഷങ്ങൾ. അല്ലാഹുﷻവിന്റെ മാർഗത്തിലേക്ക് ജനങ്ങളെ ക്ഷണിച്ചുകൊണ്ടിരുന്നു. സഫലമായ സംവത്സരങ്ങൾ. ദുനിയാവിന്റെ ആഢംബരങ്ങൾ മനസ്സിനെ സ്പർശിച്ചില്ല. എപ്പോഴും മനസ്സിൽ അല്ലാഹുﷻവിനെ കുറിച്ചുള്ള സ്മരണ മാത്രം. അതില്ലാത്ത ഒരു നിമിഷവുമില്ല...


 റഹ്മത്ത് (റ). സ്ത്രീലോകത്തിന് മഹത്തായ മാതൃകയാണവർ. ഭർത്താവിനെ പരിപാലിക്കുന്നതിൽ അവർ കാണിച്ചുതന്ന മാതൃക കാലഘട്ടത്തെ കോരിത്തരിപ്പിക്കുന്നതാണ്...


 റഹ്മത്ത് (റ) പുണ്യവതിയാണ്. പ്രകാശമാണ് അവരുടെ ചരിത്രം നമ്മുടെ സ്ത്രീകളുടെ മനസ്സിൽ പ്രകാശം പരത്തട്ടെ. ഭൂമിയിൽ അവർക്കായി നിശ്ചയിക്കപ്പെട്ട കാലാവധി തീരുകയാണ്. ഒരു രേഖയിൽ കാണുന്നതിങ്ങനെയാണ് അയ്യൂബ് (അ) ഇരുനൂറ്റി ഇരുപത് വയസ്സുവരെ ജീവിച്ചു... 


 രോഗം ഭേദമായ ശേഷം എഴുപത് വർഷം ജീവിച്ചു. ദൗത്യം നിർവഹിച്ച ചാരിതാർഥ്യം എപ്പോഴും പൊറുക്കലിനെ തേടിക്കൊണ്ടിരുന്നു. അവസാന കാലം ആരാധനകൾ വർധിച്ചു. അങ്ങനെയങ്ങനെ ആ ജീവിതം കടന്നുപോയി. അയ്യൂബ് (അ) വഫാത്തായി...


إنا لله وإنا إليه راجعون


 നാടാകെ ഒഴുകിക്കൂടി. മരണാന്തര കർമ്മങ്ങൾ നിർവഹിച്ചു. മണ്ണിലേക്കു മടങ്ങി... 

 ദുൽകിഫ്ലി (അ) ന്റെ കാലം വന്നു. ജനങ്ങളെ സന്മാർഗത്തിലേക്കു ക്ഷണിച്ചു കൊണ്ടിരുന്നു. തലമുറകൾ ആ ഖബറുകൾ സന്ദർശിച്ചു കൊണ്ടിരുന്നു. അയ്യൂബ് (അ)ന്റെ ഖബർ. റഹ്മത്ത് (റ)വിന്റെ ഖബർ. പിൽക്കാലക്കാർ അവരിൽ നിന്ന് പ്രകാശം നേടി. നമുക്കും നേടാം ആ പ്രകാശം. നമുക്ക് നാളെ അവരോടൊപ്പം ചേരണം. അല്ലാഹു ﷻ തൗഫീഖ് നൽകി അനുഗ്രഹിക്കട്ടെ (ആമീൻ)

 അയ്യൂബ് നബി (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക  വിജയം പ്രദാനം ചെയ്യട്ടെ ...

ആമീൻ യാ റബ്ബൽ ആലമീൻ...☝????

 അയ്യൂബ് നബി (അ)നും മറ്റു

ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും, മഹതിക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...

 ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...


