˙·٠•●♥ ഇബ്രാഹിം നബി (അ) ചരിത്രം : മുഖവുര♥●•٠·˙
˙·٠•●♥ എപ്പോഴും പറയപ്പെടുന്ന പേര് (1)♥●•٠
ഖലീലുല്ലാഹി ഇബ്രാഹീം (അ). സർവ്വശക്തനായ അല്ലാഹുﷻ ﷻ ആത്മമിത്രമെന്നു വിശേഷിപ്പിച്ച പുണ്യ പ്രവാചകൻ. സന്മാർഗത്തിലേക്കു വെളിച്ചം വിതറുന്ന വിളക്കുമരം. ഒരു മുസ്ലിം ദിവസത്തിൽ അഞ്ചു തവണ നിസ്കാരം നർവഹിക്കുന്നു. ഒരു നിസ്കാരത്തിൽ നാല് തവണ ഇബ്രാഹീം (അ) ന്റെ പേര് പറയുന്നു...
ഇബ്റാഹീം നബി (അ) നും ഇബ്രാഹീം (അ) ന്റെ കുടുംബത്തിനും നീ രക്ഷ നൽകിയത് പോലെ...
മുഹമ്മദ് നബി ﷺ തങ്ങൾക്കും മുഹമ്മദ് നബി ﷺ തങ്ങളുടെ കുടുംബത്തിനും അല്ലാഹുﷻവേ നീ രക്ഷ നൽകേണമേ...
ഇബ്റാഹീം നബി (അ) നും ഇബ്രാഹീം (അ) ന്റെ കുടുംബത്തിനും നീ രക്ഷ നൽകിയത് പോലെ...
മുഹമ്മദ് നബി ﷺ തങ്ങൾക്കും മുഹമ്മദ് നബി ﷺ തങ്ങളുടെ കുടുംബത്തിനും അല്ലാഹുﷻവേ നീ അനുഗ്രഹം നൽകേണമേ... ഇബ്രാഹീം (അ) നും ഇബ്രാഹീം (അ) ന്റെ കുടുംബത്തിനും നീ അനുഗ്രഹം നൽകിയത് പോലെ...
ഇതാണ് നമ്മുടെ പ്രാർഥന. നിസ്കാരത്തിനകത്തുള്ള പ്രാർഥന. ശ്രദ്ധിച്ചു നോക്കുക. സ്വലാത്തിൽ മാത്രം മുഹമ്മദ് നബി ﷺ യുടെ പേര് നാല് തവണ പറഞ്ഞു. ഇബ്രാഹീം (അ) ന്റെ പേരും നാല് തവണ തന്നെ. രണ്ടുപേരുടെ കുടുംബങ്ങളെക്കുറിച്ച് ഈരണ്ടു തവണ പറഞ്ഞു. ഇത് പ്രാർത്ഥിക്കുന്ന മുസ്ലിംമിന് ഇപ്പറഞ്ഞ രണ്ട് പുണ്യ പ്രവാചകന്മാരെ ഏതെങ്കിലും ദിവസം മറക്കാൻ കഴിയുമോ..?
ദിവസത്തിൽ അഞ്ചു നിസ്കാരത്തിലായി ഇരുപതു തവണ ഇബ്രാഹീം (അ)ന്റെ പേര് പറയുന്നു. അങ്ങനെ പറയുന്ന ഒരാളും ആ പുണ്യപ്രവാചകനും തമ്മിലുള്ള ആത്മബന്ധം എത്ര സുദൃഢമായിരിക്കും...
അല്ലാഹുﷻﷻന്റെ മിത്രം മുഹ്മിനീങ്ങളുടെയും മിത്രം തന്നെ. മിത്രത്തെ കൂടുതലടുത്തറിയണം ഇബ്രാഹീം (അ) മിനെ അല്ലാഹുﷻ ﷻ വിശേഷിപ്പിച്ചത് ഒരു പ്രസ്ഥാനം എന്നാകുന്നു. ചില മഹാന്മാരെക്കുറിച്ചു പറയുമ്പോൾ അദ്ദേഹം ഒരു വ്യക്തിയല്ല പ്രസ്ഥാനമാണ് എന്നു പറയാറുണ്ട്. ഇബ്രാഹീം (അ) നെ അല്ലാഹുﷻ ﷻ ആ വിശേഷണം നൽകി ആദരിച്ചു. വിശുദ്ധ ഖുർആൻ പറയുന്നു : "തീർച്ചയായും ഇബ്രാഹീം നിഷ്കളങ്കം അല്ലാഹുﷻവിനോട് ഭക്തിയുള്ള ഒരു പ്രസ്ഥാനമായിരുന്നു അദ്ദേഹം മുശ്രിക്കുകളിൽ പെട്ടവനല്ല." (16:120)
തൊട്ടടുത്ത വചനങ്ങളിൽ ഇബ്രാഹീം (അ) ന്റെ ചില പ്രത്യേകതകൾ എടുത്തുപറയുന്നു. "അല്ലാഹുﷻ ﷻ ന്റെ അനുഗ്രഹങ്ങൾക്ക് നന്ദി കാണിക്കുന്നവൻ. അദ്ദേഹത്തെ അല്ലാഹുﷻ തെരഞ്ഞെടുത്തിരിക്കുന്നു. നേരായ മാർഗത്തിലേക്ക് അദ്ദേഹത്തെ അല്ലാഹുﷻ ﷻ നയിക്കുകയും ചെയ്തിരിക്കുന്നു." (16:121) "ഇഹത്തിൽ അദ്ദേഹത്തിന് നാം നന്മ ചെയ്തിരിക്കുന്നു. പരലോകത്ത് അദ്ദേഹം സന്മാർഗത്തിൽപെട്ടവൻ തന്നെ." (16:122)
മുസ്ലിം സമൂഹത്തോട് അല്ലാഹുﷻ ﷻ കൽപ്പിക്കുന്നതിങ്ങനെയാണ്. ഇബ്രാഹീമിന്റെ മാർഗത്തെ നിഷ്കളങ്കമായി പിൻപറ്റുക. അഞ്ചു നേരം നിസ്കരിക്കുന്ന മുസ്ലിംമിന് എങ്ങനെയാണ് ഇബ്രാഹീം (അ) നെ മറക്കാൻ കഴിയുക. കഴിയില്ല. ഓർമ്മകളിൽ തുടിച്ചുനിൽക്കേണ്ടതാണ്. മറക്കാൻ പറ്റുന്ന പേരല്ലത്...
˙·٠•●♥ എപ്പോഴും പറയപ്പെടുന്ന പേര് (2)♥●•٠·˙
ഹജ്ജിന്റെ കർമ്മങ്ങൾ നോക്കൂ..! ഇബ്രാഹീം (അ)ന്റെയും കുടുംബത്തിന്റെയും ചരിത്രം തുടിച്ചുനിൽക്കുന്നതാണ് പല കാര്യങ്ങളും. ത്വവാഫ്, സഅ്യ്, ബലിയറുക്കൽ, കല്ലേറ് തുടങ്ങിയ കർമ്മങ്ങൾ ഇബ്രാഹീം (അ) നെയും കുടുംബത്തെയും ഓർമ്മപ്പെടുത്തുന്നു...
കഅ്‌ബ, ഇബ്രാഹീം മഖാം, സംസം, സ്വഫ, മർവ, മിന, ജംറകൾ തുടങ്ങിയവ ഇബ്രാഹീം (അ)നെയും കുടുംബത്തെയും ഓർമ്മപ്പെടുത്തുന്നുണ്ട്. ഓരോ വർഷവും ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നും ഹാജിമാർ പുറപ്പെടുമ്പോൾ ഇബ്രാഹീം കുടുംബത്തെക്കുറിച്ച് ലോകം ഓർക്കുന്നു...
ലോകത്തുള്ള വാർത്താമാധ്യമങ്ങൾ ഓരോവർഷം കഴിയുംതോറും ഹജ്ജിന് കൂടുതൽ വാർത്താപ്രാധാന്യം നൽകി വരുന്നു. എന്തൊരു ധന്യസ്മരണയാണിത്. ഇബ്രാഹീം (അ)ന്റെ മകൻ ഇസ്മാഈൽ (അ) ലൂടെയാണ് അറബ് വംശം നിലവിൽ വരുന്നത്. ഇസ്മാഈൽ (അ )ന്റെ സന്താന പരമ്പരയിൽ വന്ന ഒരേയൊരു പ്രവാചകൻ മുഹമ്മദ് മുസ്തഫ ﷺ തങ്ങളാകുന്നു. അന്ത്യപ്രവാചകൻ, പിന്നൊരു നബിയില്ല...
ഇബ്രാഹീം (അ) ന്റെ മറ്റൊരു മകനായ ഇസ്ഹാഖ് (അ)ന്റെ സന്താന പരമ്പരയിൽ നിരവധി പ്രവാചകന്മാർ വന്നിട്ടുണ്ട്. ഇസ്ഹാഖ് (അ)ന്റെ മകനാണ് യഅ്ഖൂബ് (അ). യഅ്ഖൂബ് (അ) ന്റെ സന്താനപരമ്പരയാണ് ബനൂ ഇസ്രാഈൽ. ഈ വംശത്തിലാണ് അനേകം പ്രവാചകന്മാരുള്ളത്...
ആ പ്രവാചകന്മാരിൽ വിശ്വസിച്ചവരാണ് ആദ്യകാല യഹൂദികളും ക്രിസ്ത്യാനികളും മറ്റും. ഇബ്രാഹീം (അ)മുസ്ലിംകൾക്കും യഹൂദികൾക്കും ക്രിസ്ത്യാനികൾക്കും പൂർവപിതാവാണ്. പ്രവാചകനാണ്. ആ പ്രവാചകന്റെ ചരിത്രം എല്ലാ വിഭാഗക്കാരും വായിച്ചറിയേണ്ടതാണ്. കടുത്ത ത്യാഗത്തിന്റെ ചരിത്രമാണിത്. തുല്യതയില്ലാത്ത പരീക്ഷണങ്ങളുടെ പരമ്പരയാണത്...
സർവതും സർവശക്തനായ അല്ലാഹുﷻവിൽ സമർപ്പിച്ചു ജീവിതവും മരണവും ഭാര്യമാരും സന്താനങ്ങളും അല്ലാഹുﷻവിന്റെ കൽപനകൾക്കു മുമ്പിൽ ശങ്കിച്ചുനിന്നില്ല. പതറിപ്പോയില്ല. എന്തും ത്യജിക്കാൻ തയ്യാറായി. തൽഫലമായി ഇബ്രാഹീം (അ) അല്ലാഹുﷻവിന്റെ മിത്രമായി...
ഇബ്രാഹീമിയ്യ മാർഗം. മില്ലത്ത് ഇബ്രാഹീം.
അതറിയണം. ദിവസത്തിൽ ഇരുപതു തവണ പേര് പറയുന്ന ആ മഹാൻ ആരാണെന്ന് അന്വേഷിച്ചറിയണം. പഠനം, ഗവേഷണം, ചർച്ചകൾ, പ്രഭാഷണങ്ങൾ, ലേഖനങ്ങൾ, എല്ലാം വേണം. എല്ലാം മില്ലത്ത് ഇബ്രാഹീമിനെക്കുറിച്ചു പഠിക്കാൻ സഹായമാവണം. വിശുദ്ധ ഖുർആനും മറ്റ് ഗ്രന്ഥങ്ങളും ആ പ്രവാചകനെക്കുറിച്ചു നൽകുന്ന വിവരങ്ങൾ പരിശോധിക്കണം. അബദ്ധങ്ങൾ തിരുത്തണം...
ഖുർആനിൽ ഇരുപത്തഞ്ച് സൂറത്തുകളിലായി അറുപത്തൊമ്പത് സ്ഥലങ്ങളിൽ ഇബ്രാഹീം (അ)നെക്കുറിച്ചു പറയുന്നുണ്ട്. ഓരോ നിമിഷത്തിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വിശുദ്ധ ഖുർആൻ പാരായണം ചെയ്യപ്പെടുന്നുണ്ട്...
അതിരാവിലെയും, നട്ടുച്ചക്കും, അർദ്ധരാത്രിയിലും പാരായണം നടക്കുന്നു. ഇശാമഗ്രിബിന്നിടയിൽ കൃത്യമായി ഓതുന്നവർ അനേകായിരംവരും. തഹജ്ജുദ് നിസ്കരിക്കുകയും അതിന്നുശേഷം ഖുർആൻ പാരായണം നടത്തുകയും ചെയ്യുന്നുവർ നിരവധിയാണ്. നിരന്തര പാരായണം നടക്കുന്ന ഹിഫ്ളുൽ ഖുർആൻ കോളേജുകൾ. നിരവധി പേർ ചേർന്നു ഖുർആൻ ഓതിത്തീർക്കുന്ന സദസ്സുകൾ...
ഖുർആൻ പാരായണം അഭ്യസിപ്പിക്കുന്ന മദ്റസകൾ. വ്യാഖ്യാനം പഠിപ്പിക്കുന്ന പള്ളിദർസുകളും അറബിക്കോളേജുകളും. നേർച്ചയാക്കി ഓതുന്നവർ. മരിച്ചവർക്കു വേണ്ടി ഓതുന്ന വീടുകൾ. വിശുദ്ധ ഖുർആന്റെ ശബ്ദമുയരാത്ത നിമിഷങ്ങളില്ല. മക്കയിലും മദീനയിലും നടക്കുന്ന രാപകൽ ഭേദമില്ലാത്ത പാരായണം. ചിന്തിച്ചുനോക്കൂ ഇബ്രാഹീം (അ)ന്റെ നാദം ഓരോ ദിവസത്തിലും എത്ര തവണയാണ് ഉയരുന്നത്..? അതുയരാത്ത നേരമില്ല...
ഇബ്രാഹീം (അ) അല്ലാഹുﷻവിന്റെ കൽപനകൾ പാലിച്ചു ജീവിച്ചു. ആ നാമം ഉച്ചരിക്കുന്ന സത്യവിശ്വാസികൾ അല്ലാഹുﷻവിനെ അനുസരിക്കുന്ന കാര്യത്തിൽ ഇബ്രാഹീം (അ) നെയാണ് മാതൃകയാക്കേണ്ടത്...
˙·٠•●♥ ബാബിലോണിയ (1)♥●•٠·˙
ഇറാഖിലെ ബാബിലോൺ അവിടെയാണ് ഇബ്രാഹീം നബി (അ)ജനിച്ചത്. പൗരാണിക സംസ്കാരങ്ങളുടെ കളിത്തൊട്ടിലായിരുന്നു ആ പ്രദേശം. നൂഹ് നബി (അ)ന്റെ പുത്രൻ സാമിന്റെ സന്താന പരമ്പരയിലാണ് ഇബ്രാഹീം (അ)ജനിച്ചത്...
ചില ചരിത്രകാരന്മാർ ആ പരമ്പര ഇങ്ങനെ രേഖപ്പെടുത്തുന്നു (1) നൂഹ് (അ), (2) സാം, (3) അർഫഹശ്ദ്, (4) ശാലിഹ്, (5) ആബിർ, (6) ഫാലിഗ്, (7) റാഊ, (8) സാറൂഗ്, (9) നാഹൂർ, (10) താറാഹ്, (11) ഇബ്രാഹീം (അ) ...
ഇബ്രാഹീം (അ)ന്റെ പിതാവിന്റെ പേരിനെപ്പറ്റി പല അഭിപ്രായങ്ങളുണ്ട്. പിതാവിന്റെ പേര് ആസർ എന്നായിരുന്നു. ഖുർആനിൽ ആസർ എന്നു പറഞ്ഞിട്ടുണ്ട്. പിതാവ് താറാഹ് (തേരഹ് ) ആയിരുന്നുവെന്ന് മറ്റൊരഭിപ്രായം. ആസർ പിതൃവ്യനായിരുന്നുവെന്ന് പറഞ്ഞവരുമുണ്ട്. താറാഹിന്റെ മറ്റൊരു പേരായിരുന്നു ആസർ എന്നാണ് ചിലരുടെ പക്ഷം. ആസർ ബിംബങ്ങൾ വിൽക്കുന്ന ആളായിരുന്നുവെന്നും താറാഹ് ഏകദൈവ വിശ്വാസിയായിരുന്നുവെന്നും ചില പണ്ഡിതൻമാർ അഭിപ്രായപ്പെട്ടിട്ടുണ്ട്...
ഇബ്രാഹീം (അ)ന്റെ മാതാവിന്റെ പേര് അമീല എന്നായിരുന്നു. മറ്റൊരഭിപ്രായ പ്രകാരം ബൂന. അക്കാലത്ത് ബാബിലോൺ ഭരിച്ചത് നംറൂദ് രാജാവായിരുന്നു. ടൈഗ്രീസ് യൂഫ്രട്ടീസ് നദികൾക്കിടയിലുള്ള മെസൊപ്പോട്ടോമിയ എന്ന പ്രദേശം വളരെ ഫലപുഷ്ടിയുള്ളതായിരുന്നു. കൃഷിയും കന്നുകാലികളും വർദ്ധിച്ചു. ഐശ്വര്യത്തിന്റെ കേന്ദ്രമായി വളർന്നു. അത് കൊണ്ട് ലോകശ്രദ്ധ അങ്ങോട്ടാകർഷിക്കപ്പെട്ടു. പല രാജ്യക്കാരും അവിടെയെത്തി. ധാരാളം തൊഴിലവസരങ്ങളുണ്ടായി. ജനങ്ങൾ കഠിനാദ്ധ്വാനം ചെയ്തു. മെസൊപ്പൊട്ടോമിയ അതിവേഗം വളർന്നു കൊണ്ടിരുന്നു...
പൗരാണിക ചരിത്രത്തിൽ പദ്ദൻ അരം എന്നൊരു പട്ടണത്തെക്കുറിച്ചു പറയുന്നുണ്ട്. ഇബ്രാഹീം (അ)ന്റെ യൗവനകാലത്ത് പദ്ദൻ അരമിൽ താമസിച്ചിട്ടുണ്ട്. ഇത് മെസൊപ്പൊട്ടോമിയയുടെ മറ്റൊരു പേരായിരുന്നുവെന്നും അഭിപ്രായമുണ്ട്. ഇബ്രാഹീം (അ) കുറെ കാലം ജീവിച്ച പട്ടണമാണ് ഊർ. ഊർ പട്ടണത്തിൻ കൽദേയ പട്ടണം എന്നും പേരുണ്ട്. യുഫ്രട്ടീസ് നദിയുമായി സന്ധിക്കുന്ന മനോഹരമായ ഒരു അരുവിയുടെ കരയിലാണ് ഊർ പട്ടണം. കൂഫയിലും ഹാറാൻ പട്ടണത്തിലും ഇബ്രാഹീം (അ) താമസിച്ചിട്ടുണ്ട്...
ചരിത്രപ്രാധാന്യമുള്ള ഈ പ്രദേശങ്ങളെല്ലാം ഉൾക്കൊള്ളുന്ന രാജ്യത്തിന്റെ ഭരണാധികാരിയാണ് ധിക്കാരിയായ നംറൂദ്. കഴ്ചക്കാരെ അമ്പരപ്പിക്കുന്നതായിരുന്നു രാജകൊട്ടാരം. പ്രൗഢി കൂടിയ ആരാധനാലയങ്ങൾ സ്ഥാപിച്ചു. ആരാധനാലയങ്ങളിൽ ബിംബങ്ങൾ വെച്ചു. സൂര്യനും ചന്ദ്രനുമെല്ലാം ആരാധ്യ വസ്തുക്കളായി. ഒരുദിവസം നംറൂദ് ഒരു പ്രഖ്യാപനം നടത്തി ജനങ്ങളേ ഞാൻ തന്നെയാണ് ലോക രക്ഷിതാവ് ഞാനാണ് ദൈവം. ജീവനെടുക്കാനും ജീവൻ കൊടുക്കാനും എനിക്ക് കഴിയും. നിങ്ങൾ എന്നെ ആരാധിക്കുക. ജനം അതു സ്വീകരിച്ചു. ബിംബങ്ങളും രാജാവും ആരാധിക്കപ്പെട്ടു...
കൊട്ടാരത്തിൽ ജ്യോത്സ്യന്മാർക്കായിരുന്നു മുഖ്യസ്ഥാനം. അവരുടെ പ്രവചനങ്ങൾ തള്ളപ്പെടുകയില്ല. രാജാവും പ്രജകളുമെല്ലാം അത് വിശ്വസിക്കും. ഇബ്രാഹീം നബി (അ) ന്റെ ജനനവുമായി ബന്ധപ്പെട്ട കുറെ സംഭവങ്ങൾ ചില പണ്ഡിതൻമാർ രേഖപ്പെടുത്തിയിട്ടുണ്ട്
അവയിൽ ചിലത് പറയാം :-
തന്റെ രാജ്യത്തിന്റെ തലസ്ഥാനമായ ബാബിലോൺ പട്ടണത്തിലെ കൊട്ടാരത്തിൽ സകല ആഡംബരങ്ങളോടും കൂടി കഴിഞ്ഞുവരികയാണ് നംറൂദ്. തന്നെ എതിർക്കാൻ കഴിവുള്ള ഒരു ശത്രുവില്ല. എടുത്താൽ തീരാത്ത സ്വത്ത്, ഖജനാവ് സമ്പന്നം, വിനോദം നായാട്ട്, ദുഃഖമറിയാത്ത ജീവിതം...
˙·٠•●♥ ബാബിലോണിയ (2)♥●•٠·˙
ഒരു രാത്രിയിൽ കണ്ട സ്വപ്നം രാജാവിനെ ഭയപ്പെടുത്തി. പടിഞ്ഞാറൻ ചക്രവാളത്തിൽ ഒരു നക്ഷത്രം ഉദിക്കുന്നു. അത് ഉയർന്നു വരുന്നു. പ്രകാശം കൂടിക്കൂടിവരുന്നു. ആ പ്രകാശത്തിൽ ചന്ദ്രൻ മങ്ങുന്നു. രാജാവ് ഞെട്ടിയുണർന്നു. വെപ്രാളത്തോടെ ജ്യോത്സ്യന്മാരെ വിളിച്ചുവരുത്തി. പ്രശ്നം വെച്ചു...
രാജാവിന്റെ പ്രധാന ആരാധ്യവസ്തുവാണ് ചന്ദ്രൻ. അതിന് മങ്ങൽ ഏൽക്കാൻ പോവുന്നു. ഉദിച്ചുവരുന്ന നക്ഷത്രം ഒരു കുട്ടിയുടെ ജനനത്തെ സൂചിപ്പിക്കുന്നു. ഒരു കുട്ടിയുടെ ജനനം കാരണം രാജാവിന് നാശം വരും. അതെ രാജവാഴ്ച തകരും. കൊട്ടാരങ്ങളും രാജമന്ദിരങ്ങളും കൈവിട്ടുപോവും. ആരാധനാലയങ്ങൾ നശിക്കും. സൈനിക ശക്തി നശിക്കും. ശിർക്ക് തകരും. തൗഹീദ് സ്ഥാപിക്കപ്പെടും. നംറൂദ് രാജാവ് കോപാകുലനായി മാറി...
ഈ രാജ്യത്ത് ഇനി ഒരു ഭർത്താവും ഭാര്യയോടൊപ്പം ശയിക്കരുത്. ഇവിടെ ഒരു സ്ത്രീയും ഗർഭിണിയാവരുത്. ഇനി പ്രസവിക്കുന്ന കുഞ്ഞുങ്ങളെ വളരാൻ അനുവദിക്കില്ല. രാജശാസന വന്നു. രാജ്യം നടുങ്ങി. വൈമനസ്യത്തോടെയാണെങ്കിലും ജനങ്ങൾ അത് സ്വീകരിച്ചു. ആരെങ്കിലും രാജശാസന തെറ്റിക്കുന്നുണ്ടോയെന്ന് നോക്കാൻ രഹസ്യാന്വേഷണ വിഭാഗത്തെ ചുമതലപ്പെടുത്തി...
ഓരോ വീടും അവരുടെ നിരീക്ഷണത്തിലായി. ഇതിന്നിടയിൽ ഇബ്രാഹീം (അ)ന്റെ മാതാപിതാക്കൾ ബന്ധപ്പെട്ടു. മാതാവ് ഗർഭിണിയായി. മാതാവ് പുറത്തിറങ്ങാൻ ഭയന്നു. ഗർഭം വളർന്നു പ്രസവ സമയമായി. കുടുംബത്തിൽ ഭയവും വെപ്രാളവും നിറഞ്ഞുനിന്നു. രഹസ്യം പുറത്തായില്ല. പ്രസവമടുത്തു. വീട്ടിനു പുറത്ത് ഒരു രഹസ്യകേന്ദ്രത്തിൽ കുട്ടിയെ വളർത്തി. ശിശു നല്ല ആരോഗ്യത്തോടെ വളർന്നുവന്നു. നല്ല ബുദ്ധിശക്തി. ബലം കൂടിയ ശരീരം. അസാധാരണ വേഗത്തിലായിരുന്നു കുട്ടിയുടെ വളർച്ച...
രഹസ്യകേന്ദ്രത്തിൽ നിന്ന് കുട്ടിയെ വീട്ടിൽ കൊണ്ടു വന്നു. ഓർമ്മവെച്ച കാലം മുതൽ കുട്ടി ചുറ്റും കാണുന്നതെന്താണ്..? പ്രകാശമുള്ളൊരു നക്ഷത്രം ഉദിച്ചാൽ ഉടനെ ജനങ്ങൾ അതിന് സുജൂദ് ചെയ്യും. പതിനാലാം രാവിലെ പൂർണ്ണചന്ദ്രനെ ആരാധിക്കാൻ എന്തൊരു തിരക്ക്. സൂര്യനെ ആരാധിക്കുന്നവർ നിരവധിയാണ്. ഈ ആരാധന കൊണ്ടെന്തു ഫലം കുട്ടി ചിന്തിച്ചു. താറഹിന് എഴുപത്തഞ്ച് വയസ്സായി. അപ്പോഴാണ് ഇബ്രാഹീം എന്ന കുട്ടി ജനിച്ചത്.
താറഹിന് മറ്റ് രണ്ടാൺകുട്ടികൾ ജനിച്ചിട്ടുണ്ട്. നാഹൂർ മൂത്ത കുട്ടി. ഹാറാൽ ഇളയകുട്ടി. മധ്യത്തിലുള്ളത് ഇബ്രാഹീം. ഹാറാൻ എന്ന കുട്ടി വളർന്നു വലുതായി വിവാഹം കഴിച്ചു. അതിൽ ജനിച്ച കുട്ടിയാണ് ലൂത്വ് (അ). പിതാവിന്റെ ജീവിതകാലത്ത് തന്നെ ഹാറാൻ മരണപ്പെട്ടു. ബാബിലോൺ പട്ടണത്തിലായിരുന്നു മരണം...
താറഹിന്റെ മരണത്തെക്കുറിച്ചുള്ള റിപ്പോർട്ട് ഇങ്ങനെയാകുന്നു. കൽദാസികളുടെ നാട്ടിൽ നിന്ന് കൻആനികളുടെ നാട്ടിലേക്ക് ഒരു ചെറുസംഘം യാത്ര പുറപ്പെട്ടു. താറഹ്, മകൻ ഇബ്രാഹീം, ഇബ്റാഹീമിന്റെ ഭാര്യ സാറ ലൂത്വ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. അവർ ഹർറാൻ എന്ന പ്രദേശത്തെത്തി. താറഹിന് ഇരുന്നൂറ്റി അമ്പത് വയസ്സ് പ്രായമുണ്ടായിരുന്നു. അദ്ദേഹത്തിന് രോഗം ബാധിച്ചു. ഹർറാസിൽ വെച്ച് മരണപ്പെട്ടു...
അക്കാലത്തെ പ്രസിദ്ധമായ പട്ടണമായിരുന്നു ദിമിഷ്ഖ്. ഏഴ് നക്ഷത്രങ്ങളെ ആരാധിക്കുന്ന നാട്. പൗരാണിക ദിമിഷ്ഖ് പട്ടണത്തിലേക്ക് പ്രവേശിക്കാൻ ഏഴ് കവാടങ്ങളുണ്ടായിരുന്നു. ഏഴ് നക്ഷത്രങ്ങളുടെ പേരിൽ അവ അറിയപ്പെട്ടു. ഓരോ കവാടത്തോടു ചേർന്ന് ഓരോ ക്ഷേത്രങ്ങൾ. ആ ക്ഷേത്രങ്ങൾ ഓരോ നക്ഷത്രത്തിന്റെ പേരിൽ അറിയപ്പെട്ടു. സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും മറ്റു പ്രകൃതി ശക്തികളും ആരാധിക്കപ്പെട്ടു. എണ്ണമറ്റ ബിംബങ്ങൾ ലോകം മുഴുവൻ ബിംബാരാധനയിൽ സർവശക്തനെ മറന്നുള്ള ജീവിതം. ഇബ്രാഹീം (അ) ജനിക്കുമ്പോഴുള്ള ലോകത്തിന്റെ അവസ്ഥ അതായിരുന്നു...
˙·٠•●♥ നക്ഷത്രങ്ങൾ ആരാധിക്കപ്പെട്ടു♥●•٠·˙
ബാബിലോണിയ പൗരാണിക നാഗരികതയുടെ കേന്ദ്രമാകുന്നു. വിവിധ തരം കലകൾ അവിടെ വളർന്നുവന്നിട്ടുണ്ട്. വാണിജ്യവും വ്യവസായവും വളർന്നിട്ടുണ്ട്. തത്വശാസ്ത്രം വളർച്ച പ്രാപിച്ചിട്ടുണ്ട്. നിരവധി യുദ്ധങ്ങൾക്കും അധിനിവേശങ്ങൾക്കും ആ പ്രദേശം സാക്ഷ്യം വഹിച്ചിട്ടുണ്ട്...
ഇബ്രാഹീം (അ)ജനിക്കുന്ന കാലത്ത് ബാബിലോണിയ കടുത്ത വിഗ്രഹാരാധനയുടെ പിടിയിലമർന്ന് കിടക്കുകയായിരുന്നു. അനാചാരങ്ങളും അന്ധവിശ്വാസങ്ങളും കൊടികുത്തി വാഴുകയായിരുന്നു. സൂര്യൻ, ചന്ദ്രൻ, ശുക്രൻ എന്നിവയുടെ വിവിധ പേരുകളിലുള്ള അമ്പലങ്ങളുണ്ടായിരന്നു. ഓരോന്നിനും ധാരാളം സ്വത്തും പ്രത്യേക പൂജാരിമാരും ഉണ്ടായിരുന്നു. പല നക്ഷത്രങ്ങളുടെ പേരിലും ദേവാലയങ്ങളുണ്ടായിരുന്നു. അവരെക്കുറിച്ചുള്ള നിരവധി അത്ഭുത കഥകൾ നാട്ടിലാകെ പ്രചരിച്ചു...
