തിളച്ചുരുകുന്ന മണലിൽ ഒരു പാവം ഫഖീർ...
ലുഖ്മാനുൽ ഹകീം (റ) യും ശിഷ്യൻമാരും ഒരു സഞ്ചാരത്തിനിടയിലാണ് അയാളെ കണ്ടുമുട്ടിയത്. മെലിഞ്ഞൊട്ടി എല്ലും തോലുമായ ആ മനുഷ്യരൂപത്തിന്റെ സമീപത്തേക്ക് ലുഖ്മാനവർകൾ നടന്നടുത്തു...
വെള്ളം വെള്ളം അയാൾ ദയനീയമായി യാചിച്ചു. പെട്ടെന്നു ശിഷ്യൻമാർ വെള്ളവുമായെത്തി. മഹാനവർകൾ അത് ഫഖീറിന്റെ വായിലൊഴിച്ചു കൊടുത്തു. അൽപം ആശ്വാസമായെന്നു തോന്നിയപ്പോൾ ലുഖ്മാനവർകൾ ചോദിച്ചു:
ഈ ചുട്ടുപൊള്ളുന്ന മണലിൽ ഇങ്ങനെ കിടക്കുന്നതെന്തിനാണ്
ഞാൻ മൗത്തിനെ പ്രതീക്ഷിക്കുകയാണ്.
മരണവും ജീവിതവും അല്ലാഹു ﷻ ന്റെ കൈകളിലല്ലേ. അത് ആഗ്രഹിക്കാൻ മനുഷ്യനെന്തവകാശം.
ഐഹിക ജീവിതം വെറുമൊരു ഉറക്കമാണ് സുഹൃത്തെ. ഈ ഉറക്കത്തിൽ നിന്ന് ഒന്നുണരണമെന്ന് ആശിച്ചു പോയി.
അതിരിക്കട്ടെ താങ്കളുടെ അഭിലാഷമെന്താണ്.
എനിക്ക് നോർദിയിലെത്തി മഹാനായ ലുഖ്മാനുൽ ഹകീം(റ)നെ ഒന്നു കണ്ടതിനു ശേഷം മരിച്ചാൽ കൊള്ളാമെന്നുണ്ട്.
എങ്കിൽ ഈ മരുന്ന് കഴിക്കൂ. താങ്കളുടെ അഭിലാഷം ഞാൻ നിറവേറ്റിത്തരാം.
അതിന് നിങ്ങൾ ലുഖ്മാനുൽ ഹഖീമിനെ കണ്ടിട്ടുണ്ടോ..?
അയാളെ കണ്ടിട്ടെന്തു കാര്യം. ലുഖ്മാനവർകളുടെ ഈ മറുപടി ആ ഫഖീറിന് തീരെ പിടിച്ചില്ല...
എടോ താനെന്തു പറഞ്ഞു. അല്ലാഹു ﷻ ബഹുമാനിച്ചവരെ കുറിച്ച് നിന്ദ്യമായി സംസാരിക്കുകയോ. പോകൂ എന്റെ മുമ്പിൽ നിന്ന്. നിന്നെ എനിക്കിനി കാണണ്ട. ഇതിലും ഭേദം മറ്റെവിടെയെങ്കിലും നോക്കുന്നതാണ്.
ഫഖീറിന്റെ പ്രഹസനം കേട്ടപ്പോൾ ശിഷ്യന്മാർക്ക് സഹിച്ചില്ല. അവർ പറഞ്ഞു:
അരുത്, താങ്കളുടെ മുമ്പിൽ നിൽക്കുന്നത് നിങ്ങൾ അന്വേഷിച്ചു കൊണ്ടിരിക്കുന്ന ലുഖ്മാനുൽ ഹഖീമെന്നവരാണ്.
അതുകേട്ട മാത്രയിൽ ഫഖീറിന്റെ മുഖം വികസിച്ചു. ആനന്ദം ആ മിഴികളിൽ നിറഞ്ഞുനിന്നു. യാ അള്ളാ എന്ന മഹത് വചനം മുഴക്കിക്കൊണ്ട് അദ്ദേഹം ഒന്നു പിടഞ്ഞു. ലാ ഇലാഹ ഇല്ലള്ളാ എന്ന പരിശുദ്ധ കലിമ ഉച്ചരിച്ച് ആ ഫഖീർ അന്ത്യം വരിച്ചു. മഹാനവർകളും ശിഷ്യൻമാരും കൂടി മയ്യിത്തിന്റെ അന്ത്യകർമ്മങ്ങൾ നിർവ്വഹിച്ചു...