【 അയ്യൂബ് നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】

       

നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും   ഗുരുവര്യന്മാരേയും  അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക .   അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ  whatsapp GROUP no . 00919746695894
00919562658660



വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് . നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ

  ഒരു കുഞ്ഞ് പിറന്നാൽ;.101 മസ്അലകൾ. PDF ആവശ്യമുളളവർ ഇതിൽ തൊടുക. നമുക്കൊരു കുഞ്ഞ് പിറന്നാൽ ചെയ്യേണ്ട കർമ്മങ്ങളുടെ സമഗ്ര പഠനമാണിത്. 101 മസ്അലകളിലായി നമുക്കിത് വായിക്കാം. 1.ബാങ്കും ഇഖാമത്തും കൊടുക്കൽ ഒരു കുട്ടി പിറന്നാല്‍ ആദ്യമായി ചെയ്യേണ്ടത് വലതുചെവിയില്‍ വാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കലാണ്. അബൂറാഫിഇല്‍ നിന്ന് നിവേദനം. അദ്ദേഹം പറഞ്ഞു: ‘ഫാത്വിമ(റ) പ്രസവിച്ച സമയത്ത് ഹസന്‍(റ)വിന്റെ ചെവിയില്‍ നബി(സ്വ) വാങ്ക് കൊടുക്കുന്നത് ഞാന്‍ കണ്ടു’ (തിര്‍മുദി 4/97). 2.ബാങ്കും ഇഖാമത്തും പിശാചിനെ തടയുന്നു.  ‘നബി(സ്വ) പറഞ്ഞു: ഒരാള്‍ക്ക് ഒരു  കുട്ടി ജനിക്കുകയും അവന്റെ വലതുചെവിയില്‍ ബാങ്കും ഇടതുചെവിയില്‍ ഇഖാമത്തും കൊടുക്കുകയും ചെയ്താല്‍ ഉമ്മുസ്വിബ്‌യാന്‍ എന്ന പിശാചിന്റെ ഉപദ്രവം ആ കുട്ടിക്ക് ഏല്‍ക്കുകയില്ല’ (ബൈഹഖി, ശുഅ്ബുല്‍ ഈമാന്‍ 6/390). 3⭕സ്ത്രീകൾക്കും ആവാം ‘ഈ വാങ്കും ഇഖാമത്തും സ്ത്രീ കൊടുത്താലും മതി. കാരണം, തബര്‍റുകിന് വേണ്ടി ദിക്ര്‍ ചൊല്ലുക എന്നതാണിതുകൊണ്ടുള്ള ലക്ഷ്യം’ (ശര്‍വാനി 9/376).  4⭕ബാങ്ക്-ഇഖാമത്തിലെ രഹസ്യങ്ങൾ വാങ്ക് നിയമമാക്കിയതിനു പിന്നിലെ ചില രഹസ്യങ്ങള്‍ പണ്ഡിതന്മാര്‍ വ...

അത്ഭുതങ്ങൾ നിറഞ്ഞ സ്വലാത്ത് “സ്വലാത്തുൽ ഫാത്തിഹ് ”