പൂജാരിമാർക്കാണ് സമൂഹത്തിൽ സ്വാധീനം. അവർ വളരെയേറെ ആദരിക്കപ്പെട്ടു. അവരുടെ വാക്കുകൾ ആരും അവഗണിക്കുകയില്ല. എല്ലാ സുഖസൗകര്യങ്ങളും സമ്പത്തും അവർ ആസ്വദിച്ചു പോന്നു. സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും ആരാധ്യവസ്തുക്കളല്ലെന്ന് ജനങ്ങളെ ബോധ്യപ്പെടുത്തണം. തന്ത്രപരമായ ഒരു പരിപാടി അവതരിപ്പിക്കാം. അതിലൂടെ അവരെ ചിന്തിപ്പിക്കാം... വളരെ സൂക്ഷ്മതയോടെയാണ് പരിപാടി നടപ്പാക്കിയത്...
ഒരു രാത്രി ആകാശത്ത് ഒരു നക്ഷത്രം ഉദിച്ചു. അത് കണ്ടപ്പോൾ ഇബ്രാഹീം (അ)പറഞ്ഞു; "ഇതാണ് എന്റെ റബ്ബ്." നക്ഷത്രത്തെ ആരാധിക്കുന്ന സമൂഹത്തിന് വലിയ സന്തോഷമായി അവർ ആഹ്ലാദം പ്രകടിപ്പിച്ചു. കുറേനേരം നക്ഷത്രം നല്ല ശോഭയോടെ നിന്നു. പിന്നെ അത് മാഞ്ഞുപോയി. അപ്പോൾ ഇബ്രാഹീം (അ) പറഞ്ഞു : "മാഞ്ഞ് പോകുന്നത് റബ്ബ് ആവാൻ പറ്റില്ല." മനഃശാസ്ത്രപരമായൊരു ക്ലാസാണ് നടന്നത്. പക്ഷെ അതുൾക്കൊള്ളാൻ അവർ തയ്യാറായില്ല. നക്ഷത്രാരാധകർ തുടർന്നും അതിനെ ആരാധിച്ചുകൊണ്ടിരുന്നു...
ചന്ദ്രൻ ഉദിച്ചുയർന്നു. പൂനിലാവ് പരന്നു. ചന്ദ്രനെ ആരാധിക്കുന്നവർക്ക് വലിയ സന്തോഷം. ചന്ദ്രന്റെ പേരിൽ നടക്കുന്ന ദേവാലയങ്ങൾ സജീവമായി. അപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു. "ഇതാണ് എന്റെ റബ്ബ്." ചന്ദ്രനെ ആരാധിക്കുന്നവർക്ക് ഇബ്രാഹീമിനോട് എന്തൊരു സ്നേഹം. ആ ചെറുപ്പക്കാരനെ കൂടെ കിട്ടിയതിൽ അഭിമാനിച്ചു. ചന്ദ്രൻ അസ്തമിച്ചപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു "അസ്തമിച്ചുപോവുന്നത് റബ്ബ് ആവാൻ കൊള്ളില്ല." ചന്ദ്രന്റെ ആരാധകർ അത് ചെവിക്കൊണ്ടില്ല. അവർ പഴയ മാർഗത്തിൽ തന്നെ തുടർന്നു...
നേരം വെളുത്തു. സൂര്യനുദിച്ചുയർന്നു. സൂര്യനെ ആരാധിക്കുന്നവർ സജീവമായി. സൂര്യന്റെ പേരിലുള്ള ആരാധനാലയങ്ങളിൽ ഭക്തന്മാർ തിങ്ങിനിറഞ്ഞു. അപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു: "ഇതാണ് എന്റെ റബ്ബ്." സൂര്യാരാധകന്മാർ അത് കേട്ടു ആഹ്ലാദം കൊണ്ടു പകൽ മുഴുവൻ സൂര്യന്റെ ആധിപത്യം നിലനിന്നു. പശ്ചിമ ചക്രവാളത്തിൽ നിന്ന് സൂര്യൻ അപ്രത്യക്ഷമായി. അപ്പോൾ ഇബ്രാഹീം (അ) പ്രഖ്യാപിച്ചു: "സൂര്യൻ റബ്ബ് ആവാൻ പറ്റില്ല അതിനും അസ്തമയമുണ്ട്." സൂര്യാരാധകന്മാർ അത് ചെവിക്കൊണ്ടില്ല...
സൂര്യനും ചന്ദ്രനും നക്ഷത്രങ്ങളും അല്ലാഹുﷻ ﷻ ന്റെ സൃഷ്ടികളാവുന്നു. അല്ലാഹുﷻവിന്റെ കൽപനകൾക്കനുസരിച്ചാണവ ചലിക്കുന്നത്. ഈ സത്യം ജനങ്ങളെ ബോധ്യപ്പെടുത്താൻ വേണ്ടി നടത്തിയ പരീക്ഷണം വിഫലമായി. അവർ ശിർക്കിൽ തുടർന്നു...
ഈ സന്ദർഭം വിശുദ്ധ ഖുർആൻ പറയുന്നതിങ്ങനെ : "അങ്ങനെ അദ്ദേഹത്തിന്റെ മേൽ രാത്രി വന്നു മൂടിയപ്പോൾ അദ്ദേഹം ഒരു നക്ഷത്രം കണ്ടു അദ്ദേഹം പറഞ്ഞു: ഇത് എന്റെ റബ്ബ് ആകുന്നു എന്നിട്ട് അത് മാഞ്ഞുപോയപ്പോൾ അദ്ദേഹം പറഞ്ഞു മറഞ്ഞുപോകുന്നവരെ ഞാൻ ഇഷ്ടപ്പെടുന്നില്ല." (6:76)
"എന്നിട്ട് ചന്ദ്രൻ ഉദിച്ചുവരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു : ഇത് എന്റെ റബ്ബാകുന്നു എന്നിട്ട് അത് മാഞ്ഞുപോയപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ റബ്ബ് എനിക്ക് മാർഗദർശനം നൽകിയില്ലെങ്കിൽ നിശ്ചയമായും ഞാൻ വഴിപിഴച്ച ജനങ്ങളിൽ പെട്ടവൻ തന്നെ ആയിത്തീരുന്നതാണ്." (6:77)
എന്നിട്ട് സൂര്യൻ ഉദിച്ചുവരുന്നതായി കണ്ടപ്പോൾ അദ്ദേഹം പറഞ്ഞു : ഇത് എന്റെ റബ്ബ് ആണ്. ഇത് ഏറ്റവും വലുതാകുന്നു. എന്നിട്ട് അത് മാഞ്ഞുപോയപ്പോൾ അദ്ദേഹം പറഞ്ഞു : എന്റെ ജനങ്ങളെ നിശ്ചയമായും ഞാൻ (അല്ലാഹുﷻവിനോട് )നിങ്ങൾ പങ്കുചേർക്കുന്നതിൽ നിന്ന് (ഒക്കെയും) ഒഴിവായവനാകുന്നു." (6:78)
ഇബ്രാഹീം (അ) തന്റെ വിശ്വാസം ഉറക്കെ പ്രഖ്യാപിക്കുന്നതാണ്. ആ ജനത കണ്ടത്. ജനങ്ങളെ നിങ്ങൾ ശിർക്കിൽ വ്യാപൃതരായിരിക്കുന്നു. നക്ഷത്രത്തെയും, ചന്ദ്രനെയും, സൂര്യനെയും ദൈവമാക്കുക വഴി നിങ്ങൾ മുശ്രിക്കുകളായിരിക്കുന്നു. നിങ്ങളുടെ ശിർക്കിൽ എനിക്ക് പങ്കില്ല. ഞാനതിൽ നിന്നൊഴിവാണ്. ഞാൻ സർവശക്തനായ അല്ലാഹുﷻവിനെ ആരാധിക്കുന്നു. അവന് കീഴൊതുങ്ങി ജീവിക്കുന്നു. ഞാൻ മുസ്ലിം ആകുന്നു . അല്ലാഹുﷻവിനെ അനുസരിച്ചു ജീവിക്കാൻ ധിക്കാരികളുടെ സമൂഹത്തെ അദ്ദേഹം വീണ്ടും വീണ്ടും ക്ഷണിച്ചു...
˙·٠•●♥ അറുക്കപ്പെട്ട പക്ഷികൾ (1)♥●•٠·˙
ഒരിക്കൽ ഇറാഖിൽ കടുത്ത ക്ഷാമം പിടിപെട്ടു. ആഹാരത്തിന് വകയില്ലാതെ ജനങ്ങൾ വല്ലാതെ കഷ്ടപ്പെട്ടു. നാട്ടിൽ വിളഞ്ഞ ധാന്യവും മറ്റു നാടുകളിൽ നിന്ന് ഇറക്കുമതി ചെയ്ത ധാന്യവും നംറൂദ് രാജാവിന്റെ കൊട്ടാരത്തിലെ കലവറയിൽ സൂക്ഷിക്കപ്പെട്ടു...
ആർക്കെങ്കിലും അൽപം ധാന്യം കിട്ടണമെങ്കിൽ നംറൂദിന്റെ കൊട്ടാരത്തിൽ ചെല്ലണം. നംറൂദിന്റെ മുമ്പിൽ സുജൂദ് ചെയ്യണം. അതിന് തയ്യാറില്ലാത്ത ആരും അന്നാട്ടിലുണ്ടായിരുന്നില്ല. ഇബ്രാഹീം (അ) പലതവണ നംറൂദുമായി സംഭാഷണം നടത്തിയിട്ടുണ്ട്. സർവശക്തനായ അല്ലാഹുﷻനെക്കുറിച്ചു സംസാരിച്ചിട്ടുണ്ട്. ഒരു ഫലവുമുണ്ടായില്ല. കോപം വർദ്ധിച്ചു എന്നുമാത്രം...
ഒരിക്കൽ ഇബ്രാഹീം (അ) കൊട്ടാരത്തിൽ ചെന്നു. "എന്തിനാണ് വന്നത്?" രാജാവ് ചോദിച്ചു. "അറിഞ്ഞുകൂടേ ? നാട്ടിലാകെ ക്ഷാമം പിടിപെട്ടില്ലേ ? ധാന്യം വേണം." ഇബ്രാഹീം (അ) പറഞ്ഞു...
"ഞാനാരാണെന്ന് നിനക്കറിയുമോ?" രാജാവ് ഗൗരവത്തിൽ ചോദിച്ചു. പ്രവാചകൻ വിനയത്തോടെ ഇങ്ങനെ പറഞ്ഞു :
"ഏകനായ റബ്ബിന്റെ ഒരടിമ."
"എന്ത്? അടിമയോ? ഞാൻ നിന്റെ റബ്ബിന്റെ അടിമയോ? ഞാനൊരു കാര്യം പറയാം. എല്ലാവരും ചെയ്യുന്നത് പോലെ നീ എന്റെ മുമ്പിൽ സുജൂദ് ചെയ്യണം. അല്ലാതെ ഒരു മണി ധാന്യം ഞാൻ തരില്ല..."
"ഏകനായ റബ്ബിന്റെ മുമ്പിൽ മാത്രമേ ഞാൻ സുജൂദ് ചെയ്യുകയുള്ളൂ. മനുഷ്യന്റെ മുമ്പിൽ സുജൂദ് ചെയ്യില്ല."
"പറ ആരാണ് നിന്റെ റബ്ബ്?"
" ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യുന്ന അല്ലാഹുﷻ ..."
"ജീവിപ്പിക്കുകയും മരിപ്പിക്കുകയും ചെയ്യാൻ എനിക്കും കഴിയും നോക്കിക്കോ ?"
ഇങ്ങനെയുള്ള സംഭാഷണങ്ങൾ
പലതവണ നടന്നിട്ടുണ്ട്. വാദിച്ചു ജയിക്കാൻ നംറൂദിന് കഴിഞ്ഞില്ല...
ഒരിക്കൽ ഒരു സദസ്സിൽ വെച്ചു സംവാദം നടന്നു. മനുഷ്യരെ ജീവിപ്പിക്കാനും മരിപ്പിക്കാനും എനിക്കു കഴിയും. കാണിച്ചുതരാം.
രണ്ടാളുകളെ കൊണ്ടുവന്നു. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ഒരു കുറ്റവാളി. മറ്റെയാൾ കുറ്റം ചെയ്യാത്ത നിരപരാധി. വധശിക്ഷ അർഹിക്കുന്ന കുറ്റവാളിയെ വെറുതെ വിട്ടു. നിരപരാധിയെ കൊന്നുകളഞ്ഞു...
"കണ്ടില്ലേ! ജീവിപ്പിക്കുന്നതും മരിപ്പിക്കുന്നതും ഞാനാണെന്ന് മനസ്സിലായില്ലേ?" "ഞാനാണ് റബ്ബ്."
"അല്ല നീ റബ്ബല്ല. അക്രമിയാണ്. എന്റെ റബ്ബ് സൂര്യനെ കിഴക്കു നിന്ന് ഉദിപ്പിക്കുന്നു. നീ റബ്ബാണെങ്കിൽ സൂര്യനെ പടിഞ്ഞാറ് നിന്ന് ഉദിപ്പിക്കൂ..."
ജനം മിഴിച്ചുനിൽക്കുകയാണ്. നംറൂദിന് ഉത്തരം മുട്ടിപ്പോയി...
സൂര്യാരാധകന്മാർ നിറഞ്ഞ ഒരു സദസ്സിൽ വെച്ച് ഇബ്രാഹീം (അ) പ്രഖ്യാപിച്ചു. സൂര്യനെ ദേവതയാക്കി ആരാധിക്കുന്ന സമൂഹമേ ഒരു കാര്യം ഓർത്തുകൊള്ളുക, സൂര്യൻ ചലിക്കുന്നത് അല്ലാഹുﷻന്റെ കൽപനയനുസരിച്ചാണ്. സർവകഴിവും അല്ലാഹുﷻനാകുന്നു. നംറൂദിന് ഒരു കഴിവുമില്ല. അല്ലാഹുﷻ നൽകിയ കഴിവല്ലാതെ...
ഒരിക്കൽ ഒരു സദസ്സിൽ വെച്ച് ഉത്തരം മുട്ടിയ നംറൂദ് ഇബ്രാഹീം നബി (അ) നോടിങ്ങനെ പറഞ്ഞു;
"ഒരു മൃതശരീരത്തിന് ജീവൻ നൽകാൻ നിന്റെ റബ്ബിനോട് അപേക്ഷിക്കുക. നിന്റെ റബ്ബ് അതിന് ജീവൻ നൽകുന്നത് ഞാനൊന്ന് കാണട്ടെ. നിന്റെ റബ്ബ് മൃതശരീരത്തിന് ജീവൻ നൽകിയില്ലെങ്കിൽ നിന്നെ ഞാൻ കൊല്ലും"
"മരിച്ചവരെ ജീവിപ്പിക്കുക എന്റെ റബ്ബിന് അതിന് കഴിയും"
പക്ഷെ എങ്ങനെ..?...
˙·٠•●♥ അറുക്കപ്പെട്ട പക്ഷികൾ (2)♥●•٠·˙
മരിച്ചവരെ ജീവിപ്പിക്കുന്ന പറയുന്നത് ര്യം മനസ്സിന്റെ ചിന്താവിഷയമായി മാറി. എപ്പോഴും അതിനെക്കുറിച്ചു ചിന്തിച്ചുകൊണ്ടിരിക്കും. ഒടുവിൽ അല്ലാഹുﷻ നോട് അക്കാര്യം പറഞ്ഞു പ്രാർത്ഥിച്ചു. വിശുദ്ധ ഖുർആൻ പറയുന്നത് നോക്കൂ...
"ഇബ്രാഹീം പറഞ്ഞ സന്ദർഭവും (ഓർക്കുക). എന്റെ റബ്ബേ! മരണപ്പെട്ടവരെ നീ എങ്ങനെ ജീവിപ്പിക്കുന്നുവെന്ന് എനിക്ക് കാണിച്ചുതരേണമേ! അവൻ (അല്ലാഹുﷻ) പറഞ്ഞു : നീ (അതിൽ) വിശ്വസിക്കുകയും ചെയ്തിട്ടില്ലേ?
അദ്ദേഹം പറഞ്ഞു : ഉണ്ട്. എങ്കിലും എന്റെ ഹൃദയം സമാധാനമടയുവാൻ വേണ്ടിയാകുന്നു. അവൻ (അല്ലാഹുﷻ) പറഞ്ഞു : എന്നാൽ നീ പക്ഷികളിൽ നിന്ന് നാലെണ്ണത്തെ പിടിക്കുക. എന്നിട്ട് അവയെ നിന്നിലേക്ക് കൂട്ടിച്ചേർക്കുക (ഇണക്കുക). പിന്നീട് അവയിൽ നിന്നുള്ള ഓരോ അംശം എല്ലാ (ഓരോ മലകളിലും) ആക്കിക്കൊള്ളുക. പിന്നെ നീ അവയെ വിളിക്കുക. അവ നിന്റെ അടുക്കലേക്ക് വേഗത്തിൽ വരുന്നതാണ്. നീ അറിഞ്ഞു കൊള്ളുക. അല്ലാഹുﷻ പ്രതാപശാലിയും യുക്തിമാനുമാകുന്നു." (2:260)
അല്ലാഹുﷻ എല്ലാറ്റിനും കഴിവുള്ളവനാകുന്നു. മരിച്ച മനുഷ്യരെ ജീവിപ്പിക്കാൻ അവന്നൊരു പ്രയാസമില്ല. അക്കാര്യത്തിൽ ഇബ്രാഹീം (അ) ന് ഉറച്ച വിശ്വാസമുണ്ട്. മനസ്സിന്റെ സമാധാനത്തിനു വേണ്ടിയാണ് അതാവശ്യപ്പെട്ടത്. നാല് പക്ഷികളെയാണ് പിടിച്ചത്. മയിൽ, കാക്ക, പ്രാവ്, കോഴി എന്നിവ...
നാലു പക്ഷികൾക്ക് നാലു ദുഃസ്വഭാവങ്ങളുണ്ട്. ആ ദുഃസ്വഭാവങ്ങൾ മനുഷ്യനിലുമുണ്ട്. ദുഃസ്വഭാവങ്ങൾ ഹനിച്ചുകളയണം. അങ്ങനെയൊരു തത്വം കൂടി ഈ നടപടിയിലുണ്ട്. ശരീരഭംഗിയുള്ള പക്ഷിയാണ് മയിൽ. തന്റെ സൗന്ദര്യത്തിൽ അഹങ്കരിക്കുന്ന പക്ഷി. ലൗകിക ജീവിതത്തിന്റെ അലങ്കാരങ്ങളിലുള്ള മനുഷ്യന്റെ ഭ്രമം അതാണിവിടെ സൂചന. ആത്മീയ ചിന്തകളും പരിശീലനങ്ങളും കൊണ്ട് ഇത് നശിപ്പിക്കണം...
ദുരാഗ്രഹമുള്ള പക്ഷിയാണ് കാക്ക. മനുഷ്യഹൃദയത്തിലും ദുരാഗ്രഹങ്ങൾ നിറഞ്ഞു നിൽക്കുന്നു. എത്ര കിട്ടിയാലും മതിവരില്ല. ഈ ദുരാഗ്രഹം നശിപ്പിക്കണം. അമിതമായ കാമവികാരമുള്ള പക്ഷിയാണ് കോഴി. മനുഷ്യരിലും ഈ സ്വഭാവമുണ്ട്. ഇത് നിയന്ത്രിക്കാനുള്ള കഴിവ് മനുഷ്യൻ നേടണം. അനുവദനീയമാർഗം മാത്രമേ സ്വീകരിക്കാവൂ. അനുവദിക്കാത്ത നിഷിദ്ധ മാർഗങ്ങൾ മുഴുവൻ ഉപേക്ഷിക്കണം...
അമിതമായ കുടുംബ സ്നേഹമുള്ള പക്ഷിയാണ് പ്രാവ്. അല്ലാഹുﷻ ന്റെ പ്രീതി നേടാൻ ഉപകരിക്കുന്ന വിധമായിരിക്കണം മനുഷ്യന്റെ കുടുംബ സ്നേഹം. അല്ലാഹുﷻ ന്റെ കോപം വിളിച്ചുവരുത്തുന്ന വിധമുള്ള കുടുംബ സ്നേഹം പാടില്ല. മനുഷ്യനിലെ നാല് ദുഃസ്വഭാവങ്ങൾ ഇല്ലായ്മ ചെയ്യുകയെന്ന ലക്ഷ്യം നാല് പക്ഷികളെ അറുത്തതിലുണ്ട്. ഇത് ചില ഗ്രന്ഥങ്ങളിൽ കാണുന്നുണ്ട്. വേറെയും പല വ്യാഖ്യാനങ്ങളും കാണുന്നുണ്ട്...
ജീവികൾ ചതുർഭൂതങ്ങളാൽ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. അഗ്നി, മണ്ണ്, വായു, ജലം, എന്നിവയാണവ മനുഷ്യശരീരത്തിലും ഇവയുണ്ട്. നാലു പക്ഷികളെ അറുത്ത് കഷ്ണങ്ങളാക്കി. കൂട്ടിക്കുഴച്ച് നാലു മലകളിൽ വെച്ചു. അതിനുശേഷം അവയെ വിളിച്ചു. അവ പൂർവസ്ഥിതി പ്രാപിച്ചു പറന്നുവന്നു. അല്ലാഹുﷻന്റെ അപാര ശക്തി പ്രകടമായ സംഭവം. നംറൂദും കൂട്ടരും എന്നിട്ടും വിശ്വസിച്ചില്ല. അവർ നബിയെയും അല്ലാഹുﷻവിനെയും ആക്ഷേപിച്ചുകൊണ്ടിരുന്നു...
˙·٠•●♥ പിതാവുമായി സംവാദം (1)♥●•٠·˙
ഇബ്രാഹീം (അ) നാട്ടുകാരുടെ നോട്ടപ്പുള്ളിയായി. തനിക്കു ചുറ്റുമുള്ള ചരാചരങ്ങൾ അല്ലാഹുﷻന്റെ സൃഷ്ടിയാണെന്ന് ആ ചെറുപ്പക്കാരൻ പറഞ്ഞുകൊണ്ടിരുന്നു. ആകാശവും ഭൂമിയും സൃഷ്ടിച്ചവൻ അല്ലാഹുﷻ ...
സൂര്യനും, ചന്ദ്രനും, നക്ഷത്രങ്ങളും അല്ലാഹുﷻന്റെ സൃഷ്ടികളാവുന്നു. കാറ്റും മഴയും വെയിലും ചൂടും തണുപ്പും തരുന്നതും അല്ലാഹുﷻ ... അവനെ മാത്രമേ ആരാധിക്കാവൂ. ആരാധനക്കർഹൻ അവൻ മാത്രം. എന്നിട്ട് ഈ ജനത ചെയ്യുന്നതോ..?
അവൻ സ്വന്തം കൈകൊണ്ട് ബിംബങ്ങൾ ഉണ്ടാക്കുന്നു. എന്നിട്ടവയെ ആരാധിക്കുന്നു. എന്തൊരു വിവരക്കേട് ? ഇതെങ്ങനെ ഇവർക്ക് മനസ്സിലാക്കിക്കൊടുക്കും. ഇബ്രാഹീം (അ)ന് നേരത്തെ തന്നെ അല്ലാഹുﷻ തന്റേടവും സന്മാർഗബോധവും നൽകിയിരുന്നു...
"തീർച്ചയായും നാം മുമ്പ് തന്നെ ഇബ്റാഹീമിന് അദ്ദേഹത്തിന്റെ തന്റേടം (സന്മാർഗം) നൽകിയിട്ടുണ്ട്. അദ്ദേഹത്തെപ്പറ്റി നാം അറിയുന്നവരുമായിരുന്നു." (21:51)
മനസ്സിൽ തൗഹീദിന്റെ വെളിച്ചം പരന്നതോടെ ബഹുദൈവാരാധനയോടുള്ള വെറുപ്പ് വർദ്ധിച്ചു. പിതാവിന്റെ മുമ്പിൽ തന്നെയാണ് ഈ വെറുപ്പ് ആദ്യമായി പ്രകടിപ്പിച്ചത്. നിങ്ങൾ വിഗ്രഹങ്ങൾക്കു മുമ്പിൽ ഭജനമിരിക്കുന്നു. എന്താണതിന്റെ ആവശ്യം? എന്തൊരു നോട്ടമാണ് നിങ്ങൾക്കത് കൊണ്ട് ലഭിക്കാനുള്ളത്..?
ചോദ്യവും ഉത്തരവും വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു : "തന്റെ പിതാവിനോടും ജനങ്ങളോടും അദ്ദേഹം നിങ്ങൾ ഭജനമിരുന്നുകൊണ്ടിരിക്കുന്ന ഈ പ്രതിമകൾ എന്താകുന്നു ?" (21:52) എന്നു ചോദിച്ചപ്പോൾ
"അവർ പറഞ്ഞു : ഞങ്ങളുടെ പിതാക്കൾ അവയെ ആരാധിച്ചുവരുന്നതായിട്ടാണ് ഞങ്ങൾ കണ്ടത്." ( 52,53)
ഈ മറുപടി പ്രവാചകന് ഒട്ടും ഇഷ്ടപ്പെട്ടില്ല. ഈ സമുദായത്തെപ്പോലെ അവരുടെ പിതാക്കളും വഴികേടിലായിരുന്നു. ഇക്കാര്യം വെട്ടിത്തുറന്നു പറയുകയും ചെയ്തു. അതുമൂലം താൻ ഒറ്റപ്പെടുമെന്നും പലതരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരുമെന്നും അറിയാമായിരുന്നു. എന്നാലും സത്യം തുറന്നു പറയണം. ഭവിഷ്യത്തുകൾ ഭയന്ന് സത്യം മൂടിവെക്കരുത്. പ്രവാചകന്റെ വാക്കുകൾ വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നു...
"അദ്ദേഹം പറഞ്ഞു : തീർച്ചയായും നിങ്ങളും നിങ്ങളുടെ പിതാക്കളും വ്യക്തമായ വഴികേടിലായിരുന്നു." (21:54)
ആ പ്രഖ്യാപനം നടത്തുമ്പോൾ ആ മുഖമൊന്നു കാണണമായിരുന്നു. എന്തൊരു ഗൗരവം. ഇതുപോലൊരു പ്രസ്ഥാവന ഇതിന് മുമ്പ് ആ സമൂഹം കേട്ടിട്ടില്ല. ആരാധ്യവസ്തുക്കളെ തള്ളിപ്പറയുക, ഒരു സമൂഹത്തെ ആക്ഷേപിക്കുക, കഴിഞ്ഞുപോയ പിതാക്കാൾ വഴികേടിലാണെന്ന് പ്രഖ്യാപിക്കുക, ഈ ചെറുപ്പക്കാരനെന്തുപറ്റിപ്പോയി ജനങ്ങൾ അങ്ങനെയാണ് ചിന്തിച്ചത്. ഇവൻ കളിതമാശ പറയുകയാണെന്ന് ചിലർ കരുതി. വെറുതെ ഒരു രസത്തിന് വേണ്ടി ചെറുപ്പക്കാർ പലതും സംസാരിക്കും. ഇതും ഒരു വെറും വാക്കായിരിക്കും. ചിലർ അക്കാര്യം എടുത്തു ചോദിക്കുകയും ചെയ്തു...
അവർ പറഞ്ഞു : "നീ ഞങ്ങളുടെ അടുക്കൽ (യഥാർത്ഥ ) കാര്യവുമായി വന്നിരിക്കുകയാണോ ? അതോ നീ കളിക്കാരുടെ കൂട്ടത്തിൽ പെട്ടവനാണോ?" (21:55)
ഈ ചോദ്യം ചോദിച്ച ശേഷം അവർ ചെറുപ്പക്കാരന്റെയടുത്തേക്ക് പ്രതീക്ഷയോടെ നോക്കി. ഞാൻ തമാശ പറഞ്ഞതാണ് അങ്ങനെയൊരു വാചകം ചെറുപ്പക്കാരനിൽ നിന്ന് കിട്ടിയിരുന്നെങ്കിൽ അത് കേൾക്കാൻ വല്ലാതെ മോഹിച്ചു. ചെറുപ്പക്കാരൻ വളരെ ഗൗരവത്തിലാണ് സംസാരിച്ചത്. ഞാൻ കളിക്കുകയല്ല കളി പറയുകയുമല്ല. ഗൗരവമുള്ള സത്യം നിങ്ങളെ കേൾപ്പിക്കുകയാണ്. ആകാശവും ഭൂമിയും സൃഷ്ടിച്ച അല്ലാഹുﷻനെക്കുറിച്ചാണ് ഞാൻ സംസാരിക്കുന്നത്. കളി പറയുകയല്ല...
"അദ്ദേഹം പറഞ്ഞു : എന്നാൽ നിങ്ങളുടെ രക്ഷിതാവ് ആകാശഭൂമികളുടെ രക്ഷിതാവാകുന്നു അവയെല്ലാം പടച്ചവനാകുന്നു ഞാൻ അതിന് സാക്ഷ്യം വഹിക്കുന്നവരിൽ പെട്ടവനുമാണ്." (അമ്പിയാഹ് :56)
കളിയല്ല കാര്യമായിട്ടു തന്നെയാണ് പറയുന്നത്. എങ്കിൽ ഇതനുവദിച്ചുകൂടാ... അതായിരുന്നു ആ സമൂഹത്തിന്റെ നിലപാട്. പിതാവ് സമൂഹത്തിൽ നിന്ദിക്കപ്പെട്ടു. സ്വന്തം പുത്രനെ നിലക്കുനിർത്താൻ കഴിയാത്ത പിതാവ്. സമൂഹം അദ്ദേഹത്തെ കുറ്റപ്പെടുത്തി...
˙·٠•●♥ പിതാവുമായി സംവാദം (2)♥●•٠·˙
പിതാവ് മകനെ ഉപദേശിച്ചു പിന്തിരിപ്പിക്കാൻ നോക്കി. അവർ തമ്മിൽ നടന്ന സംഭാഷണം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നുണ്ട്. പിതാവിനോട് മകൻ ചോദിച്ചു; "കേൾക്കാനും കാണാനും കഴിവില്ലാത്ത ഈ പ്രതിമകളെ എന്തിനാണ് നിങ്ങൾ ആരാധിക്കുന്നത്? യാതൊരുപകാരവും ചെയ്യാൻ അവയ്ക്ക് കഴിയില്ലല്ലോ..?"
പിതാവ് കേൾക്കാൻ ഒട്ടും ഇഷ്ടപ്പെടാത്ത ചോദ്യമാണ് മകൻ ചോദിച്ചത്. കോപം വരാൻ ഇനി വല്ലതും വേണോ? ചോദ്യം അവിടെയും നിർത്തിയില്ല. ഉപദേശ രൂപത്തിലായിരുന്നു പിന്നെ സംസാരം.
"ബാപ്പാ... താങ്കൾക്ക് ലഭിക്കാത്ത ചില അറിവുകൾ എനിക്ക് ലഭിച്ചിട്ടുണ്ട്. ഞാനത് പറഞ്ഞുതരാം. താങ്കൾ വിശ്വസിക്കണം. അല്ലാഹുﷻവാണ് നമ്മുടെ സൃഷ്ടാവ്. അവനിലേക്കുള്ള ശരിയായ മാർഗം ഞാൻ കാണിച്ചുതരാം."
