ഒരു നിസ്കാരം പോലും നഷ്ടപ്പെടുത്താത്ത സുൽത്താൻ ഇതിൻെറ PDFകൾ ആവ്യമുളളവർ ഇതിൽ തൊടുക
1750 നവംബർ 20, അന്നാണ് മികവിലും തികവിലും പിതാവ് ഹൈദരലിയുടെ ചുവട് പിടിച്ച് ഇംഗ്ലീഷ് സാമ്രാജ്യത്വ ശക്തികളെ ചാമ്പലാക്കാൻ ധീരതയുടെയും ചങ്കൂറ്റത്തിന്റെയും അത്യുജ്ജ്വല പ്രഭയോടെ ആ സൂര്യൻ ഉദയം ചെയ്തത്...
പൂർവ്വ ഇന്ത്യൻ ചരിത്രത്തിൽ ടിപ്പുവിനോളം ധീരതയും രാജ്യസ്നേഹവും മതഭക്തിയും തന്ത്രജ്ഞതയും യുദ്ധപാടവവുമുള്ള ഒരു ഭരണാധികാരിയും സാമ്രാജ്യത്വശക്തികളോട് ഏറ്റുമുട്ടിയിട്ടില്ല. അവർക്ക് പകയും വിദ്വേഷവും അതിലേറെ ഭയവും അദ്ദേഹത്തേക്കാൾ മറ്റാരോടുമുണ്ടായിരുന്നില്ല...
മരണശേഷവും അദ്ദേഹത്തെ അവർ വെറുതെ വിട്ടില്ല. ആ മഹദ് വ്യക്തിത്വത്തെ അവർ വികലമായി ചിത്രീകരിച്ചു. കള്ളക്കഥകൾ കെട്ടിച്ചമച്ച് ചരിത്രത്തിൽ തിരുകിക്കയറ്റി. ക്രൂരനും വർഗീയവാദിയുമായി അദ്ദേഹത്തെ ഭാവിതലമുറക്ക് പരിചയപ്പെടുത്തലായിരുന്നു ഉദ്ദേശം. ഒരു പരിധി വരെ അവരുടെ ശ്രമം ലക്ഷ്യം കണ്ടു. കാർമേഘങ്ങൾക്ക് നീങ്ങിപ്പോകാതെ കഴിയില്ലല്ലോ... കെട്ടുകഥകളുടെ മൂടുപടം നീക്കി ചരിത്രത്തിന്റെ സുന്ദരമുഖം ലോകം വായിച്ചെടുത്തു...
ശക്തനായ ഭരണാധികാരിയും മികച്ച രഷ്ട്രീയ തന്ത്രജ്ഞനും ദേശസ്നേഹിയും ശരിയായ ഇസ്ലാമിക പ്രബോധകനും ധർമ്മസംസ്ഥാപകനുമായ അദ്ദേഹത്തിന്റെ വിശ്വാസവും സ്വഭാവമഹിമയും ഭയഭക്തിയും ഉത്തുംഗതയിലായിരുന്നു. അദ്ദേഹത്തെ പോലെ മതനിഷ്ഠയുള്ള ഭരണാധികൾ ചരിത്രത്തിൽ അധികമില്ലെന്ന് വേണം പറയാൻ. വാസ്തവമിതാണെന്നിരിക്കെ ആ മഹാമനീഷിയുടെ ജീവിതവഴികളിലൂടെ ഒന്നു കടന്നു പോകൽ തീർത്തും അനിവാര്യമായിരിക്കുന്നു...
സുൽത്താൻ ഹൈദരലിയുടെയും ഫാത്തിമബീഗത്തിന്റെയും മകനായി ബാഗ്ലൂരിൽ നിന്നും 33 കി.മീ അകലെയായി ദേവൻഹള്ളിയിൽ ജനനം. തന്റെ പിതാവിന്റെ സ്മരണാർത്ഥം ഫത്ഹ് മുഹമ്മദ് എന്ന് ഹൈദരലി മകന് പേര് നൽകി. ടിപ്പു മസ്താൻ എന്ന മഹാനോടുള്ള ആദരസൂചകമായി മാതാവ് അദ്ദേഹത്തെ ടിപ്പു എന്ന് വിളിച്ചു. ആ നാമത്തിലാണ് അദ്ദേഹം വിശ്രുതനായതും ചരിത്രത്തിലിടം പിടിച്ചതും...