꧁  المعرفة الاسلام ꧂ رقم الواتس اب    ٠٠٩١٩٧٤٦٦٩٥٨٩٤ ٠٠٩١٩٥٦٢٦٥٨٦٦٠ Whatsapp group no. 00919746695894  00919562658660 اللَّهُمَّ صَل عَلَى سَيِّدِنَا مُحَمَّدٍ ۞ الفَاتِحِ لِمَا أُغْلِقَ ۞ وَالخَاتِمِ لِمَا سَبَقَ ۞ نَاصِرِ الحَقِّ بِالحَقِّ ۞ وَالهَادِي إِلَى صِرَاطِكَ المُسْتَقِيمِ ۞ وَعَلَى آلِهِ حَقَّ قَدْرِهِ وَمِقْدَارِهِ العَظِيمِ ۩ സ്വലാത്തുൽ ഫാത്തിഹ്   എന്ന പേരിൽ അറിയപ്പെടുന്ന ഈ സ്വലാത്തിന്‌ എണ്ണിയാല്‍ ഒടുങ്ങാത്ത ധാരാളം മഹത്വങ്ങള്‍ ഉണ്ട്‌. ഈ സ്വലാത്ത്‌ ആരെങ്കിലും ജീവിതത്തില്‍ ഒരു തവണ ചൊല്ലിയാല്‍ അവന്‍ നരകത്തില്‍ കടക്കുകയില്ല മാത്രമല്ല ഈ സ്വലാത്ത്‌ ഒരു തവണ ചൊല്ലിയാല്‍ 6 ലക്ഷം സ്വലാത്തിന്റെ പതിഫലം ലഭിക്കുന്നതാണ്‌ എന്ന്‌ അഹമമദ്സ്റ്റാവി (റ) റിപ്പോര്‍ട്ട്‌ ചെയ്തതായി യുസുഫുന്നബഹാനി _ അവിടുത്തെ “അഫ്ളലുസ്വലാത്ത്‌” എന്ന ഗ്രന്ഥത്തിന്റെ 143-ഠം പേജില്‍ പറയുന്നു. നാല്‍പ്പത്‌ ദിവസം തുടര്‍ച്ചയായി ഈ സ്വലാത്ത്‌ ചൊല്ലിയാല്‍ അവന്റെ തൗബ അല്ലാഹു സ്വീകരിച്ച്‌ എല്ലാ പാപങ്ങളും പൊറുത്ത്‌ കൊടുക്കും.ആരെങ്കിലും വ്യാഴാഴ്ച രാവോ, വെള്ളിയാഴ്ച രാവോ, തിങ്കളാഴ്ച രാവോ 4 റക്അത്ത്‌ നിസ്‌ കര...

ഖലീഫ ഉമർ (റ) ചരിത്രം

സത്യം കണ്ടെത്തി  ലോക ചരിത്രത്തിലെ മഹാത്ഭുതം ആ വിശേഷണത്തിന്നർഹനായ ജനനായകൻ അമീറുൽ  മുഅ്മിനീൻ ഉമറുൽ ഫാറൂഖ് (റ) ചരിത്രത്തിൽ വെട്ടിത്തിളങ്ങി നിൽക്കുന്ന മഹാവ്യക്തിത്വം കഴിഞ്ഞ പതിനാല് നൂറ്റാണ്ടുകളായി അഭിമാനത്തോടും അതിശയത്തോടും കൂടി പറയുന്ന പേരാണത് എത്ര പുകഴ്ത്തിപ്പറഞ്ഞാലും ആഗ്രഹം തീരില്ല എത്ര വർണ്ണിച്ചെഴുതിയാലും മതിവരില്ല ശ്രോതാക്കൾക്കാട്ടെ കേൾക്കാനുള്ള ദാഹവും തീരില്ല ഉമറുൽ ഫാറൂഖ് (റ) വിന്റെ ഭരണപരിഷ്കാരങ്ങളെക്കുറിച്ച് കേട്ട് അന്നത്തെ ലോകം കോരിത്തരിച്ചുപോയി ഇന്നും ആ ഭരണ മഹത്വങ്ങൾ കേൾക്കുമ്പോൾ ലോകം കോരിത്തരിച്ചു പോവുന്നു അറേബ്യയിലെ പ്രസിദ്ധമായൊരു ഗോത്രമാണ് 'ബനൂഅദിയ്യ് ' ഖുറൈശി ഗോത്രത്തിന്റെ ഒരു ശാഖയാണിത് മക്കായുടെ ഭരണത്തിൽ അദിയ്യ് ഗോത്രത്തിന്നും ചില അവകാശങ്ങൾ ഉണ്ടായിരുന്നു അദിയ്യ് ഗോത്രത്തിന്റെ നേതാവാണ് നുഫൈൽ ചെറുപ്പക്കാരനായ നുഫൈൽ കച്ചവടത്തിനും പോരാട്ടത്തിനും മികച്ചു നിന്നു നുഫൈൽ സുന്ദരിയായ ജൈദാഇനെ വിവാഹം ചെയ്തു ജൈദാഅ് ഭർത്താവിനെ നന്നായി സ്നേഹിക്കുകയും പരിചരിക്കുകയും ചെയ്തു ഇവർക്കു ജനിച്ച പുത്രനാണ് ഖത്താബ് ഗോത്രക്കാരുടെ ഓമനയായി വളർന്നുവന്ന വീരപുത്രൻ ഖത്താബ് വളർന്നു വലുതായി ...

യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല

  യാസീൻ സൂറത്തിന്റെ അത്ഭുതങ്ങൾ കേട്ടാൽ പിന്നെ ഒരു ദിവസം പോലും ഓതാൻ മുടക്കില്ല. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയമെന്ന വിശേഷണം ലഭിച്ച അധ്യായമാണ് സൂറത്തുയാസീന്‍. വിശുദ്ധ ഖുര്‍ആനിലെ 36-ാം സൂറത്താണിത്. 83 ആയത്തുകള്‍ യാസീനിലുണ്ട്. സൂറത്തുയാസീന്‍ അറിയാത്തവര്‍ മുസ്‌ലിംകള്‍ക്കിടയില്‍ ഉണ്ടാവില്ല. ഈ സൂറത്ത് മന:പാഠമാക്കുന്നതിനു വളരെയധികം പ്രചോദനവും പ്രാധാന്യവും കല്‍പ്പിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വ്വികര്‍. കൊച്ചു പ്രായത്തില്‍ തന്നെ വിദ്യാര്‍ഥികള്‍ക്കു യാസീന്‍ സൂറത്ത് മതപാഠ ശാലകളില്‍ പഠിപ്പിക്കപ്പെടുന്നു. മുസ്‌ലിം ഉമ്മത്തിന്റെ മിക്ക ചടങ്ങുകളിലും യാസീന്‍ പാരായണം കടന്നുവരാറുണ്ട്. മരിച്ച വീടുകളിലും ഖബറിടങ്ങളിലും മഹാന്മാരുടെ മസാറുകളിലും ഇത് പാരായണം ചെയ്യപ്പെടുന്നു. ഇന്നും മിക്ക മുസ്‌ലിമിന്റെയും പ്രഭാത പ്രദോഷങ്ങള്‍ സമാരംഭിക്കുന്നത് സൂറത്തുയാസീന്‍ കൊണ്ടു തന്നെയായിരിക്കും. മുസ്‌ലിം ഉമ്മത്തിനു യാസീന്‍ സൂറത്തിനോടുള്ള അദമ്യമമായ ആഭിമുഖ്യം തന്നെ ഈ സൂറത്തിന്റെ മഹാത്മ്യത്തെ വെളിപ്പെടുത്തുന്നു. വിശുദ്ധ ഖുര്‍ആനിന്റെ ഹൃദയം മഅ്ഖലുബ്‌നു യസാര്‍(റ) വില്‍ നിന്ന് ഉദ്ധരിക്കുന്നു. നബി(സ്വ) പറഞ്ഞു: സൂറത്തുയാസീന്‍ ഖുര്‍ആനിന്റെ ...