"ബാപ്പാ... താങ്കൾ പിശാചിനെ ആരാധിക്കരുത്. പിശാച് പറയുന്നത് കേൾക്കരുത്. അവനെ പിന്തുടരരുത്. അവൻ അല്ലാഹുﷻവിനോട് അനുസരണക്കേട് കാണിച്ചവനാണ്. താങ്കൾ ഞാൻ പറയുന്നത് വിശ്വസിക്കാതെ പിശാചിന്റെ പിന്നാലെ പോയാൽ അല്ലാഹുﷻവിന്റെ ശിക്ഷ നിങ്ങളെ പിടികൂടുമെന്ന് ഞാൻ ഭയപ്പെടുന്നു..."
ഈ ഉപദേശങ്ങൾ പിതാവിനെ എത്രമാത്രം കോപാകുലനാക്കിയിട്ടുണ്ടാവും? ഊഹിക്കാൻ പോലും കഴിയില്ല. പിതാവിന്റെ മറുപടിയിൽ കോപവും വെറുപ്പും നിറഞ്ഞു നിൽക്കുന്നു...
"ഇബ്രാഹീം ഇത്തരം സംസാരം നിർത്തുക. അല്ലെങ്കിൽ നിന്നെ ഞാൻ കല്ലെടുത്തെറിയും. എന്റെ മുമ്പിൽ നിന്ന് എങ്ങോട്ടെങ്കിലും പോ..."
ഈ സംഭാഷണം വിശുദ്ധ ഖുർആനിൽ നിന്ന് ഇങ്ങനെ വായിക്കാം... "അദ്ദേഹം തന്റെ പിതാവിനോട് പറഞ്ഞ സന്ദർഭം (ഓർക്കുക)എന്റെ പിതാവേ കേൾക്കാനും കാണാനും കഴിയാത്ത ഒന്നിനും ഉപകരിക്കാത്തവയെ (ബിംബത്തെ) എന്തിനാണ് നിങ്ങൾ ആരാധിക്കുന്നത്..?" (19:42)
"എന്റെ പിതാവേ നിങ്ങൾക്കു സിദ്ധിച്ചിട്ടില്ലാത്ത ചില അറിവ് എനിക്ക് കിട്ടിയിട്ടുണ്ട് അതുകൊണ്ട് നിങ്ങൾ എന്നെ പിന്തുടരുക ഞാൻ നിങ്ങൾക്ക് ശരിയായ മാർഗം കാണിച്ചുതരാം." (19:43)
"എന്റെ പിതാവേ നിങ്ങൾ പിശാചിനെ ആരാധിക്കരുത് നിശ്ചയമായും പിശാച് പരമകാരുണികനോട് അനുസരണയില്ലാത്തവനാകുന്നു." (19:44)
"എന്റെ പിതാവേ പരമകാരുണികനിൽ നിന്നുള്ള ശിക്ഷ നിങ്ങളെ ബാധിക്കുന്നതിനെ നിശ്ചയമായും ഞാൻ ഭയപ്പെടുന്നു. അപ്പോൾ നിങ്ങൾ പിശാചിന് ഒരു ഒരു ബന്ധുവായിത്തീരുന്നതാണ്." (19:45)
ഇത്രയും കേട്ട ശേഷമുള്ള പിതാവിന്റെ പ്രതികരണം കാണുക;
"(പിതാവ് ) പറഞ്ഞു : എന്റെ ഇലാഹുകളെ വെണ്ടെന്നുവെക്കുന്നവനാണോ? നീ... ഇബ്രാഹീമേ നീ (ഇതിൽ നിന്ന് ) വിരമിക്കുന്നില്ലെങ്കിൽ നിശ്ചയം നിന്നെ ഞാൻ എറിഞ്ഞോടിക്കുക തന്നെ ചെയ്യും. സുരക്ഷിതനായി നീ എന്നെ വിട്ടേച്ചുപോവുക." (19:46)
ഇബ്രാഹീം (അ)ന്റെ മനസ്സ് അന്ന് എത്ര വേദനിച്ചിട്ടുണ്ടാവും. താൻ പറയുന്ന കാര്യങ്ങളെക്കുറിച്ച് അൽപനേരം ചിന്തിക്കാൻ പോലും ആരും തയ്യാറായില്ല. സൃഷ്ടാവായ അല്ലാഹുﷻﷻ നെക്കുറിച്ചല്ല സൃഷ്ടിയായ നംറൂദിനെക്കുറിച്ചാണവർ ചിന്തിച്ചത്. നംറൂദ് കാണിച്ചുകൊടുത്ത വഴിയിലൂടെയാണ് സമൂഹം സഞ്ചരിക്കുന്നത്. അവന്റെ പാത ശിർക്കിലേക്കുള്ളതാണ്. ഒരു നാട് മുഴുവൻ ശിർക്കിലേക്ക് ഒഴികിക്കൊണ്ടിരിക്കുന്നു. ബിംബാരാധന വളരെ ശക്തമായിരിക്കുന്നു. ആ സമൂഹത്തെ ഏകദൈവ വിശ്വാസത്തിലേക്ക് കൊണ്ടുവരണം. അതിനുവേണ്ടിയാണ് ഇബ്രാഹീമിനെ പ്രവാചകനായി നിയോഗിച്ചിരിക്കുന്നത്...
ബിംബങ്ങൾക്ക് യാതൊരു കഴിവുമില്ലെന്ന് ഈ സമൂഹം എന്താണ് മനസ്സിലാക്കാത്തത്? അവരുടെ ചിന്ത ആ വഴിക്ക് തിരിച്ചുവിടാൻ എങ്ങനെ കഴിയും? വളരെ നേരം ചിന്തിച്ചപ്പോൾ ഒരു തന്ത്രം തോന്നി. ആരാധനാലയത്തിൽ ഒരുപാട് ബിംബങ്ങളുണ്ട്. വലുതും ചെറുതുമായ ബിംബങ്ങൾ. അവയെ വെട്ടിപ്പൊളിക്കുക. സ്വയം രക്ഷക്കുപോലും അവയ്ക്ക് കഴിവില്ലെന്ന് ജനങ്ങൾ അപ്പോൾ മനസ്സിലാക്കിക്കൊള്ളും...
കോടാലിയുമായി ഒരാൾ വെട്ടാൻ വരുമ്പോൾ അവ തടയുമോ? തടയാനുള്ള കഴിവ് അവയ്ക്കുണ്ടോ? ജനങ്ങളുടെ ചിന്താമണ്ഡലം തട്ടിയുണർത്താൻ അങ്ങനെ ഒരു വഴിയേയുള്ളൂ. പെരുന്നാൾ വരികയാണ്. മൈതാനിയിൽ എല്ലാവരും ഒത്തുകൂടുന്ന ദിവസം. അന്ന് പദ്ധതി നടപ്പാക്കാം...
˙·٠•●♥ തകർന്നു വീണ വിഗ്രഹങ്ങൾ (1)♥●•٠·˙
വിഗ്രഹങ്ങളുടെ നിർമ്മാണവും വിൽപനയും ഇറാഖിൽ വലിയ തോതിൽ നടന്നിരുന്നു. എഴുപത്തിരണ്ട് തരം വിഗ്രഹങ്ങൾ. പല വലിപ്പത്തിലുള്ളവ. സ്വർണ്ണം കൊണ്ടും വെള്ളികൊണ്ടും ഇരുമ്പുകൊണ്ടും വിഗ്രഹങ്ങൾ നിർമ്മിച്ചിരുന്നു. സ്വർണ്ണ വിഗ്രഹത്തിന് വമ്പിച്ച വിലയാണ്. അവ ധനികന്മാർക്കുള്ളതാണ്. സാധാരണക്കാർക്കും ഇടത്തരക്കാർക്കും അവ സ്വന്തമാക്കാനാവില്ല.
ഏറ്റവും വലിയ വിഗ്രഹത്തിന്റെ കണ്ണുകളിൽ രത്നങ്ങൾ പതിച്ചിട്ടുണ്ട്. അവ വെട്ടിത്തിളങ്ങും. ഭക്തജനങ്ങളെ കാണുമ്പോൾ തിളങ്ങുന്ന കണ്ണുകൾ കൊണ്ട് നോക്കും പോലെ തോന്നും. പാമരജനങ്ങൾ നിർവൃതികൊള്ളും. മനുഷ്യ രൂപത്തിൽ മാത്രമല്ല വിഗ്രഹങ്ങൾ. വൃക്ഷങ്ങൾ, പക്ഷികൾ, മറ്റു പല ജന്തുക്കൾ ഇവയുടെ രൂപത്തിലും വിഗ്രഹങ്ങൾ ധാരാളമുണ്ടായിരുന്നു.
ചില ചരിത്രകാരന്മാർ ഇങ്ങിനെ പറയുന്നു; നംറൂദ് രാജാവിന്റെ ജനത കൊല്ലത്തിലൊരിക്കൽ ഒരു നിശ്ചിത ദിവസം പെരുന്നാൾ ആഘോഷിക്കും. ജനങ്ങളെല്ലാം പകൽസമയത്ത് വിശാലമായ മൈതാനിയിൽ ഒരുമിച്ചുകൂടും. പലതരം വിനോദങ്ങളിൽ ഏർപ്പെടും. എല്ലാവരും ഒത്തുകൂടുന്ന മഹാമേളയാണത്.
ആ വർഷവും പെരുന്നാൾ വന്നു. ജനങ്ങളെല്ലാം കൂട്ടംകൂട്ടമായി മൈതാനിയിലേക്ക് പോവുന്നു. അവർ ഇബ്രാഹീമിനെയും ക്ഷണിച്ചു. ഇബ്രാഹീം കുറെയാളുകളോടൊപ്പം പുറപ്പെട്ടു. കുറെദൂരം നടന്നിട്ട് ഒരിടത്തിരുന്നു. നല്ല സുഖമില്ല. ഞാനൽപം വിശ്രമിക്കട്ടെ! നിങ്ങൾ പൊയ്ക്കൊള്ളൂ... ഇബ്രാഹീം പറഞ്ഞു. കൂടെയുള്ളവർ പോയി...
ജനങ്ങൾ കൂട്ടം കൂട്ടമായി ഇബ്രാഹീമിന്റെ മുമ്പിലൂടെ ഒഴികിക്കൊണ്ടിരുന്നു. കുറെ നേരം കഴിഞ്ഞപ്പോൾ ഒഴുക്ക് നിലച്ചു. വഴികൾ വിജനമായി. ഇബ്രാഹീം ഒറ്റക്കായി. ഇബ്രാഹീം അവിടെ നിന്നെഴുന്നേറ്റു നടന്നു. ആരാധനാലയം. അതിന്നകത്ത് വിഗ്രഹങ്ങൾ. ജീവനില്ലാത്ത വസ്തുക്കൾ. അവയെ തല്ലിയുടയ്ക്കണം. മുഖം ഗൗരവം പൂണ്ടു. നല്ലൊരു കോടാലിയെടുത്തു. ആരാധനാലയത്തിൽ പ്രവേശിച്ചു...
മൈതാനിയിലെ വിനോദ പരിപാടികൾ കഴിഞ്ഞാൽ എല്ലാവരും ഇവിടെയെത്തും. പിന്നെ ആരാധന നടക്കും. ബിംബങ്ങളുടെ മുമ്പിൽ ധാരാളം ഭക്ഷ്യവസ്തുക്കൾ വെച്ചിട്ടുണ്ട്. ഭക്തന്മാർക്ക് വിതരണം ചെയ്യാനുള്ളതാണ്. ഇബ്രാഹീം ബിംബങ്ങളെ നോക്കി ചോദിച്ചു: "എന്താ ഇതൊന്നും തിന്നുന്നില്ലേ?" മറുപടിയില്ല. വീണ്ടും ചോദിച്ചു: "എന്താ മറുപടി പറയാത്തത്? കേൾക്കുന്നില്ലേ? നിങ്ങൾക്ക് കേൾക്കാൻ കഴിവില്ലേ? സംസാരിക്കില്ലേ? ഒന്നിനും കഴിവില്ലേ?" കോടാലികൊണ്ട് വെട്ടി. വെട്ടേറ്റ് തകർന്നുവീണു...
വലിയ വിഗ്രഹത്തെ വെറുതെ വിട്ടു. മറ്റെല്ലാം തകർത്തു. വലിയ വിഗ്രഹത്തിന്റെ കഴുത്തിൽ കോടാലി തൂക്കിയിട്ടു. എന്നിട്ട് ഇബ്രാഹീം (അ) സ്ഥലം വിട്ടു. ജനങ്ങൾ വരും. പൊട്ടിത്തകർന്ന ബിംബങ്ങൾ കാണും. അപ്പോൾ അവർ ചിന്തിക്കും. സ്വയം രക്ഷക്ക് കഴിയാത്ത വസ്തുക്കൾ. ഇവയെ ആരാധിക്കാൻ കൊള്ളില്ല. ആരാധ്യൻ അല്ലാഹു ﷻ മാത്രമാണെന്നവർ അറിയട്ടെ...
മൈതാനിയിൽ വിനോദ പരിപാടികൾ അവസാനിച്ചു. ഇനി ആരാധനയാണ്. എല്ലാവരും ആരാധനലായത്തിൽ വന്നു കയറി. ഞെട്ടിപ്പോയി. തകർന്നു വീണ പ്രതിമകൾ. "ആരാണിത് ചെയ്തത്?" പലരും ഉറക്കെ ചോദിച്ചു. ഇത് ചെയ്തവൻ മഹാ അക്രമി തന്നെ. അവന് തക്കതായ ശിക്ഷ നൽകണം അപ്പോൾ ചിലർ പറഞ്ഞു: "വിഗ്രഹങ്ങളെ തള്ളിപ്പറയുന്ന ഒരു ചെറുപ്പക്കാരൻ ഇവിടെയുണ്ട്. ഇബ്രാഹീം എന്നാണവന്റെ പേര്."
രാജാവ് വിവരമറിഞ്ഞു. കോപാകുലനായി "ഇബ്രാഹീമിനെ ബന്ധിച്ചുകൊണ്ടുവരൂ...." രാജകൽപന വന്നു. ആളുകൾ ഓടി. ഇബ്രാഹീം (അ) നേരത്തെ പറഞ്ഞ ഒരു കാര്യം ചിലരുടെയൊക്കെ ഓർമ്മയിൽ വന്നു.
അല്ലാഹുﷻവാണെ സത്യം! നിശ്ചയം നിങ്ങൾ പിന്തിരിഞ്ഞുപോയതിനു ശേഷം ഞാൻ നിങ്ങളുടെ വിഗ്രഹങ്ങളോട് തന്ത്രം പ്രയോഗിക്കുന്നതാണ്." (21:57)
"അങ്ങനെ അവരുടെ വലിയ ഒരു വിഗ്രഹമൊഴിച്ചു അവയെ അദ്ദേഹം തുണ്ടംതുണ്ടമാക്കി. അവർ തന്റെ അടുക്കലേക്ക് മടങ്ങിയേക്കാം." (21:58)
അവർ തന്റെ അടുക്കലേക്ക് മടങ്ങിയേക്കാം എന്ന വചനം രണ്ട് വിധത്തിൽ വ്യാഖ്യാനിക്കപ്പെടുന്നു...
ഒന്ന് അവർ ഇബ്രാഹീം നബി (അ) ന്റെ അടുക്കലേക്ക് മടങ്ങിയേക്കാം. അങ്ങനെ അവർ മടങ്ങിവന്നാൽ വിഗ്രഹങ്ങളുടെ കഴിവുകേട് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാം. സർവശക്തനായ അല്ലാഹുﷻവിലേക്ക് അവരെ ക്ഷണിക്കാം...
രണ്ടാമത്തെ വ്യാഖ്യാനം നശിപ്പിക്കാതെ വിട്ട വലിയ വിഗ്രഹത്തിലേക്ക് അവൻ മടങ്ങിയേക്കാമെന്നാണ്. മറ്റുള്ളവയെ ആര് നശിപ്പിച്ചു എന്നത് ചോദിക്കും. മറുപടി പറയില്ല. അപ്പോൾ അതിന്റെ കഴിവുകേട് ആളുകൾ മനസ്സിലാക്കും...
അങ്ങനെയെല്ലാം ചിന്തിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ രാജാവിന്റെ പട്ടാളക്കാർ ഓടിയെത്തി. ഇബ്രാഹീമിനെ ബന്ധിച്ചു. രാജസദസ്സിൽ ഹാജരാക്കി...
˙·٠•●♥ തകർന്നുവീണ വിഗ്രഹങ്ങൾ (2) ♥●•٠·˙
ദേവാലയത്തിലെത്തിയപ്പോൾ നടന്ന ജനങ്ങളുടെ സംഭാഷണം വിശുദ്ധ ഖുർആൻ ഉദ്ധരിക്കുന്നതിങ്ങനെയാണ്: "അവർ പറഞ്ഞു : നമ്മുടെ ഇലാഹുകളെകൊണ്ട് ഇത് ചെയ്തവൻ ആരാണ്? നിശ്ചയമായും അവൻ അക്രമികളിൽ പെട്ടവൻ തന്നെ." (21:59)
"അവർ (ചിലർ) പറഞ്ഞു : ഒരു യുവാവ് അവയെപ്പറ്റി (ആക്ഷേപിച്ചു )പറയുന്നത് ഞങ്ങൾ കേട്ടിട്ടുണ്ട്. ഇബ്രാഹീം എന്നാണ് അവന്ന് (പേർ) പറയപ്പെടുന്നത്." (21:60 )
അവർ പറഞ്ഞു : "എന്നാൽ അവനെ ജനങ്ങളുടെ ദൃഷ്ടിയിൽ കൊണ്ട് വരുവിൻ. അവർ സാക്ഷ്യം വഹിച്ചേക്കാം." (21:61)
ഇപ്പോൾ ഇബ്രാഹീം (അ) ബന്ധിതനായി ജനങ്ങളുടെ മുമ്പിൽ നിൽക്കുന്നു. അവർ അദ്ദേഹത്തെ ചോദ്യം ചെയ്യുന്ന രംഗം വിശുദ്ധ ഖുർആൻ നമുക്ക് കാണിച്ചു തരുന്നു: "അവർ ചോദിച്ചു : ഇബ്രാഹീം! നീയാണോ നമ്മുടെ ഇലാഹുകളെ കൊണ്ട് ഇത് ചെയ്തത്?" (21:62)
"അദ്ദേഹം പറഞ്ഞു : എന്നാൽ അത് അവരിലുള്ള ഈ വലിയവൻ ചെയ്തതാണ്. അവർ സംസാരിക്കുമെങ്കിൽ നിങ്ങൾ അവരോട് ചോദിച്ചുകൊള്ളുക. (21:63)
നിമിഷ നേരത്തേക്ക് സദസ്സ് നിശ്ശബ്ദമായി. അവർ ചിന്താമൂകരായി നിന്നുപോയി. ഉയർന്ന ശിരസ്സുകൾ കുനിഞ്ഞു. അവൻ പറഞ്ഞത് ശരിയല്ലേ? നാം എന്തിന് ഇവയെ ആരാധിക്കുന്നു? ഇവർ ആരാധനക്കർഹരാണോ? ആ വഴിയിലുള്ള ചിന്ത അധിക നേരം നീണ്ടുനിന്നില്ല. ഒരു യുവാവിന്റെ മുമ്പിൽ തോറ്റുകൊടുത്തുകൂടാ. അവർ അടുത്ത നിമിഷത്തിൽ വിളിച്ചു പറയാൻ തുടങ്ങി... "അവനെ തീയിലിട്ട് കരിക്കുക."
അക്കാലത്തെ ഒരു ശിക്ഷാ രീതിയാണത്. വലിയ തീകുണ്ഡാരങ്ങൾ ഉണ്ടാക്കുക. ജീവനുള്ള മനുഷ്യനെ അതിലെറിയുക. വലിയ തെറ്റു ചെയ്തവർക്കുള്ള ശിക്ഷ. ആ ശിക്ഷയാണ് ഇബ്രാഹീമിന് ജനം വിധിച്ചത്. വിശുദ്ധ ഖുർആൻ പറയുന്നു : "അപ്പോൾ അവർ തങ്ങളുടെ മനസ്സുകളിലേക്ക് മടങ്ങി എന്നിട്ട് അവർ (തമ്മിൽ) പറഞ്ഞു : നിശ്ചയമായും നിങ്ങൾ തന്നെയാണ് അക്രമികൾ. (21:64)
"പിന്നെ അവർ തലതാഴ്ത്തി ഇവ സംസാരിക്കില്ലെന്ന് നിനക്ക് തീർച്ചയായും അറിയാം." (21:65)
അവയ്ക്ക് സംസാരിക്കാൻ കഴിയില്ലെന്ന സത്യം അവരുടെ ആരാധകർ തന്നെ സമ്മതിച്ചു. ഉടനെ ഇബ്രാഹീം (അ) ചോദിച്ചു : "ഉപകാരമോ ഉപദ്രമോ ചെയ്യാൻ കഴിയാത്ത വസ്തുക്കളെ എന്തിന് ആരാധിക്കുന്നു? അല്ലാഹുﷻവിനെ ആരാധിക്കുവീൻ..."
"സർവശക്തനായ അല്ലാഹുﷻവിനെ നിങ്ങൾ ആരാധിക്കുന്നില്ല. നിർജ്ജീവ വസ്തുക്കളെ ആരാധിക്കുന്നു. അല്ലാഹുﷻവിനെ ആരാധിക്കുവീൻ. സർവശക്തനായ അല്ലാഹുﷻവിനെ നിങ്ങൾ ആരാധിക്കുന്നില്ല. നിർജ്ജീവ വസ്തുക്കളെ ആരാധിക്കുന്നു ലജ്ജാവഹം..!"
വിശുദ്ധ ഖുർആൻ ഇബ്രാഹീം (അ)ന്റെ പ്രസ്താവന ഉദ്ധരിക്കുന്നു; "അദ്ദേഹം പറഞ്ഞു : എന്നാൽ അല്ലാഹുﷻവല്ലാത്ത നിങ്ങൾക്ക് ഉപദ്രവമോ ഉപകാരമോ ചെയ്യാത്തതിനെ നിങ്ങൾ ആരാധിക്കുകയാണോ?" (21:66)
"ഛെ! നിങ്ങളും അല്ലാഹുﷻ അല്ലാത്ത നിങ്ങൾ ആരാധിക്കുന്ന വസ്തുക്കളും - നിങ്ങൾ മനസ്സിലാക്കുന്നില്ലേ?" (21:67)
ഇബ്രാഹീം (അ) സത്യമാർഗത്തിലേക്ക് അവരെ ക്ഷണിച്ചു. അവരത് സ്വീകരിച്ചില്ല. അദ്ദേഹത്തെ കരിച്ചു കൊല്ലാനായിരുന്നു അവരുടെ തീരുമാനം. നംറൂദിന്റെ കൽപ്പന വന്നു. വളരെ വലിയ അഗ്നി കുണ്ഡം നിർമ്മിക്കാൻ കൽപന കൊടുത്തു. ജനങ്ങൾ വിറക് നേർച്ചയാക്കാൻ തുടങ്ങി. നാട്ടിലാകെ തീകുണ്ഡത്തെക്കുറിച്ചുള്ള സംസാരം തന്നെ. ഇബ്രാഹീമിന് കിട്ടാൻ പോവുന്ന ശിക്ഷ അതികഠിനം തന്നെയെന്ന് എല്ലാവരും പറഞ്ഞുനടന്നു...
˙·٠•●♥ അഗ്നി പരീക്ഷണം (1)♥●•٠·˙
വലിയ അഗ്നികുണ്ഡം ശരിയായി വരികയാണ്. അതിൽ വിറക് നിറയ്ക്കാൻ ഒരു മാസം വേണ്ടിവന്നു. രോഗശയ്യയിൽ കിടക്കുന്നവർ വരെ വിറക് നേർച്ചയാക്കി അയച്ചു. നാടാകെ വിറക് ശേഖരണം ഒരാവേശമായി പടർന്നു. നിശ്ചിത അളവിൽ വിറക് നിറഞ്ഞു. വിറകിനു മുകളിൽ വലിയ അളവിൽ നെയ്യ് ഒഴിച്ചു. അതിനുശേഷം തീകൊളുത്തി തീ പടർന്നു കത്തി...
അഗ്നി പരീക്ഷണം. രക്ഷപ്പെടാനുള്ള മാർഗം നോക്കിയില്ല. ഓടിയൊളിച്ചില്ല. നാട് വിട്ടില്ല. എനിക്ക് അല്ലാഹുﷻ മതി. എല്ലാ കാര്യങ്ങളും അവനിൽ ഭാരമേൽപിക്കുന്നു. (ഹസ്ബുനല്ലാഹി വനിഹ്മൽ വകീൽ ) ഈ ദിക്റ് ചൊല്ലിക്കൊണ്ടിരുന്നു...
"ഇബ്റാഹീമിന്റെ കൈകാലുകൾ ഇരുമ്പു ചങ്ങലയിൽ ബന്ധിക്കുക."
രാജകൽപന വന്നു. യുവാവ് ബന്ധിതനായി. തീ ദിവസങ്ങളോളം ആളിക്കത്തി. അതിനു മുകളിലൂടെ പറക്കുന്ന പക്ഷികൾ കരിഞ്ഞു വീണു. എന്തൊരു പരീക്ഷണം. കൈകാലുകൾ ഇരുമ്പുചങ്ങലയിൽ ബന്ധിക്കപ്പെട്ട ഇബ്രാഹീം (അ) അഗ്നിയിലേക്ക് എറിയപ്പെട്ടു...
ഒരുനിമിഷം പ്രകൃതി നിശ്ചലമായി..! ആകാശ ഭൂമികൾ അമ്പരന്നു. പെട്ടെന്ന് ജിബ്രീൽ (അ) പ്രത്യക്ഷപ്പെട്ടു ചോദിച്ചു...
"എന്റെ സഹായം ആവശ്യമുണ്ടോ?"
"ഇല്ല എനിക്ക് അല്ലാഹുﷻ മതി" ജിബ്രീൽ (അ) പിൻമാറി.
മീകാഈൽ (അ) എന്ന മലക്ക് വന്നു ചോദിച്ചു : "മഴ പെയ്യിപ്പിച്ച് തീ കെടുത്തിത്തരാം വേണോ..?"
"വേണ്ട എനിക്ക് അല്ലാഹുﷻ മതി
ഹസ്ബുനല്ലാഹ്....."
പൂർണ്ണമായ തവക്കുൽ...
സത്യവിശ്വാസിയുടെ മനസ്സിൽ അതുണ്ടായിത്തീരണം. അത് വന്നുകഴിഞ്ഞാൽ അവിടന്നങ്ങോട്ടുള്ള കാര്യങ്ങൾ അല്ലാഹുﷻ ഏറ്റെടുക്കും. അടുത്ത നിമിഷത്തിൽ ഇബ്രാഹീം കത്തിക്കരിഞ്ഞു പോവുമെന്നാണ് മുശ്രിക്കുകൾ ധരിച്ചത്. അതിനുമുമ്പെ അഗ്നിക്ക് അല്ലാഹുവിന്റെ കൽപന കിട്ടി. അഗ്നി നീ തണുപ്പാവുക. അഗ്നി നീ രക്ഷയാവുക. സുഖശീതളമായ അനുഭവം... വിശുദ്ധ ഖുർആൻ പറയുന്നു :
"അവർ പറഞ്ഞു : ഇവനെ നിങ്ങൾ ചുട്ടെരിക്കുവീൻ നിങ്ങളുടെ ഇലാഹുകളെ സഹായിക്കുകയും ചെയ്യുവീൻ നിങ്ങൾ വല്ലതും ചെയ്യുന്നവരാണെങ്കിൽ." (21:68)
അഗ്നിയിലേക്കെറിയപ്പെട്ടപ്പോൾ "അല്ലാഹു അഗ്നിയോട് കൽപിച്ചതിങ്ങനെയായിരുന്നു
നാം പറഞ്ഞു : തീ നീ ശീതളവും ഇബ്രാഹീമിന് രക്ഷയും ആയിത്തീരുക." (21:69)
"അദ്ദേഹത്തെക്കൊണ്ട് അവർ ഒരു തന്ത്രം ഉദ്ദേശിച്ചു എന്നാൽ നാം അവരെത്തന്നെ ഏറ്റവും നഷ്ടപ്പെട്ടവരാക്കി." (21:70)
പർവതങ്ങൾ പോലും കരിഞ്ഞുപോവുന്ന തീ. അതിന്റെ സമീപത്തേക്ക് പോകാൻ പോലും പറ്റില്ല. പരിസരമാകെ ചൂട് പിടിച്ചിരിക്കുന്നു. മരങ്ങൾ കത്തിക്കരിഞ്ഞു...
˙·٠•●♥ അഗ്നി പരീക്ഷണം (2)♥●•٠·˙
ദിവസങ്ങൾ കടന്നുപോയി. നംറൂദും സംഘവും വന്നു. അവർ ഞെട്ടിപ്പോയി. അഗ്നി ഇബ്രാഹീമിനെ സ്പർശിച്ചിട്ടില്ല. കഴുത്തിലും കൈകാലുകളിലും ബന്ധിച്ചിരുന്ന ഇരുമ്പുചങ്ങലകൾ അഗ്നിയിൽ ഉരുകിപ്പോയിരിക്കുന്നു. മുഖത്ത് സന്തോഷം. ആരോടോ സംസാരിച്ചുകൊണ്ടിരിക്കുന്നു. മലക്കുകൾ അദ്ദേഹത്തിന് ഇരിപ്പിടം നൽകിയിരുന്നു. വസ്ത്രം ധരിപ്പിക്കുകയും ചെയ്തിരിക്കുന്നു. ഏഴു ദിനരാത്രങ്ങൾ ഈ രീതിയിൽ കടന്നുപോയി...
നംറൂദ് തന്റെ യുവ സുന്ദരിയായ മകളോടു കൂടി വന്നു. മകൾ പിതാവിനോട് പറഞ്ഞു;
"എന്റെ പിതാവേ ഇബ്രാഹീം പറയുന്ന റബ്ബ് സർവ്വശക്തനാണെന്ന് ഇപ്പോൾ ബോധ്യമായില്ലേ? ഈ അഗ്നിയിൽ നിന്ന് അദ്ദേഹത്തെ ആ റബ്ബ് രക്ഷിച്ചില്ലേ? ഇനിയെങ്കിലും ആ റബ്ബിൽ നമുക്ക് വിശ്വസിച്ചുകൂടേ..?
നംറൂദ് കോപത്തോടെ അലറി :
"എടീ ....മിണ്ടിപ്പോവരുത്. കൊന്നുകളയും ഞാൻ." നംറൂദിന്റെ ഭീഷണി അവഗണിച്ചുകൊണ്ട് ആ മകൾ ഇസ്ലാം മതം സ്വീകരിച്ചതായി ചില ചരിത്രകാരന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്. അഗ്നികുണ്ഡത്തിൽ നിന്ന് സുസ്മേരവദനനായി ഇബ്രാഹീം പുറത്തുവന്നു. ചിലർക്കൊക്കെ ഇബ്രാഹീം (അ)ൽ വിശ്വാസം വന്നു. അവർ ഇസ്ലാം മതം സ്വീകരിച്ചു...