അഞ്ചു വയസ്സാകുന്നതിന് മുമ്പ് തന്നെ ഹൈദരലി ടിപ്പുവിന്റെ മതവിദ്യാഭ്യാസത്തിനുള്ള ഏർപ്പാടുകൾ ചെയ്തു. ഖുർആനും ഹദീസും കർമ്മശാസ്ത്രവും പേർഷ്യൻ അറബി ഭാഷകളും മികച്ച അധ്യാപകരിൽ നിന്നു തന്നെ അദ്ദേഹം പഠിച്ചെടുത്തു. കുതിരസവാരി, അമ്പെയ്ത്ത് തുടങ്ങിയ ആയോധനകലകളിലും വൈദഗ്ധ്യം നേടി. പത്തൊമ്പത് വയസ്സു വരെ പഠനത്തിലും പരിശീലനത്തിലുമായി കഴിഞ്ഞുകൂടി. ഇതിനിടയിൽ പിതാവിനൊപ്പം പല യുദ്ധങ്ങളിലും ടിപ്പു തന്റെ കഴിവു തെളിയിച്ചു.
മികച്ച വിദ്യാഭ്യാസവും ആയോധനകലകളിലെ സാമർത്ഥ്യവും ഉള്ളതിനോടൊപ്പം തികഞ്ഞ മതനിഷ്ഠയോടു കൂടി തന്നെ തന്റെ മകൻ വളർന്നു വരണമെന്ന് ഹൈദരലിക്ക് നിർബന്ധമുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പഠനശേഷം ടിപ്പുവിൽ നിന്നും അദ്ദേഹം ഒരു കരാർ എഴുതി വാങ്ങി. അല്ലാഹുﷻവിന്റെ ആജ്ഞക്കെതിരായി താനൊരിക്കലും പ്രവർത്തിക്കുകയില്ലെന്നും അങ്ങനെ പ്രവർത്തിച്ചാൽ തക്കതായ ശിക്ഷ തനിക്ക് നൽകാമെന്നും തുടങ്ങി ചില പ്രതിജ്ഞകൾ അതിൽ അടങ്ങിയിരുന്നു...
24 വയസ്സായപ്പോൾ മകനെ വിവാഹം കഴിപ്പിക്കാൻ ഹൈദരലി തീരുമാനിച്ചു. അതിനായി ഇമാം സാഹിബ് ബക്ഷിയുടെ മകൾ സുൽത്താനാ ബീഗത്തെ തന്റെ മകന് വേണ്ടി കണ്ടെത്തി. എന്നാൽ ഫാത്തിമാ ബീഗം ലാലാ മിയാ ൻ ശഹീദ് ചീർക്കോളിയുടെ മകൾ റുഖിയ്യാ ബീഗം തങ്ങളുടെ മരുമകളാകണമെന്ന് കൊതിച്ചു. അവസാനം ഇരുവരുടെയും തർക്കം ഒഴിവാക്കാൻ ഒരു മണിക്കൂർ വ്യത്യാസത്തിൽ രണ്ടു പെൺകുട്ടികളെയും ടിപ്പു വരിച്ചു...
1782 നവംബറിൽ ഹൈദരലി മാരകമായ അർബുദ രോഗത്തിനടിമയായി. ഡിസംബർ 2 ന് രാത്രി അദ്ദേഹം ഇഹലോക വാസം വെടിഞ്ഞു. അതോടെ അധികാരം ടിപ്പുവിന്റെ മേലായി. 7 നാണ് സുൽത്താൻ ഔപചാരികമായി അധികാരമേറ്റത്...
അധികാരാരോഹണച്ചടങ്ങിന് മുമ്പ് ഉമ്മയുടെ അടുത്തെത്തി അനുഗ്രഹം വാങ്ങി. രണ്ട് റകഅത്ത് സുന്നത്ത് നമസ്കരിച്ചു. പരിശുദ്ധ ഖുർആൻ പാരായണം ചെയ്തു കൊണ്ടാണ് പ്രഥമദർബാർ ആരംഭിച്ചത്. ഖാരിഅ് സൂറത്തുൽ ഹശ്റിലെ "ലൗ അൻസൽനാ.." എന്നു തുടങ്ങുന്ന ആയത്ത് പാരായണം ചെയ്തപ്പോൾ സുൽത്താൻ നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞു. കൊട്ടാരമാകെ സ്തബ്ധമായി. ഒരു പണ്ഡിതൻ സുൽത്താനെ കിരീടമണിയിച്ചു...
മതത്തിന്റെയും സമുദായത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനമന്യേ ജനക്ഷേമത്തിനായി പോരാടുമെന്നും അന്ത്യം വരെ ബ്രിട്ടീഷുകാരെ മാതൃരാജ്യത്തു നിന്നും തുരത്തുന്നതിനായി പോരാടുമെന്നും ജാതി-മതാടിസ്ഥാനത്തിലുള്ള ഭിന്നതയുടെയും ശത്രുതയുടെയും മതിലുകൾ തകർക്കുമെന്നും സുൽത്താൻ വിളംബരം നടത്തി.