ഖിയാമത്ത് നാളിന്റെ ചില അടയാളങ്ങൾ

  ഈമാൻ കാര്യങ്ങളും ഇസ്‌ലാം കാര്യങ്ങളും നബി(സ)ക്കു വിവരിച്ചുകൊടുത്ത ജിബ്‌രീൽ(അ) മിനോട് അന്ത്യദിനത്തെക്കുറിച്ച് നബി(സ) ചോദിച്ചപ്പോൾ 'ചോദിച്ചവരേക്കാൾ കൂടുതൽ വിവരം അതേപ്പറ്റി ചോദിക്കപ്പെട്ടവനില്ല' എന്നാണു അദ്ദേഹം മറുപടി നൽകിയത്. തുടർന്നു അതിന്റെ അടയാളങ്ങൾ വിവരിക്കാൻ പറഞ്ഞപ്പോൾ പ്രധാനമായ രണ്ട അടയാളങ്ങൾ അദ്ദേഹം വിവരിക്കുകയുണ്ടായി. 💥 അടിമസ്ത്രീ തന്റെ യജമാനത്തിയെ പ്രസവിക്കുക. ഇതിനു പണ്ഡിതന്മാർ പല വിശദീകരണവും നൽകിയിട്ടുണ്ട്. അതിൽ പ്രബലമായതിതാണ്. യജമാനത്തികൾ അടിമകളോട് എപ്രകാരം പെരുമാറുമോ അപ്രകാരം മക്കൾ മാതാവിനോട് പെരുമാറുകയും അവരെക്കൊണ്ട് വേലകൾ ചെയ്യിപ്പിക്കുകയും ചെയ്യുന്നതാണ്. (ശർഹുമുസ്ലിം) ✅ വളരെ താഴെക്കിടയിലുള്ള ആളുകൾ ഏറ്റവും ഉയർന്ന മണിമന്ദിരങ്ങൾ സ്ഥാപിക്കും. ✅വിജ്ഞാനം ഉയർത്തപ്പെടുക. ✅ അജ്ഞത വർദ്ദിപ്പിക്കുക. ✅ വ്യഭിചാരം വർദ്ദിപ്പിക്കുക. ✅ മദ്യപാനം വർദ്ദിപ്പിക്കുക ✅ 50 സ്ത്രീകൾക്ക് ഒരു പുരുഷൻ എന്ന തോതിൽ പുരുഷന്മാർ കുറയുകയും സ്ത്രീകൾ വർദ്ദിക്കുകയും ചെയ്യുക. ✅ തുർക്കികളോടുള്ള യുദ്ദം. നബി(സ) പറയുന്നു  إن من أشراط الساعة أن تقاتلوا قوما ينتعلون نعال الشعر، وإن من أشراط الساعة...

നബിദിനം.. ചില സംശയങ്ങളും മറുപടിയും

നബിദിനം.. ചില സംശയങ്ങളും മറുപടിയും നബിദിനം  *❓1. എന്താണ് നബിദിനം...?* ഉ:✅ മൌലിദ് എന്ന അറബി പദത്തിന്റെ ഭാഷാര്‍ത്ഥം ജനിച്ച സ്ഥലം, ജനിച്ച സമയം എന്നിങ്ങനെയാണ്. സാങ്കേതികാര്‍ത്ഥം ഇപ്രകാരം: ആളുകള് ഒരുമിച്ച് കൂടുകയും ഖുർആൻ പാരായണം നടത്തുക, നബി (സ) യുടെ ജനന സമയത്തും അതോടനുബന്ധിച്ചും ഉണ്ടായ സംഭവങ്ങൾ അനുസ്മരിക്കുക. ദാനധർമങ്ങൾ ചെയ്യുക തുടങ്ങി നബി (സ) ജനിച്ചതിലുള്ള സന്തോഷം പ്രകടിപ്പിക്കുന്നതിന് “ മൌലിദ് ” എന്ന് പറയുന്നു... (അല്ഹാവി 1/252) ആധുനിക കാലഘട്ടത്തിൽ നബിദിന പരിപാടികൾക്ക്‌ കൂടുതൽ വികാസം കൈവന്നിരിക്കുന്നു. പ്രവാചകരുടെ ജീവിത ചരിത്രം, ജനന സമയത്തെ അത്ഭുതങ്ങൾ, വിശുദ്ധ കുടുംബ പരമ്പര, പ്രവാചകരുടെ സവിശേഷ ഗുണങ്ങൾ എന്നിവ സമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും പഠിപ്പിക്കുന്നതിനും പര്യാപ്തമായ സദസ്സുകളും പരിപാടികളും സംഘടിപ്പിക്കുക, പ്രവാചക മാതൃക മുറുകെ പിടിക്കാൻ പ്രേരിപ്പിക്കുക, നബി (സ) യെ പുകഴ്ത്തിക്കൊണ്ടു രചിക്കപ്പെട്ട ഗദ്യ പദ്യ സമ്മിശ്രമായ മൌലിദുകൾ പാരായണം ചെയ്യുക, സ്വലാതും സലാമും ചൊല്ലുക, ഇത്തരം സദസ്സുകളിൽ പങ്കെടുത്തവർക്ക് നല്ല ഭക്ഷണവും കാശും നല്കുക. തുടങ്ങിയവയെല്ലാം ഇന്ന് നബിദിന പരിപാടിയു...