അക്കൂട്ടത്തിൽ ഒരാളായിരുന്നു സാറ (റ). ഇബ്രാഹീം (അ)ന്റെ പിതൃവ്യനായ ഹാറാൻ അക്ബറിന്റെ മകളാണ് സാറ (റ)യെന്ന് ചില രേഖകളിൽ കാണാം. സഹോദര പുത്രനായ ലൂത്വ് (അ) ഇക്കാലത്ത് ഇബ്രാഹീം (അ) ന്റെ കൂടെയുണ്ടായിരുന്നു.
ഇബ്രാഹീം (അ) സാറാ(റ)യെ വിവാഹം ചെയ്തു. ഇനിയുള്ള ജീവിതയാത്രയിൽ സാറ (റ)യും പങ്കാളിയാവും...
ഊർ പട്ടണത്തിലും ബാബിലോണിയായുടെ മറ്റു ഭാഗങ്ങളിലുമായിട്ടാണ് ഇത് വരെ കഴിഞ്ഞുകൂടിയത്. ഇനി പിറന്ന നാടിനോട് യാത്ര പറയണം. ഹിജ്റ പോവാൻ സമയമായിരിക്കുന്നു. സാറ (റ)യെ കൂടെകൂട്ടാം. ലൂത്വ് (അ)കൂടെ വരും. നബിയും മുശ്രിക്കുകളും തമ്മിൽ പലയിടത്തുവെച്ചും വാഗ്വാദങ്ങൾ നടന്നു. ഇബ്രാഹീം (അ) തന്റെ റബ്ബിനെക്കുറിച്ച് നിരന്തരം സംസാരിച്ചു കൊണ്ടിരുന്നു. അദ്ദേഹത്തിന്റെ വചനങ്ങൾ സൂറത്തുശ്ശുഅറാഇൽ എടുത്തു പറയുന്നുണ്ട്...
"എന്നെ സൃഷ്ടിച്ചിട്ടുള്ളവനാണവൻ. എന്നിട്ട് അവൻ എനിക്ക് മാർഗദർശനം നൽകുന്നു. അവൻ എനിക്ക് ഭക്ഷണം നൽകുന്നു. എനിക്ക് കുടിക്കുവാൻ (വെള്ളം) തരികയും ചെയ്യുന്നു. എനിക്ക് രോഗം ബാധിച്ചാൽ എന്നെ അവൻ സുഖപ്പെടുത്തുകയും ചെയ്യുന്നു. എന്നെ മരണപ്പെടുത്തുകയും പിന്നീട് എന്നെ ജീവിപ്പിക്കുകയും ചെയ്യുന്നവനുമാണ് (അവൻ)."
ജനനം മുതൽ മരണം വരെയുള്ള സകല കാര്യങ്ങളും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള സംസാരമാണിത്. എന്നെ സൃഷ്ടിച്ചത് അല്ലാഹു. എന്നെ സന്മാർഗത്തിലാക്കിയതും അവൻ തന്നെ. മാർഗദർശനം ലഭിക്കുന്നതോടെ ജീവിതം ധന്യമായി. ഭക്ഷണവും പാനീയവും മനുഷ്യജീവൻ നിലനിർത്താനാവശ്യമാണ്. അവ തരുന്നവൻ അല്ലാഹു. ആരോഗ്യം വേണം. അനാരോഗ്യം വരുമ്പോൾ രോഗിയാവുന്നു. രോഗം ഭേദമാക്കുന്നവനും അല്ലാഹുﷻ...
ജീവിതാന്ത്യം മരണമാകുന്നു. മരണാനന്തരം വീണ്ടും ജീവിതം. പരലോകം. ശിക്ഷാ-രക്ഷകളുടെ ലോകം. മനുഷ്യർ പാപമോചനത്തിന് വേണ്ടി സദാ പ്രാർത്ഥിച്ചുകൊണ്ടിരിക്കണം. പാപമോചനം ലഭിക്കുമെന്ന പ്രതീക്ഷയും വേണം. അതിനുള്ള മാതൃകയും നബിയുടെ വിവരണത്തിലുണ്ട്...
˙·٠•●♥ പാലായനം (1)♥●•٠·˙
അഗ്നിപരീക്ഷണം കഴിഞ്ഞിട്ടുപോലും ജനങ്ങൾ ഏക ഇലാഹിലേക്ക് വരാൻ കൂട്ടാക്കുന്നില്ല. അവർ ശിർക്കിൽ നിന്ന് മടങ്ങുന്നില്ല. ഇനി നാട് വിട്ടുപോകാമെന്ന് ഇബ്രാഹീം (അ) കരുതുന്നു. അല്ലാഹുﷻന്റെ അനുമതിയോടെ സമീപ നാടുകളിലേക്ക് പോകാം...
പിതാവിനെ നേർമാർഗത്തിലേക്ക് കൊണ്ടുവരാൻ വേണ്ടി ഇബ്രാഹീം (അ) വളരെ പരിശ്രമിച്ചിരുന്നു. പിതാവിനോട് കാണിക്കേണ്ട എല്ലാ മര്യാദകളും സ്നേഹ ബഹുമാനങ്ങളും പ്രകടിപ്പിച്ചുകൊണ്ടാണ് അദ്ദേഹം സംസാരിച്ചത്. പക്ഷേ പിതാവ് വളരെ ക്രൂരമായിട്ടാണ് പെരുമാറിയത്. നീ ഇത്തരം സംസാരം നിർത്തിയില്ലെങ്കിൽ നിന്നെ ഞാൻ എറിഞ്ഞു കൊല്ലും. രക്ഷ വേണമെങ്കിൽ സ്ഥലം വിട്ടോ. ഇതായിരുന്നു പിതാവിന്റെ പ്രതികരണം...
ഇബ്രാഹീം (അ) പിതാവിനോട് സലാം പറഞ്ഞു വിട ചൊല്ലി. നിങ്ങൾക്കു സലാം. സലാമുൻ അലൈക്ക. പിതാവേ താങ്കളുടെ പാപങ്ങൾ പൊറുത്തുതരാൻ വേണ്ടി ഞാൻ എന്റെ റബ്ബിനോട് പ്രാർത്ഥിക്കാം...
വിശുദ്ധ ഖുർആൻ പറയുന്നു :
"അദ്ദേഹം പറഞ്ഞു : നിങ്ങൾക്കു സലാം നിങ്ങൾക്കു വേണ്ടി ഞാൻ എന്റെ റബ്ബിനോട് പാപമോചനത്തിന് പ്രാർത്ഥിച്ചുകൊള്ളാം. അവൻ എന്നോട് വളരെ കനിവുള്ളവനാകുന്നു." (19:47)
"നിങ്ങളെയും അല്ലാഹുﷻവിന് പുറമെ നിങ്ങൾ വിളിച്ചു (പ്രാർത്ഥിച്ചു) വരുന്നതിനെയും ഞാൻ വിട്ടൊഴിഞ്ഞ് പോവുകയാണ്. ഞാൻ എന്റെ റബ്ബിനെ വിളിച്ചു പ്രാർത്ഥിച്ചു കൊണ്ടിരിക്കുകയും ചെയ്യും. എന്റെ റബ്ബിനെ വിളിക്കുന്നതിൽ ഞാൻ പരാജിതനാവാതിരുന്നേക്കാം." (19:48)
എല്ലാം അല്ലാഹുﷻൽ അർപ്പിച്ചുകൊണ്ട് ഇബ്രാഹീം (അ) പോവുകയാണ്. തൗഹീദിന്റെ മാർഗത്തിൽ എന്ത് ത്യാഗത്തിനും സന്നദ്ധനായിക്കൊണ്ടുള്ള പുറപ്പാട്. പിതാവിനുവേണ്ടി പലതവണ പ്രാർത്ഥിച്ചു. പ്രാർത്ഥിക്കുമെന്ന് വാഗ്ദാനം ചെയ്തതുമാണല്ലോ. പിതാവിന്റെ കാര്യത്തിൽ വലിയ മനോവേദനയും ഉണ്ടായിരുന്നു. പിതാവ് അല്ലാഹുﷻവിന്റെ ശത്രുവാണ്. പിശാചിനെ പിന്തുടർന്നവനുമാണ്. അക്കാര്യം മകന് ബോധ്യമായി ...
അല്ലാഹുﷻ പറയുന്നു :
"ഇബ്രാഹീം അദ്ദേഹത്തിന്റെ പിതാവിനു വേണ്ടി പാപമോചനം തേടിയത് അദ്ദേഹം അയാളോട് ചെയ്തിരുന്ന ഒരു വാഗ്ദത്ത നിമിത്തമല്ലാതെ ആയിരുന്നില്ല. എന്നിട്ട് അയാൾ അല്ലാഹുﷻവിന്റെ ഒരു ശത്രുവാണെന്ന് അദ്ദേഹത്തിന് വ്യക്തമായിത്തീർന്നപ്പോൾ അദ്ദേഹം അയാളിൽ നിന്ന് (ബന്ധം) വിട്ടുമാറി. നിശ്ചയമായും ഇബ്രാഹീം വളരെ വിനയമുള്ളവനും സഹനശീലനും തന്നെയാകുന്നു." (9:114)
ഇബ്രാഹീം (അ) വളരെയേറെ വിനയം പ്രകടിപ്പിച്ചിരുന്ന ആളായിരുന്നു. ആ വിനയം നമുക്ക് മാതൃകയാണ്. വളരെയേറെ പരീക്ഷണങ്ങൾ നേരിട്ട പ്രവാചകനാണ്. അപ്പോഴെലാം ക്ഷമ അവലംബിച്ചു. വെപ്രാളം കാണിച്ചില്ല. ആ വിനയവും ക്ഷമയും വിശുദ്ധ ഖുർആൻ എടുത്തുപറഞ്ഞു; മുഅ്മിനീങ്ങൾക്കു മാതൃകയാക്കാനുള്ളത് ആ ക്ഷമാശീലമാണ്. പിതാവ് അല്ലാഹുﷻവിന്റെ ശത്രുവാണെന്ന് ബോധ്യം വന്നതോടെ ബന്ധം ഇല്ലാതാവുകയാണ്. എന്നെങ്കിലുമൊരിക്കൽ നന്നായിത്തീരുമെന്ന പ്രതീക്ഷ അസ്തമിച്ചു...
ഇബ്രാഹീം (അ) ഇറാഖിൽ നിന്ന് സിറിയയിലേക്ക് ഹിജ്റ പോകാനൊരുങ്ങി. അല്ലാഹുﷻപറയുന്നു :
അദ്ദേഹം പറഞ്ഞു : "നിശ്ചയമായും ഞാൻ എന്റെ റബ്ബിലേക്ക് പോവുകയാണ്. അവൻ എനിക്ക് മാർഗദർശനം നൽകിക്കൊള്ളും. (37:99)
അല്ലാഹുﷻ ഒരിക്കലും തന്നെ കൈവെടിയുകയില്ല. അവൻ മാർഗദർശനം നൽകും. ആ ഉറച്ച വിശ്വാസത്തോടെ പ്രവാചകനും പത്നിയും ലൂത്വ് നബി (അ) ഉം ശാമിലേക്കു യാത്ര തിരിച്ചു. രാപകലുകൾ മാറിമാറി വന്നു. പകൽ യാത്ര ചെയ്യും. രാത്രി വിശ്രമിക്കും. പരിമിതമായ ഭക്ഷണം. വെള്ളം കുടിക്കും...
വളരെ വിശാലമായ ഭൂപ്രദേശമാണ് അന്നത്തെ ശാം. പിൽക്കാല പ്രവാചകൻമാർ പലരും അവിടെയാണ് ജനിച്ചുവളർന്നത്. വളരെ അനുഗൃഹീതമായ നാട്. ധാരാളം പഴവർഗങ്ങൾ വളരുന്ന പ്രദേശം. തൗറാത്തും ഇഞ്ചീലും ഇറങ്ങിയതവിടെയാണ്. വെള്ളം കിട്ടാൻ ധാരാളം സൗകര്യങ്ങളുണ്ട്. ഇബ്രാഹീം (അ)അവിടെയെത്തി. കുറച്ചു കാലം അവിടെ താമസിച്ചു. അല്ലാഹുﷻലേക്ക് ജനങ്ങളെ ക്ഷണിച്ചു. ചിലർ കേട്ട കാര്യങ്ങൾ വിശ്വസിച്ചു...
പിന്നീടവർ ഈജിപ്തിലേക്കു പുറപ്പെട്ടു. പല ബുദ്ധിമുട്ടുകളും. നേരിടേണ്ടിവന്നു. ഈജിപ്തിലെത്തിയ ഉടനെ അവരെ രാജകൊട്ടാരത്തിലേക്ക് വിളിപ്പിച്ചു. സാറാ ബീവിയുടെ സൗന്ദര്യം രാജാവിനെ വല്ലാതെ ആകർഷിച്ചു. ബീവിയെ ചതിയിൽ പെടുത്താൻ തന്നെ രാജാവ് തീരുമാനിച്ചു...
˙·٠•●♥ പാലായനം (2)♥●•٠·˙
സാറാ(റ)യുടെ ഈമാൻ വളരെ ശക്തമായിരുന്നു. ഏത് വിപത്തിലും അല്ലാഹുﷻ തന്നെ സംരക്ഷിക്കുമെന്ന് അവർ ഉറച്ചുവിശ്വസിച്ചിരുന്നു. സാറ (റ) കൊട്ടാരത്തിനകത്താണ്. വാതിലുകൾ കൊട്ടിയടയ്ക്കപ്പെട്ടു. എത്രയോ സ്ത്രീകളെ രാജാവ് ആ മുറിയിൽ കുടുക്കി പീഡിപ്പിച്ചിട്ടുണ്ട്. രാജാവിന്റെ കൈകളിൽ പെട്ടാൽ രക്ഷപ്പെടാനാവില്ല...
രാജാവ് ദുരുദ്ദേശ്യത്തോടെ സാറ (റ)യെ സമീപിച്ചു. അത്ഭുതം! അയാളുടെ ശരീരം കുഴഞ്ഞു പോയി. രാജാവ് കരഞ്ഞു രക്ഷക്ക് വേണ്ടി യാചിച്ചു. സാറ (റ) രാജാവിന് ആരോഗ്യം തിരിച്ചുകിട്ടാൻ വേണ്ടി പ്രാർത്ഥിച്ചു. അയാൾക്ക് ശക്തി തിരിച്ചുകിട്ടി. വീണ്ടും പിടിക്കാൻ വന്നു. കുഴഞ്ഞു വീണു. വീണു. കേണപേക്ഷിച്ചു. സാറാ(റ) പ്രാർത്ഥന നടത്തി. ആരോഗ്യം തിരിച്ചു കിട്ടി. ഒരിക്കൽ കൂടി അയാൾ സാറ (റ)യെ സമീപിച്ചു. വീണ്ടും കുഴഞ്ഞു വീണു. ഞാനിനി ഉപദ്രവിക്കില്ല. എന്നെ രക്ഷിക്കൂ അയാൾ കരഞ്ഞുപറഞ്ഞു. വീണ്ടും പ്രാർത്ഥിച്ചു. ആരോഗ്യം തിരിച്ചുകിട്ടി...
സാറാ(റ) സാധാരണ സ്ത്രീയല്ലെന്ന് രാജാവിന് ബോധ്യമായി. തെറ്റിന് മാപ്പു ചോദിച്ചു. തന്റെയും നാട്ടിന്റെയും നന്മക്ക് വേണ്ടി പ്രാർത്ഥിക്കാൻ അഭ്യർത്ഥിച്ചു. ഇബ്രാഹീം (അ)നെ കൊട്ടാരത്തിൽ വരുത്തി സൽക്കരിച്ചു. ബഹുമാനപൂർവ്വം ആ ദമ്പതികളെ യാത്രയയച്ചു. പോകാൻ നേരത്ത് അവർക്കൊരു സമ്മാനം നൽകി. ഹാജറ എന്നു പേരുള്ള ചെറുപ്പക്കാരിയെ. ഈ രാജാവിന്റെ പേര് റഖിയൂൻ എന്നായിരുന്നുവെന്നും ഫിർഔൻ എന്ന അപരനാമത്തിൽ അറിയപ്പെട്ട ആദ്യത്തെ രാജാവാണിതെന്നും ചിലർ രേഖപ്പെടുത്തിയിട്ടുണ്ട്...
ആ ഫിർഔനിന്റെ പുത്രിയാണ് ഹാജറയെന്നും. മനുഷ്യ സാധാരണമല്ലാത്ത കാര്യങ്ങൾ സാറ (റ)യിൽ നിന്ന് പ്രത്യക്ഷമായപ്പോൾ ബഹുമാന സൂചകമായി തന്റെ മകളെ പരിചാരികയായി അയച്ചുകൊടുക്കുകയായിരുന്നുവെന്നും അവർ പറയുന്നു. സാറക്ക് കിട്ടിയ സമ്മാനമാണ് ഹാജറ...
ഈജിപ്തിൽ കുറച്ചു കാലം താമസിച്ചു. ഇസ്ലാം മതം പ്രചരിപ്പിച്ചു. ചിലരൊക്കെ ഇസ്ലാം മതം സ്വീകരിച്ചു. ഇബ്രാഹീം (അ) ഒരു സംഘം അനുയായികളുമായി ഫലസ്തീനിലേക്ക് പുറപ്പെട്ടു. സമ്പൽസമൃദ്ധമായ ഫലസ്തീൻ. ഇബ്രാഹീം നബി (അ) സംഘത്തോടൊപ്പം അവിടെയെത്തി. ഫലസ്തീനിലെ ഗ്രാമങ്ങളിലും പട്ടണങ്ങളിലും സഞ്ചരിച്ചു. കുറെ ആളുകൾ ഇസ്ലാം സ്വീകരിച്ചു...
നബിയും കൂട്ടരും ചേർന്നു കൃഷി ആരംഭിച്ചു. ധാരാളം അടിമകളെയും മൃഗങ്ങളെയും വാങ്ങി. എല്ലാവരും ചേർന്നു കൃഷിപ്പണി ചെയ്തു. അല്ലാഹുﷻ വമ്പിച്ച അനുഗ്രഹം നൽകി. ഇബ്രാഹീം (അ)വലിയ സൽക്കാരപ്രിയനായിരുന്നു. ധാരാളം അതിഥികൾ വരും. എല്ലാവരെയും സൽകരിക്കും. ഒരു ദിവസം സാറ (റ) ഭർത്താവിനോട് ഒരു സ്വകാര്യം പറഞ്ഞു : "ഇത് വരെ നമുക്കൊരു കുഞ്ഞുണ്ടായിട്ടില്ല. നമുക്കൊരു കുഞ്ഞിനെ വേണം. നിങ്ങൾ ഹാജറയെ വിവാഹം കഴിക്കണം. അവൾ പ്രസവിച്ചാൽ നമുക്കൊരു കുഞ്ഞിനെ കിട്ടുമല്ലോ..." സാറ (റ) യുടെ അഭിലാഷം നടന്നു...
ഇബ്രാഹീം (അ) ഹാജറ (റ) യെ വിവാഹം ചെയ്തു. ഏറെത്താമസിയാതെ ഹാജറ ഗർഭിണിയായി. സാറ (റ)ക്കും ഇബ്രാഹീം(അ)നും സന്തോഷം. അല്ലാഹുﷻന്റെ അനുഗ്രഹത്തെ വാഴ്ത്തിപ്പറഞ്ഞു. അവനെ മനസ്സറിഞ്ഞ് സ്തുതിച്ചു. ഹാജറ പ്രസവിച്ചു. ആൺ കുഞ്ഞ്. അതോടെ മുസ്ലിംകൾക്കിടയിൽ ആഹ്ലാദം പടർന്നു...
കുഞ്ഞിന് ഇസ്മാഈൽ എന്നു പേരിട്ടു. ഇസ്മാഈൽ നല്ല ഓമനത്തമുള്ള കുട്ടി. കണ്ടവരെല്ലാം സന്തോഷിച്ചു. കണ്ടവരുടെയെല്ലാം മനസ്സിൽ കുഞ്ഞിന്റെ സുന്ദര രൂപം മായാതെ നിന്നു. സാറ (റ) എന്തെന്നില്ലാത്ത സന്തോഷം. സംതൃപ്തി. കുട്ടിയെ ഓമനിച്ചുവളർത്തുന്നതവരാണ് ഹാജറ. കുഞ്ഞിന് പാൽക്കൊടുക്കും മുലപ്പാലിൽ നിന്ന് എല്ലാ പോഷകങ്ങളും കിട്ടി. കുഞ്ഞ് നല്ല ആരോഗ്യത്തോടെ വളരുകയാണ്...
ഇബ്രാഹീം (അ) ന് അക്കാലത്ത് തൊണ്ണൂറ്റിയാറ് വയസ്സാണ് പ്രായം. വാർദ്ധക്യത്തിൽ ലഭിച്ച കുഞ്ഞിനോട് എന്തെന്നില്ലാത്ത വാത്സല്യം. അപ്പോഴാണ് കടുത്ത പരീക്ഷണം വരുന്നത്. ആരും പതറിപ്പോവുന്ന രംഗം ഇബ്രാഹീം (അ) പതറിയില്ല...
˙·٠•●♥ ആൾപാർപ്പില്ലാത്ത മരുഭൂമി♥●•٠·˙
ദീർഘയാത്ര...
ഇബ്രാഹീം (അ), ഹാജറ (റ), കൊച്ചുമകൻ. ഒരു കൊച്ചു സംഘം യാത്ര തുടരുകയാണ്. വിശാലമായ ഭൂപ്രദേശം. ആകാശംമുട്ടെ ഉയർന്നു നിൽക്കുന്ന മലകൾ. അവയ്ക്കു മീതെ മേഞ്ഞു നടക്കുന്ന മേഘങ്ങൾ. വളരെ ദൂരം വിജന പാതയിലൂടെ സഞ്ചരിക്കുമ്പോൾ ആൾപാർപ്പുള്ള സ്ഥലത്തെത്തും. അൽപ നേരത്തെ വിശ്രമം. വീണ്ടും യാത്ര...
വിശുദ്ധ മക്ക. ജനവാസമില്ലാത്ത മരുപ്രദേശം. പണ്ടെന്നോ തകർന്നുപോയ കഅബാലയത്തിന്റെ ഭാഗമായി ഒരു മണൽക്കൂന മാത്രം അവശേഷിക്കുന്നു. അതിന്നു സമീപം അവർ വന്നിറങ്ങി...
ചുട്ടുപൊള്ളുന്ന വെയിൽ. നോക്കുന്നേടത്തെല്ലാം കറുത്തിരുണ്ട മലകൾ. തണൽ കണ്ട സ്ഥലത്തിരുന്നു. സമീപത്തുതന്നെ സ്വഫാ മല. അകലെ മർവ എന്ന മല. ഒരു സഞ്ചിയിൽ ഈത്തപ്പഴം. ഒരു തോൽപാത്രത്തിൽ വെള്ളം. നീയും മകനും ഇവിടെ തന്നെ താമസിക്കുക. ഞാൻ പോകുന്നു. ഇബ്രാഹീം (അ) യാത്ര പുറപ്പെട്ടുകഴിഞ്ഞു...
ഹാജറ (റ) ഞെട്ടിപ്പോയി. ഭയവും സങ്കടവും നിറഞ്ഞ സ്വരത്തിൽ ഭർത്താവിനെ വിളിച്ചു. കുഞ്ഞിനെയും എടുത്തുകൊണ്ട് അവർ ഭർത്താവിന്റെ പിന്നാലെ ഓടി...
"ഒന്നു നിൽക്കണേ... ഞാൻ പറയുന്നതൊന്നു കേൾക്കണേ... ആൾപാർപ്പില്ലാത്ത ഈ പ്രദേശത്ത് ഞങ്ങളെങ്ങനെ കഴിയും..?"
ഒന്നിനും മറുപടിയില്ല. ഭർത്താവ് അകന്നകന്നു പോവുന്നു...
"അല്ലാഹുവിന്റെ കൽപന അനുസരിച്ചാണോ നിങ്ങൾ ഞങ്ങളെ ഉപേക്ഷിച്ചു പോവുന്നത്..?"
ഹാജറ (റ) വെപ്രാളത്തോടെ ചോദിച്ചു.
"അതെ" എന്ന സൂചന കിട്ടി. ഇനിയൊന്നും പറയാനില്ല. മകനെ മാറോടു ചേർത്തുപിടിച്ചു. കണ്ണീർ തുടച്ചു തണലിൽ പോയിരുന്നു. ഇബ്രാഹീം (അ) തിരിഞ്ഞു നോക്കി. ഇപ്പോൾ ഹാജറയെ കാണാനില്ല. കഅബാലയത്തിന്റെ മണൽക്കൂനക്കു നേരെ തിരിഞ്ഞു നിന്നു സർവശക്തനായ നാഥനോട് മനസ്സു തുറന്നു പ്രാർത്ഥിച്ചു...
"അല്ലാഹുവേ..! നിന്റെ കൽപ്പന പ്രകാരം ഞാനിതാ എന്റെ ഭാര്യയെയും മകനെയും ഇവിടെ ഉപേക്ഷിച്ചുപോവുന്നു. കൃഷിയില്ലാത്ത സ്ഥലം. ഒരു കിണറില്ല. വെള്ളമില്ല. മനുഷ്യരെ കാണാനില്ല. റബ്ബേ നീ തന്നെ തുണ. ഏതെങ്കിലും മനുഷ്യരുടെ ശ്രദ്ധ ഇത് വഴി തിരിക്കേണമേ..."
കണ്ണുനീരൊഴുക്കി. ഖൽബ് കിടുകിടുത്തുപോയി. പിന്നെ പെട്ടെന്നു സ്ഥലം വിട്ടു. മക്കയിൽ നിന്നകന്നുപോയി...
ഈ പ്രാർഥന വിശുദ്ധ ഖുർആനിൽ കാണാം: "ഞങ്ങളുടെ റബ്ബേ എന്റെ സന്തതികളിൽ നിന്നും (ഒന്നിനെ) കൃഷിയില്ലാത്ത ഒരു താഴ് വരയിൽ ഞാനിതാ താമസിപ്പിച്ചിരിക്കുന്നു. നിന്റെ പവിത്രമായ ഭവനത്തിനടുത്ത്. ഞങ്ങളുടെ റബ്ബേ! അവർ നിസ്കാരം നിലനിർത്തുവാൻ വേണ്ടി. അതുകൊണ്ട്. മനുഷ്യരിൽ നിന്നുള്ള ചിലരുടെ ഹൃദയങ്ങളെ അവരുടെ നേരെ ചായുന്നതാക്കേണമേ. പഴ വർഗങ്ങളിൽ നിന്ന് അവരെ നീ ഭക്ഷിപ്പിക്കുകയും ചെയ്യേണമേ. അവർ നന്ദി കാണിച്ചേക്കാം." (14:37)
പ്രിയപത്നിയെയും മകനെയും സർവശക്തനായ അല്ലാഹുﷻ ൽ ഭരമേൽപിച്ചു. അല്ലാഹുﷻ കൃപാലുവാണ്. അവന്റെ പദ്ധതികൾ വിജയിക്കുക തന്നെ ചെയ്യും. ഉമ്മയെയും മകനെയും ഈ പ്രദേശത്ത് എത്തിച്ചതിന് അവന് ലക്ഷ്യങ്ങളുണ്ടാവും. അവന് മാത്രമേ അവ അറിയുകയുള്ളൂ. കൽപനക്ക് വഴങ്ങുക അങ്ങനെ അവന്റെ പ്രീതി സമ്പാദിക്കുക. ഇബ്രാഹീം (അ) അങ്ങനെ ആശ്വാസം കണ്ടെത്തി...
˙·٠•●♥ സ്വഫ മർവ , സംസം (1)♥●•٠·˙
സഞ്ചിയിൽ കരുതിയിരുന്ന ഈത്തപ്പഴം തീർന്നു. തോൽപാത്രത്തിലുണ്ടായിരുന്ന വെള്ളവും തീർന്നു...
ഹാജറക്ക് പട്ടിണി. വിശപ്പും ദാഹവും വർദ്ധിച്ചു. ഭക്ഷണം നിലച്ചപ്പോൾ മുലപ്പാലു വറ്റി. കുഞ്ഞിന് പാലില്ല. കുഞ്ഞ് നിലവിളിച്ചു കരയാൻ തുടങ്ങി. മാതൃ ഹൃദയം വല്ലാതെ വേദനിച്ചു. കുഞ്ഞിനെന്ത് കൊടുക്കും? എങ്ങനെ ദാഹം തീർത്തുകൊടുക്കും? ചുറ്റുപാടും നോക്കി. സർവ്വത്ര വിജനം. അകലെ ആരെങ്കിലും കാണുമോ? അകലേക്ക് കാണാൻ ഉയരമുള്ള സ്ഥലത്ത് കയറി നോക്കണം...
ഈ കാണുന്ന മലയിൽ കയറി നോക്കിയാലോ. അപ്പോൾ കുഞ്ഞിനെ എന്ത് ചെയ്യും? ഈ തണലിൽ തുണി വിരിച്ചു കിടത്താം. ഏതെങ്കിലും വന്യജീവികൾ ഉപദ്രവിക്കുമോ? അല്ലാഹുവേ എന്റെ കുഞ്ഞിനെ കാത്തുകൊള്ളേണമേ!. കുഞ്ഞിനെ നിലത്ത് കിടത്തി. ഹാജറ സഫ മലയുടെ മുകളിലേക്ക് ഓടിക്കയറി...
മലയുടെ മുകളിലെത്തി നാലു ഭാഗത്തേക്കും ആകാംക്ഷയോടെ നോക്കി. ഒരു മനുഷ്യനെയും കാണാനില്ല. വെള്ളത്തിന്റെ തിളക്കമില്ല. പരന്നുവീണ വെയിൽ മാത്രം. പിടയുന്ന ഹൃദയത്തോടെ സഫാ മലയിൽ നിന്നിറങ്ങി. കുഞ്ഞിന്റെ കരച്ചിൽ ഉച്ചത്തിലായിരിക്കുന്നു. ഇനിയെന്തു ചെയ്യും? അകലെ ഒരു മല കാണുന്നു. മർവ. മർവ വരെ ഓടി. മർവായുടെ മുകളിൽ കയറി. നാലുപാടും നോക്കി. മനുഷ്യവാസമില്ല. വെള്ളമില്ല...
എന്റെ പൊന്നുമോൻ.. മോൻ അകലെ കിടക്കുകയാണ്. കരൾ പിടഞ്ഞു. മർവയിൽ നിന്നിറങ്ങി. സഫാക്കു നേരെ ഓടി. അതിന്നു സമീപമാണ് കുഞ്ഞ് കിടക്കുന്നത്. കുഞ്ഞ് കരയുന്നു എന്ത് ചെയ്യും? സഫയിൽ ഒന്നുകൂടി കയറി നോക്കിയാലോ? മറ്റൊരു മാർഗമില്ലല്ലോ? സഫാ മലയിൽ കയറി നിരാശയോടെ ഇറങ്ങി വന്നു. മർവായിലേക്കോടി. മർവ കയറി. നെഞ്ചിടിപ്പോടെ ഇറങ്ങിവന്നു. വീണ്ടും സഫായിലേക്ക് പിന്നെ മർവായിലേക്ക്. സഫാ മലക്കും മർവ മലക്കുമിടയിൽ ഏഴ് തവണ ഓടി...