അധികാരമേറ്റ ശേഷം വിവിധഭാഗങ്ങളിൽ വെള്ളക്കാരോട് ഏറ്റുമുട്ടുന്നതിലായി സുൽത്താൻ നിരതനായി. അവരുടെ പിളർന്ന വായക്കു മുന്നിൽ പത്തി മടക്കി ഓച്ചാനിച്ചു നിന്ന രാജാക്കന്മാരിൽ നിന്ന് വ്യതിരിക്തനായി സാമ്രാജ്യത്വശക്തികളെ അടിയറവു പറയിപ്പിക്കാൻ ടിപ്പുവിനായി.
? സുൽത്താൻ ഒരു വിധം എഴുന്നേറ്റ് നിന്ന് തന്റെ ഖഡ്ഗം വീശി. അവന്റെ തോക്ക് രണ്ട് കഷണമായി. മറ്റൊരുത്തൻ ചത്തു വീണു. ഇതിനിടെ മറ്റൊരു വെടിയുണ്ട പാഞ്ഞു വന്നു. അത് സുൽത്താന്റെ ചെവിയുടെ മീതെ പതിച്ചു. ആ പുണ്യ ശരീരം ഭൂമിയിലേക്ക് പതിക്കുമ്പോൾ അധരങ്ങൾ ഇപ്രകാരം ചലിക്കുന്നുണ്ടായിരുന്നു...
"ഇന്നാ ലില്ലാഹി വ ഇന്നാ ഇലൈഹി റാജിഊൻ"
പിറ്റേന്ന് അസറോടെ സുൽത്താന്റെ ഭൗതിക ശരീരം മറമാടുന്നതിനായി കൊണ്ടു വന്നു. ഖാളീ സാഹിബ് മയ്യിത്ത് നമസ്കരിച്ചു. അദ്ദേഹം തന്നെയാണ് പ്രാർത്ഥനയും നിർവഹിച്ചത്. കടുത്ത വേനലായിട്ടും ശക്തമായ ഇടിയോടെ ആകാശം മഴ ചൊരിഞ്ഞു. അപ്പോഴാണ് സുൽത്താനോടുള്ള ആദരസൂചകമായി വെള്ളപ്പട്ടാളക്കാർ ആചാര വെടിയുതിർത്തത്. അതിനേക്കാൾ ആയിരമിരട്ടി ശബ്ദമുള്ള ഇടിനാദത്തിനു മുന്നിൽ അവരുടെ വെടിയുടെ പകിട്ട് നഷ്ടപ്പെട്ടു. ആർക്ക് വേണം ആ തെമ്മാടികളുടെ ആദരവ്...
ടിപ്പുവിന്റെ മരണശേഷം സമ്പത്ത് മുഴുവൻ ശത്രുക്കൾ കൈക്കലാക്കി. അദ്ദേഹത്തിന്റെ ബന്ധുക്കളെയെല്ലാം തടവിലാക്കി. സുൽത്താനെ ചതിച്ചവർക്ക് അല്ലാഹു ﷻ ഇഹത്തിൽ തന്നെ ശിക്ഷ നൽകി. കുഷ്ടരോഗം ബാധിച്ചാണ് അവരിലൊരാൾ മരിച്ചത്. മറ്റൊരുത്തന് ഭ്രാന്തു പിടിച്ചു. നായ്ക്കൾ പോലും ശവത്തിനടുത്തേക്ക് അടുക്കാൻ മടിക്കുന്ന തരത്തിലുള്ള അന്ത്യമായിരുന്നു മറ്റൊരാളുടെത്.
ചുരുക്കത്തിൽ മാതൃരാജ്യത്തിനും ആത്മാഭിമാനത്തിനും വേണ്ടി സ്വരക്തം കൊണ്ട് കവിത രചിച്ച സുൽത്താൻ നൂറു ദിവസം കുറുക്കനെപ്പോലെ ജീവിക്കുന്നതിനേക്കാൾ ഒരു ദിവസം സിംഹത്തെപ്പോലെ ജീവിക്കുന്നതാണെനിക്കിഷ്ടമെന്ന സ്വന്തം വാക്കുകൾ അന്വർത്ഥമാക്കുകയായിരുന്നു. എന്നാൽ ആ പുണ്യാത്മാവിന് ചരിത്രത്തിൽ സമർഹമായ സ്ഥാനം ലഭിച്ചിട്ടില്ലെന്നത് ഖേദകരമാണ്. കേട്ടതെല്ലാം അപ്പാടെ വിഴുങ്ങി അതേപടി കൊട്ടിഘോഷിക്കുകയും ചെയ്യുന്ന പതിവു ശൈലിയിൽ നിന്നും വിട്ടകന്ന് ലോകമെമ്പാടും സുൽത്താൻ പുനർവായനക്ക് വിധേയമാക്കപ്പെടുമ്പോൾ ആ വ്യക്തിവൈഭവത്തിന്റെ നേർചിത്രം മനസ്സിലാക്കിയെടുക്കാനും മനസ്സിലാക്കിക്കൊടുക്കാനും ഇനിയെങ്കിലും നാം തയ്യാറാകേണ്ടതുണ്ട്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