നൂഹ് നബി(അ) ചരിത്രം

˙·٠•●♥ നൂഹ് നബി (അ) ചരിത്രം : മുഖവുര ♥●•٠·˙ മഹാനായ നൂഹ് നബി (അ)യെ കുറിച്ചു കേൾക്കുമ്പോൾ കപ്പൽ ഓർമ്മ വരും. പണ്ടേ നാം കേൾക്കുന്ന കഥയാണത്. എന്നാൽ പ്രസ്തുത പ്രവാചകനുമായി ബന്ധപ്പെട്ട് ഖുർആനിൽ എന്തെല്ലാം വിവരണങ്ങളാണുള്ളത്...  പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ഉണ്ടായതാണോ ഈ കപ്പൽ. ഇതിന്റെ നിർമാണത്തിന് കാരണമാക്കിയ കാര്യമെന്ത്..? കപ്പലിലെ യാത്ര എത്ര കാലമായിരുന്നു. ആരൊക്കെയായിരുന്നു യാത്രികർ തുടങ്ങിയ കാര്യങ്ങൾ അടിസ്ഥാനപരമായി തന്നെ വിവരിക്കുകയാണിവിടെ... മക്കാ ഖുറൈശികൾക്കു പോലും അജ്ഞാതമായ ഈ ചരിത്രം ഖുർആനിലൂടെ ലോകം മനസ്സിലാക്കി. നൂറ്റാണ്ടുകൾ കഴിഞ്ഞ ഏതാനും വർഷങ്ങൾക്കു മുമ്പാണ് ആധുനിക ലോകം പ്രസ്തുത കപ്പലിന്റെ അവശിഷ്ടങ്ങൾ തുർക്കിയിലെ അരാരത്ത് പർവ്വതനിരകളിലെ ജൂദി പർവ്വതത്തിനു മുകളിൽ കണ്ടെത്തിയത്. ഇനിയും ഈ ചരിത്രം പഠിക്കാൻ നാമമെന്തിന് പിന്നോട്ടു പോകണം...  നൂഹ് (അ) ന്റെ മൂന്നു പുത്രന്മാരുടെ സന്താന പരമ്പരയിൽ പെട്ടവരാണ് ഇന്നത്തെ ലോകജനത. ഇന്ന് ഭൂമിയിൽ ജീവിക്കുന്ന മനുഷ്യരുടെ പൂർവ്വപിതാവാണ് നൂഹ് (അ). അദ്ദേഹത്തിന്റെ ത്യാഗവും, സഹനവും, ക്ഷമയും എക്കാലത്തെയും മനുഷ്യർക്ക് പാഠമാണ്. ലോകത്താദ്യമായി വിഗ്...