ഓടിത്തളർന്നു വിവശയായി. വിയർത്തുകുളിച്ചു കുഞ്ഞിന്റെ സമീപത്തേക്ക് ഓടിയെത്തി. എല്ലാ ശ്രമവും പരാജയപ്പെട്ടു. ഇനിയൊന്നും ചെയ്യാനില്ല...
അവിടെ അല്ലാഹുﷻവിന്റെ സഹായം എത്തി. മകന്റെ സമീപം ഒരു മലക്ക്. കുഞ്ഞ് മടമ്പുകാലിട്ടടിക്കുന്ന സ്ഥലം. അവിടെ മലക്ക് ചിറകിട്ടടിച്ചു. പെട്ടെന്ന് വെള്ളത്തിന്റെ ഉറവ പൊട്ടി. വെള്ളം പരന്നൊഴുകാൻ തുടങ്ങി...
ഹാജറ തടം കെട്ടി വെള്ളം തടഞ്ഞു നിർത്തി. കരയുന്ന കുഞ്ഞിന്റെ വായിലേക്ക് വെള്ളം കോരിയൊഴിച്ചുകൊടുത്തു...
കുഞ്ഞ് വെള്ളം കുടിച്ചിറക്കി. കുഞ്ഞിനാശ്വാസമായി. കരച്ചിൽ നിന്നു. ഓടിത്തളർന്ന ഉമ്മ വെള്ളം കോരിക്കുടിച്ചു. ദാഹവും ക്ഷീണവും തീർന്നു. എന്തൊരാശ്വാസം. അല്ലാഹുﷻകൃപാലുവാണ്. ഈ മരുഭൂമിയിൽ അല്ലാഹുﷻ വെള്ളം തന്നല്ലോ... ഇതാണ് സംസം...
˙·٠•●♥ സ്വഫ മർവ , സംസം (2)♥●•٠·˙
സംസം കിണർ നിൽക്കുന്ന സ്ഥലത്തായിരുന്നു കുഞ്ഞ് കിടന്നത്. സംസം പുണ്യജലമാണ്. അന്ന് മുതൽ ഇന്ന് വരെ മനുഷ്യൻ സംസം ഉപയോഗിക്കുന്നു. ലോകം മുഴുവൻ അതെത്തിച്ചേരും...
ഹജ്ജിന്നു പോകുന്നവർ ഹാജറയെയും കുഞ്ഞിനെയും ഓർക്കുന്നു. സഫാ മലയും മർവ മലയും കാണുന്നു. ആ രണ്ടു മലകൾക്കിടയിൽ ഓരോ ഹാജിയും ഓടണം. ഏഴുതവണ ഓടണം. ഹാജറ (റ) ഓടിയത് പോലെ. അത് ഹജ്ജിന്റെ കർമ്മമാകുന്നു...
ഹാജിമാർ സംസം കുടിക്കുന്നു. നാട്ടിലേക്ക് കൊണ്ടുപോവുന്നു. കോടിക്കണക്കിനാളുകൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലിരുന്ന് സംസം കുടിക്കുന്നു. അപ്പോൾ അവരെല്ലാം ഹാജറയെയും ഇസ്മാഈൽ (അ) എന്ന കുഞ്ഞിനെയും ഓർക്കുന്നു.
ഹാജിമാർ സഫായിൽ നിന്ന് മർവയിലേക്ക് ധൃതിയിൽ നടക്കുന്നു. കുറച്ചു ദൂരെയെത്തുമ്പോൾ പച്ച ലൈറ്റ് കാണാം. അവിടം മുതൽ ധൃതി കൂട്ടണം. ഹാജറ(റ)ക്ക് ബേജാറ് കൂടി ഓട്ടം വേഗത്തിലാക്കിയ സ്ഥലമാണത്. കുറെ ദൂരം ചെല്ലുമ്പോൾ വീണ്ടും പച്ച ലൈറ്റ് കാണാം. അവിടം മുതൽ ധൃതി കുറച്ചു നടക്കാം. ചരിത്ര ബോധത്തോടെ സഹ്യ് നടത്തുന്ന ഹാജിമാരുടെ മനസ്സിൽ ഓടുന്ന ഹാജറയുടെ സാന്നിധ്യമുണ്ടാകും...
വെള്ളം വറ്റിപ്പോകില്ല. അത് തടം കെട്ടി നിർത്തിയിരിക്കയാണ്. പിന്നെ അവർ ഒരത്ഭുതം കണ്ടു. താഴ്ന്നു പറന്നു വരുന്ന പറവകൾ. വെള്ളം കണ്ടിട്ട് വരികയാണ് ഇവയെങ്ങനെ വെള്ളത്തിന്റെ കഥയറിഞ്ഞു? ആർക്കറിയാം. അല്ലാഹുﷻ അറിയിച്ചുകൊടുത്തു. അവ കൊച്ചുചുണ്ടുകൾ കൊണ്ട് വെള്ളം കണ്ടു. താഴ്ന്നു പറന്നു വന്നു വെള്ളം കുടിച്ചു. ദാഹം തീർത്ത് സന്തോഷത്തോടെ അവ കലപില സംസാരിച്ചു. വെള്ളം നൽകിയ ഹാജറാക്ക് നന്ദി പറഞ്ഞതാവാം. പറവകൾ പിന്നെയും പിന്നെയും വന്നു...
ഹാജറയും മകനും മക്കയിൽ താമസമാക്കിയതിന്റെ അഞ്ചാം ദിവസം അകലെ മലഞ്ചെരിവിലൂടെ ഒരു കച്ചവടസംഘം കടന്നുപോവുന്നു. അവർ ആ അതിശയം കണ്ടു. വട്ടമിട്ടു പറക്കുന്ന പറവകൾ. ഈ ഭാഗത്ത് പറവകൾ പറന്നു നടക്കാറില്ല. കാരണം അവിടെ വെള്ളമില്ല. ഇപ്പോൾ പറവകളെ കാണുന്നു. എവിടെയെങ്കിലും വെള്ളം കാണും. അന്വേഷിച്ചറിയണം...
നാം എത്രയോ തവണ ഈ പ്രദേശത്തുകൂടി കടന്നുപോയിട്ടുണ്ട്. ഒരു മനുഷ്യനും ഇവിടെയെങ്ങും താമസമില്ല. വെള്ളമില്ല. ചിലരങ്ങനെ പറഞ്ഞു. അപ്പറഞ്ഞത് ശരി. അന്നൊന്നും നാം ഈ ഭാഗത്ത് പക്ഷികളെയും കണ്ടിട്ടില്ല. ഇപ്പോൾ ആദ്യമായി പറവകളെ കാണുന്നു...
അതുകൊണ്ട് ഒന്നുരണ്ടു പേർ താഴ്വരയിൽ ഇറങ്ങി വെള്ളമുണ്ടോ എന്നന്വേഷിക്കട്ടെ. മറ്റു ചിലർ പറഞ്ഞു. ആ അഭിപ്രായം സ്വീകരിക്കപ്പെട്ടു. ഒന്നു രണ്ടാളുകൾ താഴ്വരയിൽ ഇറങ്ങി വന്നു. അത്ഭുതം! ഉമ്മയും മകനും അവർക്കു സമീപം കൊതിയൂറും ശുദ്ധജലം. അവർ കൂട്ടുകാരുടെ അടുത്തേക്ക് ഓടിച്ചെന്നു വിവരം പറഞ്ഞു...
അവർ കൂട്ടത്തോടെ വന്നു. "ഞങ്ങൾക്കും വെള്ളം തരൂ..." അവരാവശ്യപ്പെട്ടു. "വെള്ളം തരാം. ആവശ്യം പോലെ കുടിച്ചോളൂ... പക്ഷെ നിങ്ങൾക്ക് ഈ വെള്ളത്തിൽ അവകാശമൊന്നും ഉണ്ടായിരിക്കില്ല. ഇത് എനിക്കും മകനും അല്ലാഹു ﷻനൽകിയ അനുഗ്രഹമാകുന്നു. ഇത് ഞങ്ങളുടെ സ്വത്താണ്."
സമ്മതിച്ചിരിക്കുന്നു. അവരവിടെ താമസിച്ചു. ഉമ്മാക്കും മകനും പഴവർഗ്ഗങ്ങൾ നൽകി. യമനിൽ നിന്നുള്ള ജുർഹൂം ഗോത്രക്കാരായിരുന്നു അവർ.
ഇവരിൽ നിന്ന് വിവരമറിഞ്ഞ് പല യാത്രാ സംഘങ്ങളും അവിടെ വരാനും വെള്ളം ശേഖരിക്കാനും തുടങ്ങി. ഇതേകാലത്ത് തന്നെ അമാലിക്കത്ത് വർഗത്തിൽ പെട്ട കുറെയാളുകൾ അറഫയിൽ താമസിക്കുന്നുണ്ടായിരുന്നു. അവരുടെ ഒട്ടകത്തെ കാണാതായി. അമാലികൾ അവയെ അന്വേഷിച്ചിറങ്ങി. അവർ പറവകളെ കണ്ടു താഴ്വരയിലേക്ക് നടന്നു. നടന്നു നടന്ന് അവർ സംസം വെള്ളത്തിനടുത്തെത്തി. അവർ ഉമ്മയെയും മകനെയും കണ്ടു. സംസം കുടിച്ചു. അവർ അമാലിക്കത്ത് വിഭാഗത്തെ വിവരം അറിയിച്ചു. അവർ വന്നു. ഹാജറയെ കണ്ടു. ദീർഘമായി സംസാരിച്ചു. ചിലർ അവിടെ താമസമാക്കി...
˙·٠•●♥ ബലി (1)♥●•٠·˙
ഇസ്മാഈലിന് പതിമൂന്ന് വയസ്സായി. (ഏഴ് വയസ്സ് എന്നും അഭിപ്രായമുണ്ട് ) നല്ല ആരോഗ്യവും ചുറുചുറുക്കുമുള്ള ബാലൻ. ജുർഹൂം ഗോത്രക്കാർ കുറെ പേർ മക്കത്തു താമസമാക്കിയിട്ടുണ്ട്. അവരുടെ കുട്ടികളോടൊപ്പം ഇസ്മാഈൽ കളിച്ചുവളരുന്നു. ജുർഹൂം ഗോത്രക്കാർ അറബി ഭാഷയാണ് സംസാരിച്ചിരുന്നത്. ഇസ്മാഈൽ അറബി പഠിച്ചു. എല്ലാവർക്കും ഇസ്മാഈലിനെ നന്നായി ഇഷ്ടപ്പെട്ടു. കാണാൻ നല്ല അഴക്. നല്ല പെരുമാറ്റം...
ഒരു ദിവസം ഇബ്രാഹീം (അ) മക്കയിലെത്തി. മകനെ കണ്ടപ്പോൾ വല്ലാത്ത സന്തോഷം. ഹാജറ ഭർത്താവിനെ ബഹുമാനപൂർവം സ്വീകരിച്ചു. പിതാവും മകനും ഒന്നിച്ചിരുന്ന് ആഹാരം കഴിച്ചു. "ഞാനും മോനും കൂടി ഒരു യാത്ര പോവുകയാണ്." ഇബ്രാഹീം (അ) പറഞ്ഞു. ഹാജറ മകനെ കുളിപ്പിച്ചു. നല്ല വസ്ത്രം ധരിപ്പിച്ചു. മുടി ചീകിയൊതുക്കി...
ഉപ്പ മകനോട് ഇങ്ങനെ സംസാരിച്ചു: "മോനേ... ഞാനൊരു സ്വപ്നം കണ്ടു. എന്റെ മകനെ അറുത്ത് ബലി നൽകുകയെന്ന് അല്ലാഹുﷻ എന്നോട് കൽപിക്കുന്നു. അല്ലാഹുവിന്റെ കൽപ്പനയാണ് മോനെന്ത് പറയുന്നു?"
മകന്റെ മറുപടി ഇങ്ങനെയായിരുന്നു...
"ഉപ്പയോട് അല്ലാഹുﷻഎന്താണോ കൽപിച്ചത് അത്പോലെ പ്രവർത്തിക്കുക."
മകന്റെ വാക്കുകൾ കേട്ട് ഉപ്പാക്ക് സന്തോഷമായി...
രണ്ടുപേരും വീട്ടിൽ നിന്നിറങ്ങി ഉപ്പയുടെ കൈയിൽ മുർച്ചയുള്ള കത്തിയുണ്ട്. കയറുമുണ്ട്. മിനാ എന്ന പ്രദേശത്തേക്കാണവർ പോവുന്നത്. അവിടെ വെച്ചാണ് ബലികർമ്മം നടക്കുക. ശപിക്കപ്പെട്ട ഇബ്ലീസ് ഈ സന്ദർഭത്തിൽ ഹാജറ (റ) യുടെ സമീപം വന്നു...
"നിങ്ങളുടെ പൊന്നുമോനെ അവന്റെ പിതാവ് കൊണ്ടുപോയത് എന്തിനാണെന്നറിയാമോ? അറുക്കാൻ എന്തൊരു ക്രൂരതയാണിത്? ഒരു ഉമ്മ ഇതെങ്ങനെ സഹിക്കും? മോനെ രക്ഷപ്പെടുത്താൻ നോക്കൂ..."
"ഉപ്പയെന്തിനാണ് മകനെ അറുക്കുന്നത്?"
ഹാജറ (റ) ചോദിച്ചു. "അല്ലാഹുവിന്റെകൽപനയുണ്ടത്രെ ബലിയറുക്കാൻ."
"അല്ലാഹുവിന്റ കൽപനയനുസരിച്ചാണോ ബലി നടക്കുന്നത്."
"അതെ എന്തൊരു സങ്കടമാണിത് ?" "അല്ലാഹുﷻന്റെ കൽപന അനുസരിച്ചാണെങ്കിൽ അത് നടക്കട്ടെ. ഞാൻ സമാധാനിച്ചുകൊള്ളാം...
അല്ലാഹുﷻവിന്റെ കൽപന അനുസരിച്ചാണെങ്കിൽ മകനെ ബലി കൊടുക്കാൻ തയ്യാറാണെന്ന് കേട്ടതോടെ ഇബ്ലീസ് നിരാശനായി മടങ്ങിപ്പോന്നു...
ഇസ്മാഈലിന്റെ സമീപത്തേക്ക് ഇബ്ലീസ് വന്നു...
"മോനേ... ബാപ്പ നിന്നെ കൊണ്ടുപോവുന്നതെങ്ങോട്ടാണെന്നറിയാമോ?"
"അറുക്കാൻ, അല്ലാഹുﷻ അങ്ങനെ കൽപിച്ചുണ്ടത്രെ..."
"ബാപ്പ മോനെ കൊന്നുകളയും മോൻ ഓടി രക്ഷപ്പെട്ടോളൂ ..."
കുട്ടി ഇങ്ങനെ മറുപടി നൽകി:
"അല്ലാഹുﷻ എന്നെ അറുക്കാൻ കൽപിച്ചിട്ടുണ്ടെങ്കിൽ അങ്ങനെ നടക്കട്ടെ."
നോക്കിയെ.. എന്തോരു വിശ്വാസമാ...
ഇബ്ലീസ് ഞെട്ടിപ്പോയി. ഉമ്മായുടെയും മകന്റെയും ഈമാൻ എത്ര ശക്തം. ഇനി ഉപ്പായെ സമീപിച്ചുനോക്കാം... ഇബ്രാഹീം (അ)ന്റെ മുമ്പിൽ ഇബ്ലീസ് വന്നുനിന്നു...
"താങ്കൾ അല്ലാഹുവിന്റെ കൽപന നിറവേറ്റുവാൻ പോകുവയാണല്ലോ. പൊന്നുമോനെ വധിക്കുക എന്തൊരു ത്യാഗം. ഈ പൊന്നോമനയെ വധിക്കാൻ എങ്ങനെ മനസ്സുവരും..?"
നബിക്ക് മുമ്പിൽ നിൽക്കുന്നത് ഇബ്ലീസാണെന്ന് മനസ്സിലായി. പോ... പോ... ശൈത്താനേ. ഇബ്ലീസിനെ ആട്ടിപ്പായിച്ചു. അവൻ ഓടി...
കുറച്ചു കഴിഞ്ഞു വീണ്ടും വന്നു. ജംറത്തുൽ അഖബ എന്ന് ഇന്ന് അറിയപ്പെടുന്ന സ്ഥലത്തെത്തി. ഇബ്രാഹീം (അ) ന് കോപം വന്നു. ഇബ്ലീസിന് നേരെ ഏഴ് കല്ലുകൾ എറിഞ്ഞു. അവൻ ഓടിപ്പോയി...
നബി മുമ്പോട്ടു നടന്നു. ജംറത്തുൽ വുസ്ത്ത്വാ എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. ഇബ്ലീസ് വീണ്ടും വന്നു. ഇബ്രാഹീം (അ) അവനു നേരെ ഏഴ് കല്ലുകളെറിഞ്ഞു. അവൻ ഓടിപ്പോയി...
ജംറത്തുൽ ഊല എന്നറിയപ്പെടുന്ന സ്ഥലത്തെത്തി. ഇബ്ലീസ് വീണ്ടും വന്നു. അവിടെ വെച്ചും ഇബ്രാഹീം (അ) അവനുനേരെ ഏഴ് കല്ലുകളെറിഞ്ഞു. അവൻ നിരാശനായി ഓടിപ്പോയി...
ഹാജിമാർ ഈ മൂന്ന് സ്ഥലങ്ങളിലും കല്ലെറിയണം. ജംറകളിലെത്തുമ്പോൾ ഹാജിമാരുടെ മനസ്സിൽ ഇബ്രാഹീം (അ)ന്റെ ത്യാഗസ്മരണകൾ നിറയും. മിനായിലെത്തി. ബലിയുടെ സമയമായി...
˙·٠•●♥ ബലി (2)♥●•٠·˙
ബലിയുടെ സമയമായി. മകൻ ബാപ്പയോടിങ്ങനെ പറഞ്ഞു:
"ഉപ്പാ എന്റെ മുഖം കാണാത്തവിധം എന്നെ ചരിച്ചുകിടത്തണം. കൈകാലുകൾ ബന്ധിക്കണം. കത്തി നന്നായി മൂർച്ച കൂട്ടണം. വളരെ പെട്ടെന്ന് അറവ് തീരണം. എന്റെ ഉടുപ്പ് ഊരിമാറ്റുക. അല്ലെങ്കിൽ അതിൽ രക്തം തെറിച്ചു വീഴും. രക്തം പുരണ്ട ഉടുപ്പ് കണ്ടാൽ ഉമ്മ സങ്കടപ്പെടും."
മകൻ പറഞ്ഞതു പോലെ ഉപ്പ ചെയ്തു. മകനെ ചരിച്ചു കിടത്തി. കൈകാലുകൾ കയർകൊണ്ട് ബന്ധിച്ചു. കത്തി നന്നായി മൂർച്ച കൂട്ടി. ഉടുപ്പ് ഊരിമാറ്റിവെച്ചു. കത്തി കഴുത്തിൽ വെച്ചു. അറവ് തുടങ്ങി. മുറിയുന്നില്ല. രണ്ടാമതും ശ്രമിച്ചു. മുറിയുന്നില്ല. മൂന്നാമതും ശ്രമിച്ചു മുറിഞ്ഞില്ല. അപ്പോൾ ഒരു അശരീരി കേട്ടു...
"ഓ......... ഇബ്രാഹീം ......നീ സ്വപ്നത്തെ സാക്ഷാൽകരിച്ചിരിക്കുന്നു."
അല്ലാഹുവിന്റെ ഭാഗത്തുനിന്നുള്ള ശബ്ദം. സമാധാനമായി. ജിബ്രീൽ (അ) സ്വർഗത്തിൽ നിന്നൊരാടിനെക്കൊണ്ട് വന്നു. ഇബ്രാഹീം (അ) ആടിനെ അറുക്കാൻ തുടങ്ങി. അപ്പോൾ ജിബ്രീൽ (അ) തക്ബീർ ചൊല്ലി.
"അല്ലാഹു അക്ബർ അല്ലാഹു അക്ബർ."
ആട് സ്വയം തക്ബീർ ചൊല്ലി. ഇബ്രാഹീം (അ) ഇങ്ങനെ ചൊല്ലി:
"ലാഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ"
ഇസ്മാഈൽ (അ) ഇങ്ങനെ പൂർത്തിയാക്കി.
"അല്ലാഹു അക്ബർ വലില്ലാഹിൽ ഹംദ്."
പെരുന്നാൾ ദിനത്തിൽ തക്ബീർ ചെല്ലുമ്പോൾ ഈ ത്യാഗസ്മരണ സത്യവിശ്വാസികളുടെ മനസ്സിൽ തെളിയുന്നു. അറുക്കപ്പെട്ട ആടിന്റെ കൊമ്പ് സൂക്ഷിച്ചുവെച്ചു വളരെക്കാലം അത് കഅബയിൽ തൂക്കിയിട്ടിരുന്നു. മകനെ അറുക്കാനുള്ള സ്വപ്നം കണ്ടത് ദുൽഹജ്ജ് എട്ടിനായിരുന്നു. അന്നുമുതൽ ആ ദിവസത്തിന് യൗമുത്തർവിയ്യ എന്നു പറഞ്ഞുവരുന്നു. മകനെയും കൊണ്ട് ഉപ്പ ഹാജറയുടെ സമീപം തിരിച്ചെത്തി. ഹാജറ അല്ലാഹുവിനെﷻ വാഴ്ത്തി...
വിശുദ്ധ ഖുർആൻ ഈ സംഭവം എങ്ങനെ അവതരിപ്പിക്കുവെന്ന് നോക്കാം...
"എന്റെ റബ്ബേ നീ എനിക്ക് സദ് വൃത്തരിൽ പെട്ട (മകനെ) നൽകേണമേ എന്ന് (ഇബ്രാഹീം പ്രാർഥിച്ചു ) (37:100)
"അപ്പോൾ സഹനശീലനായ ഒരു സന്താനത്തെക്കുറിച്ച് നാം അദ്ദേഹത്തിന് സന്തോഷവാർത്ത അറിയിച്ചു." (37:101)
"എന്നിട്ട് (ആ ബാലൻ) തന്റെ കൂടെ പ്രത്നിക്കുവാൻ (പ്രായം) എത്തിയപ്പോൾ അദ്ദേഹം പറഞ്ഞു. എന്റെ കുഞ്ഞു മകനേ... ഞാൻ നിന്നെ അറുക്കുന്നതായി സ്വപ്നം കണ്ടു."
"എന്താണ് നിന്റെ അഭിപ്രായം?"
ഇസ്മാഈൽ (അ)പറഞ്ഞു : "എന്റെ ഉപ്പാ. ... താങ്കാളോട് കൽപിക്കപ്പെട്ടത് പോലെ ചെയ്യുക. അല്ലാഹു ഉദ്ദേശിക്കുന്ന പക്ഷം എന്നെ ക്ഷമാശീലരുടെ കൂട്ടത്തിൽ താങ്കൾക്കു കാണാം. (37:102)
അങ്ങനെ രണ്ടുപേരും (കൽപനക്ക് ) കീഴടങ്ങുകയും അദ്ദേഹം അവനെ നെറ്റി വെച്ചു കിടത്തുകയും ചെയ്തപ്പോൾ (37 103)
നാം (അല്ലാഹു) അദ്ദേഹത്തെ വിളിച്ചു ഹേ... ഇബ്രാഹീം. ...(37:104 )
തീർച്ചയായും നീ സ്വപ്നത്തെ സാക്ഷാൽകരിച്ചിരിക്കുന്നു. ഇപ്രകാരമാണ് സുകൃതന്മാർക്ക് നാം പ്രതിഫലം കൊടുക്കുന്നത്. (37:105) "തീർച്ചയായും ഇത് തന്നെയാണ് സ്പഷ്ടമായ പരീക്ഷണം." (37:106 )
"മഹത്തായൊരു മൃഗത്തെക്കൊണ്ട് അവനു (പകരം) നാം ബലി കൊടുക്കുകയും ചെയ്തു." (37:107)
ഇബ്രാഹീം (അ)ന്റെ ത്യാഗത്തെ അല്ലാഹുﷻ വാഴ്ത്തിപ്പറഞ്ഞു. പിൽക്കാല സമൂഹങ്ങൾ ഈ ബലിയുടെ ചരിത്രം പഠിച്ചു. അവർ ഇബ്രാഹീം (അ)നെ ആദരവോടെ ഓർക്കുന്നു. മഹാനായ ഇബ്രാഹീം (അ) നെക്കുറിച്ചുള്ള മഹത്തായ സ്മരണ അല്ലാഹു തന്നെയാണ് പിൽക്കാല സമൂഹങ്ങളിൽ നിലനിർത്തിയത്. ഇത് ദൈവികമായ ഒരനുഗ്രഹം തന്നെയാണ്. നാലായിരം കൊല്ലങ്ങൾക്ക് ശേഷവും ആ സ്മരണ എത്ര സജീവമായി ജ്വലിച്ചുനിൽക്കുന്നു...
വിശുദ്ധ ഖുർആൻ പറയുന്നതു നോക്കൂ....
"പിന്നീടുള്ളവരിൽ അദ്ദേഹത്തിന്റെ മേൽ നാം സൽകീർത്തി ബാക്കിയാക്കുകയും ചെയ്തു." (37:108)
"ഇബ്രാഹീമിന് സമാധാനം , ശാന്തി."(37:109)
"അപ്രകാരമാണ് നാം സുകൃതം ചെയ്തവർക്ക് പ്രതിഫലം നൽകുന്നത്." (37:110)
"നിശ്ചയം അദ്ദേഹം നന്മയുടെ സത്യവിശ്വാസികളായ അടിയന്മാരിൽ പെട്ടവനാകുന്നു." (37:111)
ഇബ്രാഹീം (അ)ന്റെ പ്രാർത്ഥനകൾ വിശുദ്ധ ഖുർആൻ ഉദ്ധരിച്ചിട്ടുണ്ട്. പിൽകാല സമൂഹത്തിൽ എന്നെക്കുറിച്ചു നല്ല സ്മരണ നില നിർത്തേണമേ... എന്ന് അദ്ദേഹം പ്രാർത്ഥിച്ചിരുന്നു. അന്ത്യനാൾ വരെ അദ്ദേഹത്തിന്റെ സ്മരണ നിലനിൽക്കും. വിശുദ്ധ ഖുർആൻ പല സ്ഥലത്തും അദ്ദേഹത്തെ വാഴ്ത്തിപ്പറഞ്ഞു. വിശുദ്ധ ഖുർആൻ പാരായണം ചെയ്യുമ്പോഴെല്ലാം ഇബ്രാഹീം (അ) സ്മരിക്കപ്പെടുന്നു....
˙·٠•●♥ റഹ്ലത്ത് (1)♥●•٠·˙
ഇസ്മാഈൽ (അ) വളർന്നു യുവാവായി. വിവാഹ പ്രായമായി. ജുർഹൂം ഗോത്രത്തിലെ ഒരു പ്രമാണിക്ക് തന്റെ മകളെ ഇസ്മാഈലിനെകൊണ്ട് വിവാഹം കഴിപ്പിക്കണമെന്ന് താൽപ്പര്യം വന്നു. മകൾക്കതിൽ വലിയ താൽപര്യമില്ലായിരുന്നു...
പിതാവിന്റെ നിർബന്ധം കാരണം വിവാഹം നടന്നു. പലപ്പോഴും ഭർത്താവിനോട് പല കാര്യങ്ങളെക്കുറിച്ചും പരാതി പറയും. ജീവിതം തട്ടിമുട്ടി നീങ്ങിക്കൊണ്ടിരുന്നു. ഒരു ദിവസം ഒരു വൃദ്ധൻ അവിടെ വന്നു. വീട്ടുമുറ്റത്തു വന്നു സലാം ചൊല്ലി.
"ഇസ്മാഈലിന്റെ ഭാര്യയാണല്ലേ...?" വൃദ്ധൻ ചോദിച്ചു.
"അതെ"
"എവിടെ നിന്റെ ഭർത്താവ്?"
"വേട്ടക്ക് പോയതാണ്"
"എപ്പോൾ വരും?"
"വൈകുന്നേരം വരും"
"നിങ്ങളുടെ ജീവിതമെങ്ങനെ ?"
"വളരെ ബുദ്ധിമുട്ടിലാണ്. ആഹാരത്തിന്റെ കാര്യം കമ്മിയാണ്."
കുറെ പരാതികൾ പറഞ്ഞു.
"നിന്റെ ഭർത്താവിന് എന്റെ സലാം പറയണം. ഈ കട്ടിളപ്പടി മാറ്റി വെക്കണമെന്ന് അവനോട് പറയണം."
വൃദ്ധൻ മടങ്ങിപ്പോയി വൈകുന്നേരം ഇസ്മാഈൽ (അ) വന്നു. ഒരു മഹാൻ വന്നുപോയതിന്റെ അടയാളങ്ങൾ അദ്ദേഹത്തിന് അനുഭവപ്പെട്ടു.
"ഇവിടെ വിശേഷിച്ച് ആരെങ്കിലും വന്നിരുന്നോ?"
"വന്നിരുന്നു. ഒരു വൃദ്ധൻ."
"അദ്ദേഹമെന്ത് പറഞ്ഞു?"
"അദ്ദേഹം നമ്മുടെ ജീവിതത്തെക്കുറിച്ചു ചോദിച്ചു. ഞാൻ മറുപടി പറഞ്ഞു."
"നിങ്ങൾക്ക് സലാം പറഞ്ഞിട്ടുണ്ട്."
"പിന്നെന്ത് പറഞ്ഞു;"
"കട്ടിളപ്പടി മാറ്റിവെക്കണമെന്ന് പറഞ്ഞു"
ഇസ്മാഈൽ (അ)ഭാര്യയെ നോക്കിപ്പറഞ്ഞു. ആ വന്നത് ആരാണെന്നറിയാമോ? എന്റെ പിതാവായിരുന്നു. കട്ടിളപ്പടി മാറ്റിവെക്കണമെന്ന് പറഞ്ഞതിന്റെ അർഥം ഭാര്യയെ മാറ്റണമെന്നാണ്. ഇനി നീ എന്റെ ഭാര്യയല്ല. വീട്ടിലേക്ക് പൊയ്ക്കൊള്ളൂ. അവർ സാധനങ്ങളുമെടുത്ത് യാത്രയായി...
ഇസ്മാഈൽ (അ)ന്റെ ഇരുപതാമത്തെ വയസ്സിൽ ഉമ്മ ഹാജറ (റ) മരണപ്പെട്ടു. എന്തെല്ലാം ചരിത്ര സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ച വനിതയാണവർ. കഅബാ ശരീഫ് മണൽക്കൂനയായി നിൽക്കുന്ന കാലമാണത്. മക്കക്കാരെല്ലാം ഒത്തുകൂടി. അന്നത്തെ നിലക്കുള്ള മയ്യിത്ത് സംസ്കരണ പരിപാടികളൊക്കെ നടന്നു. കഅബാ ശരീഫിന്നടുത്തു തന്നെ ഖബറടക്കി...