ലുഖ്മാനുൽ ഹകീം(റ) ശിഷ്യഗണങ്ങളുമായി പല സ്ഥലങ്ങളിലും സഞ്ചരിക്കുക പതിവായിരുന്നു. തന്റെ അഭിവന്ദ്യ ഗുരുവിനെ കണ്ടെത്താത്തതിൽ മഹാനവർകൾക്ക് മനസ്താപമുണ്ടായിരുന്നു. അന്ത്യസമയത്ത് ഞാൻ നിന്റെ സന്നിധിയിൽ എത്തുമെന്ന് വാക്കു തന്നിട്ടുണ്ട്. അദ്ദേഹത്തിന്റെ അന്ത്യമടുത്തിട്ടില്ലാത്തതു കൊണ്ടായിരിക്കാം ഇതുവരെ നേരിൽ കാണാത്തത്. എങ്കിലും ഗുരുവര്യനെ ഒരു നോക്കു കാണാൻ മഹാനവർകളുടെ മനം തുടിച്ചു...
പതിവു പ്രകാരമുള്ള യാത്രയിൽ ഒരു വയോധികനെ അവർ കണ്ടുമുട്ടി. ദേഹം മുഴുവനും വ്രണം കൊണ്ടു മൂടിയിരുന്നു. മുറിവുകളിൽ പുഴുക്കളും കൃമികളും അള്ളിപ്പിടിച്ചിരിക്കുന്നു. ചോരയും ചലവും കൊണ്ട് ഒരു തരം നാറ്റം പുറപ്പെടുന്നു. മുറിവുകളിൽ നിറയെ ഉറുമ്പുകൾ പൊതിഞ്ഞിരിക്കുന്നു...
നിരങ്ങി നിരങ്ങി ആ രൂപം അടുത്തു വരികയാണ്. വികൃതമായ കോലമാണെങ്കിലും ഗുരുനാഥനെ ലുഖ്മാനവർകൾ തിരിച്ചറിഞ്ഞു. മഹാൻ ഓടിച്ചെന്ന് ആ വയോവൃദ്ധനെ ആലിംഗനം ചെയ്തു...
അങ്ങ് ഇത്രയും വിഷമിച്ച് നിരങ്ങി നീങ്ങുന്നതെങ്ങോട്ടാണ്..?
അങ്ങ് ഇത്രയും വിഷമിച്ച് നിരങ്ങി നീങ്ങുന്നതെങ്ങോട്ടാണ്..?
ഞാൻ നിനക്കൊരു ഉറപ്പു നൽകിയിരുന്നില്ലെ, അവസാന നിമിഷം നിന്റെ അരികിലെത്തിക്കൊള്ളാമെന്ന്.
എങ്കിലും ഈ ദുരവസ്ഥയിൽ ഇങ്ങനെ ഒരു യാത്ര.
ശരീരത്തിന്റെ ദുരവസ്ഥ ആരു വകവെക്കാനാണ്. ഇനിയും ഭൗതിക കാര്യങ്ങളിലുള്ള നിന്റെ അങ്കലാപ്പ് മാറിയില്ലെന്നോ..?
ഗുരുഭൂതരെ, ഞാനെന്റെ മനസ്സിനെ സംസ്കരിച്ചെടുത്തിട്ടുണ്ട്. എങ്കിലും അങ്ങയുടെ ഈ ദുര്യോഗം എന്റെ മനസ്സിനെ വല്ലാതെ വേദനിപ്പിക്കുന്നു.
ലുഖ്മാനെ, നിന്റെ മനസ്സ് ഭൗതികങ്ങളെക്കുറിച്ച് ചിന്തിച്ച് വേദനപ്പെടുകയാണെങ്കിൽ നിന്നോടുള്ള എന്റെ ബന്ധം ഇവിടെ വെച്ചവസാനിക്കുമെന്നോർക്കുക.