അയ്യൂബ് നബി (അ) ചരിത്രം

അയ്യൂബ് നബി (അ) ചരിത്രം.  ˙·٠•●♥ മുഖവുര ♥●•٠·˙ സൃഷ്ടാവ് അവന്റെ സൃഷ്ടികളെ പരീക്ഷണങ്ങൾക്കു വിŹധേയമാക്കുന്നു. നബി ﷺ ശത്രുക്കളാൽ പീഠിപ്പിക്കപ്പെട്ടു. ഇബ്റാഹിം നബി (അ) തീയിലെറിയപ്പെട്ടു. യഅ്ഖൂബ് നബി (അ) കരഞ്ഞു കരഞ്ഞു കണ്ണീർ വറ്റി. യൂസുഫ് നബി (അ) വർഷങ്ങളോളം ജയിലിലടക്കപ്പെട്ടു. യൂനുസ് നബി (അ) മത്സ്യ വയറ്റിലകപ്പെട്ടു. ഈസാ നബി (അ) ശത്രുക്കളാൽ പ്രയാസമനുഭവിച്ചു. ദുരാരോപണം കാരണം ആഇശ (റ) അനുഭവിച്ച പ്രയാസങ്ങൾ ദൂരികരിക്കാൻ ഖുർആൻ ഇടപെടേണ്ടിവന്നു...  ഏറ്റവും കൂടുതൽ പരീക്ഷണങ്ങൾ നേരിടേണ്ടി വന്നത് അല്ലാഹുﷻവുമായി അടുത്ത പ്രവാചകന്മാരാണെന്ന് ഹദീസ് ഗ്രന്ഥങ്ങൾ നമ്മെ പഠിപ്പിക്കുന്നു. ഈ വസ്തുത മനസിലാക്കുന്ന വിശ്വാസി ചെറിയ പ്രയാസങ്ങൾ നേരിടുമ്പോൾ എന്നെ റബ്ബ് കൈവിട്ടതാണോ എന്ന് ചോദിക്കുന്നത് നിരർത്ഥകമാണ്...  അയ്യൂബ് നബി(അ)ന്റെ ചരിത്രത്തിൽ നമുക്ക് ഒരുപാട് ഗുണപാഠങ്ങളുണ്ട്. വിശ്വാസികൾ മനസ്സിലാക്കേണ്ട ഒരു വസ്തുത, അല്ലാഹുﷻ നമ്മുടെ ആത്മാവിനെ സംസ്കരിക്കാനാണ് ശ്രമിക്കുന്നത്. പക്ഷെ നാം ശാരീരിക സുഖം മാത്രമാണന്വേഷിക്കുന്നത്. നാം യാഥാർത്ഥ്യം തിരിച്ചറിയുക. ഭൗതിക ജീവിതത്തിൽ സുഖവും ദുഃഖവും നൈമിഷികം മാത്രം...

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത്

ഉറങ്ങാൻ കിടക്കുമ്പോൾ ചൊല്ലേണ്ടത് *ഒരു മുസ്ലിം എങ്ങനെയാവണം ഉറങ്ങാൻ കീടക്കേണ്ടത്* ഇസ്ലാമിക ആദര്‍ശ പഠനത്തിന് ഇസ്ലാമിക് ഗ്ലോബല്‍ വോയ്സ് ബ്ലോഗ് ഉപയോഗപ്പെടുത്തുക* ആദ്യമായി മിസ്'വാക്ക് ചെയ്യുക(പല്ല് തേക്കുക) പിന്നെ വളൂഹ് ചെയ്യുക. അത്കഴിഞ്ഞാൽ വിരിപ്പിൽ വന്നിരുന്ന് പ്രാർത്ഥനക്ക് വേണ്ടി കൈ ഉയർത്തുന്നത് പോലെ കൈ ഉയർത്തി *സൂറത്ത ഇഖ്ലാസ്( قُلْ هُوَ اللَّهُ أَحَدٌ)* *സൂറത്തുൽ ഫലഖ് ( قُلْ أَعُوذُ بِرَبِّ الْفَلَقِ)* *സുറത്തുന്നാസ് ( قُلْ أَعُوذُ بِرَبِّ النَّاسِ)* എന്നീ സൂറത്തുകൾ മൂന്ന് പ്രാവശ്യം ഓതി ഉളളംകൈകളിൽ ഊതി ശരീരത്തിൻെറ മുഴുവൻ ഭാഗങ്ങളിലും തടവുക. ശേഷം *ആയത്തുൽ കുർസി* പാരായണം ചെയ്യുക  *اللّهُ لاَ إِلَـهَ إِلاَّ هُوَ الْحَيُّ الْقَيُّومُ لاَ تَأْخُذُهُ سِنَةٌ وَلاَ نَوْمٌ لَّهُ مَا فِي السَّمَاوَاتِ وَمَا فِي الأَرْضِ مَن ذَا الَّذِي يَشْفَعُ عِنْدَهُ إِلاَّ بِإِذْنِهِ يَعْلَمُ مَا بَيْنَ أَيْدِيهِمْ وَمَا خَلْفَهُمْ وَلاَ يُحِيطُونَ بِشَيْءٍ مِّنْ عِلْمِهِ إِلاَّ بِمَا شَاء وَسِعَ كُرْسِيُّهُ السَّمَاوَاتِ وَالأَرْضَ وَلاَ يَؤُودُهُ حِفْظُهُمَا وَهُوَ الْعَلِيُّ الْعَظِيمُ.* [الب...