ഇസ്മാഈൽ (അ) ആ ഖബറിന്നരികിൽ വന്നു നിൽക്കും. ഉമ്മാക്ക് വേണ്ടി ദുആ ചെയ്യും. തനിക്ക് എന്തുമാത്രം സ്നേഹം നൽകിയ ഉമ്മയാണിത്. ശൈശവകാലം വെള്ളമില്ലാത്ത നാട്. അവർ താൻ കൈകാലിട്ടടിച്ചു കരഞ്ഞ നേരം സഫാ മർവാക്കിടയിൽ ഉമ്മ ഓടിയ ഓട്ടം. ആ ഓട്ടത്തിന്റെ അവസാനത്തിലാണല്ലോ സംസം ഉറവ പൊട്ടിയൊഴുകിയത്. ഉമ്മ തന്നെ ലാളിച്ചു വളർത്തി. വേണ്ടതെല്ലാം തന്നു. ആ ഉമ്മ ഇന്ന് ഈ ഖബറിൽ ഉറങ്ങുന്നു. റബ്ബേ അവർക്ക് പൊറുത്തു കൊടുക്കേണമേ...
˙·٠•●♥ റഹ്ലത്ത് (2)♥●•٠·˙
മക്കയിൽ ജനവാസം കൂടിക്കൂടി വരികയാണ്. വീടുകളുടെ എണ്ണം കൂടി. മക്കയിലെത്തിയ ജുർഹൂം ഗോത്രക്കാരുടെ നേതാവായിരുന്നു മുള്ളാള്ബ്നു അംറ് (റ). നല്ല ആജ്ഞാ ശക്തിയുള്ള നേതാവ്. നേതൃഗുണങ്ങൾ ഒത്തിണങ്ങിയ മഹാൻ. അദ്ദേഹം ഇസ്മാഈൽ (അ) നെ വളരെ ഇഷ്ടപ്പെട്ടു. തന്റെ മകൾക്ക് വിവാഹ പ്രായമായിട്ടുണ്ട്. നല്ലൊരു ഭർത്താവിനെ കിട്ടണം. സുന്ദരിയും ബുദ്ധിമതിയും സൽഗുണ സമ്പന്നയുമാണ് പ്രിയപുത്രി റഹ്ലത്ത്...
ഇസ്മാഈലുമായി വിവാഹാലോചന നടന്നു. ഇരുകൂട്ടർക്കും സന്തോഷം. വിവാഹമുറപ്പിച്ചു. തീയതി നിശ്ചയിച്ചു. ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇസ്മാഈൽ (അ) റഹ്ലത്തിനെ വിവാഹം ചെയ്തു. ഭാര്യാഭർത്താക്കന്മാർക്കിടയിൽ നിഷ്കളങ്കമായ സ്നേഹവും സഹകരണവും വിശ്വാസവും നിലനിന്നു. സന്തോഷവും ദുഃഖവും പങ്കുവെച്ചു. ഉള്ളത്കൊണ്ട് തൃപ്തിപ്പെട്ടു ജീവിച്ചു...
ഒരു ദിവസം ഒരു വൃദ്ധൻ വീട്ടിൽ വന്നു. റഹ്ലത്ത് മാത്രമേ വീട്ടിലുള്ളൂ. ആഗതൻ സലാം ചൊല്ലി. റഹ്ലത്ത് ആഗതനെ സന്തോഷപൂർവം സ്വീകരിച്ചു. അവർ പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു...
"നിങ്ങളുടെ ജീവിതമെങ്ങനെ?" വൃദ്ധൻ ചോദിച്ചു.
"ഞങ്ങൾ സന്തോഷത്തോടെ ജീവിക്കുന്നു. പരസ്പര സ്നേഹവും സഹകരണവും ഞങ്ങളെ ധന്യരാക്കിയിട്ടുണ്ട്."
റഹ്ലത്തിന്റെ സംസാരവും പെരുമാറ്റവും വളരെ ഇഷ്ടപ്പെട്ടു. പോവുമ്പോൾ ഇങ്ങനെ പറഞ്ഞു. "നിന്റെ ഭർത്താവ് വരുമ്പോൾ എന്റെ സലാം പറയണം. കട്ടിളപ്പടി ഉറപ്പിച്ചുനിർത്താൻ പറയുക. അല്ലാഹുﷻ ന്റെ അനുഗ്രഹങ്ങൾ ധാരാളമാണ്. അവനെ സ്തുതിച്ചുകൊണ്ടിരിക്കണം..." വൃദ്ധൻ യാത്ര പറഞ്ഞു പിരിഞ്ഞു.
വൈകുന്നേരം ഭർത്താവ് വന്നു. റഹ്ലത്ത് പകൽ നടന്ന സംഭവങ്ങളൊക്കെ ഭർത്താവിനോട് വിവരിച്ചു പറഞ്ഞു. കട്ടിളപ്പടി ഉറപ്പിച്ചുനിർത്താൻ പറഞ്ഞത് കേട്ട് ഇസ്മാഈൽ (അ) പുഞ്ചിരി തൂകി...
"റഹ്ലാ... ആ വന്നത് ആരാണെന്നറിയാമോ?" എന്റെ പിതാവ് ഇബ്രാഹീം (അ). നിന്നെ എന്റെ ഭാര്യയായി നിലനിർത്തണമെന്നാണദ്ദേഹം സൂചിപ്പിച്ചത്. നിന്റെ സംസാരവും പെരുമാറ്റവുമെല്ലാം പിതാവിന് ഇഷ്ടപ്പെട്ടു...
സന്തോഷകരമായ ദാമ്പത്യജീവിതം ഏറെക്കാലം നീണ്ടു. അവർക്ക് പത്ത് പുത്രന്മാർ ജനിച്ചു. പന്ത്രണ്ട് പുത്രന്മാരെന്നും അഭിപ്രായമുണ്ട്. പത്ത് പേർക്കും പരമ്പരയുണ്ടായി. പത്ത് ഗോത്രങ്ങളായി വളർന്നു. പത്ത് സ്ഥലങ്ങളിൽ താമസമുറപ്പിച്ചു. അറബികളുടെ സമൂഹം അവരിലൂടെ വളരുകയായിരുന്നു. മക്കയുടെ പിൽക്കാല ചരിത്രം ഇവരിലൂടെയാണ് ഒഴുകിപ്പോയത്...
˙·٠•●♥ കഅ്ബ (1)♥●•٠·˙
ഇബ്രാഹീം (അ) മകനെ കാണാൻ വേണ്ടി മക്കയിൽ വന്നു. സംസം കിണറിന്റെ സമീപത്തു വന്നിറങ്ങി. മകൻ ഇസ്മാഈൽ (അ) സംസം കിണറിന്നടുത്തു തന്നെ ഉണ്ടായിരുന്നു. അസ്ത്രങ്ങൾ നന്നാക്കി മൂർച്ച കൂട്ടുകയായിരുന്നു. പിതാവിനെ കണ്ടപ്പോൾ മകന് വല്ലാത്ത സന്തോഷം...
ഓടിച്ചെന്ന് ആലിംഗനം ചെയ്തു. രണ്ടുപേരും പല കാര്യങ്ങളെക്കുറിച്ചും സംസാരിച്ചു. കഅബാലയം പുതുക്കിപ്പണിയാൻ അല്ലാഹുﷻ എന്നോട് കൽപിച്ചിരിക്കുന്നു. മോൻ എന്നെ സഹായിക്കണം. മകന് വളരെ സന്തോഷമായി. എന്ത് സഹായവും നൽകാൻ മകൻ സന്നദ്ധനായി...
പിതാവും പുത്രനും വീട്ടിൽ വന്നു. റഹ്ലത്ത് പിതാവിനെ സന്തോഷത്തോടെ സ്വീകരിച്ചു. സൽക്കരിച്ചു. കഅബാലയം പുനർനിർമ്മിക്കാൻ വന്നതാണെന്നറിഞ്ഞപ്പോൾ വലിയ സന്തോഷം. ഇനി കുറെനാൾ ബാപ്പ ഇവിടെ കാണുമല്ലോ. നല്ല ആഹാരമുണ്ടാക്കിക്കൊടുക്കാം. ഇതൊരു സൗഭാഗ്യം തന്നെ. മകൻ മലഞ്ചരിവിൽ ചെന്ന് കല്ല് ചുമന്നുകൊണ്ടുവരും ബാപ്പ തറകെട്ടി ചുമർ പടുത്തുയർത്തും...
കഅബാ ശരീഫ്... അല്ലാഹുﷻവിനെ ആരാധിക്കാൻ ഭൂമുഖത്ത് പടുത്തുയർത്തപ്പെട്ട ഒന്നാമത്തെ ഭവനമാണ് കഅബ. വിശുദ്ധ ഖുർആനിലെ ആലു ഇംറാൻ സൂറത്തിലെ 96 ആം വചനം ഇക്കാര്യം വ്യക്തമാക്കുന്നു...
"നിശ്ചയമായും മനുഷ്യർക്കു വേണ്ടി സ്ഥാപിക്കപ്പെട്ട ഒന്നാമത്തെ ഭവനം (മസ്ജിദ്) ആശീർവദിക്കപ്പെട്ടതായും ലോകർക്ക് മാർഗദർശനമായും കൊണ്ട് ബക്ക (മക്ക) യിലുള്ളത് തന്നെയാകുന്നു. (3:96)
പഴയക്കാലത്ത് മക്കയെ ബക്കയെന്നും വിളിച്ചിരുന്നു. അവിടെ നിർമ്മിക്കപ്പെട്ട കഅബയാണ് ആദ്യത്തെ മസ്ജിദ്. ലോക ജനതക്ക് മാർഗദർശനം നൽകുന്ന പുണ്യഭവനം...
തൊട്ടടുത്ത വചനത്തിൽ ഇങ്ങനെ പറയുന്നു; "അതിൽ വ്യക്തമായ ദൃഷ്ടാന്തങ്ങളുണ്ട് മാഖാമു ഇബ്രാഹീം (ഇബ്രാഹീം നിന്ന സ്ഥലം) അതിൽ ആര് പ്രവേശിച്ചുവോ അവൻ നിർഭയനായിരിക്കും. കഴിവുള്ളവൻ ആ ഭവനത്തിൽ ചെന്ന് ഹജ്ജ് ചെയ്യുകയെന്നത് അല്ലാഹുﷻനോടുള്ള ബാധ്യതയാകുന്നു. വല്ലവരും അവിശ്വസിക്കുന്ന പക്ഷം നിശ്ചയമായും അല്ലാഹുﷻ ലോകരെ സംബന്ധിച്ചു അനാശ്രയനാകുന്നു." (3:97)
കഅബ പണിയുന്നതിനു മുമ്പ് ലോകത്ത് മറ്റൊരു പള്ളി ഉണ്ടായിരുന്നില്ല. മലക്കുകൾ മനുഷ്യർക്കു മുമ്പുതന്നെ ആ പ്രദേശത്ത് വരികയും ത്വവാഫ് നടത്തുകയും ചെയ്തിട്ടുണ്ട്...
മനുഷ്യരിൽ നിന്ന് ആദ്യമായി കഅബ നിർമ്മിച്ചത് ആദം നബി (അ) ആകുന്നു. മനുഷ്യവർഗത്തിന്റെ ആദ്യ പിതാവായ ആദം (അ) തന്നെ ആദ്യത്തെ ആരാധനാലയത്തിന്റെ നിർമ്മാണവും നിർവ്വഹിച്ചു. പിന്നീട് ആദം നബി (അ)ന്റെ സന്താനങ്ങൾ ചേർന്ന് കഅബ പണിതു. ശീസ് നബി (അ)ന്റെ നേതൃത്വത്തിലാണ് പണി നടന്നത്. നൂഹ് (അ) ന്റെ കാലത്തുണ്ടായ വമ്പിച്ച പ്രളയത്തിൽ കഅബ തകർന്നുപോയി. അത് ഒരു മൺകൂനയായി വളരെക്കാലം കിടന്നു. ഇപ്പോൾ ഇബ്രാഹീം (അ) മകനോടൊപ്പം അത് പുതുക്കിപ്പണിയാൻ പോവുകയാണ്...
കഅബയെക്കുറിച്ചു അല്ലാഹുﷻ പറഞ്ഞത് അനുഗ്രഹീത ഭവനം എന്നാകുന്നു. അല്ലാഹുﷻന്റെ അനുഗ്രഹം തേടിയാണ് സത്യവിശ്വാസികൾ അവിടെയെത്തുന്നത്. കഅബയുടെ ശരിയായ അളവൊന്നും അന്ന് അറിയപ്പെട്ടിരുന്നില്ല. ഒരു മേഘം നിഴലിട്ടു നിഴൽ വീണ ഭാഗമാണ്. കഅബ. അതിരുകൾ മനസ്സിലായി അതിര് നോക്കി തറകീറി...
ഇസ്മാഈൽ (അ)മലഞ്ചരിവിൽ നിന്ന് കല്ലുകൾ ചുമന്നുകൊണ്ടുവന്നു. അരിക് ചെത്തി ഭംഗിയാക്കി. അവ ഉപയോഗിച്ചു തറകെട്ടി. റഹ്ല ആഹാരവും വെള്ളവും നൽകി കൂടെത്തന്നെയുണ്ട്. മക്കയിലെ താമസക്കാർ എല്ലാറ്റിനും സാക്ഷികളായി. കഅബ പുതുക്കിപ്പണിയുന്ന കാലത്ത് ഇസ്മാഈൽ നബിക്ക് മുപ്പത് വയസ്സ് പ്രായമുണ്ട്. ഇബ്രാഹീം (അ)ന് നൂറ്റി മുപ്പത്തിമൂന്ന് വയസ്സ്...
ഒരാൾ പൊക്കത്തിൽ ചുമർകെട്ടിക്കഴിഞ്ഞു. ഇനി കെട്ടണമെങ്കിൽ വല്ല സാധനത്തിന്റെയും മുകളിൽ കയറിനിൽക്കണം. അതിന് പറ്റിയ കല്ലെടുക്കാൻ വേണ്ടി ഇസ്മാഈൽ (അ) അബൂഖുബൈസ് പർവ്വതത്തിൽ കയറി...
ജിബ്രീൽ (അ) ഒരു പ്രത്യേക കല്ല് കാണിച്ചുകൊടുത്തു. അതുകൊണ്ട് പിതാവിന് കയറിനിൽക്കാൻ വേണ്ടി ഇട്ടുകൊടുത്തു. ഈ കല്ലാണ് ഇബ്രാഹീം മഖാം. മഖാം എന്നാൽ നിൽപ്പ്സ്ഥാനം എന്നർത്ഥം. നിൽക്കുമ്പോൾ ഇരുപാദങ്ങൾ പതിയുന്ന സ്ഥലം. ചുമർ കെട്ടി നീങ്ങുന്നതിനനുസരിച്ച് കല്ല് നീക്കിയിട്ടുകൊടുക്കും. അങ്ങനെ കഅബയുടെ ചുറ്റും കല്ല് നീക്കിയിട്ടു കൊടുത്തുകൊണ്ടിരിന്നു...
ഇബ്രാഹീം (അ) ന്റെ പാദങ്ങൾ കല്ലിൽ നന്നായി പതിഞ്ഞു. കഅബാ നിർമ്മാണത്തിന്റെ സ്മരണ ഉണർത്തുന്ന മഹത്തായൊരു മുഅ്ജിസത്താണിത്...
˙·٠•●♥ കഅ്ബ (2)♥●•٠·˙
കഅബയുടെ ചുമരിൽ പതിച്ച ഹജറുൽ അസ്വ്വദ് എന്ന കല്ലും, ഇബ്രാഹീം മഖാമും സ്വർഗ്ഗത്തിൽ നിന്ന് ഇറക്കപ്പെട്ടവയാകുന്നു. പ്രളയകാലത്ത് ഇവ രണ്ടും നൂഹ് (അ) അബുഖുബൈസ് മലയിൽ കൊണ്ടു പോയി കുഴിച്ചിട്ടു. ഇബ്രാഹീം നബി (അ)ന്റെ കാലത്താണ് അവ പുറത്തെടുത്തത്...
ഇബ്നു അബ്ബാസ് (റ) നിവേദനം ചെയ്ത ഹദീസിൽ ഇങ്ങനെ കാണാം: നബിﷺ തങ്ങൾ പറഞ്ഞു : "ഹജറുൽ അസ്വ്വദ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങിയതാണ്. അന്നേരം അത് പാലിനെക്കാൾ വെളുത്തതായിരുന്നു. ആദം സന്തതികളുടെ പാപങ്ങളാണ് അതിനെ കറുപ്പിച്ചത്."
മറ്റൊരു ഹദീസിൽ ഇങ്ങനെ കാണാം : "ഹജറുൽ അസ്വ്വദ് സ്വർഗ്ഗത്തിൽ നിന്ന് ഇറങ്ങുമ്പോൾ ഐസിനെക്കാൾ വെളുത്തതായിരുന്നു. ശിർക്കിന്റെ ആളുകളുടെ പാപങ്ങളാണ് അതിനെ കറുപ്പിച്ചത്."
അബ്ദുല്ലാഹിബ്നു അംറുബ്നുൽ ആസ് (റ) എന്ന സ്വഹാബിയിൽ നിന്ന് ഉദ്ധരിക്കപ്പെടുന്നു. നബിﷺ തങ്ങൾ പറയുന്നത് ഞാൻ കേട്ടു : "സ്വർഗ്ഗത്തിലെ മാണിക്യക്കല്ലുകളിൽ പെട്ട രണ്ട് മാണിക്യക്കല്ലുകളാണ് ഹജറുൽ അസ്വ്വദും മഖാമു ഇബ്രാഹീമും. അവയുടെ പ്രകാശം അല്ലാഹുﷻ മായ്ച്ചു കളഞ്ഞിരുന്നില്ലെങ്കിൽ അവ മശ്രിഖും മഗ്രിബും (ലോകം മുഴുവൻ ) പ്രകാശിപ്പിക്കുമായിരുന്നു...
ഇബ്നു അബ്ബാസ് (റ) പറഞ്ഞു; "ആദം നബി (അ) ഭൂമിയിൽ ഇറങ്ങിയ രാത്രി അദ്ദേഹത്തോടൊപ്പം (സ്വർഗ്ഗത്തിൽ നിന്ന് ) ഇറങ്ങിയതാണ് ഹജറുൽ അസ്വ്വദും മഖാമു ഇബ്രാഹീമും. ഖിയാമത്ത് നാളിൽ ഹജറുൽ അസ്വ്വദ് കൊണ്ടുവരും. അതിനെ തൊട്ടു തടവുകയും ചുംബിക്കുകയും ചെയ്തവർക്ക് അത് സാക്ഷി നിൽക്കും...
നബിﷺതങ്ങളും മറ്റനേകം പ്രവാചകന്മാരും ഹജറുൽ അസ്വ്വദ് ചുംബിച്ചിട്ടുണ്ട്. അതേ സ്ഥലത്താണ് ഹാജിമാരും ചുംബിക്കുന്നത്. ഹജറുൽ അസ്വ്വദ് തൊട്ടു തടവുക, ചുംബിക്കുക, സുജൂദ് ചെയ്യുന്നത് പോലെ അതിന്മേൽ നെറ്റിവെക്കുക. ഇവ മൂന്നും സുന്നത്താണെന്ന് പണ്ഡിതന്മാർ രേഖപ്പെടുത്തിയിട്ടുണ്ട്...
പിൽക്കാലത്ത് കഅബത്തിന്നകത്തും പുറത്തും ധാരാളം ബിംബങ്ങൾ വെച്ച് ആരാധിക്കപ്പെട്ടിട്ടുണ്ട്. ശിർക്ക് ശക്തിപ്രാപിച്ച കാലം. എന്നാൽ ഹജറുൽ അസ്വ്വദും, മഖാമു ഇബ്രാഹീമും ഒരിക്കലും ആരാധിക്കപ്പെട്ടിട്ടില്ല. ഇവയ്ക്ക് അല്ലാഹുﷻ നൽകിയ പ്രത്യേക സംരക്ഷണമായിരുന്നു അതിന് കാരണം.
ഇബ്രാഹീം (അ) മകനോടിങ്ങനെ പറഞ്ഞു : "ത്വവാഫ് തുടങ്ങാനുള്ള സ്ഥലത്ത് അടയാളം വയ്ക്കാനായി ഒരു കല്ല് വേണം അത് കൊണ്ടുവരൂ..."
ഇസ്മാഈൽ (അ) കല്ല് അന്വേഷിച്ചുപോയി. അതിന്നിടയിൽ ജിബ്രീൽ (അ) അബൂഖുബൈസ് പർവതത്തിൽ നിന്ന് ഹജറുൽ അസ്വ്വദ് പുറത്തെടുത്ത് ഇബ്രാഹീം (അ) ന് കൊണ്ടുവന്നു കൊടുത്തു. അത് യഥാസ്ഥാനത്ത് വെച്ചു...
മടങ്ങിവന്ന ഇസ്മാഈൽ (അ) ഇത് കണ്ടിട്ട് ചോദിച്ചു : "ഇതെവിടെ നിന്നാണ്?"
ഇബ്രാഹീം (അ) പറഞ്ഞു : "ജിബ്രീൽ കൊണ്ടുവന്നതാണ്."
അന്നേരം അതിന്റെ ശോഭ ഹറമിന്റെ അതിർത്തി വരെ പരന്നിരുന്നു. ആദ്യകാലത്ത് ഇബ്രാഹീം മഖാമിൽ രണ്ട് പാദങ്ങൾ ശരിക്ക് പതിഞ്ഞുകിടക്കുകയായിരുന്നു. വിരലുകളും മടമ്പും നന്നായി കാണാമായിരുന്നു. നിരവധി നൂറ്റാണ്ടുകൾ. ജനങ്ങൾ അതിൽ തടവിത്തടവി വിരലിന്റെ അടയാളങ്ങൾ മാഞ്ഞുപോയി. സഹസ്രാബ്ദങ്ങളിലൂടെ അത് തൊട്ടുതടവിയ കരങ്ങളുടെ എണ്ണം അല്ലാഹുﷻന്ന് മാത്രമറിയാം...
കഅബയുടെ പണി തീർന്നപ്പോൾ മഖാമു ഇബ്രാഹീം മുൻവശത്ത് സ്ഥാപിച്ചു. ഇന്ന് കാണുന്ന സ്ഥലത്ത് തന്നെ സ്ഥാന ചലനം വന്നിട്ടുണ്ടെന്ന് ചിലർ അഭിപ്രായപ്പെട്ടിട്ടുണ്ട്. ഉമറുൽ ഫാറൂഖ് (റ)വിന്റെ കാലത്ത് നടന്ന ഒരു സംഭവം കൂടി പറയാം...
രണ്ടാം ഖലീഫയുടെ കാലത്ത് വമ്പിച്ച വെള്ളപ്പൊക്കമുണ്ടായി. ഈ വെള്ളപ്പൊക്കം പിൽക്കാലത്ത് നഹ്ശൽ വെള്ളപ്പൊക്കം എന്ന പേരിൽ അറിയപ്പെട്ടു. അതിന്നൊരു കാരണമുണ്ട്. ഉമ്മു നഹ്ശൽ (റ) എന്ന സ്വഹാബി വനിത ഈ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. അവർ ഒഴുക്കിൽ പെട്ടു മരണപ്പെട്ടു. മലവെള്ളപ്പാച്ചിലിന്റെ ശക്തിയിൽ മഖാമു ഇബ്രാഹീം ഒലിച്ചു പോയി. മിസ്ഫലയിൽ നിന്നാണത് കണ്ടെടുത്തത്. കഅബയുടെ മുൻഭാഗത്ത് കൊണ്ടുവന്നു കെട്ടിയിട്ടു ഖലീഫയെ വിവരം അറിയിച്ചു. ഖലീഫ റമളാൻ മാസത്തിൽ ഉംറക്ക് ഇഹ്റാം ചെയ്തു മക്കയിലെത്തി. സ്വഹാബികളെ വിളിച്ചുകൂട്ടി...
"മഖാമു ഇബ്രാഹീം നിലനിന്ന ശരിയായ സ്ഥാനം അറിയുന്ന ആരെങ്കിലും ഇക്കൂട്ടത്തിലുണ്ടോ?" ഖലീഫ ചോദിച്ചു.
ഒരു സ്വഹാബി മുമ്പോട്ടുവന്നു. മുത്തലിബ് ബ്നു അബീവദാഅത്ത് (റ) അദ്ദേഹം പറഞ്ഞു: "അമീറുൽ മുഹ്മിനീൻ ഇങ്ങനെയൊരപകടം വരുമെന്ന് ഞാൻ ഭയപ്പെട്ടിരുന്നതാണ്. അതുകൊണ്ട് മഖാമു ഇബ്രാഹീമിൽ നിന്ന് ഹജറുൽ അസ്വ്വദിലേക്കും ഹിജ്റ ഇസ്മാഈലിലേക്കും സംസം കിണറിലേക്കുമുള്ള ദൂരം ഞാൻ അളന്നു വെച്ചിട്ടുണ്ട്. അളന്ന് അടയാളം വെച്ച കയർ എന്റെ വീട്ടിലുണ്ട്. അതുകൊണ്ടുവരാം."
ഉമർ (റ) പറഞ്ഞു : "നിങ്ങൾ എന്റെയടുത്തിരിക്കൂ... ഒരാൾ പോയി കയർ കൊണ്ടുവരട്ടെ."
ഒരാൾ ഓടിപ്പോയി കയർ കൊണ്ടുവന്നു. അളന്നു നോക്കി സ്ഥാനം കണ്ടുപിടിച്ചു. ഖലീഫയുടെ നിഗമനത്തിലുള്ള സ്ഥാനവും അത് തന്നെ. പ്രമുഖ സ്വഹാബികളുമായി ആലോചിച്ചു സ്ഥാനം ശരിതന്നെയാണെന്ന്
ഉറപ്പ് വരുത്തി. ശക്തമായ അടിത്തറയിൽ കല്ല് ഉറപ്പിച്ചു...
മക്കയുടെ മേൽഭാഗത്ത് മുദ്ദആ എന്ന സ്ഥലത്ത് കല്ല് കൊണ്ട് ശക്തമായ തടയണ നിർമ്മിച്ചു മലവെള്ളപ്പാച്ചിലിൽ തടയണ തടഞ്ഞു നിർത്തി. പിന്നീടൊരിക്കലും തടയണ കവിഞ്ഞൊഴുകിയിട്ടില്ല. ത്വവാഫ് കഴിഞ്ഞ ഉടനെ മഖാമു ഇബ്രാഹീമിന്റെ പിന്നിൽ നിന്ന് സുന്നത്ത് നിസ്കരിക്കാം. കാലം ചെല്ലുംതോറും ജനത്തിരക്ക് വർദ്ധിച്ചു വരികയാണ്...
♥
മഖാമു ഇബ്രാഹീമിന്റെ തൊട്ടടുത്തുനിന്ന് നിസ്കരിക്കുക വളരെ പ്രയാസമാണ്. അതുകൊണ്ട് പിന്നോട്ട് മാറിനിന്ന് നിസ്കരിക്കുന്നു. ഇവിടെവെച്ചുള്ള പ്രാർത്ഥനക്ക് പ്രത്യേക പ്രാധാന്യമുണ്ട്. അതുകൊണ്ട് ഇവിടെ എപ്പോഴും നല്ല തിരക്കായിരിക്കും. ഹജറുൽ അസ്വ്വദ് ചുംബിക്കുക വളരെ പ്രയാസമാണ്. നല്ല തിരക്കായിരിക്കും. ഹജറുൽ അസ്വ്വദിനു നേരെ കൈ ഉയർത്തി ആ കൈ ചുംബിച്ചു കൊണ്ടാണ് ഇപ്പോൾ അധികപേരും ത്വവാഫ് തുടങ്ങുന്നത്...
˙·٠•●♥ പ്രാർത്ഥന (1)♥●•٠·˙
കഅബയുടെ പണി പൂർത്തിയായി. ജിബ്രീൽ (അ) വന്നു. ത്വവാഫ് ചെയ്യേണ്ട വിധം പഠിപ്പിച്ചുകൊടുത്തു. ഹറം ശരീഫിനെ അല്ലാഹുﷻ നിർഭയ കേന്ദ്രമാക്കി വെച്ചു. ഏകനായ അല്ലാഹുﷻനെ ആരാധിക്കാൻ വിശ്വാസികൾ കൂട്ടത്തോടെ വന്നു ചേരും...
ലോകത്തിന്റെ കേന്ദ്രമാണിവിടെ ഉയർന്നു വന്നിരിക്കുന്നത്. ഇനിയിവിടെ നിസ്കാരം നടക്കും. റുകൂഹ് നടക്കും. സുജൂദ് നടക്കും. ഇഹ്തികാഫ് ഇരിക്കും. ഇതിനൊക്കെ വേണ്ടി ഇവിടെയെത്തുന്നവർക്ക് സൗകര്യം ചെയ്തുകൊടുക്കണം. ഈ പുണ്യകേന്ദ്രം ശുദ്ധമാക്കിവയ്ക്കണം. ഇതിന്റെ പവിത്രത കാത്തുസൂക്ഷിക്കണം...
വിശുദ്ധ ഖുർആൻ പറയുന്നത് കേൾക്കൂ... "ഈ വീടിനെ (കഅബയെ) നാം മനുഷ്യർക്ക് ഒരു സങ്കേതവും ഒരു നിർഭയ സ്ഥാനവും ആക്കി വെച്ച സന്ദർഭം ഓർക്കുക; മഖാമു ഇബ്രാഹീമിൽ നിന്ന് ഒരു നിസ്കാരസ്ഥാനം നിങ്ങൾ ഏർപ്പെടുത്തുകയും ചെയ്യുവീൻ. ത്വവാഫ് ചെയ്യുന്നവർക്കും ഇഹ്തികാഫ് ഇരുന്നവർക്കും റുകൂഹ് ചെയ്യുന്നവർക്കും സുജൂദ് ചെയ്യുന്നവർക്കും വേണ്ടി നിങ്ങൾ രണ്ടുപേരും എന്റെ വീടിനെ ശുദ്ധമാക്കിവയ്ക്കണമെന്ന് നാം ഇബ്രാഹീമിനും ഇസ്മാഈലിനും കൽപനകൊടുത്തിരിക്കുന്നു." (2:125)
ലോകത്തുള്ള എല്ലാ മസ്ജിദുകളും അല്ലാഹുﷻന്റെ ഭവനമാകുന്നു. അവ ശുദ്ധമാക്കിവെക്കണം. അല്ലാഹുﷻന്റെ ഭവനത്തെ ശുദ്ധമാക്കി വയ്ക്കണമെന്നത് അവന്റെ തന്നെ താൽപര്യമാകുന്നു. കഅബയെ ശുദ്ധമാക്കി വെക്കണമെന്ന് അല്ലാഹുﷻ രണ്ട് പ്രവാചകന്മാരോട് കൽപ്പിച്ചകാര്യം വിശുദ്ധ ഖുർആനിൽ എടുത്തുപറഞ്ഞു. അതിൽ നിന്ന് നാം മനസ്സിലാക്കേണ്ടത് അല്ലാഹുﷻന്റെ ഏത് ഭവനവും ശുദ്ധമായി സൂക്ഷിക്കണമെന്നാകുന്നു...