ലുഖ്മാനുൽ ഹകീം(റ) ലജ്ജിച്ചു തലതാഴ്ത്തി. എങ്കിലും ഗുരുവിന് അൽപ്പം മരുന്നു നൽകി. അദ്ദേഹത്തിന്റെ ശരീരത്തിലെ വ്രണങ്ങൾ നശിപ്പിച്ചു കളയുവാനുള്ള ആഗ്രഹം പേടിച്ചു കൊണ്ടാണെങ്കിലും തുറന്നു പറഞ്ഞു...
അതു കേട്ട ഗുരുനാഥൻ ലുഖ്മാനവർകൾക്കു നേരേ ആക്രോശിച്ചു.
ലുഖ്മാനേ, ഇനിയും ഇത്തരം വില കുറഞ്ഞ വാചകങ്ങൾ പ്രയോഗിക്കാൻ നീ ഒരുങ്ങുകയാണെങ്കിൽ നീ മാപ്പർഹിക്കുകയില്ലെന്നോർത്തോ.
ലുഖ്മാനുൽ ഹകീം(റ) ഗുരുവിനോട് മാപ്പു ചോദിച്ചു...
ഗുരുവിനു നോർദിയിലെത്തണം. അവിടെ വെച്ചായിരിക്കും അദ്ദേഹത്തിന്റെ അന്ത്യം. ഭൗതികമായ ഒരു സുഖസൗകര്യങ്ങളും അനുഭവിക്കാൻ അദ്ദേഹം തയ്യാറല്ലെന്ന് ലുഖ്മാനവർകൾക്ക് അറിയാം. എങ്കിലും ധൈര്യം സംഭരിച്ച് മഹാൻ ചോദിച്ചു:
അങ്ങ് ഇതുപോലെ ഇഴഞ്ഞിഴഞ്ഞ് നോർദിയിലെത്താൻ ഒരുപാട് കഷ്ടപ്പെടേണ്ടി വരും. ഈ വാഹനത്തിൽ കയറൂ. അങ്ങയെ ഞങ്ങൾ അവിടെ കൊണ്ടു ചെന്നിറക്കാം.
ലുഖ്മാനുൽ ഹകീം(റ)ന്റെ അഭ്യർത്ഥന കേട്ടപ്പോൾ ആ സൂഫിവര്യന്റെ കണ്ണുകളിൽ കോപാഗ്നി ആളിപ്പടരുന്നതുപോലെ തോന്നി. എങ്കിലും ക്ഷമയവലംബിച്ച് അദ്ദേഹം പറഞ്ഞു.
ലുഖ്മാനെ, ഭൗതിക ബന്ധങ്ങളിൽ നിന്നും അകന്നു ജീവിക്കുന്നവനാണ് ഞാൻ. ഭൗതിക സുഖസൗകര്യങ്ങൾ എനിക്ക് വെച്ച് നീട്ടാനൊരുങ്ങുന്ന നിന്നെ വിട്ടു ഞാൻ ഈ നിമിഷം മടങ്ങിപ്പോകും.
ഗുരോ, അരുത്.. അങ്ങയുടെ കൽപ്പന പോലെ ഞാൻ പ്രവർത്തിക്കാം.
ശരി എങ്കിൽ ഈ നിമിഷം എന്നെ വിട്ടു പോകൂ.
അപ്പോൾ അങ്ങ്...
ഞാൻ നോർദിയിലെത്തിച്ചേരും, എന്റെ വാഗ്ദത്തം ഞാൻ പാലിക്കും.
പിന്നെ ലുഖ്മാനവർകൾ അവിടെ നിന്നില്ല. മഹാൻ ശിഷ്യഗണങ്ങളൊത്ത് മുന്നോട്ട് നടന്നു. ശിഷ്യൻമാർ ആ വയോധികൻ ആരെന്നറിയാതെ മിഴിച്ചു നിൽക്കുകയായിരുന്നു. തങ്ങളുടെ ഗുരു വളരെ ആദരവോടു കൂടി സംസാരിച്ചു നിൽക്കുന്നതു കണ്ടപ്പോൾ തന്നെ ആൾ ചില്ലറക്കാരനല്ലെന്നു അവർ മനസ്സിലാക്കിയിരുന്നു. അവരുടെ ജിജ്ഞാസ അണപൊട്ടിയൊഴുകി...