നബിയുടെ കുടുംബം

നബിയുടെ കുടുംബം pdf ആവശ്യമുളളവർ ഇതിൽ തൊടുക. നബിയുടെ കുടുംബം നബി(സ)യുടെ വംശവും കുടുംബവും നബി തിരുമേനിയുടെ വംശപരമ്പരയ്ക്ക് മൂന്ന് ഭാഗങ്ങളുണ്ട്. ഒന്ന്, ചരിത്രകാരന്മാരും വംശപാരമ്പര്യ വിജ്ഞാനീയരും നിര്വിശവാദം അംഗികരിക്കുന്നതാണ്. ഇത് അദ്നാന്‍ വരെയെത്തുന്നു. രണ്ടാമത്തേത്, സംശയാസ്പദമെന്നും ശരിയെന്നും അഭിപ്രായമുള്ളവയാണ്. അത്, അദ്നാന്‍ മുതല്‍ ഇബ്റാഹീം (അ) വരെയാണ്. മൂന്നാമത്തേത്, സ്വീകാര്യമല്ലാത്ത ഏറെ കാര്യങ്ങളുണ്ടെന്ന് സംശയമില്ലാത്തത്. ഇത്, ഇബ്റാഹീം(അ) മുതല്‍ ആദം വരെ എത്തുന്നത്. ഓരോന്നിന്‍റെയും വിശദീകരണം താഴെ ചേര്‍ക്കുന്നു. ഒന്നാം ഭാഗം:  (മുഹമ്മദ് മുതല്‍ അദ്നാന്‍ വരെ എത്തുന്ന പിതാക്കളുടെ പരമ്പര) മുഹമ്മദ്, അബ്ദുല്ല, അബ്ദുല്മുഗത്വലിബ് (ശൈബ), ഹാശിം (അംദ്), അബ്ദുമനാഫ് (മുഗീറ), ഖുസ്വയ്യ് (സൈദ്), കിലാബ്, മുര്റത, കഅ്ബ്, ലുഅയ്യ്, ഗാലിബ്, ഫിഹ്ര്‍(ഇദ്ദേഹമാണ് ക്വുറൈശ് എന്ന നാമത്തില്‍ പ്രശസ്തനായത്. ഗോത്രം ഈ പേരിലാണ് അറിയപ്പെടുന്നത്), മാലിക്, നള്ര്‍, നിസാര്‍, മഅദ്, അദ്നാന്‍ .(1) രണ്ടാം ഭാഗം:  (അദ്നാന്‍ മുതല്‍ ഇബ്റാഹീം വരെയുള്ള പിതാക്കളുടെ പരമ്പര). അദ്നാന്‍, അദദ്, ഹുമൈസിഅ്, സലാമാന്‍, ഔസ്വ...