കഅബാലയം പണിതുയർത്തിക്കൊണ്ട് ഇബ്രാഹീം (അ) നടത്തിയ പ്രാർത്ഥന വിശുദ്ധ ഖുർആനിൽ ഉദ്ധരിക്കുന്നു. ആ പ്രാർത്ഥന പിൽക്കാല തലമുറകൾക്ക് മാതൃകയാകുന്നു. മക്കയെ നിർഭയ പ്രദേശമാക്കണമെന്ന് പ്രാർത്ഥിക്കുന്നു. അവിടുത്തെ നിവാസികൾക്ക് ഭക്ഷിക്കാൻ പഴവർഗ്ഗങ്ങൾ നൽകണമെന്ന് തേടുന്നു. അല്ലാഹുﷻനെ അനുസരിച്ചു ജീവിക്കുന്നവർക്കും അനുസരിക്കാത്ത ധിക്കാരികൾക്കും അല്ലാഹുﷻ ആഹാരം നൽകും. ധിക്കാരികളുടെ സുഖവും ആർഭാടവുമെല്ലാം അൽപകാലത്തേക്ക് മാത്രം. പിന്നീട് അവൻ നരകശിക്ഷ അനുഭവിക്കണമെന്ന്. അല്ലാഹുﷻ മുന്നറിയിപ്പ് നൽകുന്നു...
വിശുദ്ധ ഖുർആൻ പറയുന്നു : "ഇബ്രാഹീം പറഞ്ഞ സന്ദർഭം (ഓർക്കുക), എന്റെ റബ്ബേ! നീ ഇതൊരു നിർഭയമായ രാജ്യമാക്കുകയും അതിലെ ജനങ്ങൾക്ക് പഴവർഗ്ഗങ്ങളിൽ നിന്ന് ആഹാരം നൽകുകയും ചെയ്യേണമേ!... അവരിൽ അല്ലാഹുﷻവിലും അന്ത്യനാളിലും വിശ്വസിച്ചവർക്ക് (ആഹാരം നൽകേണമേ)"
"അവൻ (അല്ലാഹു) പറഞ്ഞു : വിശ്വാസിക്കാത്തവർക്കും (ആഹാരം നൽകുന്നതാണ്). എന്നാൽ അവനെ നാം അൽപം സുഖം അനുഭവിപ്പിക്കും. പിന്നീട് അവനെ നാം നരക ശിക്ഷയിലേക്ക് (വരുവാൻ) നിർബന്ധിതനാക്കുന്നതാണ്. ആ മടക്കസ്ഥാനം വളരെ ചീത്തയാകുന്നു... (2:126)
മസ്ജിദ് നിർമ്മാണം ഏറെ പുണ്യമുള്ള കാര്യമാണ്. അല്ലാഹുﷻന്റെ തൃപ്തി മാത്രമായിരിക്കണം ലക്ഷ്യം. മഹത്തായ പ്രതിഫലം ലഭിക്കുന്ന വിശുദ്ധ കർമ്മമാണത്. മനസ്സിൽ അല്ലാഹുﷻന്റെ പ്രീതിമാത്രമായിരിക്കണം ഉണ്ടാവേണ്ടത്. നിഷ്കളങ്കമായിരിക്കണം പ്രവർത്തനം. പേരും പ്രശസ്തിയുമൊന്നും മനസ്സിനെ അധീനപ്പെടുത്തരുത്. അഹങ്കരാമോ അസൂയയോ വന്നു ചേരരുത്. മസ്ജിദ് നിർമ്മാണത്തിലൂടെ ലഭിക്കേണ്ട മഹത്തായ പ്രതിഫലം നഷ്ടപ്പെട്ടുപോകും. കഅബ നിർമ്മിച്ചുകൊണ്ട് ഇബ്രാഹീം (അ) എന്താണ് പ്രാർത്ഥിച്ചത്... ഞങ്ങളിൽ നിന്ന് ഇതൊരു സൽക്കർമ്മമായി നീ സ്വീകരിക്കേണമേ!.. പൂർണ്ണമായും സൽക്കർമ്മമായിത്തീരണം. അതാണ് പ്രാർത്ഥന...
വിശുദ്ധ ഖുർആൻ ആ പ്രാർത്ഥന ഉദ്ധരിക്കുന്നത് നോക്കുക: "ആ വീട്ടിന്റെ അടിത്തറ ഇബ്രാഹീമും ഇസ്മാഈലും കെട്ടി ഉയർത്തിയ സന്ദർഭം (ഓർക്കുക), അവർ ഇങ്ങനെ പ്രാർത്ഥിച്ചുകൊണ്ടിരുന്നു. ഞങ്ങളിൽ നിന്ന് ഈ കർമ്മം നീ സ്വീകരിക്കേണമേ!... നീ തന്നെയാണ് എല്ലാം അറിയുന്നവനും കേൾക്കുന്നവനും." (2:127)
തുടർന്നു നടത്തിയ പ്രാർത്ഥനയിൽ നാല് സുപ്രധാന കാര്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു...
1.ഞങ്ങളെ രണ്ടു പേരെയും നിനക്ക് കീഴൊതുങ്ങി ജീവിക്കുന്നവരാക്കേണമേ... (യഥാർത്ഥ മുസ്ലിംകളാക്കേണമേ)
2. ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴൊതുങ്ങി ജീവിക്കുന്ന ഒരു സമുദായത്തെ ഉണ്ടാക്കേണമേ...
3. ഞങ്ങളുടെ ആരാധനാ കർമ്മങ്ങൾ കാണിച്ചുതരേണമേ....
4. ഞങ്ങളുടെ പശ്ചാത്താപം (തൗബ )സ്വീകരിക്കേണമേ...
മനുഷ്യജീവിതത്തിന്റെ ലക്ഷ്യം തന്നെയാണിപ്പറഞ്ഞത്. പ്രാർത്ഥിക്കുന്നവർ ആദ്യം സ്വന്തം കാര്യം പറയണം. പിന്നെ സന്താന പരമ്പരയുടെ കാര്യം പറയണം. മക്കളെ മാത്രം ഓർത്താൽ പോരാ പരമ്പരയെ ഓർക്കണം. അവരെല്ലാം സന്മാർഗം പ്രാപിക്കണം. ആ ലക്ഷ്യത്തോടെ പ്രാർത്ഥിക്കണം. ആരാധനാ കർമ്മങ്ങളിൽ തെറ്റ് പറ്റരുത്. ശരിയായ രീതി പഠിക്കാൻ അല്ലാഹുﷻന്റെ വിധി വേണം. പ്രവാചകന്മാർ അത് പഠിപ്പിച്ചു തരുന്നു...
˙·٠•●♥ പ്രാർത്ഥന (2)♥●•٠·˙
വന്നുപോയ അബദ്ധങ്ങൾക്കും തെറ്റുകൾക്കും പശ്ചാത്തപിക്കണം. ശരിയായ ഖേദപ്രകടനം. തെറ്റുകളിൽ നിന്ന് വിരമിക്കുക. ഇനിയൊരിക്കലും അതിലേക്ക് മടങ്ങില്ലെന്ന് ഉറപ്പിക്കുക. പശ്ചാത്തപിക്കുക. പശ്ചാത്താപം സ്വീകരിക്കാൻ പ്രാർത്ഥിക്കുക...
വിശുദ്ധ ഖുർആനിൽ ഈ പ്രാർത്ഥന കൊടുത്തതിങ്ങനെയാകുന്നു... "ഞങ്ങളുടെ റബ്ബേ! ഞങ്ങളെ (രണ്ടാളെയും) നിനക്ക് കീഴൊതുങ്ങിയവരാക്കുകയും (മുസ്ലിംകളാക്കുകയും) ചെയ്യേണമേ... ഞങ്ങളുടെ സന്തതികളിൽ നിന്ന് നിനക്ക് കീഴ്പ്പെടുന്നതായ ഒരു സമുദായത്തെ ഉണ്ടാക്കേണമേ... ഞങ്ങൾക്ക് ഞങ്ങളുടെ ആരാധനാകർമ്മങ്ങൾ കാണിച്ചുതരികയും ഞങ്ങളുടെ പശ്ചാത്താപം സ്വീകരിക്കുകയും ചെയ്യേണമേ... നിശ്ചയമായും നീ തന്നെയാണ് പശ്ചാത്താപം സ്വീകരിക്കുന്നവനും കാരുണ്യമുള്ളവനും." (2:128)
തുടർന്നുള്ള പ്രാർത്ഥന വളരെ ശ്രദ്ധേയമാണ് അതിപ്രകാരമാകുന്നു...
"ഞങ്ങളുടെ റബ്ബേ അവരിൽ നിന്നു തന്നെയുള്ള ഒരു റസൂലിനെ നീ നിയോഗിക്കുകയും ചെയ്യേണമേ... അവർക്ക് നിന്റെ ആയത്തുകൾ (ദൃഷ്ടാന്തങ്ങൾ) ഓതിക്കൊടുക്കുകയും അവർക്ക് വേദഗ്രന്ഥവും വിജ്ഞാനവും പഠിപ്പിക്കുകയും അവരെ സംസ്കരിക്കുകയും ചെയ്യുന്ന ഒരു റസൂലിനെ. നിശ്ചയം നീ തന്നെയാണ് പ്രതാപശാലിയും അഗാധജ്ഞാനമുള്ളവനും." (2:129)
ഭാവി തലമുറയിൽ നിന്ന് ഒരു പ്രവാചകനെ നിയോഗിക്കണമെന്നാണവർ പ്രാർത്ഥിച്ചത്. ഇസ്മാഈൽ (അ) ന്റെ സന്താന പരമ്പരയാണ് അറബികൾ. അവരിൽ നിന്ന് പ്രവാചകനെ നിയോഗിക്കണമെന്നാണ് പ്രാർത്ഥന. ഈ പ്രാർത്ഥന അല്ലാഹുﷻ സ്വീകരിച്ചു. മുഹമ്മദ് മുസ്തഫﷺതങ്ങൾ അന്ത്യ സമൂഹത്തിന്റെ പ്രവാചകനായി നിയോഗിക്കപ്പെട്ടു...
മുഹമ്മദ് നബിﷺ പറയുകയുണ്ടായി. ഞാൻ എന്റെ പിതാവ് ഇബ്രാഹീമിന്റെ പ്രാർത്ഥനയാണ്. ഈ പ്രാർത്ഥന നടത്തുന്ന കാലത്ത് മക്കയിൽ ഏതാനും കുടുംബങ്ങൾ മാത്രമാണ് താമസിക്കുന്നത്. ഒരു സമൂഹമില്ല. ഭാവിയിൽ വന്നേക്കാവുന്ന സമൂഹത്തിൽ നിന്ന് റസൂലിനെ നിയോഗിക്കാനാണ് പ്രാർത്ഥിച്ചത്. പ്രാർത്ഥന ഫലിച്ചതെപ്പോഴാണ്..? നാലായിരത്തോളം വർഷങ്ങൾക്ക് ശേഷം...
ആ റസൂൽ ചെയ്യേണ്ട കാര്യങ്ങൾ ഈ പ്രാർത്ഥനയിൽ എടുത്തു പറഞ്ഞിട്ടുണ്ട്.
1. അല്ലാഹുﷻന്റെ ആയത്തുകൾ ഓതിക്കൊടുക്കുക,
അല്ലാഹുﷻ ഏകനാണെന്നും , ബഹുദൈവാരാധന ശിർക്കാണെന്നും ജനതയെ ബോധ്യപ്പെടുത്തുക. അല്ലാഹുﷻ ന്റെ ദൃഷ്ടാന്തങ്ങൾ ജനങ്ങൾക്ക് വിവരിച്ചു കൊടുക്കുക.
2. അവർക്ക് വേദഗ്രന്ഥം പഠിപ്പിച്ചുകൊടുക്കുക. അല്ലാഹുﷻ വിശുദ്ധ ഖുർആൻ ഇറക്കിക്കൊടുത്തു. നബിﷺ അത് സ്വഹാബികൾക്ക് ഓതിക്കൊടുത്തു. പഠിപ്പിച്ചു. വ്യാഖ്യാനിച്ചുകൊടുത്തു. നന്നായി മനസ്സിലാക്കിക്കൊടുത്തു.
3. അവർക്ക് വിജ്ഞാനവും യുക്തിയും പഠിപ്പിക്കുക. നബിﷺതങ്ങളുടെ ജീവിതം സ്വഹാബത്ത് കണ്ടുപഠിച്ചു. ഉപദേശ നിർദ്ദേശങ്ങളും കൽപനകളും സ്വീകരിച്ചു. മികച്ച പഠനം തന്നെയാണ് നടന്നത്.
4. അവരെ സംസ്കാര സമ്പന്നരാക്കുക. ശുദ്ധമായ മനസ്സിന്റെയും ശരീരത്തിന്റെയും ഉടമകളാക്കുക.
അല്ലാഹുﷻലും അന്ത്യനാളിലുമുള്ള വിശ്വാസം. തന്റെ മനസ്സ് എപ്പോഴും അല്ലാഹുﷻ കണ്ടുകൊണ്ടിരിക്കുന്നു. അല്ലാഹുﷻ തൃപ്തിപ്പെടാത്ത ഒരു ചിന്തയും മനസ്സിൽ വന്നു പോവരുത്. നല്ല മനുസ്സുള്ളവർ നല്ലത് സംസാരിക്കുന്നു. നല്ലത് പ്രവർത്തിക്കുന്നു. നല്ല ചിന്തയും സംസാരവും കർമ്മങ്ങളുമുള്ളവർ അവരാണ് സംസ്കാരമുള്ളവർ. അങ്ങനത്തെ ഒരു സമൂഹത്തെ നബിﷺ വളർത്തിയെടുത്തു.
ഇബ്രാഹീം (അ) നമ്മുടെ പൂർവ്വ പിതാവാകുന്നു. അദ്ദേഹം ഒരു വ്യക്തിയല്ല. പ്രസ്ഥാനം തന്നെയാകുന്നു. അദ്ദേഹം കാണിച്ച ജീവിത പാത വിജയത്തിലേക്കുള്ളതാണ്. ആരും ആ പ്രവാചകനെ അംഗീകരിക്കണം. ആ പ്രവാചകനിൽ നിന്ന് അകന്നുപോവുന്നവർ വിഡ്ഢിയാകുന്നു...
വിശുദ്ധ ഖുർആൻ ചോദിക്കുന്നു : "ആരാണ് ഇബ്രാഹീമിന്റെ മാർഗ്ഗത്തോട് അതൃപ്തി കാണിക്കുക. തന്നെത്തന്നെ ഭോഷനാക്കിയവനല്ലാതെ..? ഇഹത്തിൽ അദ്ദേഹത്തെ നാം (ശുദ്ധനായി ) തിരഞ്ഞെടുത്തിരിക്കുന്നു. പരലോകത്ത് അദ്ദേഹമാവട്ടെ നിശ്ചയമായും സജ്ജനങ്ങളിൽ പെട്ടവനുമാകുന്നു." (2:130)
വിശുദ്ധ ഖുർആൻ അദ്ദേഹത്തെ വാഴ്ത്തുന്നത് നോക്കൂ "അദ്ദേഹത്തോട് തന്റെ രക്ഷിതാവ് നീ കീഴൊതുങ്ങുക (മുസ്ലിമാവുക) എന്ന് പറഞ്ഞപ്പോൾ
അദ്ദേഹം പറഞ്ഞു : ഞാൻ ലോക രക്ഷിതാവിന് കീഴൊതുങ്ങിയിരിക്കുന്നു. (2:131)
ഇബ്രാഹീം (അ) ന്റെ അനുസരണ ശീലത്തെയാണ് സൃഷ്ടാവായ അല്ലാഹുﷻ പ്രശംസിച്ചത്. ഈ അനുസരണ ശീലം തന്റെ മക്കളിലും പേരക്കുട്ടികളിലും ഉണ്ടായിത്തീരണമെന്ന് ഇബ്രാഹീം (അ) ആഗ്രഹിച്ചിരുന്നു. അല്ലാഹുﷻന്റെ അനുസരണയുള്ള മുസ്ലിംകളായി ജീവിക്കണമെന്ന് അവരോട് ഉപദേശിക്കുകയും ചെയ്തു...
ഇസ്മാഈൽ (അ) ജനിച്ച് പതിനാല് വർഷങ്ങൾക്കുശേഷമാണ് ഇസ്ഹാഖ് (അ) ജനിച്ചത്. ഇസ്ഹാഖിന്റെ മകനാണ് യഹ്ഖൂബ് (അ). യഹ്ഖൂബ് (അ) തന്റെ മക്കളോട് പറഞ്ഞിരുന്നതും മുസ്ലിംകളായി ജീവിക്കണമെന്നായിരുന്നു. രണ്ട് പ്രവാചകന്മാരുടെയും വസ്വിയത്ത് വിശുദ്ധ ഖുർആൻ എടുത്തു പറയുന്നത് കാണുക..
"മുസ്ലിംകളായി ജീവിക്കണമെന്ന് ഇബ്രാഹീം തന്റെ മക്കളോട് വസ്വിയത്ത് ചെയ്തു. യഹ്ഖൂബും തന്റെ മക്കളോട് (വസ്വിയത്ത്) ചെയ്തു. എന്റെ മക്കളെ തീർച്ചയായും അല്ലാഹുﷻ നിങ്ങൾക്ക് മതത്തെ തിരഞ്ഞെടുത്തു തന്നിരിക്കുന്നു. അതുകൊണ്ട് മുസ്ലിംകളായിക്കൊണ്ടല്ലാതെ നിങ്ങൾ മരണപ്പെടരുത്." (2:132)
മരണാസന്നമായ സമയത്ത് യഹ്ഖൂബ് (അ) തന്റെ മക്കളോട് ചോദിച്ചു. എനിക്ക് ശേഷം നിങ്ങൾ എന്തിനെയാണ് ആരാധിക്കുക? അവർ ഒട്ടും വൈകാതെ ദൃഢസ്വരത്തിൽ മറുപടി നൽകി. ഞങ്ങൾ നിങ്ങളുടെ നാഥനായ റബ്ബിനെ ആരാധിക്കും. നിങ്ങളുടെ പിതാമഹന്മാരായ ഇബ്രാഹീം, ഇസ്മാഈൽ, ഇസ്ഹാഖ് എന്നിവർ ആരാധിച്ച അല്ലാഹുﷻ നെ ഞങ്ങൾ ആരാധിക്കും. ഞങ്ങൾ മുസ്ലിംകളായി തന്നെ ജീവിക്കും. മക്കളുടെ മറുപടി ആ പിതാവിനെ സന്തോഷിപ്പിച്ചു. മനസ്സമാധാനത്തോടെ മരണം വരിക്കാനും കഴിഞ്ഞു...
˙·٠•●♥ ഹജ്ജ്♥●•٠·˙
ഇബ്രാഹീം (അ)ന് ഹജ്ജിന്റെ കർമ്മങ്ങൾ പഠിപ്പിച്ചുകൊടുക്കാൻ ജിബ്രീൽ (അ) ന് അല്ലാഹുﷻ കൽപന നൽകി. ജിബ്രീൽ (അ) ഓരോ കാര്യങ്ങൾ പഠിപ്പിച്ചുകൊടുത്തു. ഹജ്ജിന്റെ മാസം പരിചയപ്പെടുത്തിക്കൊടുത്തു...
ഹജ്ജിന്റെ ദിവസങ്ങൾ വരികയായി. ജിബ്രീൽ (അ) പറഞ്ഞുകൊടുത്തത് പോലെ ഇഹ്റാമിൽ പ്രവേശിച്ചു. മിനായിലേക്ക് പോയി. അടുത്ത ദിവസം അറഫയിലും. അവിടെ നിന്ന് മുസ്ദലിഫയിലുമെത്തി. വീണ്ടും മിനായിൽ വന്നു. ബലിയറുത്തു. പിശാച് വന്നു. ജംറകളിൽ വെച്ച് പിശാചിനു നേരെ കല്ലെറിഞ്ഞു. ത്വവാഫും സഹ്യ്യും നടത്തി. മുടി നീക്കി...
ഹജ്ജിന്റെ ദിവസങ്ങൾ കടന്നുപോയി. വല്ലാത്ത അനുഭൂതിയുടെ നാളുകൾ. മകൻ ഇസ്മാഈൽ (അ) കൂടെയുണ്ടായിരുന്നു. ഹജ്ജ് കഴിഞ്ഞപ്പോൾ അല്ലാഹുﷻ ഇങ്ങനെ കൽപ്പിച്ചു. ജനങ്ങളെ ഹജ്ജിന് വിളിക്കൂ. ഞാൻ വിളിച്ചാൽ ആര് കേൾക്കും. വിളിച്ചോളൂ... ഞാൻ കേൾപ്പിക്കും. അതെന്റെ കടമയാണ്...
ഇബ്രാഹീം (അ) അബൂഖുബൈസ് മലയുടെ ഉന്നത ശിഖരത്തിൽ കയറിനിന്നു. കാതുകളിൽ വിരലമർത്തി. ഇരുവശങ്ങളിലേക്കും തിരിഞ്ഞ് മുമ്മൂന്ന് പ്രാവശ്യം അല്ലാഹുﷻന്റെ കൽപ്പന ഉച്ചത്തിൽ വിളിച്ചറിയിച്ചു...
"ആദമിന്റെ മക്കളേ... അല്ലാഹുﷻ നിങ്ങൾക്കു വേണ്ടി ഭൂമിയിൽ ഒരു ആരാധനാലയം പണിതിരിക്കുന്നു. കഅബ... നിങ്ങൾ മക്കയിൽ വന്നു ഹജ്ജ് നിർവഹിക്കണമെന്ന് അല്ലാഹുﷻ കൽപിച്ചിരിക്കുന്നു. കഅബത്തിങ്കലേക്ക് വരുവീൻ കാൽനടയായും വാഹനമേറിയും വന്നുകൊള്ളുവീൻ."
ലോകമെങ്ങും ഈ ശബ്ദം മുഴങ്ങി. ആത്മാവുകളുടെ ലോകത്തും അത് മുഴങ്ങിക്കേട്ടു. സകല ജീവജാലങ്ങളും സാക്ഷിയായി മൂന്നു തവണ അറിയിപ്പുണ്ടായി. മറുപടി പറഞ്ഞവരും പറയാത്തവരുമുണ്ട്. മറുപടി പറഞ്ഞവർ കാലാകാലങ്ങളിൽ ഹജ്ജിന്നു വേണ്ടി മക്കയിലെത്തിക്കൊണ്ടിരിക്കും...
വിശുദ്ധ ഖുർആൻ പറയുന്നു : "ഹജ്ജ് കർമ്മത്തിന് വരുവാൻ ജനങ്ങളിൽ പ്രഖ്യാപനവും ചെയ്യുക. കാൽ നടക്കാരായും വിദൂരമായ സകല മാർഗ്ഗങ്ങളിൽ കൂടിയും വന്നുകൊണ്ടിരിക്കുന്ന (ക്ഷീണിച്ച്) മെലിഞ്ഞ എല്ലാ വാഹനപ്പുറത്തായും അവർ നിന്റെ അടുക്കൽ വന്നുകൊള്ളുന്നതാണ്." (22:27)
"ഇബ്രാഹീം (അ)ന്റെ വിളിക്കുത്തരം നൽകിക്കൊണ്ട് ഓരോ വർഷവും അനേക ലക്ഷം ഹാജിമാർ മക്കയിലെത്തിക്കൊണ്ടിരിക്കുന്നു. എന്തിനാണവർ വരുന്നത്..? വിശുദ്ധ ഖുർആൻ വചനം നോക്കൂ...
"അവർക്ക് പ്രയോജനകരമായ രംഗങ്ങളിൽ അവർ സന്നിഹിതരാകുവാനും അല്ലാഹുﷻ അവർക്ക് നൽകിയിട്ടുളള നാൽക്കാലിമൃഗങ്ങളെ നിശ്ചിതദിവസങ്ങളിൽ അവന്റെ പേര് ഉച്ചരിച്ചുകൊണ്ട് ബലികഴിക്കാനും വേണ്ടിയത്രെ. അങ്ങനെ അവയിൽ നിന്ന് നിങ്ങൾ തിന്നുകയും വിഷമിക്കുന്നവനും ദരിദ്രനുമായിട്ടുള്ളവന് ഭക്ഷിക്കാൻ കൊടുക്കുകയും ചെയ്യുക." (22:28)
പുണ്യഭൂമിയിൽ വെച്ച് നിർവ്വഹിക്കുന്ന സൽകർമ്മങ്ങളെല്ലാം പ്രയോജനകരമായ കാര്യങ്ങളിൽപെടുന്നു. മനുഷ്യരുടെ ത്യാഗവും ഭക്തിയും വ്യക്തമാവുന്ന കർമ്മമാണ് ബലിയറുക്കൽ. ബലിയറുത്ത മൃഗങ്ങളുടെ മാംസം ദരിദ്രർക്കു നൽകുന്നത് മഹത്തായ കർമ്മമാണ്. വലിയൊരു സാമൂഹിക സേവനവുമാണ്...
ശക്തമായ സാമൂഹിക ബോധം വളർത്തുന്ന കർമ്മമാണ് ഹജ്ജ്. കറുത്തവരും വെളുത്തവരും ഇരുനിറമുള്ളവരുമെല്ലാം ഒന്നിച്ചു ചേരുന്ന മഹാ സംഗമം. ഒരേ വേഷം. ഒരേ വചനം. ഏകനായ അല്ലാഹുﷻവിലേക്കുള്ള മുന്നേറ്റം. അല്ലാഹുﷻന്റെ കൽപ്പന പ്രകാരം ഇബ്രാഹീം (അ)വിളിച്ച വിളിക്കുത്തരം നൽകിക്കൊണ്ടാണ് ഞങ്ങൾ വരുന്നതെന്ന ബോധം...
"ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക് "
അല്ലാഹുവേ.., നിന്റെ വിളിക്ക് ഞങ്ങളിതാ ഉത്തരം നൽകുന്നു. വീണ്ടും വീണ്ടും ഉത്തരം നൽകുന്നു. മനുഷ്യവർഗ്ഗം ഒന്നായിത്തീരുന്നു. ഒരേ ദിശ. ഒരേ ശബ്ദം. ഒരേ ലക്ഷ്യം. കഅബാലയത്തിനു ചുറ്റും അവർ ഒഴുകുന്നു സഫയിൽ നിന്ന് മർവയിലേക്ക്. മർവായിൽ നിന്ന് സഫായിലേക്ക്. മനുഷ്യവർഗ്ഗത്തിന്റെ പ്രവാഹം. ഇബ്രാഹീം (അ) ആ പ്രവാഹത്തിലുണ്ട്. ലക്ഷങ്ങളുടെ മനസ്സുകളിലുണ്ട്...
കഅബാലയം ചുറ്റുമ്പോൾ നാല് കണ്ണുകൾ അവരെ തഴുകുന്നു. ഹാജറ (റ) യുടെ കണ്ണുകൾ, ഇസ്മാഈൽ (അ)ന്റെ കണ്ണുകൾ. അവർ അവിടെത്തന്നെയുണ്ട്. കഅബാലയത്തിന്റെ നിഴലിൽ. അവർ അവിടെത്തന്നെയാണ് മരിച്ചു വീണത്. മറ്റെങ്ങും പോയില്ല. ഹാജറ (റ) ഇസ്മാഈൽ (അ) എന്നിവരുടെ ഓർമ്മകൾ മാത്രമല്ല. സജീവ സാന്നിധ്യവും അവിടെയുണ്ട്...
˙·٠•●♥ ചര്യകൾ♥●•٠·˙
ഇബ്രാഹീം (അ)നടപ്പിൽ വരുത്തിയ ചര്യകൾ മിക്കതും നമ്മുടെ ശരീഅത്തിൽ പെടുന്നുണ്ട്. ചേലാകർമ്മം നിർവ്വഹിക്കാൻ അല്ലാഹുﷻ ഇബ്രാഹീം (അ) നോട് കൽപ്പിച്ചു. എൺപതാമത്തെ വയസ്സിൽ ഇബ്രാഹീം (അ) ചേലാകർമ്മം നിർവഹിച്ചു. അങ്ങനെ ആ ചര്യ നടപ്പിൽ വന്നു. (നൂറ്റി ഇരുപതാം വയസ്സിൽ എന്നും അഭിപ്രായമുണ്ട്)
ഇസ്മാഈൽ (അ) പതിമൂന്നാമത്തെ വയസ്സിൽ ചേലാകർമ്മം നടത്തി. ഇസ്ഹാഖ് (അ) ന് ചേലാകർമ്മം നടത്തിയത് പ്രസവിച്ച് ഏഴാം ദിവസമാകുന്നു...
മറ്റു ചില ചര്യകൾ താഴെ കൊടുക്കുന്നു:
▪️മീശ വെട്ടുക
▪️ഗുഹ്യസ്ഥാനത്തുള്ള രോമം നീക്കുക
▪️കക്ഷത്തിലെ രോമം നീക്കുക
▪️നഖം മുറിക്കുക
▪️ശൗചം ചെയ്യുക
▪️വായിലും മൂക്കിലും വെള്ളം
കൊള്ളുക
▪️പല്ല് വൃത്തിയാക്കുക
▪️സുഗന്ധദ്രവ്യങ്ങൾ പൂശുക
???? ഇബ്രാഹീം (അ) തന്റെ അനുയായികളെ പഠിപ്പിച്ച ചില വിഷയങ്ങൾ ഇവയാകുന്നു:
▪️തൗബ
▪️ഇബാദത്ത്
▪️സ്തുതി
▪️തസ്ബീഹ്
▪️റുകൂഹ്
▪️സുജൂദ്
▪️നന്മ കൽപിക്കുക
▪️തിന്മ വിരോധിക്കുക
▪️അല്ലാഹുവിന്റെ നിശ്ചയം
▪️സത്യവിശ്വാസം
????മറ്റു പത്തു കാര്യങ്ങൾ:
▪️ഇസ്ലാം
▪️ഈമാൻ
▪️ധൈര്യം
▪️സത്യം
▪️ക്ഷമ
▪️ഭയഭക്തി
▪️ദാനം
▪️നോമ്പ്
▪️വ്യഭിചാരം പാടില്ല
▪️ഹൃദയം കൊണ്ടും നാവ് കൊണ്ടും അല്ലാഹുﷻനെ കീർത്തിക്കുക
ഇബ്രാഹീം നബി (അ) ന്റെ മുടിയിൽ നര ബാധിച്ചു. എല്ലാവർക്കും അതിശയമായി അതിന് മുമ്പ് ആർക്കും നര ബാധിച്ചതായി കണ്ടിട്ടില്ല...