ഗുരോ അങ്ങ് വളരെയധികം ആദരവോടെ സംസാരിച്ച ആ വയോധികൻ ആരാണ് അവർ കൂട്ടത്തോടെ ചോദിച്ചു...
അത് എന്റെ ഗുരുവാണ്. അതു കേട്ട ശിഷ്യൻമാർക്കെല്ലാം ഉണ്ടായ ആശ്ചര്യത്തിനു അളവില്ലായിരുന്നു. അവർ ചോദിച്ചു...
അങ്ങയുടെ ഗുരുനാഥൻ മഹാനായൊരു സൂഫീ വര്യനല്ലെ. എന്തുകൊണ്ടാണ് അദ്ദേഹത്തിന്റെ ശരീരം മുഴുവൻ ഇങ്ങനെ വ്രണം കൊണ്ട് പൊതിയപ്പെട്ടിരിക്കുന്നത്.
ശിഷ്യൻമാരെ, അതൊരു മറയാണ്. മഹാൻ ബഹുജന ശല്യം ഭയപ്പെടുന്നു. അതിനു മറയിടുവാനാണ് ഈ വ്രണങ്ങൾ...
ബഹുമാന്യരെ അദ്ദേഹമെന്താണ് ഇങ്ങനെ മുട്ടുകാലിൽ ഇഴഞ്ഞു നടക്കുന്നത്. ഈ വാഹനങ്ങളിലൊന്നിൽ കയറിയിരുന്നാൽ നമ്മൾക്ക് അദ്ദേഹത്തെ ഉദ്ദിഷ്ട ദിക്കിലെത്തിക്കാമല്ലോ...
ഭൗതികമായ ഒരു സുഖസൗകര്യങ്ങളും സ്വീകരിക്കാൻ അദ്ദേഹം തയ്യാറില്ല. നിങ്ങൾ ഈ വാഹനങ്ങളുമായി മുന്നിൽ പോവുക. എന്റെ ഗുരുനാഥൻ മുട്ടിൽ ഇഴഞ്ഞു നടക്കുമ്പോൾ വാഹനത്തിൽ പോകാൻ എന്റെ മനസ്സനുവദിക്കില്ല. ഞാനും അതേ പ്രകാരം മുട്ടിൽ ഇഴഞ്ഞു നടന്നു വരാം.
ലുഖ്മാനുൽ ഹകീം (റ)യുടെ ശിഷ്യൻമാർ അതിനു തയ്യാറായില്ല. അവരും ഗുരുവിനോടൊപ്പം മുട്ടിൽ ഇഴഞ്ഞു നീങ്ങി...
ലുഖ്മാനുൽ ഹകീം(റ)വും ശിഷ്യൻമാരും നോർദി ലക്ഷ്യമാക്കി മുട്ടിൽ ഇഴഞ്ഞു നീങ്ങുന്നതു കണ്ട് ഒരുപാട് ആളുകൾ അതനുകരിച്ചു...
ആയിരക്കണക്കിനാളുകൾ തന്റെ കൂടെ ഇഴഞ്ഞു നീങ്ങാനെത്തിയതു കണ്ട് ലുഖ്മാനവർകൾ അമ്പരന്നു. മഹാൻ അവരോട് പിരിഞ്ഞു പോകാൻ അഭ്യർത്ഥിച്ചെങ്കിലും ഫലമുണ്ടായില്ല. ജാഥ നീങ്ങിക്കൊണ്ടേയിരുന്നു. ഒടുവിൽ മഹാനവർകൾ അവരോട് പറഞ്ഞു:
നിങ്ങൾ ഇവിടെ നിൽക്കുക. എന്റെ ഗുരുനാഥൻ ഇതേപോലെ ഇഴഞ്ഞുനീങ്ങി വരുന്നുണ്ട്. മഹാന് തണലായി ഇഴഞ്ഞു നീങ്ങിക്കൊള്ളുക. ഒരു കാരണവശാലും ഞാൻ നിർദ്ദേശിച്ചതുകൊണ്ടാണ് നിങ്ങളിതു ചെയ്യുന്നതെന്ന് ഗുരുവര്യൻ അറിയാൻ പാടില്ല.