"അല്ലാഹുവേ മുമ്പെങ്ങും കണ്ടിട്ടില്ലാത്തതാണല്ലോ ഇത് ഇതെന്താണ്? മനസ്സിലാവുന്നില്ലല്ലോ?"
അല്ലാഹുﷻ അറിയിച്ചതിങ്ങനെ; "നര നിനക്ക് ഒരു ബഹുമതിയാകുന്നു."
ഉടനെ ഇബ്രാഹീം (അ) ഇങ്ങനെ പ്രാർത്ഥിച്ചു. "എനിക്ക് ബഹുമതി ഏറ്റിത്തരേണമേ..."
ആദ്യമായി കാൽശരായി (ട്രൗസർ) ഉണ്ടാക്കി ധരിച്ചതും അദ്ദേഹം തന്നെ. മുടിയിൽ ചായം പിടിപ്പിച്ചതും അദ്ദേഹം തന്നെ. ആദ്യമായി മിമ്പറിൽ കയറി പ്രസംഗിച്ചു.
ഒരിക്കൽ നബിﷺതങ്ങൾ പറഞ്ഞു : "എനിക്ക് പ്രസംഗം (ഖുതുബ) നടത്താൻ മിമ്പർ വേണമെന്നില്ല. എന്നാൽ ഇബ്രാഹീം (അ) മിമ്പറിൽ നിന്ന് ഖുതുബ നടത്തിയതിനാൽ ഞാനും അങ്ങനെ ചെയ്യാം..."
ആദ്യമായി യുദ്ധത്തിൽ ഖഡ്ഗമുപയോഗിച്ചു. യുദ്ധ മുതൽ അതിൽ പങ്കെടുത്തവർക്കിടയിൽ ഭാഗിച്ചു. അതിഥി സൽക്കാരം തുടങ്ങിയതും അദ്ദേഹം തന്നെ. മധ്യാഹ്ന ഭക്ഷണത്തിന് പലരും കൂടെയിരിക്കും. വേണ്ടത്ര ആളുകളില്ലെങ്കിൽ പുറത്തിറങ്ങി ആളുകളെ വിളിച്ചുകൊണ്ടുവരും. അഗതികൾക്ക് ഭക്ഷണം നൽകാൻ താൽപര്യമെടുത്തു.
"എന്നോടൊപ്പം ആരാധന നിർവ്വഹിക്കാൻ ഒരാളെയും കാണുന്നില്ലല്ലോ." ഒരിക്കൽ ഇബ്രാഹീം (അ) അല്ലാഹുﷻവിനോട് തേടി... അല്ലാഹു ആയിരം മലക്കുകളെ ഇറക്കി. മൂന്ന് ദിവസം അവർ ആരാധനയിൽ പങ്കെടുത്തു...
അദ്ദേഹത്തിന്റെ അതിഥി സൽക്കാരം വളരെ പ്രസിദ്ധമായിരുന്നു. ഒരിക്കൽ ചില അതിഥികൾ വന്നു. വീട്ടിൽ ധാന്യമില്ല. ഉടനെ ചില അടിമകളെ തന്റെ സ്നേഹിതന്റെ അടുത്തേക്കയച്ചു. അവിടെയും ധാന്യമില്ല. നിരാശരായി മടങ്ങി. പാത്രത്തിൽ മണ്ണു നിറച്ചു. അതുമായി മടങ്ങി വെറും. പാത്രവുമായി വരുന്നത് ആളുകൾ കണ്ടാൽ കുറച്ചിലാണ്. അതൊഴിവാക്കാനാണ് മണ്ണ് നിറച്ച് പാത്രം മൂടിയത്. വീട്ടിലെത്തി. ഇബ്രാഹീം (അ) ഒട്ടകപ്പുറത്ത് നിന്ന് പാത്രം ഇറക്കി നോക്കുമ്പോൾ ധാന്യം. അത് പൊടിച്ച് പലഹാരമുണ്ടാക്കി. അതിഥികളെ സൽകരിച്ചു. ഇബ്രാഹീം (അ) ന്റെ മുഹ്ജിസത്ത്...
ഇബ്രാഹീം (അ)ന് പിൽക്കാലത്ത് ധാരാളം ധനവും, കൃഷിയും, മൃഗങ്ങളും അടിമകളുമുണ്ടായിരുന്നു. ധനത്തിൽ അധികഭാഗവും അതിഥി സൽകാരത്തിനും അഗതി സംരക്ഷണത്തിനും ചിലവായി...
ഒരിക്കൽ ഇബ്രാഹീം (അ) കാട്ടുപ്രദേശത്ത് വെച്ച് ഒരു ശൈഖിനെ കണ്ടുമുട്ടി. പലകാര്യങ്ങളും സംസാരിച്ചു. കൂട്ടത്തിൽ ശൈഖ് പറഞ്ഞു : "മൂന്നു വർഷമായി ഞാനൊരു കാര്യം അല്ലാഹുﷻവിനോട് പ്രാർത്ഥിക്കുന്നു. ഇന്നുവരെ ഫലമുണ്ടായില്ല."
"എന്താണ് നിങ്ങളുടെ പ്രാർത്ഥന?"
"ഇബ്റാഹീമിനെ കാണിച്ചുതരേണമേ..." എന്നാണെന്റെ പ്രാർഥന...
ഇബ്രാഹീം (അ) സന്തോഷത്തോടെ അദ്ദേഹത്തെ ആലിംഗനം ചെയ്തു. എന്നിട്ട് പറഞ്ഞു :
"അല്ലാഹുﷻ നിങ്ങളുടെ പ്രാർത്ഥന കേട്ടു. നിങ്ങളുടെ ആഗ്രഹം സഫലമായിരിക്കുന്നു."
അന്നുമുതൽ ആലിംഗനം ഒരാചാരമായി. കളങ്കമില്ലാത്ത മനുഷ്യസ്നേഹത്തിന്റെ പ്രകടനമാണ് ആലിംഗനം. ഹാജിമാരെയും മറ്റും ആലിംഗനം ചെയ്യുമ്പോൾ ഇത് ഇബ്രാഹീം (അ)ന്റെ ചര്യയാണെന്ന് നാം ഓർക്കണം. ഖബറിൽ നിന്ന് മഹ്ശറയിലേക്ക് വരുമ്പോൾ ഇബ്രാഹീം (അ)ന് വസ്ത്രം ധരിപ്പിക്കപ്പെടും. അദ്ദേഹം തുടക്കമിട്ട സൽക്കർമ്മങ്ങൾ മിക്കതും നമുക്കും പിൻപറ്റാനുള്ളതാണ്...
˙·٠•●♥ സന്തോഷ വാർത്ത♥●•٠·˙
ഇബ്രാഹീം (അ)ന് എൺപത്തിയാറ് വയസായപ്പോഴാണ് ഈസ്മാഈൽ എന്ന കുട്ടി ജനിച്ചത്. ആ കുട്ടിക്ക് ഇപ്പോൾ വയസ്സ് പതിനാലായി. ഇബ്രാഹീം (അ)ന് നൂറ് വയസ്സ് തികഞ്ഞു. സാറാ ബീവി (റ) ക്ക് വയസ്സ് തൊണ്ണൂറ്. വൃദ്ധ ദമ്പതികൾ (ഇബ്രാഹീം (അ)ന് 120 വയസ്സെന്നും സാറ(റ) ക്ക് 99 എന്നും അഭിപ്രായമുണ്ട്.)
ഒരു ദിവസം ഏതാനും അതിഥികൾ വീട്ടിൽ വന്നുകയറി. അവർ സലാം ചൊല്ലി. ഇബ്രാഹീം (അ) സലാം മടക്കി. അവർ ഓരോ കാര്യങ്ങൾ സംസാരിച്ചു തുടങ്ങി. ഇബ്രാഹീം (അ) സൽകാര പ്രിയനാണ്. അതിഥികളെ സൽക്കരിക്കണം എന്ത് നൽകിയാണ് സൽക്കരിക്കുക..?
ഇളം പ്രായത്തിലുള്ള മൂരിക്കുട്ടന്റെ ഇറച്ചി ചുട്ടെടുത്താൽ തിന്നാൻ നല്ല രുചിയായിരിക്കും. പശുക്കുട്ടിയുടെ ഇറച്ചിയും നല്ല രുചികരമായ ഭക്ഷണമാണ്. കൊഴുത്തുതടിച്ച മൂരിക്കുട്ടനെ അറുക്കണം. നന്നായി ചുട്ടെടുക്കണം. സംഭാഷണം നടക്കുന്നതിനിടയിൽ ഇബ്രാഹീം (അ) പതുങ്ങിപ്പതുങ്ങി പുറത്തിറങ്ങി അടുക്കളയിൽ ചെന്നു. സാറാ ബീവി (റ)യെ കണ്ടു. പതിഞ്ഞ സ്വരത്തിൽ പറഞ്ഞു ഞാൻ മൂരിക്കുട്ടനെ അറുക്കാം. നീ ഭക്ഷണമുണ്ടാക്കണം...
മൂരിക്കുട്ടനെ അറുത്തു. തൊലിയുരിച്ചു. ചുട്ടെടുത്തു. വലിയൊരു പ്ലേറ്റിൽ വെച്ചു. അതിഥികളുടെ മുമ്പിൽ വെച്ചു. വളരെ ഭവ്യതയോടെ ഭക്ഷണത്തിനു ക്ഷണിച്ചു. ഭക്ഷിക്കുകയല്ലേ. അവരുടെ കൈകൾ ഭക്ഷണത്തിലേക്ക് നീണ്ടുവരുന്നില്ല. സംശയമായി മനസ്സിൽ ഭയം. അതിഥികളെന്താണ് കഴിക്കാത്തത്..?
അപ്പോൾ അവർ പറഞ്ഞതിങ്ങനെ : "ഞങ്ങൾ അല്ലാഹുﷻന്റെ ദൂതന്മാരായ മലക്കുകളാണ്. സാറ (റ) വാതിൽക്കൽ നിൽക്കുകയായിരുന്നു. അതിഥികൾ ഭക്ഷണം കഴിക്കുന്നത് കാണാൻ വന്നതാണ്. മാലാഖകളാണെന്നു കേട്ടു അവർ ആശ്ചര്യപ്പെട്ടു. ഞങ്ങൾ വന്നതെന്തിനാണെന്നറിയാമോ?"
ഭാര്യയും ഭർത്താവും വർദ്ധിച്ച ആകാംക്ഷയോടെ അവരെ നോക്കി.
"നിങ്ങൾക്കൊരു സന്തോഷവാർത്തയായിട്ടാണ് ഞങ്ങൾ വന്നിരിക്കുന്നത്."
അത് കേട്ടപ്പോൾ ആകാംക്ഷ വർദ്ധിച്ചു. നിങ്ങൾക്ക് ജ്ഞാനിയായ ഒരു മകൻ ജനിക്കും. സാറ (റ) ഞെട്ടിപ്പോയി. അവരിൽ നിന്ന് ഉച്ചത്തിൽ ഒരു ശബ്ദം പുറത്തുവന്നു. സ്വയം മുഖത്തടിച്ചു. എന്നിട്ടവർ പറഞ്ഞു: "ഞാൻ വന്ധ്യയായ കിഴവിയാണ്. ഞാൻ പ്രസവിക്കുകയോ? എന്റെ ഭർത്താവ് വൃദ്ധനുമാണ്."
അപ്പോൾ മലക്കുകൾ പറഞ്ഞു: "അങ്ങനെയാണ് അല്ലാഹുﷻന്റെ വിധി."
ഈ രംഗം സൂറത്തുദ്ദാരിയാത്തിൽ നമുക്ക് കാണാം... "ഇബ്രാഹീമിന്റെ മാന്യാതിഥികളുടെ വർത്തമാനം നിനക്ക് വന്നിട്ടുണ്ടോ? അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ പ്രവേശിച്ച സന്ദർഭം. എന്നിട്ട് അവർ സലാം എന്നു പറഞ്ഞു. അദ്ദേഹം പറഞ്ഞു സലാം. അപരിചിതരായ ആളുകൾ. ഉടനെ അദ്ദേഹം തന്റെ വീട്ടുകാരുടെ അടുത്തേക്ക് പതുങ്ങിച്ചെന്നു. എന്നിട്ട് തടിച്ചുകൊഴുത്ത ഒരു മൂരിക്കുട്ടനെ (പശുക്കുട്ടിയെ) വേവിച്ചു. കൊണ്ടുവന്നു...
അങ്ങനെ അത് അവരുടെ അടുക്കലേക്ക് അടുപ്പിച്ചുവെച്ചു. അദ്ദേഹം പറഞ്ഞു; നിങ്ങൾ തിന്നുകയല്ലേ, അപ്പോൾ അവരെക്കുറിച്ച് അദ്ദേഹത്തിന് (മനസ്സിൽ) ഭയം തോന്നി.
അവർ പറഞ്ഞു : ഭയപ്പെടേണ്ട.
അദ്ദേഹത്തിന് ജ്ഞാനിയായ ഒരാൺകുട്ടിയെപ്പറ്റി അവർ സന്തോഷവാർത്ത അറിയിക്കുകയും ചെയ്തു ...
അപ്പോൾ അദ്ദേഹത്തിന്റെ ഭാര്യ (ഉച്ചത്തിൽ) ഒരു ശബ്ദത്തോടെ മുമ്പോട്ടുവന്നു. എന്നിട്ടവൾ അവളുടെ മുഖത്തടിച്ചു. (ഇങ്ങനെ) പറയുകയും ചെയ്തു (ഞാൻ) വന്ധ്യയായ ഒരു കിഴവി.
അവർ പറഞ്ഞു : അപ്രകാരം തന്നെയാണ് നിന്റെ റബ്ബ് പറഞ്ഞിരിക്കുന്നത്. നിശ്ചയമായും അവൻ സർവജ്ഞനായ യുക്തിമാൻ തന്നെ. (സൂറത്തുദ്ദാരിയാത്ത് 24മുതൽ 30 വരെ വചനങ്ങൾ )
സൂറത്ത് ഹിജ്റിൽ ഈ സംഭവം ഇങ്ങനെ വിവരിക്കുന്നു : "ഇബ്രാഹീമിന്റെ അതിഥികളെക്കുറിച്ച് അവർക്ക് വിവരമറിയിക്കുക. അതായത് അവർ അദ്ദേഹത്തിന്റെ അടുക്കൽ കടന്നുവന്നു സലാം പറഞ്ഞ സന്ദർഭം. അദ്ദേഹം പറഞ്ഞു ഞങ്ങൾ നിങ്ങളെക്കുറിച്ച് ഭയമുള്ളവരാകുന്നു. അവർ പറഞ്ഞു : ഭയപ്പെടേണ്ട. ഞങ്ങൾ താങ്കൾക്ക് ജ്ഞാനിയായ ഒരു മകനെക്കുറിച്ച് സന്തോഷവാർത്ത അറിയിക്കുന്നു...
അദ്ദേഹം പറഞ്ഞു : എന്നെ വാർദ്ധക്യം ബാധിച്ചതോടെ നിങ്ങൾ എനിക്ക് സന്തോഷവാർത്ത അറിയിക്കുകയോ? നിങ്ങൾ എന്നതിനെക്കുറിച്ചാണ് സന്തോഷമറിയിക്കുന്നത്.
അവർ പറഞ്ഞു : (സംഭവിക്കാൻ പോകുന്ന) യാഥാർത്ഥ്യങ്ങളെക്കുറിച്ചാണ് ഞങ്ങൾ താങ്കൾക്ക് സന്തോഷമറിയിക്കുന്നത്. അതിനാൽ താങ്കൾ ആശ മുറിഞ്ഞവരിൽ പെട്ടുപോവരുത്...
അദ്ദേഹം പറഞ്ഞു : ആരാണ് തന്റെ റബ്ബിന്റെ കാരുണ്യത്തെക്കുറിച്ച് ആശ മുറിയുക വഴിപിഴച്ചവരല്ലാതെ."
(സൂറത്ത് ഹിജർ 51 മുതൽ 56 വരെ വചനങ്ങൾ)
മലക്കുകൾ നൽകിയ സന്തോഷവാർത്ത ഭാര്യയെയും ഭർത്താവിനെയും വല്ലാതെ അത്ഭുതപ്പെടുത്തി. അത്ഭുതം വാക്കുകളായി പുറത്തുവന്നു. അല്ലാഹുﷻന്റെ അനുഗ്രഹത്തെ അവർ വാഴ്ത്തിപ്പറഞ്ഞു. മനസ്സ് നന്ദികൊണ്ട് നിറഞ്ഞു...
വിരുന്നുവന്ന മലക്കുകൾ മൂന്ന് പേരായിരുന്നു.
ജിബ്രീൽ (അ), മീകാഈൽ (അ), ഇസ്റാഫീൽ (അ) അതിഥി സൽക്കാരത്തിന്റെ മാതൃകയാണ് നാമിവിടെ കാണുന്നത്. നല്ല ആഹാരം നൽകണം. ഭക്ഷണം കഴിക്കാൻ വിനയത്തോടെ
ക്ഷണിക്കണം. തുടങ്ങിയ കാര്യങ്ങൾ...
മകൻ ജനിക്കുമെന്നും ഇസ്ഹാഖ് എന്നു നാമകരണം ചെയ്യണമെന്നും മനസ്സിലായി. ഇസ്ഹാഖിന്റെ മകനായി യഹ്ഖൂബ് ജനിക്കും. ഇരുവരും പ്രവാചകന്മാരായിത്തീരും. സമ്പന്നമായൊരു പരമ്പരയാണ് തുടർന്നുവരാനുള്ളത്. അതിൽ ധാരാളം നബിമാർ വരും. രാജാക്കന്മാർ വരും. എത്ര അനുഗ്രഹമായ പരമ്പര...
˙·٠•●♥ സാറ (റ) യുടെ അന്ത്യം♥●•٠·˙
ലൂത്വ് (അ) പുത്രിമാരോടൊപ്പം ഇബ്രാഹീം (അ) ന്റെ വീട്ടിലെത്തി. അതൊരു വല്ലാത്ത. സമാഗമമായിരുന്നു. അല്ലാഹുﷻന്റെ പുണ്യ പ്രവാചകൻമാർ ജനങ്ങളെ അല്ലാഹുവിന്റെ മാർഗത്തിലേക്ക് ക്ഷണിക്കാൻ നിയോഗിക്കപ്പെട്ടവർ. അവർ അല്ലാഹുﷻന്റെ മാർഗ്ഗത്തിൽ കഠിനാദ്ധ്വാനം ചെയ്തു...
ഇബ്രാഹീം (അ) ന്റെ ശരീഅത്ത് തന്നെയാണ് ലൂത്വ് നബി (അ) നും ഉണ്ടായിരുന്നത്. ഭാര്യപോലും വിശ്വസിച്ചില്ല. ഒരൊറ്റ മുസ്ലിം വീടല്ലാതെ മറ്റൊന്ന് അന്നാട്ടിലുണ്ടായിരുന്നില്ല. ആ നാടിനെ അല്ലാഹുﷻ അടിമേൽ മറിച്ചു കളഞ്ഞു...
സർവശക്തനായ അല്ലാഹുﷻനെ ഈ ജനതക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ല. തങ്ങളുടെ കായികശേഷിയും മറ്റു കഴിവുകളും അല്ലാഹുﷻ നൽകിതാണെന്ന് അവർ സമ്മതിക്കാൻ തയ്യാറായില്ല. ലൂത്വ് (അ) അക്കാര്യം അവരെ ഓർമ്മപ്പെടുത്തിയപ്പോഴെല്ലാം അവർ പരിഹസിച്ചു. അല്ലാഹുﷻന്റെ ശിക്ഷ വന്നപ്പോൾ അത് തടയാൻ ഒരു ശക്തിയുമുണ്ടായില്ല...
ഈ സംഭവത്തിന് ശേഷം ഇബ്രാഹീം നബി (അ)ന്റെ കൂടെ വന്നു താമസമാക്കിയ ലൂത്വ് (അ) ഇസ്ലാമിക പ്രബോധനത്തിൽ മുഴുകി. ലൂത്വ് നബി (അ) ന്റെ ഒരു പുത്രിയെ ഇസ്ഹാഖ് (അ)വിവാഹം ചെയ്തു. ഇസ്ഹാഖ് (അ)ന് യഹ്ഖൂബ് (അ)എന്ന മകൻ ജനിച്ചു.
വിശുദ്ധ ഖുർആൻ പറയുന്നു... "ലൂത്വിനാകട്ടെ അദ്ദേഹത്തിന് നാം ന്യായവിധിയും ജ്ഞാനവും നൽകി. ദുർവൃത്തിക്ക് പ്രവർത്തിച്ചുകൊണ്ടിരുന്ന ആ നാട്ടിൽ നിന്നും അദ്ദേഹത്തെ നാം രക്ഷപ്പെടുത്തുകയും ചെയ്തു. നിശ്ചയമായും അവർ ദുർനടപ്പുകാരായ ഒരു ചീത്ത ജനതയായിരുന്നു." (21:74)
"നമ്മുടെ കാരുണ്യത്തിൽ അദ്ദേഹത്തെ നാം പ്രവേശിപ്പിക്കുകയും ചെയ്തു. നിശ്ചയമായും അദ്ദേഹം സദ് വൃത്തരിൽ പെട്ടവനാകുന്നു." (21:75) ലൂത്വ് (അ)ന് അല്ലാഹുﷻ നൽകിയ പ്രത്യേകമായ അനുഗ്രഹത്തെക്കുറിച്ചാണിവിടെ പറഞ്ഞത്. അനുഗ്രഹീതനായ പുണ്യ പ്രവാചകൻ...
ഇബ്രാഹീം (അ) സുദീർഘമായൊരു കാലഘട്ടം ജനങ്ങളെ ഇസ്ലാമിലേക്ക് ക്ഷണിക്കാൻ ചെലവഴിച്ചു. കടുത്ത പരീക്ഷണങ്ങൾ നേരിട്ടു. തന്റെ പ്രഥമ സന്താനമായ ഇസ്മാഈലിനെ പ്രസവിച്ച ഹജറ (റ) മരണപ്പെട്ടപ്പോൾ ഇബ്രാഹീം (അ) ദുഃഖിച്ചു. സാറ (റ) കൂടയുണ്ടല്ലോ എന്നാശ്വസിച്ചു...
കാലം പിന്നെയും നീങ്ങി. സാറാ(റ)ക്ക് നൂറ്റി ഇരുപത്തേഴ് വയസ്സായി. വാർദ്ധക്യവും രോഗവും പിടിപെട്ടു. കൻആൻ പ്രദേശത്തുള്ള ഒരു ഗ്രാമമാണ് ഹിബ്റൂൺ. അവിടെ വെച്ച് സാറ (റ) മരണപ്പെട്ടു. ഖബറടക്കാനുള്ള സ്ഥലം വിലക്കു വാങ്ങി. അഫ്റൂൻ എന്ന ആൾക്ക് നാനൂറ് നാണയങ്ങൾ വില നൽകിയാണ് സ്ഥലം വാങ്ങിയത്...
സാറ (റ)യുടെ ഭൗതികശരീരം അവിടെ ഖബറടക്കപ്പെട്ടു. ഇബ്രാഹീം (അ) അതീവ ദുഃഖിതനായിരുന്നു. ജീവിതയാത്രയിൽ അവർ നല്ലൊരു സഹായി ആയിരുന്നു. ഇനി അവരുടെ കൂട്ടില്ല. താൻ മരണപ്പെടുമ്പോൾ സാറയുടെ സമീപം ഖബറടക്കപ്പെടണമെന്ന് അദ്ദേഹം ആശിച്ചു. പ്രായം കൂടിക്കൂടി വരുന്നു. ഒരു ഭാര്യയുടെ സഹായം വേണം. ഒരു വിവാഹം അനിവാര്യമാണ്. കൻആനിലെ പ്രമുഖനായ യഖ്ത്വൻ തന്റെ പുത്രി ഖൻത്വൂറയെ ഇബ്രാഹീം (അ)ന് വിവാഹം ചെയ്തുകൊടുത്തു. ഇവർക്ക് ആറ് കുട്ടികൾ ജനിച്ചു...
(1) മദ്യ്യൻ
(2) സംറാൻ
(3) സർജ്
(4) യഖ്ശാൻ
(5) നശ്ഖ്
(6) മാദാൻ
പിന്നീട് ഹജൂൻ എന്ന സ്ത്രീയെ വിവാഹം ചെയ്തു. അതിൽ പിറന്ന കുട്ടികൾ...
(1) കയ്സാൻ
(2) സൂറജ്
(3) അമീം
(4) ലൂത്വാൻ
(5) നാഫിസ്
( ഗ്രന്ഥം : അൽ ബിദായത്തുവന്നിഹായ)
˙·٠•●♥ ധന്യമായ ജീവിതം♥●•٠·˙
ജീവിതത്തിന്റെ നടപ്പാതയിലൂടെ വളരെ ദൂരം സഞ്ചിരിച്ചിരിക്കുന്നു ഇബ്രാഹീം (അ). താൻ കടന്നുപോകുന്ന ജീവിത പാതയിലേക്ക് തിരിഞ്ഞുനോക്കി. എന്തെല്ലാം പരീക്ഷണങ്ങൾ. വയസ്സ് നൂറ്റി എഴുപത്തഞ്ച് കടന്നുപോയിരിക്കുന്നു. വാർദ്ധക്യം നൽകിയ ക്ഷീണമുണ്ട്. ഏതെല്ലാം നാടുകളിൽ സഞ്ചരിച്ചു. ഏതെല്ലാം ജനസമൂഹങ്ങളെ അഭിമുഖീകരിച്ചു. തൗഹീദിലേക്കുള്ള ക്ഷണമായിരുന്നു ഓരോ സംഭാഷണവും...
സ്വാലിഹായ സന്താനങ്ങൾക്കു വേണ്ടി ദുആ ഇരന്നു. വാർദ്ധക്യകാലത്ത് നല്ല സന്താനങ്ങളെത്തന്നെ അല്ലാഹുﷻതന്നു. മൂത്ത മകൻ ഇസ്മാഈലിനെ അല്ലാഹുﷻ നബിയായി നിയോഗിച്ചു. രണ്ടാമത്തെ മകൻ ഇസ്ഹാഖിനെയും നബിയാക്കി. ഇസ്ഹാഖിന്റെ മകൻ യഹ്ഖൂബിനെയും നബിയാക്കി. എല്ലാം കണ്ടു. സന്തോഷമായി. അല്ലാഹുവേ നിനക്കാണ് സ്തുതി അൽഹംദുലില്ലാഹ്...☝????
ആ മകൻ താമസിച്ച നാടിന് ആ പേർ വന്നു. അവിടെ വളർന്നുവന്ന പട്ടണത്തിനു കിട്ടി ആ പേർ. മദ്യ്യൻ പട്ടണം. സന്താന പരമ്പര ഒരു ഗോത്രമായി. മദ്യ്യൻ ഗോത്രം. ആ ഗോത്രത്തിൽ ശുഐബ് നബി (അ) വന്നു. ഇബ്രാഹീം (അ)നെ അല്ലാഹുﷻ മനുഷ്യവർഗത്തിന്റെ ഇമാമാക്കി. സന്താന പരമ്പരയെ ധന്യമാക്കി. ആത്മസംതൃപ്തിയുടെ നാളുകൾ...
കുറച്ചു ദിവസം രോഗിയായി. അപ്പോഴും ദൗത്യം തുടർന്നു കൊണ്ടിരുന്നു. മക്കളും പേരക്കിടാങ്ങളും അനുയായികളും ചുറ്റുമുണ്ട്. അവരെ സാക്ഷിയാക്കി ആത്മാവ് വേർപിരിഞ്ഞു. ഖലീലുല്ലാഹി ഇബ്രാഹീം (അ) വഫാത്തായി...
إناللّه وإنا اليه راجعون
പ്രിയപത്നി സാറ(റ) യുടെ സമീപം ഖബറടക്കപ്പെട്ടു. പിൽക്കാലത്ത് ഇസ്ഹാഖ് (അ) മരണപ്പെട്ടപ്പോൾ ഉപ്പാക്കു സമീപം ഖബറടക്കപ്പെട്ടു. യഹ്ഖൂബ് (അ) മരണപ്പെട്ടപ്പോൾ ഇവിടെ തന്നെ ഖബറടക്കപ്പെട്ടു. മനുഷ്യവർഗത്തിന്റെ മഹാന്മാരായ നേതാക്കൾ ഒന്നിച്ചു അന്ത്യവിശ്രമം കൊള്ളുന്നു...
അബൂഹാത്തം ബ്നു ഹിബ്ബാൻ (റ) റിപ്പോർട്ട് ചെയ്യുന്നു :
നബിﷺപറഞ്ഞു : "നൂറ്റി ഇരുപതാം വയസ്സിൽ ഇബ്രാഹീം (അ) ചേലാകർമ്മം നിർവഹിച്ചു. അതിനുശേഷം എൺപത് വർഷം കൂടി ജീവിച്ചു."
അബൂഹുറൈറ (റ) പറഞ്ഞു : "ഇബ്രാഹീം (അ) ചേലാകർമ്മം നിർവ്വഹിച്ചത് നൂറ്റി ഇരുപതാം വയസ്സിലായിരുന്നു. പിന്നീട് എൺപത് വർഷം കൂടി ജീവിച്ചു. അൽഖുദൂം എന്ന ഗ്രാമത്തിൽ വെച്ചായിരുന്നു ചേലാകർമ്മം നിർവ്വഹിക്കപ്പെട്ടത്." ഈ റിപ്പോർട്ടുകളനുസരിച്ച് ഇബ്രാഹീം (അ) ജീവിച്ചത് ഇരു നൂറ് വർഷമാകുന്നു...
സംഭവബഹുലമായ ഇരുനൂറ് വർഷങ്ങൾ... അതിന്റെ ധന്യമായ ഓർമ്മയിൽ ഈ ചരിത്രം അവസാനിപ്പിക്കുന്നു. അല്ലാഹുﷻ സ്വീകരിക്കട്ടേ....! ആമീൻ
ഇബ്രാഹീം (അ)ന്റെ ഹഖ് ജാഹ് ബറകത്ത് കൊണ്ട് അല്ലാഹു സുബ്ഹാനഹുവതാല നമുക്ക് ഇരുലോക വിജയം പ്രദാനം ചെയ്യട്ടെ ...
ആമീൻ യാ റബ്ബൽ ആലമീൻ...
ഇബ്റാഹീം നബി (അ)നും മറ്റു ഈ ചരിത്രത്തിൽ പരാമർശിച്ച എല്ലാ മഹാന്മാർക്കും മൂന്ന് ഫാതിഹ ഓതി ഹദിയ ചെയ്യണമെന്നു വിനീതമായി അഭ്യർത്ഥിക്കുന്നു...
ഈ ചരിത്രം നിങ്ങളുടെ കൈകളിൽ എത്താൻ കാരണക്കാരായ എല്ലാവരെയും നിങ്ങളുടെ വിലപ്പെട്ട ദുആകളിൽ ഉൾപ്പെടുത്തണമെന്ന് വസ്വിയ്യത്ത് ചെയ്യുന്നു...
【 ഇബ്രാഹിം നബി (അ) ചരിത്രം ഇവിടെ അവസാനിക്കുന്നു.】
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