ജനം അതു സമ്മതിച്ചു. അങ്ങനെ അവർ രണ്ടു സംഘമായി. ലുഖ്മാനവർകളും സംഘവും കുറച്ചു മുന്നിലായി നീങ്ങി. ഗുരുനാഥനും സംഘവും പിറകിലും. രണ്ടു സമയങ്ങളിലായി രണ്ടു സംഘവും നോർദിയിലെത്തിച്ചേർന്നു...
ഗുരു എത്തിച്ചേർന്നാൽ അദ്ദേഹത്തിനു വിശ്രമിക്കാൻ പ്രത്യേക സ്ഥലം ലുഖ്മാനവർകൾ തയ്യാറാക്കിയിരുന്നു. പക്ഷെ ഗുരുനാഥൻ ആ നടപടിയെ വിമർശിക്കുകയാണുണ്ടായത്. വീണ്ടും അവിവേകം പ്രകടിപ്പിച്ചതിന് മഹാനവർകൾ ഗുരുനാഥനോട് ക്ഷമ ചോദിച്ചു...
മഹാനായ ആ സൂഫിവര്യൻ വെറും തറയിൽ കിടന്നു. തനിക്ക് അന്ത്യവിശ്രമത്തിനുള്ള സ്ഥലം പെട്ടെന്ന് തയ്യാറാക്കാൻ അദ്ദേഹം ശിഷ്യനോട് കൽപ്പിച്ചു. ഖൽബിൽ നിറയുന്ന നൊമ്പരം പുറത്തു കാണിക്കാതെ ലുഖ്മാനവർകൾ ഗുരുവിനു വേണ്ടി ഖബറൊരുക്കി...
പിന്നെ അധികം താമസിച്ചില്ല. ശുദ്ധജലം ആവശ്യപ്പെട്ടു. അതുകൊണ്ട് വുളൂ ചെയ്തു. അൽപ്പം കുടിച്ചു. അനന്തരം ലാ ഇലാഹ ഇല്ലള്ളാ എന്ന വിശുദ്ധ വചനം ഉച്ചരിച്ച് ഗുരുവര്യൻ അന്ത്യശ്വാസം വലിച്ചു. തയ്യാർ ചെയ്യപ്പെട്ട ഖബ്റിൽ തന്നെ അദ്ദേഹത്തെ മറവു ചെയ്തു...
R . A . M
ചങ്ങല
ചാല
കണ്ണൂര്‍ ✍🏻
നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും കുടുംബത്തിനെയും ഗുരുവര്യന്മാരേയും അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ ഗ്രൂപ്പിലെ അംഗങ്ങളെയും ഉൾപ്പെടുത്തുക . ഈമാൻ കിട്ടി മരിക്കാൻ വേണ്ടി പ്രത്യേകമായി ദുആ ചെയ്യുക . അല്‍ മഹ്‌രിഫത്തുല്‍ ഇസ്ലാമിയ
꧁📚المعرفة الاسلام 📚꧂
whatsapp group no.
00919746695894
00919562658660
വിജ്ഞാനം പകർന്നു നൽകൽ ഒരു സ്വദഖയാണ് . അത് കൈമാറുന്തോറും പുണ്യം വർദ്ധിച്ചു - കൊണ്ടിരിക്കും ഈ വിജ്ഞാനം നിങ്ങളുടെ - സുഹൃത്തുക്കൾക്ക് കൂടി - ഷെയർ ചെയ്യാൻ മറക്കരുത് .
മറ്റുള്ളവര്‍ക്ക് എത്തിച്ചുകൊടുക്കാന്‍ മടി കാണിക്കരുത്.
നാം മരണപ്പെട്ടാലും ജാരിയായ സ്വദഖയായി ഇത് അവശേഷിക്കും.!
നാഥൻ തൗഫീഖ് നൽകട്ടെ . ആമീന്‍.
പോസ്റ്റുകളില്‍ മാറ്റം വരുത്തരുത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